Friday, April 12, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തിയൊൻപത് - ശില്പകലാസുഗന്ധം

 കൊണാർക്ക് സൂര്യക്ഷേത്രം - ലോകവിസ്മയം. അനിതരസാധാരണമായ ഭാരതീയ വാസ്തുവിദ്യയുടെ, കരകൗശലവിദ്യയുടെ, ജ്യാമിതീയ രൂപകല്പനയുടെ, ജ്യോതിശാസ്ത്ര സംഗണനങ്ങളുടെ സമ്മേളനകേന്ദ്രം. ഇത് പോലൊന്ന് ലോകത്തിൽ വേറെയില്ല. കലിംഗ ശില്പചാതുരി ഇവിടെ പീലിനിവർത്തിയാടുന്നു. ഇവിടെ ഓരോ ഇഞ്ച് കല്ലിലും ഓരോ വിശ്വകർമ്മജന്റെയും കലാജീവിതം നിഴലിക്കുന്നു. അവൻ്റെ കൈയൊപ്പ് ഈ ലോകത്തിൽ പതിപ്പിക്കാൻ തനിക്ക് കൈമാറിവന്ന ശില്പരഹസ്യം തുറന്ന് അവൻ ഉളി വീശി. അത് ഈ അത്യത്ഭുതസൃഷ്ടിയായി പരിണമിച്ചു.

അങ്കണത്തിലേക്ക് കടന്നതോടെ എല്ലാവരും കുട്ടികളെപ്പോലെ ഓരോ മൂലകളിലേക്കോടി. ക്യാമറകൾ പല കോണുകളിൽ നിന്ന് ആ ദൃശ്യവിസ്മയം ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഞാൻ എല്ലാവരിലും നിന്ന് അകന്ന് ഏകാന്തചിത്തനായി അതിനെ നോക്കിക്കണ്ടു. കാണുന്തോറുമാണ് നമ്മുടെ മനസ്സ് വിസ്മയഭരിതമാകുന്നത്. സാലഭഞ്ജികമാർ, ദേവീദേവന്മാർ, രതിശില്പങ്ങൾ, മൃഗങ്ങളുടെ രൂപങ്ങൾ, അലങ്കാരവേലകൾ - ഓരോ കല്ലിലും തലമുറകളോട് തങ്ങളുടെ ജീവിതവും കലയും വിളിച്ചുപറയുന്ന ശില്പങ്ങൾ. 


വെയിലിനെ വകവെക്കാതെ ആളുകൾ വന്നുപോകുന്നു. വന്നവരെല്ലാം വാപൊളിച്ച് അത്ഭുതത്തോടെ ഇവയൊക്കെ കാണുന്നു. ചുവരുകൾ തൊടാതിരിക്കാൻ ഇരുമ്പുകുഴലുകൾ കൊണ്ട് വേലി തീർത്തിട്ടുണ്ട്. ചില വിരുതന്മാർ അത് ചാടിക്കടന്ന് പോയി ഫോട്ടോ എടുക്കുന്നു. ഇടയിൽ ഒരാളെ പരിചയപ്പെട്ടു. ഉത്തരേന്ത്യയിൽ നിന്ന് വന്നൊരു സഞ്ചാരി. രതിശില്പങ്ങൾ അമ്പല ചുമരുകളിൽ വരാനുണ്ടായ സാഹചര്യമാണ് അയാൾക്ക് കൗതുകം. എന്നാലാവുമ്പോലെ അതിൻ്റെ തത്വം ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തു. പാശ്ചാത്യ ശ്ലീലാശ്ലീലങ്ങളുടെ അളവുകോൽ കൊണ്ട് ഭാരതീയ കല്പനകളെ അളക്കുന്നതിന്റെ കുഴപ്പമാണ്. പുരുഷാർത്ഥങ്ങളിൽ കാമം എന്നൊന്നുള്ളിടത്തോളം അതിനെ വരാക്കാതിരിക്കുന്നതെങ്ങിനെ? ഈ പുറം ചുവരുകൾക്കുള്ളിൽ ആണല്ലോ ചൈതന്യവിഗ്രഹം. പുറന്തോടുകളിൽ വരച്ചവയിൽ ഭ്രമിച്ചു നിന്നാൽ അവിടെ നിൽക്കുകയേ ഉള്ളൂ. അതിനുമപ്പുറം കടക്കുന്നവനാണ് വിഗ്രഹം കാണുന്നവൻ, ചൈതന്യത്തെ തൊടുന്നവൻ.


കുഞ്ഞിരാമൻ നായരുടെ "പൂരത്തിന് പോയിട്ട്" എന്നൊരു കവിതയുണ്ട്. വരികൾ ഓർമ്മയില്ല. പക്ഷെ അതിലെ സാരമിതാണ്. പൂരത്തിന് പോയി എല്ലാ കാഴ്ചകളും കണ്ട്, നിറമുള്ള വെള്ളം വാങ്ങിക്കുടിച്ചും, പൊരിയും ബലൂണും വാങ്ങിയും നടന്നു. പക്ഷെ അമ്പലത്തിനകത്ത് കയറി ആ വിഗ്രഹം ഒന്നു കണ്ടില്ല, ഒന്ന് തൊഴുതില്ല. എങ്കിൽ പിന്നെ എല്ലാം വ്യർത്ഥം. ഇതാണ് ഭാരതീയ രസസിദ്ധാന്തം. കല കലക്ക് വേണ്ടിയോ മനുഷ്യന് വേണ്ടിയോ പോലുമല്ല. കല ഈശ്വരത്വത്തിലേക്ക് ഉള്ള ചൂണ്ടുപലകയാണ്. ഭ്രമിപ്പിക്കുന്ന പുറന്തോടുകൾ പൊളിക്കാൻ ഉള്ള പരിശീലനക്കളരി. ആധുനിക കലാവിമർശനവും അറിഞ്ഞോ അറിയാതെയോ ഈ വഴിക്കാണ് പോകുന്നതെന്ന് എനിക്ക് തോന്നുന്നു. മൂർത്തത്തിൽ നിന്ന് അമൂർത്തത്തിലേക്കും, വൃത്തനിബദ്ധതയിൽ നിന്ന് വൃത്തരാഹിത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കും എല്ലാമുള്ള ഈ പ്രയാണം ഈ ഭംഗിയുള്ള, ഇമ്പമുള്ള പുറന്തോട് പൊളിക്കൽ തന്നെയാണ്. പക്ഷെ പലപ്പോഴും അതിനപ്പുറമുള്ള പൊരുൾ തേടുന്നതിന് പകരം പുതിയ തോടുകൾ സൃഷ്ടിക്കുകയാണ് അർത്ഥമറിയാതെയുള്ള ഈ പ്രയാണം ചെയ്യുന്നത് - ഭംഗിയും ഇമ്പവും കുറഞ്ഞ പുതിയ പുറന്തോടുകൾ.

രഥചക്രങ്ങൾ കൊണ്ട് സമയം അളക്കുന്നത് എങ്ങിനെയെന്ന് ഗൈഡുകൾ ആളുകൾക്ക് കാട്ടിക്കൊടുക്കുന്നു. തിക്കും തിരക്കും കൂട്ടി ആളുകൾ ഫോട്ടോയെടുക്കുന്നു. നൃത്തമണ്ഡപത്തിന്റെ ചുറ്റും നടന്ന്, അതിനു മുകളിൽ കയറി തൂണുകളിലെ അലങ്കാരങ്ങൾ നോക്കി ഞാൻ നിന്നു. പ്രതാപകാലത്ത് എത്രയെത്ര നൃത്തഗാന സന്ധ്യകൾ ഇവിടെ അരങ്ങേറിയിരിക്കും. ഇപ്പോൾ ആളും ആരവവുമില്ലാതെ വെറുമൊരു കാഴ്ചവസ്തു. ആ മണ്ഡപത്തിൽ നിന്ന് നോക്കിയാൽ മുഖ്യ കെട്ടിടത്തിന്റെ ജ്യാമിതീയ ഘടന പെട്ടെന്ന് പിടികിട്ടും. അണുകിട തെറ്റാതെയുള്ള ആ നിർമ്മാണം സിവിൽ എഞ്ചിനീയർമാർ ചെന്ന് കാണുക തന്നെ വേണം.

മുഖ്യ കെട്ടിടം അമ്പലത്തിന്റെ നമസ്കാരമണ്ഡപമാണ്. ശ്രീകോവിൽ പണ്ടേ നിലംപൊത്തി. ഇതിനകത്തേക്ക് പ്രവേശനമില്ല. പടികൾ കയറിച്ചെന്നാൽ പീഠത്തിന് മുകളിൽ എത്തുന്നതിന് മുൻപ് തടഞ്ഞിരിക്കുന്നു. അകം കല്ലുകളെ കൊണ്ട് നിറച്ചിരിക്കുന്നത് പോലെ തോന്നി. പലയിടത്തും വൃത്തികെട്ടരീതിയിൽ ഏച്ചുകൂട്ടിയ നിർമ്മാണങ്ങൾ. വലിയ കവാടം. മുകളിലേക്ക് മൂന്നു തട്ടുകളായി ഗോപുരം ഉയർന്നു പോകുന്നു. ഒത്തമുകളിൽ വിമാനം. അത് ഏതാണ്ട് പുരിയിലേത് പോലെ തോന്നി. അകലെ നിന്ന് ഉപ്പുകാറ്റ് വീശുന്നുണ്ട്. വെയിലിന് കാഠിന്യം ഏറി വരുന്നുണ്ട്.


കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടി. തോർത്തുമുണ്ട് കൊണ്ട് തലേക്കെട്ടും കൈയിൽ ഒരു വെള്ളക്കുപ്പിയുമായി മാധവൻ കറങ്ങി നടക്കുന്നുണ്ട്. നേരെയും, ചാഞ്ഞും ചെരിഞ്ഞും പലരീതിയിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു. സതീഷേട്ടൻ ട്രാൻസ്‌ഫോർമർ വെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണ്. ഡോക്ടറും മുരളിയേട്ടനും ചൂട് സഹിക്കാൻ വയ്യാതെ അവിടെയുള്ള ഒരു മരച്ചുവട്ടിൽ അഭയം പ്രാപിച്ചു.

എൻ്റെ കണ്ണുകൾ കാഴ്ചകളിലേക്ക് വീണ്ടും മടങ്ങി. മുഖ്യകെട്ടിടത്തെ വലംവെച്ച് കണ്ടു. രഥചക്രങ്ങൾ ഓരോന്നും അത്യത്ഭുതമായ രൂപകൽപനയാണ്. അവ ഉപയോഗിച്ച് കൃത്യമായി സമയം കണക്കാക്കാനാകും. ഉത്തരായണകാലത്തും ദക്ഷിണായനകാലത്തും വെവ്വേറെ ചക്രങ്ങളാണ് ഉപയോഗിക്കുക. ചക്രത്തിലെ എട്ട് വലിയ കാലുകൾ കൊണ്ട് 24 മണിക്കൂറിനെ 8 പ്രഹരങ്ങൾ ആക്കി തിരിക്കുന്നു. അവക്കിടയിലുള്ള ചെറിയ ആരക്കാലുകൾ, അവകളിൽ കൊത്തിവെച്ച മുത്തുകൾ എന്നിങ്ങിനെ ചുരുക്കി ചുരുക്കി നമുക്ക് ഇതിനാൽ കൃത്യസമയം കണ്ടെത്താനാനാകും.


ആ അങ്കണത്തിൽ തന്നെ ചുവപ്പ് ചുടുകട്ട കൊണ്ട് നിർമ്മിച്ച വിഷ്ണുക്ഷേത്രം കാണാം. കൂടാതെ ഛായാദേവിയുടെ അമ്പലവും ഉണ്ട്. സൂര്യക്ഷേത്രത്തിന് ഇരുവശത്തുമായി സിംഹത്തിന്റേയും കുതിരയുടേയും കല്ലിൽ കൊത്തിയ കൂറ്റൻ  പ്രതിമകൾ. ഈ കല്ലുകളൊന്നും ഈ പ്രദേശത്തുള്ളവയല്ലത്രേ. എവിടെ നിന്നോ വെട്ടിയെടുത്ത് എത്രയോ മനുഷ്യാദ്ധ്വാനം കൊണ്ടായിരിക്കണം ഇത് ഇവിടേക്ക് എത്തിച്ചത്. ഒരുപക്ഷെ ഇത് വേഗം ദ്രവിച്ച് പോകുന്നതിന്റെ കാരണവും അതായിരിക്കണം.


എല്ലാവരും മരച്ചുവട്ടിൽ ഒത്തുകൂടി. വെള്ളം കുടിച്ച്, വിശേഷങ്ങൾ എല്ലാം പറഞ്ഞ് പുറത്തേക്ക് നീങ്ങി. പുറത്തേക്കുള്ള വഴി വേറെയാണ്. അവിടെ ഒരു അമ്പലം ഉണ്ട്. പുറത്ത് കുറെ പൈക്കൾ നിൽക്കുന്നു. അവിടെ അടുത്തുള്ള കടയിൽ നിന്ന് പഴങ്ങൾ വാങ്ങി പൈക്കൾക്ക് കൊടുത്തു.

പിന്നീടുള്ള വഴി നിറയെ കടകളാണ്. കല്ലിൽ കൊത്തിയ രഥചക്രങ്ങളും, പലതരം കൗതുക വസ്തുക്കളും, വള മാല കമ്മൽ എന്നിങ്ങിനെ എണ്ണമറ്റ വസ്തുക്കൾ നിരത്തിവെച്ചവ. കുറച്ച് നേരം അവിടെയെല്ലാം ചിലവിട്ട് ഞങ്ങൾ പാർക്കിങ്ങിൽ എത്തി. ഡ്രൈവർക്ക് ചെറിയ പനിക്കോള്. മൂപ്പർ മരുന്നൊക്കെ കഴിച്ച് അല്പം വിശ്രമിച്ച് ഇരിക്കുകയാണ്. എന്നാൽ പോകാം എന്നായി. എല്ലാവരും കയറി നോക്കുമ്പോൾ രണ്ടു തലകൾ കാണാനില്ല. മാധവൻ & പ്രഭു മിസ്സിംഗ്..... 

No comments:

Post a Comment