സദാ രാമനാമം ജപിക്കാൻ മനസ്സിൻ
കവാടങ്ങളെല്ലാം മലർക്കെ തുറക്കചിദാനന്ദസച്ചിത്സരിത്തിന്നൊഴുക്കിൽ
ഒലിച്ചങ്ങു പോട്ടെ ശരീരാഭിമാനം
അതേ രാമനാമം, വേടനെ പുറ്റിനുള്ളിൽ
മഹർഷീശ്വരന്മാർക്ക് തുല്യം വളർത്തി-
ച്ചിരഞ്ജീവിയാകുന്ന കാവ്യം പകർന്നീ
മനുഷ്യർക്കൊരാരാധ്യനാക്കുന്ന മന്ത്രം
അതേ രാമനാമം, മഹേശന്റെ ചുണ്ടിൽ
സദാനേരവും തത്തിടും ദിവ്യനാമം
മഹാതാണ്ഡവത്തിന്നു ശേഷം സമാധി-
പ്പൊരുളേറിടുമ്പോൾ മുഴങ്ങുന്ന മന്ത്രം
അതേ രാമനാമം, അഹല്യയ്ക്ക് മേൽ തൂ-
വമൃതം കണക്കെ പൊഴിഞ്ഞ കാരുണ്യം
വിരൽത്തുമ്പിനാൽ പാപജാലങ്ങൾ പൊട്ടി-
ച്ചെറിയുന്ന ദീനാനുകമ്പ തൻ മന്ത്രം
അതേ രാമനാമം, തിരുവയ്യാറിൻ തീരം
സദാ ഉഞ്ഛവൃത്തിയ്ക്ക് പാടും മധുരം
മഹാസച്ചരിതത്തിൻ മാനസം കണ്ടു
തുളസീദളം മുങ്ങി നീരുന്ന തീർത്ഥം
അതേ രാമനാമം, സദാ രാമകൃഷ്ണൻ
കനിവേറിടും പുഞ്ചിരിപ്പാൽ ചുരത്തി
ജടാധാരി തൻ രാമലാലയ്ക്ക് പിന്നിൽ
നടന്നും ചിരിച്ചും അരുളുന്ന മന്ത്രം
അതേ രാമനാമം, മനുഷ്യൻ തപസ്സാൽ
മഹാത്മാവതായ് മാറിടും ദിവ്യശബ്ദം
വെടിയുണ്ട നെഞ്ചിൽ തുള വീഴ്ത്തിടുമ്പോൾ
അമരത്വമേറാൻ തുണയാകും മന്ത്രം
അതേ രാമനാമം, ഭഗവാന്റെ ജന്മ-
സ്ഥലത്തിന്റെ കണ്ണീർ തുടയ്ക്കുന്ന ധർമം
ഇരച്ചേറി ദാസ്യപ്രതീകം തകർത്തീ
ജഗത്തിങ്കൽ ഘോഷിച്ചിടും ശക്തിബീജം
അതേ രാമനാമം, പിടഞ്ഞെന്റെ പ്രാണൻ
ശരീരത്തെ വിട്ടൂർദ്ധ്വലോകം ഗമിക്കേ
ചെവിയിൽ അമൃതം തുളിച്ചെന്നെ ദേവ-
പദാംഭോരുഹത്തിങ്കൽ ചേർക്കുന്ന മന്ത്രം
സദാ രാമനാമം ജപിക്കാൻ മനസ്സിൻ
കവാടങ്ങളെല്ലാം മലർക്കെ തുറക്ക
പിരിയാതെ ശ്രീരാമനാമങ്ങൾ ചുണ്ടിൽ
വിരിഞ്ഞീടുവാൻ രാമദേവൻ തുണയ്ക്ക
No comments:
Post a Comment