Thursday, April 11, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തിയെട്ട് - അർക്കമണ്ഡലം

വളഞ്ഞു പോകുന്ന വഴികളിലൂടെ വണ്ടി നിരങ്ങി നീങ്ങി. വംഗദേശത്തിൽ നിന്ന് പ്രകടമായ വ്യത്യാസം ഭൂപ്രകൃതിയിൽ കാണാം. പച്ച പാടങ്ങൾക്ക് പകരം മൊട്ടയായ പ്രദേശങ്ങളാണ്. കടൽത്തീരത്തോട് ചേർന്നാണ് റോഡ്. പുരിയിൽ നിന്ന് കൊണാർക്കിലേക്കുള്ള വഴി തീരപ്രദേശത്ത് കൂടിയാണ്. ധാരാളം കുറ്റിച്ചെടികൾ നിറഞ്ഞു നിൽക്കുന്ന ഇരുപുറങ്ങളും, വഴി പൊതുവേ വിജനം. ടൂറിസ്റ്റ് വണ്ടികൾ പലപ്പോഴായി പോകുന്നു. വലിയ കെട്ടിടങ്ങളോ, ചായക്കടകൾ പോലുമോ വിരളം. 

ഒരിടത്ത് നിന്ന് വഴി ഇടത്തോട്ട് തിരിഞ്ഞു പോകുന്നു. വലത്ത് വശത്ത് വലിയൊരു കടൽത്തീരം കാണാം. അതാണ് ചന്ദ്രഭാഗ ബീച്ച്. ഇതിലേക്ക് കൊണ്ടുപോകാൻ ഒക്കെ ഡ്രൈവർക്ക് പദ്ധതിയുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ അതൊഴിവാക്കി നേരെ കൊണാർക്കിലേക്ക് പൊയ്‌ക്കോളാൻ പറഞ്ഞു. ചന്ദ്രഭാഗ ബീച്ച് വളരെ വൃത്തിയുള്ള നിരപ്പായ ബീച്ചാണ്. നിരവധി വിദേശികൾ വരാറുള്ള ഒരിടം. ഇവിടെയടുത്താണ് പ്രശസ്തമായ ചന്ദ്രഭാഗ മേള വർഷം തോറും നടക്കാറുള്ളത്. ഇവിടെ കുളിക്കുന്നത് കുഷ്ഠരോഗം മാറാൻ സഹായിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നത്രെ. 

ഈ വഴികളിൽ ഉള്ള ചില സ്ഥലങ്ങൾ വിട്ട് പോകുമ്പോളും സംഘത്തിൽ ആർക്കും പരാതി ഉണ്ടായിരുന്നതേയില്ല. എല്ലാവരും ഒരേ തരംഗദൈർഘ്യത്തിൽ ചിന്തിക്കുന്നതിന്റെ മെച്ചമാണത്. 

ചന്ദ്രഭാഗ കഴിഞ്ഞ് നാലഞ്ച് കിലോമീറ്റർ മാറി വണ്ടി ഒരു പാർക്കിങ്ങിൽ നിർത്തി. തൊട്ടടുത്ത് ഒരു ഹോട്ടൽ ഉണ്ട്. അവിടേക്ക് കയറി ചായ കുടിച്ചു. റോഡിൽ നിന്ന് അകത്തേക്ക് പോകുന്ന ഒരു വഴിയിലൂടെ നടന്നു. കുറച്ച് ദൂരം നടക്കുമ്പോൾ വലത് വശത്തേക്ക് വഴി തിരിയുന്നു. അവിടെ ASI യുടെ ഓഫീസിൽ നിന്ന് ടിക്കറ്റ് എടുക്കാം. വൈകീട്ട് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ട്.  അതിന് സ്പെഷ്യൽ ടിക്കറ്റ് ആണ്. ഞങ്ങൾ സാധാരണ ടിക്കറ്റ് എടുത്തു. ഭംഗിയായി സൂക്ഷിച്ച വഴിയിലൂടെ അകത്തേക്ക് നടന്നു. ദൂരെ നിന്നുതന്നെ കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാം. 

കല്ലിൽ കൊത്തിയ കവിത എന്ന് സാക്ഷാൽ രവീന്ദ്രനാഥ ടാഗോർ പുകഴ്ത്തിയ ഒരു സാംസ്കാരിക കേന്ദ്രം. ലോകാത്ഭുതങ്ങളിൽ പെടുത്താത്തതിനാൽ ഭാരതീയർ വില കൊടുക്കാത്ത മുറ്റത്തെ മുല്ല. കലിംഗ നിർമ്മാണ ശൈലിയുടെ മകുടോദാഹരണം. നൂറ്റാണ്ടുകളുടെ അധിനിവേശങ്ങളുടെ, മതഭ്രാന്ത് പിടിച്ച ഇസ്‌ലാമിക ആക്രമണകാരികളുടെ, വടുക്കൾ പേറുന്ന "ബ്ലാക്ക് പഗോഡ"

കോണ എന്ന വാക്കും അർക്ക എന്ന വാക്കും കൂടിച്ചേർന്നാണ് കൊണാർക്ക് ആയത്. ഗംഗ രാജവംശത്തിലെ നരസിംഹദേവൻ ആണിത് പണികഴിപ്പിച്ചത് എന്നാണ് കരുതുന്നത്. സൂര്യനായി പണികഴിപ്പിച്ച ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയും ആ പ്രാകാരവും നിലംപൊത്തിയിട്ട് ഒരു നൂറ്റാണ്ടിൽ അധികമായി. ഇപ്പോളുള്ളത് അവിടത്തെ നമസ്കാരമണ്ഡപം ആണ്. മുന്നിൽ തന്നെ മേൽക്കൂരയില്ലാത്ത നൃത്തമണ്ഡപവും കാണാം. ഉപ്പുകാറ്റ് കൊണ്ട് ദ്രവിച്ചുപോകുന്ന ഈ അത്ഭുതസൃഷ്ടി സംരക്ഷിക്കാൻ പദ്ധതികൾ പലതുമുണ്ട്. പക്ഷെ മിക്കവാറും എല്ലാം അതിൻ്റെ തനത് സൗന്ദര്യത്തിനെ നശിപ്പിച്ചുകൊണ്ടാണെന്നു പറയാതെ വയ്യ. 

സപ്‌താശ്വങ്ങളെ പൂട്ടിയ രഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രനിർമ്മിതി. 24 ചക്രങ്ങൾ. ഈ ചക്രങ്ങൾ കൊണ്ട് ഒരു ദിവസത്തിലെ ഏത് സമയവും കൃത്യമായി ഗണിച്ചെടുക്കാനാകും. ഭാരതീയ ജ്യോതിശാസ്ത്ര പൈതൃകത്തിലെ ഔന്നത്യം ഇവിടെ നമുക്ക് വെളിവാകുന്നു. മുഖ്യക്ഷേത്രം 1800 കളിൽ ആണ് നിലംപൊത്തിയത്. 

ഭാരതീയ ക്ഷേത്രങ്ങൾ ആരാധനക്ക് വേണ്ടിയാണോ നിർമ്മിച്ചത് എന്നതിന് പല അഭിപ്രായങ്ങൾ ഉണ്ട്. പക്ഷെ ഇന്ന് തലയുയർത്തിനിൽക്കുന്ന പല ക്ഷേത്രങ്ങളും ഓരോ രാജവംശത്തിന്റെയും പ്രൗഢിയും മഹിമയും വിളിച്ചോതുവാൻ വേണ്ടി നിർമ്മിക്കപ്പെട്ടവയാണെന്നു കാണാം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ നിലനിർത്തുവാൻ വേണ്ടിയോ, സ്വത്ത് സംഭരിച്ചു വെക്കാൻ വേണ്ടിയോ, അങ്ങിനെ മറ്റു പല കാരണങ്ങളുമുണ്ടാകാം ക്ഷേത്ര നിർമ്മാണത്തിന് പിന്നിൽ. ഒരു വശത്ത് നിർമ്മിതിയായിരുന്നു നാം ഉപയോഗിച്ചിരുന്ന അളവുകോലെങ്കിൽ മറുവശത്ത് ഇസ്‌ലാമിക ആക്രമണകാരികൾക്ക് ക്ഷേത്രധ്വംസനത്തിന്റെ കണക്കാണ് അവരവരുടെ മേന്മ വിളിച്ചോതിയിരുന്നത്. കരാനി രാജവംശത്തിലെ സൈന്യാധിപനായിരുന്ന കാലാപഹാഡ് ആണ് കൊണാർക്കും ജഗന്നാഥക്ഷേത്രവും എല്ലാം ആക്രമിച്ചു നശിപ്പിക്കാൻ നേതൃത്വം നൽകിയത്. 

ഇതെഴുതാൻ വേണ്ടി ആ ചരിത്രം ചികഞ്ഞു നോക്കിയപ്പോൾ രസകരമായ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു. ഈ കാലാപഹാഡ് ഒരു ഹിന്ദു ബ്രാഹ്മണനും, രാജാ മുകുന്ദദേവിന്റെ സൈന്യാധിപനുമായിരുന്നു. രാജീവ് ലോചൻ റേ എന്നായിരുന്നു പൂർവ്വ നാമം. ഗൗർ രാജവംശത്തിലെ സുലൈമാൻ കരാനി, തൻ്റെ മകളെ ഉപയോഗിച്ച്, ഇദ്ദേഹത്തെ വശീകരിച്ചു മതം മാറ്റി. ഒരുപക്ഷെ അന്നത്തെ ലവ് ജിഹാദ്. എന്നിട്ട് ആ കൈകൾ കൊണ്ട് തന്നെ ക്ഷേത്രങ്ങൾ ആക്രമിച്ചു നശിപ്പിച്ചു. ഹിന്ദുക്കൾക്കിടയിലെ  ഒറ്റുകാരും, ചതിയന്മാരുമാണ് നമ്മെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. നമ്മുടെ പൈതൃകത്തെ ഇത്തരത്തിൽ അവഹേളിച്ചവരിൽ, അവഹേളിക്കുന്നവരിൽ അന്നും ഇന്നും അവരുടെ പങ്കാണ് കൂടുതൽ. പൃഥ്വിരാജ് ചൗഹാനെ ചതിച്ച ജയചന്ദ്രന്മാർ മുതൽ, ശ്രീരാമന്റെ ജാതകം ചോദിച്ച പെരിയാറുടെ ബൗദ്ധികസന്തതികൾ വരെ നീളുന്നു ഈ പിതൃഘാതികളുടെ പരമ്പര. 

എത്രയെത്ര ആക്രമണങ്ങൾക്കുമപ്പുറം ആ ചരിത്രങ്ങൾ വരും കാലത്തിന് വേണ്ടി പറഞ്ഞുകൊടുക്കാൻ കൊണാർക്ക് ഒരുങ്ങി നിൽക്കുന്നു. ചരിത്രകുതുകികളായ, കലാന്വേഷകരായ തീർത്ഥാടകരായി ഞങ്ങൾ ആ വിശാലമായ ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിച്ചു. 

1 comment: