"മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീ സമാഃ
യത് ക്രൌഞ്ജ മിഥുനാദേകം അവധീഃ കാമമോഹിതം"
ആദികവിയുടെ ആദ്യത്തെ കാവ്യാനുഭവം. ലോകത്തിന്റെ ചരിത്രത്തെ മാറ്റിമറിക്കാന്‍ വേണ്ടി വാണീദേവിയുടെ ആദ്യത്തെ പദ്യാവതാരം. ശോകത്തില്‍ നിന്ന് ശ്ലോകം ഉണ്ടാകുന്ന രാസവിദ്യ സ്വയമേവ തെളിഞ്ഞു വിളങ്ങി വന്ന ആദ്യത്തെ അവസരം....
പിന്നീട് അവിടുന്നിങ്ങോട്ടു, എത്രയെത്ര പദ്യാവിഷ്കാരങ്ങള്‍...
ഈ ശ്ലോകത്തിനു മുന്‍പ് തീര്‍ത്തും കവിത ഇല്ല എന്ന് പറഞ്ഞു കൂടാ. വേദങ്ങളും മറ്റും ഇതിനും എത്രയോ കാലം മുന്‍പ് രചിച്ചവയാകും. അവയൊക്കെ അസാമാന്യമായ കവിതാബോധത്താല്‍ സമ്പുഷ്ടവും ആണ്. പുരുഷ സൂക്തത്തിലെ വിരാട്ട് പുരുഷ വര്‍ണ്ണനയൊക്കെ അത്യത്ഭുതകരം തന്നെ ആണ്...
"ചന്ദ്രമാ മനസോ ജാതശ്ചക്ഷോസ്സൂര്‍യ്യോ അജായത
മുഖാദിന്ദ്രശ്ചാഗ്നിശ്ച പ്രാണാദ്വായുരജായത"
- മനസ്സില്‍ നിന്ന് ചന്ദ്രന്‍, ആ സൂര്യന്‍ കണ്ണിന്റെ ദീപ്തിയാല്‍
മുഖത്തു നിന്ന് ഇന്ദ്രാഗ്നി, പ്രാണനില്‍ നിന്ന് വായുവും "
പക്ഷെ അഭൌമമായ ജ്ഞാനത്തിന്റെ ഉന്മാദലഹരിയില്‍ പാടിയ ഇവക്കെല്ലാം ഒരു മിസ്റ്റിക് ആവരണം ഉണ്ട്... അത് കൊണ്ട് തന്നെ ഇവ സൂക്തങ്ങള്‍(Hymns) ആയാണ് അറിയപ്പെട്ടത്, കവിതയായല്ല. ആത്മീയമായ മാനം ആയിരുന്നു ഇവക്കു കൂടുതലും....അത് കൊണ്ട് സാധാരണ കാവ്യത്തിന്റെ പരിധിയില്‍ നില്‍ക്കുന്നില്ല ഇതൊന്നും.
അത് കൊണ്ട് തന്നെ വാത്മീകി താമസാ നദിക്കരയില്‍ സ്വയം മറന്നുരുകി പാടിയ ഈ വരികള്‍ തന്നെ ആണ് കവികള്‍ നിത്യവും ഉരുക്കഴിക്കേണ്ട ഗായത്രി...
എന്നാല്‍ എന്താണിതിന്റെ അര്‍ഥം? വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു അര്‍ത്ഥമാണ് ഇതിനുള്ളത്. സാധാരണ പറഞ്ഞു വരാറുള്ളത് 'അരുത് കാട്ടാളാ' എന്നാ നിലക്ക് ഒരു അര്‍ഥം ആണ്... പക്ഷെ ഇത് ശരി അല്ല തന്നെ. അരുത് എന്നതിന്റെ തുല്ല്യ പടം ആയ 'മാ' എന്നാ നിരോധാര്‍ത്ഥ ശബ്ദം ആദ്യം ചേര്‍ത്താല്‍ പിന്നീട് ഹ്സാപം ആയല്ല അനുഗ്രഹം ആയി മാറും ശ്ലോകാര്‍ത്ഥം.
"അരുത് കാട്ടാളാ... നീ ശാശ്വതമായ പ്രതിഷ്ഠയെ(നിത്യമായ നിലനില്‍പ്പിനെയും കീര്‍ത്തിയും) പ്രാപിച്ചു, എന്തെന്നാല്‍ ക്രൌഞ്ജ മിഥുനങ്ങളില്‍ കാമാമോഹിതനായ ഒന്നിനെ നീ കൊന്നുവല്ലോ"???
ഇതാവാനിടയില്ലല്ലോ കവിയുടെ ഭാഷിതം. അത് കൊണ്ട് അരുത് എന്ന് തുടക്കത്തില്‍ വരികയില്ല. അപ്പോള്‍ ഇതായിരിക്കാം പറഞ്ഞത്...
(ഹേ) നിഷാദ! ത്വം ശാശ്വതീം പ്രതിഷ്ഠാം മാ അഗമഃ, യത് ക്രൌഞ്ജ മിഥുനാത് കാമമോഹിതം ഏകം (ത്വം) അവധീഃ -
"ഹേ കാട്ടാളാ! നീ ഭൂമിയില്‍ ശാശ്വതമായ സല്‍ക്കീര്‍ത്തി നേടാതെ പോകട്ടെ, ന്തെന്നാല്‍ ക്രൌഞ്ജ മിഥുനങ്ങളില്‍ ഒന്നിനെ നീ
കൊന്നുവല്ലോ"
ഇപ്പോള്‍ അര്‍ഥം ശരിയാകുന്നു... പക്ഷെ സ്ഥിതപ്രജ്ഞനായ ഒരു തപസ്വി ഇങ്ങിനെ ചപലനായി തീരാമോ? ദേഷ്യം പൂണ്ടു കാട്ടാളനെ ശപിക്കാമോ? ഇനി ശാപം ഇല്ലെങ്കില്‍ ഈ കാട്ടാളന്‍ ഭൂമിയില്‍ സ്ഥിരമായ സല്‍ക്കീര്‍ത്തി നെടുമായിരുന്നോ? കാട്ടാളന്‍ സ്വധര്‍മ്മം ആണ് അനുഷ്ഠിച്ചത്. കാട്ടാളന്റെ ധര്‍മം കൊന്നു തിന്നുക എന്ന് തന്നെ അല്ലെ. പണ്ട് ഒരു കാട്ടാളനായിരുന്നു ഒരാള്‍ അതേ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവനെ ശപിക്കാമോ??
ഉത്തരം കിട്ടാത്ത അനവധി
ചോദ്യങ്ങള്‍...
അതിനു ഒരു സമാധാനം ആയി എനിക്ക് പണ്ടൊരു സുഹൃത്ത് പറഞ്ഞു തന്ന ഒരു അന്വയം ഇവിടെ കുറിക്കാം....അതീ സന്ദര്‍ഭവും ആയി ഒത്തു പോകുന്നതല്ല എങ്കിലും...
ഇതാണത്. വാത്മീകിയുടെ നിയോഗമായിരുന്നു രാമചരിതം കീര്‍ത്തിക്കുക എന്നത്.. ഇതിനു അദ്ദേഹത്തെ സജ്ജനാക്കേണ്ടതുണ്ടായിരുന്നു. തപസ്സിലും ധ്യാനത്തിലും മുഴുകിയിരിക്കുന്ന മഹര്‍ഷിയുടെ മനസ്സില്‍ കാവ്യത്തിന്റെയും രാമകധയുടെയും ബീജങ്ങള്‍ വിതക്കാന്‍ വാണീ ദേവിയും ബ്രഹ്മാവും സൃഷ്ടിച്ച ഒരു സംഭവം ആയിരുന്നു ഈ പക്ഷീവധം... ഇത് കണ്ടപ്പോള്‍, ഏതോ പൂര്‍വാര്‍ജ്ജിത പ്രേരണയാല്‍ എന്നവണ്ണം മഹര്‍ഷി ഈ ശ്ലോകം പാടി...അതിന്റെ അര്‍ഥം ഇപ്രകാരമായിരുന്നു
"മാ നിഷാദ - ലക്ഷ്മിയുടെ അടുത്തിരിക്കുന്നവന്‍, ഹേ വിഷ്ണോ...
നീ ശാശ്വതമായ പ്രതിഷ്ഠയെ(നിത്യമായ നിലനില്‍പ്പിനെയും കീര്‍ത്തിയും)
പ്രാപിച്ചു, എന്തെന്നാല്‍ ക്രൌഞ്ജ(ക്രുഞ്ജന്‍-രാക്ഷസന്‍)മിഥുനങ്ങളില്‍(രാവണ - മണ്ടോദരിമാരില്‍) കാമാമോഹിതനായ ഒന്നിനെ(രാവണനെ) നീ കൊന്നുവല്ലോ"
ഈ പാടിയതെന്താണെന്ന് അറിയാനുള്ള അദ്ദേഹത്തിന്‍റെ ത്വരക്കാണ് നാരദ മഹര്‍ഷി സമാധാനം ഏകുന്നത്. അതാണ് രാമകഥാസുധയായി പ്രവഹിച്ചത്.
"തപസ്സ്വാധ്യായ നിരതം തപസ്വിം വാഗ്വിദാം വരം
നാരദം പരിപപ്രച്ഛ വാല്‍മീകിര്‍മുനിപുംഗവം
കോന്വസ്മിന്‍ സാമ്പ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍
ധര്‍മജ്ഞശ്ച കൃതജ്ഞശ്ച സത്യവാക്കോ ദൃഢവ്രതഃ"
അങ്ങിനെ ആണ് രാമായണം ചുരുളഴിയുന്നത്. ഈ അര്‍ത്ഥത്തിനാണ് വ്യക്തത കൂടുതല്‍...
പഴകി ശീലിച്ച ഒരു ശൈലി മാറ്റാന്‍ അല്ല എന്റെ ഉദ്ദേശ്യം മറിച്ചു, വേറെ ഒരു വ്യാഖ്യാനത്തിന്റെ സാധ്യതയിലേക്ക് ശ്രദ്ധ ക്ഷണിക്കല്‍ മാത്രമാണ്. വിജ്ഞാനികള്‍ നിര്‍ണയിക്കട്ടെ.......
നന്നായി സഖേ : വായനാസുഖവും അറിവും സമന്വയിപ്പിചിരിക്കുന്നു .. അഭിനന്ദനങ്ങള്‍ ...
ReplyDeleteവായനാ സുഖം ഉണ്ട്- പക്ഷെ, ഈ വ്യാഖ്യാനത്തിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ ആകുന്നില്ല.... :). ആശംസകള്‍....
ReplyDeleteനാരദം പരിപപ്രച്ഛ വാല്മീകിർമുനിപുംഗവം
ReplyDelete