Wednesday, May 4, 2016

ഉണരുക നിവേദിതാ

ജന്മം കൊണ്ട് വിദേശി ആണെങ്കിലും, കർമ്മവും ചിന്തയും കൊണ്ട് ഇത്രയേറെ ഭാരതീയ ആയ ഒരു വനിതയെ നാം ചരിത്രത്തിൽ എങ്ങും കാണില്ല. ആ മഹതിയുടെ, ഭഗിനി നിവേദിതയുടെ, നൂറ്റി അൻപതാം ജന്മവാർഷികമാണ് ഒക്ടോബർ 28 2016 മുതൽ 2017 വരെയുള്ള ഒരു വർഷക്കാലം നാം കൊണ്ടാടുന്നത്....
വർത്തമാന സംഭവങ്ങൾ നമ്മോട് വീണ്ടും വീണ്ടും വിരൽ ചൂണ്ടുന്നത് സശക്തമായ സ്ത്രീപ്രാതിനിധ്യം സമൂഹത്തിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ പറ്റിയും, സ്ത്രീത്വം തങ്ങളുടെ ആത്മാവ് വീണ്ടെടുക്കേണ്ടതിനെ കുറിച്ചുമാണ്....
നിവേദിതയുടെ ചരിത്രവും സാഹിത്യവും തന്നെയാണ്, ഇതിനുള്ള ഏറ്റവും സ്പഷ്ടമായ മാർഗം. അതിലേക്ക് ഒരു പ്രേരണയാകും ഈ എഴുത്തെങ്കിൽ അത് തന്നെയാണ് സാഫല്യം...

******************************************************

ഉണരുക നിവേദിതാ, ഭാരതത്തിന്‍ മഹാ-
ചരിതമീ നാടിന്‍റെ സിരകളിലുണർത്തുക
കുനിയുമീ മസ്തകങ്ങൾക്കുമേൽ നീ നിന്റെ
ചടുലമാം വാക്കിന്റെ ചാട്ടുളി വീശുക
ഉയിരിടട്ടെ നിന്റെ സ്പന്ദനം കൊണ്ടിവർ
വഴിയിൽ കളഞ്ഞിട്ട ഭാരതീയത്വവും
അനഘമാം ധർമ്മപ്രബോധവും ജീവന്റെ
പരമപദത്തിനെ പൂകുവാൻ വാഞ്ഛയും

ദേവതാത്മാവിന്റെ പ്രിയപുത്രി ജാന്ഹവി
പോലെ നീയൊഴുകി നിൻ ഗുരുവിൻ മനസ്സിൽ നി-
ന്നൊരു മഹാനദിയായി, തഴുകിയീ ഭാരത-
ജീവിതത്തിന്നിരു കരകളും, ഊട്ടി നിൻ
നിർമലജ്ഞാനസലിലത്തിനാൽ, വറ്റി
വരളുമീ നാടിന്റെയാത്മാവിനെ, ഇന്ത്യ
ദത്തെടുത്തുള്ള പ്രിയ പുത്രി നോബിൾ
നിൻ സ്മരണയിൽ പൂത്തുലഞ്ഞീടട്ടെ ഭാരതം.

നീ വിവേകാനന്ദ സൗരതേജസ്സിനെ-
ക്കണ്ടു വിടർന്നൊരു താമരമൊട്ടു പോൽ.
പിന്നീടതിൻ ശോഭ പൂനിലാവാക്കിയീ
മണ്ണിലൊഴുക്കാൻ ശശാങ്കനായ് മാറി നീ,
ഭാരതസ്വാതന്ത്ര്യവീഥിയിൽ തൂകിയ
ചിത്പ്രകാശത്തെ സ്മരിക്കുന്നു! വീണ്ടുമാ
പുഞ്ചിരിയാലെ മുളപ്പിക്കുകീ മണ്ണിൽ
നിൻ ഗുരുനാഥൻ വിതച്ചൊരാ വിത്തുകൾ



ഇരുളിന്നഗാധത്തിൽ വീണു പോയീ ഭവതി
ഉയിരാർന്നു സ്നേഹിച്ചൊരീ ഭാരതം, തന്റെ
മഹിമകൾ മറന്ന പുത്രന്മാർക്കു മുന്നിലവൾ
അപമാനമോടെ  തലകുനിപ്പൂ!! വീണ്ടു-
മിവിടെയാ ഹോമധൂമം വമിക്കാനതിൽ
ചപലമാം ക്ലൈബ്യങ്ങൾ പാടേയെരിക്കുവാൻ,
അതിനായി നീയേ കൊളുത്തുക വിക്രാന്ത-
വിജയപ്രതാപിയാം സ്വാഭിമാനത്തിനെ.

അലയടിക്കട്ടെ നിൻ ജയഗീതികൾ, വീണ്ടു-
മുരുവാർന്നിടട്ടെയൊരായിരം ദേവിമാർ,
മഹിഷദുർമ്മദശാസനത്തിനായ്, ശത്രുവിൻ
രുധിരവർഷത്താൽ  ധര ചുവപ്പിക്കുവാൻ,
സത്യധർമ്മങ്ങളെ പാലിക്കുവാൻ, മാതൃ-
വാത്സല്യമായി ചുരന്നീടുവാൻ, ജഗ-
ത്തറിയട്ടെ തീയും കുളിരുമായ് വീശുന്ന
സ്ത്രൈണത തന്നുടെ ഭാവപാരമ്യത

ഉയിരിലാ രാമകൃഷ്ണൻ തന്ന ദിവ്യത,
ഹൃദയത്തിലവിരതം ഗുരുവിന്റെയോർമ്മകൾ,
ഭഗിനി നീ കൈക്കൊണ്ട വീരവ്രതം, ദേവ-
സുലഭമല്ലാത്തതാം ഭാരതീസാധന, തളരാത്ത
കാൽവെപ്പിനാൽ നീയളന്നതീ ധരയുടെ
ഒരു പതിനായിരം വർഷങ്ങൾ, അതിലൂടെ
നാടിൻ സുഷുമ്നയിൽ നീയൊരു
ത്വരിതപ്രവാഹമാം ശക്തിയായ് തീർന്നതും,
ഉയരത്തിൽ വിജയപതാക പാറിച്ചതും
ഉണരുവാൻ തുയിലിന്റെ ഈണമായ്ത്തീർന്നതും,
ഉയിരിന്റെ ഓരോ അണുവിലും ഭാരത-
പ്രണവമന്ത്രാക്ഷരപ്പൊരുളായ് വിടർന്നതും,
മിഴികളിൽ ഭക്ത്യാദരങ്ങളാൽ കാണുന്നു
ഇവിടെ ഞങ്ങൾ, നിൻ അനുപമ ജീവിതം.

ഉണരുക നിവേദിതാ, വീണ്ടുമിരുളിൽ
നറു തിരിനാളമായി ജ്വലിക്കുക, നീയുമാ
ഗുരുനാഥനും  കിനാവിൽക്കണ്ട ഭാരതം
വിടരുവാൻ, നന്മ തൻ പൊൻകണിയാവുക,
സ്മരണയിൽ എന്നും നിറയുക, ഭാരത-
പ്രിയ നിവേദിത, നിനക്കേകട്ടെ അഞ്ജലി
----------------------------------------------------------

Also Read:

http://nayathil.blogspot.com/2014/09/blog-post_17.html

No comments:

Post a Comment