ഭാരതത്തിൻ്റെ സ്വത്ത് സർവാശ്ലേഷിയായ സമഗ്ര ജീവിത ദർശനവും സ്വത്വം ആദ്ധ്യാത്മികതയുമാണ്. ഇത് രണ്ടിനുമുള്ള പ്രത്യേകത ഇത് മറ്റൊരാളുടെ അംഗീകാരത്തിനു വേണ്ടി കാത്തുനിൽക്കുന്നില്ല എന്നതാണ്. ധർമ്മാനുഷ്ഠാനവും ആത്മസാക്ഷാത്കാരവും സ്വന്തം നിലക്ക് ഓരോ വ്യക്തിയും കണ്ടെത്തി മുന്നേറേണ്ടുന്ന പാതയാണ്. വഴികാട്ടികൾ ഉണ്ട്. പക്ഷെ അവയൊന്നും സത്യാന്വേഷണത്തെ നിബന്ധിക്കുന്നില്ല.
ഒഡീഷയിലെ ഹിരാപുർ എന്ന കുഗ്രാമത്തിലെ നിരഞ്ജൻ നായക് എന്നയാളുടെ കരകൗശലപ്രദർശനത്തിൽ കയറിയ എനിക്ക് ഈ ഒരു തത്വമാണ് ഏറെയും മനസ്സിൽ നിറഞ്ഞത്. തനിക്ക് കൈമാറിവന്ന കുലത്തൊഴിൽ ആധുനിക കാലത്തിന് ഇണങ്ങുന്ന വിധം വളരെ സൂക്ഷ്മമായി അദ്ദേഹം കൊണ്ടുനടക്കുന്നു. പുതിയ തലമുറക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്നു. പനയോലകളിലുള്ള വരയിലാണ് അദ്ദേഹത്തിൻ്റെ കരവിരുത്.
പ്രത്യേകം നിർമ്മിച്ചെടുത്ത പനയോലകളിൽ നാരായം കൊണ്ട് വരഞ്ഞ്, അതിനു മുകളിൽ മഷി പുരട്ടി, നിരവധി കലാസൃഷ്ടികൾ അദ്ദേഹം നിർമ്മിച്ചിരിക്കുന്നു. രാമായണവും ഹനുമാനും ഭഗവതിയുമെല്ലാം ആ പനയോലകളിൽ അനുഗ്രഹം ചൊരിയുന്നു. തികഞ്ഞ ആതിഥ്യമര്യാദയോടെ അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. തൻ്റെ പ്രവൃത്തിയും അതിന്റെ അദ്ധ്വാനവും എല്ലാം അദ്ദേഹം വിവരിച്ചു തന്നു. ഇത് വരയ്ക്കുന്ന രീതി ഞങ്ങൾക്ക് നേരിട്ട് പരിചയപ്പെടുത്തിത്തന്നു. ഇങ്ങിനെ ഒരു കല ഉപാസിക്കുന്ന എത്ര പേരുണ്ട് എന്നെനിക്കറിയില്ല. പക്ഷെ ഓരോ ദിവസവും തന്റേതായ ഈ കലോപാസന അദ്ദേഹം തുടരുന്നു.ഹിരാപ്പൂരിന് കുറച്ചകലെയുള്ള ഗ്രാമത്തിലാണ് അദ്ദേഹത്തിൻറെ വീട്. ഭാര്യയും മക്കളും എല്ലാം ഇതിൽ സഹായിക്കും. ചില കുട്ടികൾ പഠിക്കാൻ വരുന്നുണ്ട്. ഭാര്യയാണ് അവർക്ക് പറഞ്ഞുകൊടുക്കുന്നത്. ഇത് കൂടാതെ പല തരം കരകൗശലവസ്തുക്കളും അവിടെ പ്രദർശനത്തിനുണ്ട്. വലിയ പനയോലച്ചിത്രത്തിന് രണ്ട് മാസം വരെ അദ്ധ്വാനം വേണ്ടിവരും. ഒന്നാലോചിച്ചു നോക്കൂ.. രണ്ട് മാസത്തോളം ഒരേയൊരു ലക്ഷ്യവുമായി നടക്കുന്ന ഒരു മനുഷ്യൻ. അങ്ങിനെ മാസങ്ങളും വർഷങ്ങളും. ഇത്തരം തപസ്സ് തന്നെയാണ് കലാകാരന് ആദരവ് നേടിക്കൊടുക്കുന്നത്. കേരളത്തിൽ ചില പ്രദർശനങ്ങൾക്ക് വേണ്ടി അദ്ദേഹം വന്നിട്ടുണ്ട്. കൊച്ചിയിലും മറ്റും. ഇവിടെ നിന്ന് യേശുക്രിസ്തുവിനെ ഇങ്ങിനെ പനയോലയിൽ വരക്കാനുള്ള നിർദ്ദേശം അദ്ദേഹം സ്വീകരിച്ചില്ല എന്നും അദ്ദേഹം സംഭാഷണമദ്ധ്യേ സൂചിപ്പിച്ചു. ഒരുപക്ഷെ അന്നാട്ടിൽ കണ്ട വ്യാപകമായ മതപരിവർത്തനശ്രമങ്ങളാകാം അതിന് കാരണം.
64 യോഗിനിമാരുടെ ചിത്രങ്ങൾ, ഭഗവതിയുടെ നിരവധി ഭാവങ്ങൾ, അഷ്ടലക്ഷ്മിമാർ, മുഴുവൻ രാമായണം ചിത്രമായി ശരീരത്തിൽ വരച്ച ഹനുമാൻ ഇങ്ങിനെ പോകുന്നു അത്ഭുതാവഹമായ അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. ഒരു പിഴവ് നശിപ്പിക്കുക ആഴ്ചകളുടെ അദ്ധ്വാനമാകും. ഇത്തരം പ്രഷർ കലാകാരന്മാർ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നത് മനശ്ശാസ്ത്രത്തിലും, മാനേജ്മെന്റ് ശാസ്ത്രത്തിലും ഒരു പഠനവിഷയമായാൽ നന്നായിരുന്നേനെ. ഒരു കുഗ്രാമത്തിൽ ഒതുങ്ങിനിൽക്കുന്ന ആ കലയെ ജനകീയമാക്കാനും അതിലൂടെ ഉപജീവനം കണ്ടെത്താനും ഉള്ള അദ്ദേഹത്തിൻറെ പരിശ്രമം അഭിനന്ദനാർഹം തന്നെയാണ്.
സുനിത ഡോക്ടർ ഒരു വലിയ ചിത്രം വാങ്ങി. ഒട്ടേറെ ചിന്തക്കൊടുവിൽ ഞാൻ വേണ്ടെന്നുവെച്ചു. ജയേട്ടൻ അദ്ദേഹത്തിൻറെ കല പരിചയപ്പെടുത്തുന്ന ഒരു വീഡിയോ എടുക്കുകയും ഉണ്ടായി. ഞങ്ങൾ ഇരിക്കുമ്പോൾ തന്നെ വേറെ ഒന്നുരണ്ട് കൂട്ടർ വന്നു. ഒരല്പനേരം അവിടെയെല്ലാം ചുറ്റിക്കണ്ട് ഞങ്ങൾ വണ്ടിക്കരികിലേക്ക് നടന്നു. ഹിരാപ്പൂരിലെ ഉത്സവം കുറച്ചു നാളുകൾക്കുള്ളിൽ ആരംഭിക്കുമത്രേ. അതിനാണ് പാടത്ത് ഒരുക്കങ്ങളും മുറ്റത്ത് പന്തലുമെല്ലാം. കുറെയേറെ ആളുകൾ എത്തിച്ചേരുന്ന ഗംഭീര ഉത്സവമാണത്രേ അത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആരും ശ്രദ്ധിക്കാത്ത ഈ ഇടത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് അത് തുടങ്ങിയത്. ഇന്ന് ലോകപ്രശസ്ത കലാകാരന്മാരുടെ പരിപാടികൾ അവിടെ അരങ്ങേറുന്നു.
ഞങ്ങൾ വണ്ടിയിൽ കയറി. വീണ്ടും നാട്ടുവഴികളിലൂടെ സഞ്ചരിച്ച്, മെയിൻ റോഡ് എത്തി. എല്ലാവർക്കും വിശപ്പ് നല്ലപോലെ തോന്നിത്തുടങ്ങിയിരുന്നു. ഒരു നല്ല ഹോട്ടൽ കണ്ടാൽ നിർത്താൻ ഡ്രൈവറെ ഏൽപ്പിച്ചു. വണ്ടി കുറെ ദൂരം ഓടി. ഹോട്ടലുകൾ അത്രയധികമൊന്നുമില്ല. കുറെ ദൂരം കൂടി സഞ്ചരിച്ച്, ഒടുവിൽ ഒരു ഹോട്ടലിൽ വണ്ടി പാർക്ക് ചെയ്തു. എല്ലാവരും ക്ഷീണിച്ചിരുന്നു. ഹോട്ടൽ ഉച്ചക്കുള്ള കച്ചവടം അവസാനിപ്പിച്ച് പൂട്ടാറായ നേരമായെന്ന് തോന്നി. എന്നാലും ഞങ്ങൾക്കുള്ള ഭക്ഷണം അവർ ഉണ്ടാക്കിത്തന്നു. സന്തോഷത്തോടെ ഞങ്ങൾ കഴിച്ചിറങ്ങി. ഇറങ്ങാൻ നേരത്ത് സതീഷേട്ടനും ഹോട്ടൽ മുതലാളിയും തമ്മിൽ കുശലം പറയുന്നു. ഹോട്ടൽ മുതലാളി ഒരു ജിമ്മനാണ്. സതീഷേട്ടന് അതാണിത്ര ലോഗ്യം തോന്നാൻ കാരണം. പഴയ തന്റെ മിസ്റ്റർ കേരള ഫോട്ടോ ഒക്കെ കാണിച്ച് അയാളെ സതീഷേട്ടൻ ശരിക്ക് ഇമ്പ്രെസ്സ് ചെയ്തിരിക്കുന്നു. അവിടത്തെ ജിമ്മിന്റെ കാര്യങ്ങൾ ഒക്കെ കേട്ട് മനസ്സിലാക്കി ഒരു ബിസിനസ് ലീഡ് ഉണ്ടാക്കിയാണ് സതീഷേട്ടൻ തിരിച്ച് വണ്ടിയിൽ കയറിയത്.
വണ്ടി ഭുവനേശ്വറിലേക്ക് അടുത്തു കൊണ്ടിരുന്നു. ഞങ്ങളുടെ ഈ യാത്ര അതിന്റെ പരിസമാപ്തിയിലേക്കും....
No comments:
Post a Comment