Thursday, May 19, 2016

ക്ഷമിക്കണം സാർ, ഞങ്ങൾക്കിത് ഒരു ഒറ്റത്താമരയല്ല, ഒരു വസന്താഗമമാണ്.

അങ്ങിനെ ഒന്നിൽ നിന്നു തുടങ്ങി കേരളത്തിൽ ഭാജപ യുടെ ചരിത്രപ്രയാണം. ഒന്ന് ഓ.ആർ തന്നെ. ഇന്നലെ വരെ "ആൾദൈവങ്ങൾക്ക് മുന്നിൽ കുമ്പിട്ടാലും ജയിക്കാനാകാത്ത രായണ്ണൻ" എന്നൊക്കെ കളിയാക്കിയവർ, ഇന്ന് "ഇത് രാജഗോപാലിന്റെ വ്യക്തിപ്രഭാവം കൊണ്ടാണ്. ബിജെപി ക്ക് ഇതിൽ പങ്കില്ല" എന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ആദർശത്തിന് വേണ്ടി തളരാതെ, പതറാതെ മുന്നോട്ട് നീങ്ങിയ ആ കർമയോഗി അർഹിച്ച വിജയം. അഭിനന്ദനങ്ങൾ.

പക്ഷെ, ഈ വിജയം ഞങ്ങൾ കേരളത്തിലെ സ്വയംസേവകർക്ക് ഒരു ഒറ്റത്താമരയല്ല. ഇതൊരു വസന്താഗമമാണ്. വർഷങ്ങളുടെ തപസ്സാധനയുടെ ഫലപൂർത്തിയാണ്. കമ്മ്യൂണിസ്റ്റ്‌ കാപാലികരുടെ കൊലക്കത്തിക്കിരയായ ആത്മാഭിമാനികളായ ധീരബലിദാനികളുടെ സ്മരണകൾക്കുള്ള അഞ്ജലിയാണ്. മരണം, ക്ഷണിക്കപ്പെടാത്ത അതിഥിയായി എപ്പോൾ വേണമെങ്കിലും ചുവന്ന കൊടിയുമേന്തി അണയാം എന്നുണ്ടെങ്കിലും, ഈ ഭഗവധ്വജത്തെ നെഞ്ചോട്‌ ചേർത്ത അനേകായിരം പ്രവർത്തകരുടെ ഹൃദയരക്തം കൊണ്ട് വരച്ച വിജയചിത്രമാണ്.
ഓർമ്മ വെച്ച നാൾ മുതൽ ഈ പ്രസ്ഥാനത്തിലും അതിന്റെ ആദർശത്തിലും മാത്രം വിശ്വസിച്ച, എന്നെ പോലുള്ള സാധാരണക്കാർക്ക്, എന്നെന്നോ നെഞ്ചിൽ കൊണ്ട് നടന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്......

കുട്ടിക്കാലത്ത് അറിയാവുന്നത് രണ്ടേരണ്ടു മുദ്രാവാക്യങ്ങളായിരുന്നു "ഭാരത്‌ മാതാ കീ ജയ്‌" ഉം "ജയ്‌ ജയ്‌ ബീജീപ്പി" യും. വാഴയില കീറി കൊടിയാക്കി, വീടിന്റെ തൊടിയിൽ പായൽ വളർന്ന മതിലിനു മുകളിൽ കയറി, വള്ളിപ്പടർപ്പുകളുടെ തണലിലുരുന്ന്, ഉറക്കെയുറക്കെ വിളിച്ച മുദ്രാവാക്യങ്ങൾ ഇവ തന്നെയായിരുന്നു. അന്നാ ചെറിയ മനസ്സിലൂടെ കടന്നു പോയ സ്വപ്നങ്ങൾ എന്തെല്ലാമെന്ന് ഇന്നൊർക്കുന്നില്ല. പക്ഷെ, അവക്കെല്ലാമപ്പുറം ഈ പ്രസ്ഥാനത്തിന്റെ വിജയങ്ങളായിരുന്നു അവയുടെയെല്ലാം അന്തർധാര. അദ്വാനിയുടെ രഥയാത്രയെ സ്വീകരിക്കാൻ ഉത്സാഹത്തോടെ ഓടിച്ചെന്ന ആ കാലം, ഇന്നിന്റെ ഈ സ്വപ്നസാഫല്യത്തിന്റെ നിറവിൽ മനസ്സിൽ നിറയുന്നു.

കാലം മാറി. വാജ്പേയി പ്രധാനമന്ത്രിയായി. അന്ന് മതിമറന്ന് ആഹ്ലാദിച്ച അനേകം സംഘ കുടുംബങ്ങളോടൊപ്പം ഞങ്ങൾക്കും 13 ദിവസം മാത്രമേ ആ സന്തോഷം നീണ്ടുനിന്നുള്ളൂ. നെറികെട്ട രാഷ്ട്രീയക്കളികൾ മനസ്സിലാവാത്ത എന്നെ പോലെ തന്നെയായിരുന്നു ബിജെപിയും അന്ന്. വിവർണ്ണമായ മുഖത്തോടെ ഇരുന്നിരുന്ന അച്ഛന്റെ വ്യഥകൾ അന്നെനിക്ക് മനസ്സിലായിരുന്നില്ല.

കഴിഞ്ഞ കാലങ്ങളെ കുറിച്ച്, അച്ഛൻ ഏറ്റവും കുറച്ചേ സംസാരിച്ചിരുന്നുള്ളൂ. ഓർക്കാൻ ഇഷ്ടപ്പെടാത്ത പല ഓർമ്മകളും അതിലുണ്ടായിരുന്നത് കൊണ്ടാകാം. പക്ഷെ, സ്വയംസേവകജീവിതത്തിലെ ഓർമ്മകൾ എന്നും ആവേശത്തോടെ പങ്കുവെച്ചിരുന്നു. അടിയന്തരാവസ്ഥയും, ഗുരുജിയുടെ പ്രസംഗങ്ങളും, ആ കനൽ വഴികളിലെ കഷ്ടപ്പാടുകളും എല്ലാം. ഭാസ്കർ റാവുവിനെ പോലെയുള്ള പ്രചാരകന്മാരെ കുറിച്ചെല്ലാം കണ്ണുനിറയാതെ പറയാനാകുമായിരുന്നില്ല  അദ്ദേഹത്തിനു. പരിഹാസത്തിന്റെ ചുവ കലർന്ന ചോദ്യങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള മറുപടി, തോൽവികൾക്ക് മേൽ തോൽവികൾ ഏറ്റുവാങ്ങുമ്പോളും പതറാത്ത പോരാട്ട വീര്യം, ഒരിക്കൽ പിടിച്ചടക്കും ഈ കോട്ട എന്ന ദൃഢവിശ്വാസം, അചഞ്ചലമായ ധ്യേയനിഷ്ഠ, ഇത് കേരളത്തിൽ ഓരോ "സംഘി" ക്കും പറയാനുള്ള കഥകളാണ്.

കൈയിൽ രാഖി കെട്ടിയാൽ, ചുവന്ന തിലകം നെറ്റിയിൽ അണിഞ്ഞാൽ, കാവി മുണ്ടുടുത്താൽ "നീ ബീജേപ്പിയാണോ" എന്ന ചോദ്യം വന്നിരുന്ന നാളുകൾ കഴിഞ്ഞിരിക്കുന്നു. ഗണേശോത്സവവും, രക്ഷാബന്ധനും, ശ്രീകൃഷ്ണജയന്തിയും, രാമായണമാസവും എല്ലാം ഇന്ന് സമൂഹം ഏറ്റെടുത്തിരിക്കുന്നു. ഇന്നിതാ, ഒരു ബിജെപി എംഎൽഎ കേരളത്തിലും.

നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രിസ്ഥാനത്തേക്കാൾ എന്നെ വ്യക്തിപരമായി സ്പർശിക്കുന്നത് ഇതാണ്. ഈ ഒരു സീറ്റ്‌. ബിജെപ്പിക്ക് കേരളത്തിലെ ആദ്യ നിയമസഭാ സീറ്റ്‌. ഇതിൽ എനിക്ക് എന്റെ സ്വപ്‌നങ്ങൾ കാണാം. എന്റെ കഴിഞ്ഞ കാലം കാണാം. എന്നും അനുഭവിച്ച അപകർഷതാബോധം വെന്തെരിയുന്നത് കാണാം.  എല്ലാറ്റിനുമുപരിയായിഎന്റെ അച്ഛന്റെ മണവും ചൂടും അറിയാം.

അതെ സാർ,
ഇത് ഞങ്ങൾക്ക്  ഒരു ഒറ്റത്താമരയല്ല. ഇത് ഞങ്ങൾക്ക് ഘോരമായ രാത്രി കഴിഞ്ഞുള്ള പ്രതീക്ഷയുടെ ഉഷ:സന്ധ്യയാണ്.

1 comment:

  1. Namasthae,
    Nammadae aellaam manasilullath thaangal manoharamaayi evidence aezhuthi vachu.Eee aezhuthitte aazham ororo sangha bandhuvinum Manasilaavum. Angaekku Namasakaram.Bharath Maths Ki Jai. Vande Mataram!!! (Manglishil aezhuthiyathinu kshamikkuka)

    ReplyDelete