Friday, September 8, 2017

ഒറ്റ...........

കണ്ണുനീർ നിറയുന്ന മിഴികളാൽ
എൻ മുഖം നോക്കി നിൽക്കയാണിപ്പൊഴും
മന്ദഹാസം മറഞ്ഞ മുഖത്തോടെ
സങ്കടക്കടൽത്തീരത്തിലിന്നവൻ

ദൈന്യഭാവത്തിൽ എന്നോടുരയ്ക്കുന്നു
"എന്നെ ഒറ്റയ്ക്കു വിട്ടു പോയീടല്ലേ.....
ഒറ്റയായ്പോകും, പേടിയുണ്ടെന്നെയീ
പുത്തനാം ക്ലാസ്സിൽ വിട്ടു പോയീടവേ"

കണ്ണുനീരു തുടയ്ക്കാതവൻ നിന്നു
തേങ്ങുകയാണ് ക്ലാസ്സിൻ വരാന്തയിൽ
ആശ്വസിപ്പിക്കാൻ നോക്കിയെന്നാകിലും
കേൾപ്പതില്ലവൻ സാന്ത്വനവാക്കുകൾ

കാത്തു നിൽക്കാതെ പിന്തിരിഞ്ഞൊട്ടൊന്നു
നോക്കിടാതെ തിരിച്ചു പോന്നീടവേ
കേട്ടിടുന്നവൻ തന്റെ കരച്ചിലിൻ
ആർദ്രമാം സ്വരം, വേഗം നടന്നു ഞാൻ

പിച്ചവെക്കുന്ന നാളു പിന്നിട്ടു തൻ
കൊച്ചു കാലാൽ നടക്കാൻ പഠിച്ചതും
അർത്ഥമില്ലാക്കരച്ചിലിൻ കാലങ്ങൾ
വിട്ടു വാക്കു നീ ചൊല്ലിപ്പഠിച്ചതും

അമ്മയൂട്ടിത്തരുന്ന ഉരുള വേ-
ണ്ടെന്നു ചൊല്ലി നീ  വാരിക്കഴിച്ചതും
കൈപിടിക്കാതെ ഓടുവാൻ വെമ്പി നീ
റോഡിലൂടെ കരഞ്ഞു നടന്നതും

ഒക്കെയേതൊരു സ്വാതന്ത്ര്യവാഞ്ഛ തൻ
പ്രേരണയാലെ നീ ചെയ്തിരുന്നുവോ
ഇന്നതേ സ്വാതന്ത്ര്യത്തിൻ കവാടത്തിൽ
എന്തിനിങ്ങിനെ നീ കരഞ്ഞീടുന്നു

ഒറ്റയാകാൻ പഠിക്കുക, തിന്മകൾ
കൂട്ടമായി വരുന്ന നേരത്തിലും
ഒറ്റയായി ഭയക്കാതെ നേരിടാൻ
ഇപ്പൊഴിന്നു തൊട്ടേ പഠിച്ചീടുക

ആൾത്തിരക്കു കുറഞ്ഞ വഴികളിൽ
നേർത്ത പൂനിലാവൂർന്ന പഥങ്ങളിൽ
തന്റെ തോളിലേ തൻ കയ്യു ചേർത്തു നി-
ശ്ശങ്കനായി നടക്കാൻ പഠിയ്ക്കുക

പൂത്ത മാവിന്റെ കൊമ്പിന്മേലേറിയാർ-
ക്കെന്നറിയാതെ പാടും കുയിലിനെ-
പ്പോലെ ആത്മസംഗീതങ്ങൾ ഒക്കെയും
ഒറ്റയായ്ത്തന്നെ പാടാൻ പഠിയ്ക്കുക

ബന്ധുമിത്രാദികൾ നിന്റെയൊപ്പമെ-
ല്ലായ്പൊഴും കാണുമെങ്കിലും ഉള്ളിലെ
താരകസ്വരം മീട്ടീടുവാൻ സ്വയം
ആൾത്തിരക്കിലും ഒറ്റയായീടുക

ഒത്തുചേർന്നു ചിരിച്ചു രസിക്കിലും
ചിത്തതാരിൽ തൃപ്പാദം നിനയ്ക്കുക
ഒറ്റയായീടുമെന്നറിയുമ്പൊഴും
സത്യമായവ മാത്രം പറയുക

പോയതും വരാനുള്ളതും ഓർത്തോർത്തു
ആധി കൊള്ളാതിരിക്കാൻ പഠിക്കുക
ചാരിടാതെ നിന്നീടാൻ, തല കുനി-
ക്കാതെ ഒറ്റയ്ക്കു നിൽക്കാൻ പഠിക്കുക

ആയിരം കിളികൾ, വാവൽ, അണ്ണകൾ,
വാനരർ, പുഴു, കീടങ്ങൾ, ഒച്ചുകൾ
ക്ഷീണിതരായ യാത്രികർ, കൂടു കെ-
ട്ടീടുവാൻ തുളയ്ക്കും മരംകൊത്തികൾ

ആശ്രയമറ്റവർക്കണഞ്ഞീടുവാൻ
നീയൊരത്താണിയായി മാറീടുക
സൂര്യതാപം കുടിച്ചു തണൽ വിരി-
ച്ചീടും ആലു പോൽ ഒറ്റയായീടുക

Tuesday, September 5, 2017

ഇച്ഛ.....

ഒരു പുൽത്തലപ്പു ചലിക്കുന്നു! നിശ്ചയം
അതു തന്നെ നിന്നുടെ ഇച്ഛ
ഒരു കൊച്ചു പൂവു വിടരുന്നു ഭൂമിയിൽ
നിറവേറ്റിടാൻ നിന്റെയിച്ഛ

ഒരു കാറ്റൊഴുകുന്നു, മൊട്ടൊരു പൂവായി,
ഫലമായി മണ്ണിൽ ലയിപ്പൂ
സകലത്തിനും സാക്ഷിയാകുവാൻ നിത്യവും
പുലരികൾ പൂത്തുലയുന്നു

മധു തേടി വണ്ടുകൾ മൂളുന്നു, ഇരുൾ തേടി
കടവാവൽ പാറിപ്പറപ്പൂ
ഒരു തുള്ളി മഞ്ഞിൻ കണികയിൽ ഭാസ്കരൻ
ചിരിയോടെ തപമിരിക്കുന്നു

ഒരു കണ്ണടച്ചു തുറക്കുന്നു ഞാൻ, ജീവൻ
പിടയുന്നിതെൻ വലംകണ്ണിൽ
കിളികൾ, ചിലന്തികൾ, മണ്ണിര, പാമ്പുകൾ
അവിരതം വിഹരിച്ചിടുന്നൂ

ജനനം, കുടുംബം, പ്രബുദ്ധത, ഉദ്യോഗം
അണയുന്ന മാനാപമാനം
ധനപുത്രദാരങ്ങൾ, സുഖദുഃഖ ദ്വന്ദ്വങ്ങൾ
ഒഴുകുന്ന ജീവിതനൗക

പഥി പനിനീർദളം ക്ഷണികം, കാർമുള്ളുകൾ,
വഴിയുടെ നിമ്നോന്നതങ്ങൾ,
ചിരിയുടെ സൂര്യൻ, ശോകത്തിന്റെ കാർമുകം
മധുരസ്വപ്നങ്ങൾ, പ്രതീക്ഷ

ഇവയൊക്കെയും എന്റെ ചുറ്റും പൊതിയുന്നു
ഒരു നിയോഗം എന്നവണ്ണം
അതിനെ ഞാനറിയുന്നു നിന്നിച്ഛയായെങ്കിൽ
അതു പുനർ നിന്നുടെയിച്ഛ

കൊടുവേനലിൽ, സ്നേഹവറുതിയിൽ നീയെന്ന
കരിമുകിൽ പെയ്ത കാരുണ്യം
ഹൃദയത്തിലിനിയും കെടാതെ നിൽപ്പുണ്ടെങ്കിൽ
അതു കനിവോടെ നിന്നിച്ഛ


ഇവിടെ ഞാൻ ജീവിപ്പതുണ്ടെങ്കിൽ നിശ്ചയം
അതു തന്നെ നിന്നുടെ ഇച്ഛ
ഒരു വാക്ക് തെറ്റാതെ എഴുതുവാനായെങ്കിൽ
ഭഗവൻ! അതവിടുത്തെ ഇച്ഛ

Wednesday, July 19, 2017

രാമനാമം

സദാ രാമനാമം ജപിക്കാൻ മനസ്സിൻ
കവാടങ്ങളെല്ലാം മലർക്കെ തുറക്ക
ചിദാനന്ദസച്ചിത്സരിത്തിന്നൊഴുക്കിൽ
ഒലിച്ചങ്ങു പോട്ടെ ശരീരാഭിമാനം

അതേ രാമനാമം, വേടനെ പുറ്റിനുള്ളിൽ
മഹർഷീശ്വരന്മാർക്ക് തുല്യം വളർത്തി-
ച്ചിരഞ്ജീവിയാകുന്ന കാവ്യം പകർന്നീ
മനുഷ്യർക്കൊരാരാധ്യനാക്കുന്ന മന്ത്രം

അതേ രാമനാമം, മഹേശന്റെ ചുണ്ടിൽ
സദാനേരവും തത്തിടും ദിവ്യനാമം
മഹാതാണ്ഡവത്തിന്നു ശേഷം സമാധി-
പ്പൊരുളേറിടുമ്പോൾ മുഴങ്ങുന്ന മന്ത്രം

അതേ രാമനാമം, അഹല്യയ്ക്ക് മേൽ തൂ-
വമൃതം കണക്കെ പൊഴിഞ്ഞ കാരുണ്യം
വിരൽത്തുമ്പിനാൽ പാപജാലങ്ങൾ പൊട്ടി-
ച്ചെറിയുന്ന ദീനാനുകമ്പ തൻ മന്ത്രം

അതേ രാമനാമം, തിരുവയ്യാറിൻ തീരം
സദാ ഉഞ്ഛവൃത്തിയ്ക്ക് പാടും മധുരം
മഹാസച്ചരിതത്തിൻ മാനസം കണ്ടു
തുളസീദളം മുങ്ങി നീരുന്ന തീർത്ഥംഅതേ രാമനാമം, സദാ രാമകൃഷ്ണൻ
കനിവേറിടും പുഞ്ചിരിപ്പാൽ ചുരത്തി
ജടാധാരി തൻ രാമലാലയ്ക്ക് പിന്നിൽ
നടന്നും ചിരിച്ചും അരുളുന്ന മന്ത്രം

അതേ രാമനാമം, മനുഷ്യൻ തപസ്സാൽ
മഹാത്മാവതായ് മാറിടും ദിവ്യശബ്ദം
വെടിയുണ്ട നെഞ്ചിൽ തുള വീഴ്ത്തിടുമ്പോൾ
അമരത്വമേറാൻ തുണയാകും മന്ത്രം

അതേ രാമനാമം, ഭഗവാന്റെ ജന്മ-
സ്ഥലത്തിന്റെ കണ്ണീർ തുടയ്ക്കുന്ന ധർമം
ഇരച്ചേറി ദാസ്യപ്രതീകം തകർത്തീ
ജഗത്തിങ്കൽ ഘോഷിച്ചിടും ശക്തിബീജം

അതേ രാമനാമം, പിടഞ്ഞെന്റെ പ്രാണൻ
ശരീരത്തെ വിട്ടൂർദ്ധ്വലോകം ഗമിക്കേ
ചെവിയിൽ അമൃതം തുളിച്ചെന്നെ ദേവ-
പദാംഭോരുഹത്തിങ്കൽ ചേർക്കുന്ന മന്ത്രം

സദാ രാമനാമം ജപിക്കാൻ മനസ്സിൻ
കവാടങ്ങളെല്ലാം മലർക്കെ തുറക്ക
പിരിയാതെ ശ്രീരാമനാമങ്ങൾ ചുണ്ടിൽ
വിരിഞ്ഞീടുവാൻ രാമദേവൻ തുണയ്ക്ക

Wednesday, July 12, 2017

ന്യായാധിപർ....

ഇടറി വീണവൻ തന്നുടെ ചുറ്റിലും
ഇളകി നിൽപ്പുണ്ട് രോഷാകുലർ ചിലർ

വിരലു ചൂണ്ടിത്തെറി പറയുന്നവർ
കുശുകുശുത്തു സ്വകാര്യം ചൊല്ലുന്നവർ
പരിഹസിച്ചു ചൂളം കുത്തിയാർപ്പവർ
തൊലിയുരിക്കണമെന്നു വാദിപ്പവർ
നിണമൊലിക്കുന്ന വാളുകൾ മൂടി വെ-
ച്ചൊരു ചിരിയാൽ അധികാരമേറിയോർ
ഹൃദയതാളം നിലയ്ക്കും വരെ വെട്ടി-
ക്കുരുതി നൽകിയ വെള്ളരിപ്രാവുകൾ!!
പിറകിൽ നിന്നും ചതിച്ചു കുത്തുന്നവർ
പുതുമഴയിൽ തല പൊങ്ങിയുള്ളവർ
സഹതപിക്കാതെ ശാപവാക്കോതുവോർ
ശരിയുടെ സ്മാർത്തവൈചാരികർ ചിലർ

ഇടറി വീണവൻ തന്നുടെ ചുറ്റിലും
വിധിയുമായിതാ നിൽപ്പുണ്ട് ധാർമികർ!!
----------------------
അകലെ, നൂറപരാധം പൊറുത്തവൻ
പതിതപാവനൻ നിൽപ്പൂ കുഴലുമായ്
തരി വിഷാദം കലർന്ന മുഖത്തല്പം
കരുണയോടുപഗുപ്തനും നിൽപ്പതാ
തെരുവിലെ വേശ്യയെ കല്ലെറിയുവാൻ
മുതിരുവോരെ തടുത്തവൻ ഉണ്ടതാ

അലറിടും ജനക്കൂട്ടത്തിനോടവർ
അരുളിടുന്നൂ "പാപം പുരളാത്തവർ,
അവർ വരട്ടെയിക്കല്ലെറിഞ്ഞീടുവാൻ,
ഇവനു ദണ്ഡനം നേടിക്കൊടുക്കുവാൻ"
------------------------------------

ഒടുവിലത്തെയാ  അട്ടയെച്ചൊല്ലി ഹാ 
കടിപിടി കൂട്ടുന്നവർ പിന്നെയും

Sunday, July 9, 2017

ഗുരുപൗർണ്ണമി

അറിയാത്തെരുവോരത്തിൽ
കരയും പിഞ്ചു പൈതലിൻ
ഹൃദയത്തോടെ ഞാനെന്റെ
വീടു തേടിക്കുഴങ്ങവേ

പുറത്തേയ്ക്കൊരു കണ്ണീരിൻ
കണവും കാട്ടിടാതെ ഞാൻ
ഹൃദന്തരത്തിൽ നോവിന്റെ
കോപ്പ മോന്തിയിരിക്കവേ

വിദ്യുത് പ്രഭാ സമായുക്ത-
മാമീ യാന്ത്രിക ലോകമെൻ
ചിരസ്മരണകൾ പോലും
കവർന്നീടാൻ തുടങ്ങവേ

വെറുതേ വന്നു പോം മട്ടിൽ
എന്തിനെന്നറിയാതെ ഞാൻ
ലോകത്തിൽ വന്നു പോകുന്നെ-
ന്നുള്ളിൽ ചോദ്യം മുഴങ്ങവേ

നിഴൽ പോലിളകീടുന്ന
ലോകത്തിന്നൊപ്പം എന്തിനെ-
ന്നറിയില്ലെങ്കിലും പക്ഷെ
തുടരുന്നെന്റെയാട്ടവും

കടിഞ്ഞാൺ തെറ്റിയോടുന്ന
രഥത്തിൽ നിന്നുറക്കവേ
അലറുന്ന മദാത്മാവിൻ
രോദനം ആരു കേട്ടുവോ?

"ആരു ഞാൻ" എന്ന ചോദ്യത്തിൻ
പ്രതിധ്വനികൾ ഹൃത്തിലെ
കൽഭിത്തിയിൽ വന്നിടിച്ചു
തകർന്നേ പോകയാണിതാ

വെളിയിൽ സ്പഷ്ടമെന്നാലും
ഹൃദയം സംശയാകുലം
രക്ഷ തേടിയിരക്കുന്നൂ
പതിതം പാപസങ്കുലം

ഒരു നൂറ്റാണ്ടു കാലത്തെ-
യിരുട്ടിന്നിസ്തമിക്കുവാൻ
പോകയാണെന്നു ചൊല്ലുന്നു
ചിദാകാശമണിപ്രഭ

ഒരു പാൽക്കടൽ പോലെന്നെ
മൂടുന്നൂ ചാന്ദ്രമാനസം
ശീതളം, ചേർത്തു പുൽകുന്നൂ
സുകൃതം പൂർവ്വസഞ്ചിതം

തെളിഞ്ഞ പൗർണമിച്ചന്തം
നിറയും വാനിലാകവേ
പൊലിഞ്ഞു പാടും ഗാനത്തിൻ
അനുപല്ലവി കേട്ടു ഞാൻ

വിസ്മയം! പാപജാലത്തിൻ
കെട്ടുകൾ പൊട്ടിടുന്നിതാ
അഴലിൻ ചിന്തയെല്ലാമേ
എങ്ങോ പോയി മറഞ്ഞിതാ

സൃഷ്ടിസ്ഥിതിവിനാശങ്ങൾ-
ക്കപ്പുറം കളിയാടിടും
ഗുരുബോധമഹാശക്തി-
യുണരും നേരമായിതാ

അറിവിൻ പൊൻവെളിച്ചത്തിൻ
മുന്നിൽ മുട്ടു മടക്കവേ
സംശയത്തിരകൾ പയ്യെ
കെട്ടടങ്ങുന്നു ശാന്തരായ്

കരിനീല നിറം കണ്ണിൽ
അഞ്ജനം എഴുതിക്കവേ
തുറക്കുന്നന്തരാത്മാവിൽ
തങ്കത്തിൻ ശ്രീലകപ്രഭ

വെയിലിൻ പീതവാത്സല്യം
തഴുകിക്കൺ തുറപ്പിക്കേ
മയിലിൻ പീലി ചൂടുന്ന
കൃപാപൂരം ചിരിച്ചുവോ

കുരിശിന്നരികത്താരോ
കളഞ്ഞിട്ട കിരീടത്തിൻ
മുകളിൽ ദിവ്യകാരുണ്യം
ചെഞ്ചോര നിറമാർന്നുവോ

വിശ്വമാകും കിളിക്കൂടിൻ
മുകളിൽ മാതൃസാന്ത്വനം
അരുളുംമാറു പാറുന്നൂ
ഭഗവധ്വജമൊന്നിതാ

പടി കേറിത്തളർന്നുള്ളിൽ
പതിനെട്ടിനുമപ്പുറം
"അതു നീ തന്നെ" എന്നാരോ
ആർദ്രമായ് മൊഴിയുന്നിതാ

കാർത്തികജ്യോതിയുണരും
അരുണാചലമേറവേ
മൗനമായ് സംവദിക്കുന്നു
അരുളാൽ രണ്ടു കണ്ണുകൾ

മുങ്ങിത്താഴും ജഗത്തിൽ നി-
ന്നെന്നെ രക്ഷിച്ചെടുക്കുവാൻ
മഹാദ്വീപമൊരുക്കുന്നൂ
ദക്ഷിണേശ്വര സൈകതം