Tuesday, April 16, 2024

കനിവുറവ് തേടി...... - ഭാഗം മുപ്പത് - ഉൾനാട്ടിലെ തന്ത്രപീഠം.

  "ഗാഡി ചലാവോ ഭയ്യാ. വോ ലോഗ് പൈദൽ ആ ജായേംഗേ(വണ്ടി എടുത്തോളൂ, അവർ നടന്ന് വന്നോളും)" ഇതായിരുന്നു അവസാനം ജയേട്ടൻ പറഞ്ഞത്. വണ്ടി പുറപ്പെട്ടു. കയറ്റം കയറി റോഡിലേക്ക് തിരിഞ്ഞതും പ്രഭുവും മാധവനും ഓടിക്കിതച്ചെത്തി. ഏകദേശം അര മണിക്കൂർ അവരെ കാത്തു നിന്നു. വിളിക്കുമ്പോൾ ദാ എത്തി, എത്തുന്നു എന്നിങ്ങിനെ പറഞ്ഞുകൊണ്ട് അവർ സമയമെടുത്ത് ഷോപ്പിംഗ് ആസ്വദിച്ചു. ഇവിടെ ചൂടിൽ ഞങ്ങൾ വണ്ടിയിൽ കാത്തിരുന്നു. പിന്നെ വിളിക്കുമ്പോൾ എടുക്കാതായി. അപ്പോളാണ് ഞാൻ പോകേണ്ട കാര്യം പറഞ്ഞത്. ജയേട്ടൻ കുറച്ചുനേരം എന്നെ പറഞ്ഞ് സമാധാനിപ്പിച്ചു. 

പക്ഷെ വൈകുന്തോറും എല്ലാവരും അസ്വസ്ഥരായി. എത്തേണ്ട സമയം കൃത്യമായി പറഞ്ഞിരുന്നില്ല. എല്ലാവരും ഒന്നിച്ചായതിനാൽ അതിന്റെ ആവശ്യം ഇതുവരെ തോന്നിയിരുന്നില്ല. ഒരകലം വെച്ച് എല്ലാവരും സമയത്തിന് എത്താൻ ശ്രമിച്ചിരുന്നു. ഇതിപ്പോൾ...... ഇനി പ്ലാൻ ചെയ്ത പല സ്ഥലങ്ങൾ ഉണ്ട്. അവ കാണാൻ നിന്നാൽ വിമാനം കിട്ടില്ല. അല്ലെങ്കിൽ അതിൽ ചിലവ വിട്ടുപോകേണ്ടി വരും.

"നമുക്ക് പോകാം.. ഇവിടെ നിന്ന് ബസ് ഉണ്ട് ഭുവനേശ്വറിലേക്ക്. അവർ അത് പിടിച്ച് വന്നുകൊള്ളട്ടെ. അല്ലാതെ ഇങ്ങനെയുള്ളവരെ കാക്കുന്നതിൽ അർത്ഥമില്ല" ഞാൻ എൻ്റെ രോഷം പ്രകടിപ്പിച്ചു. ഇടക്കിടക്ക് വിളിച്ചു നോക്കുന്നുണ്ട്. ജയേട്ടൻ ധർമ്മസങ്കടത്തിലായി. "നീയൊന്ന് ക്ഷമിക്ക്. അവരിപ്പോൾ എത്തും"

ഒടുവിൽ അവരുടെ തലവെട്ടം കണ്ടപ്പോൾ വണ്ടി എടുത്തോളാൻ ജയേട്ടൻ പറഞ്ഞു. വണ്ടിയിൽ കയറിയ പ്രഭുവിനോടും മാധവനോടും ആരും കാര്യമായി ഒന്നും മിണ്ടിയില്ല. "സോറി" അവർ പറഞ്ഞു.

കുലുങ്ങിക്കുലുങ്ങി വണ്ടി നീങ്ങി. മാധവൻ എൻ്റെ എതിർദിശയിലാണ്. തോളിൽ കൈയിട്ട് അവൻ പറഞ്ഞു "സോറി ദിലീപേട്ടാ.. ദേഷ്യത്തിലാണോ?"

ഞാൻ അല്പമൊന്നയഞ്ഞു. അര മണിക്കൂറിനുള്ളിൽ എല്ലാവരും പഴയതൊക്കെ മറന്നു. വെയിലിന് ചൂട് കൂടിത്തുടങ്ങി. അടുത്ത ലക്ഷ്യസ്ഥാനം നോക്കി വണ്ടി പോകുന്നു. കൊയ്ത്തുകഴിഞ്ഞ പാടങ്ങളും, ഇഷ്ടികക്കളങ്ങളും പുറകിലേക്ക് പോയിക്കൊണ്ടിരുന്നു. ഇപ്പോൾ ഭൂപ്രകൃതി മാറിത്തുടങ്ങി. വരണ്ടതെങ്കിലും പച്ചപ്പ് ഇപ്പോഴുമുള്ള ഇടങ്ങൾ. വഴിയരികിൽ തണൽ മരങ്ങൾ. അടുത്ത ലക്ഷ്യസ്ഥാനം ഞങ്ങൾ ഗവേഷണം ചെയ്ത് കണ്ടുപിടിച്ചതാണ്. അത് സ്ഥിരം ടൂറിസ്റ്റ് റൂട്ടിൽ പെടില്ല. ഹൈവേ വിട്ടുമാറി കുറേദൂരം യാത്രചെയ്തു. ഒറ്റവരിപ്പാത. പ്രധാന കവലകളിൽ ചില കടകൾ കാണാം. എല്ലാവർക്കും ക്ഷീണമായിത്തുടങ്ങി. സുനിത ഡോക്ടർ ഒരു ജംഗ്ഷനിൽ വണ്ടി നിർത്തിച്ച്, കുറച്ച് പഴവും മുന്തിരിയുമെല്ലാം വാങ്ങിപ്പിച്ചു. ഞങ്ങൾക്കാർക്കും ആ ചിന്ത പോയില്ല. കൂട്ടത്തിൽ ഒരു അമ്മയുള്ളതിന്റെ ഗുണം. 

ഇടക്ക് ഗൂഗിൾ പറഞ്ഞ വഴി വിട്ടു വേറെ മാറിപ്പോയി. പിന്നീട് കുറച്ച് ദൂരം തിരിച്ച് ഡ്രൈവ് ചെയ്ത് വണ്ടി ഇടത്തോട്ടുള്ള ഒരു ഉൾവഴിയിലേക്ക് തിരിഞ്ഞു. വഴി ചെറുതായിക്കൊണ്ടിരുന്നു. ഞങ്ങൾക്ക് സംശയം കൂടിക്കൂടി വന്നു. ഒന്നുരണ്ടിടത്ത് വണ്ടി നിർത്തി ഉറപ്പുവരുത്തി. പിന്നെ റോഡ് ഇല്ലാതായി. മണ്ണിട്ട പാതയിലൂടെ, ഒരു കനാൽ വരമ്പത്തുകൂടി ഞങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഇത്ര ദുർഘടമാകുമോ ഇങ്ങിനെ ഒരു ഇടത്തേക്കുള്ള വഴി എന്ന് പലപ്പോഴും തോന്നി. വീണ്ടും ഒന്നുരണ്ടുപേരോട് അന്വേഷിച്ചു. 

ഒടുവിൽ കയറ്റിറക്കങ്ങൾ കഴിഞ്ഞ്, ഒഴിഞ്ഞ ഒരു പാടം കടന്ന്, ഒരു ആലിൻചുവട്ടിൽ വണ്ടി നിന്നു. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി. വലത് വശത്ത് ഒരു വലിയ കുളം. അതിന് നടുക്ക് ഒരു അമ്പലം പോലെ ഒരു നിർമ്മിതി. കുളത്തിൽ തോണി പോലെ ഒരു സാധനം ഒഴുകിനടക്കുന്നു. ഇടത്ത് വശത്ത് ആൽത്തണലിൽ ചില കടകളുടെ അവശിഷ്ടങ്ങൾ. പാടത്തിൽ എന്തോ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ. ആൽച്ചുവട്ടിലും ചെറിയ പന്തലുണ്ട്. കുറച്ചപ്പുറത്ത് ഒരു ചെറിയ അമ്പലം. വന്ന ഇടം മാറിപ്പോയിരിക്കാം എന്ന സംശയത്തിൽ വീണ്ടും ചോദിച്ചു - "ജോഗിനി മന്ദിർ?". അവരാ കൊച്ചു ക്ഷേത്രത്തിലേക്ക് വിരൽ ചൂണ്ടി 

എല്ലാവരും അല്പമൊന്ന് നിരാശരായി. ഞാനും സത്യനും മുഖത്തോട് മുഖം നോക്കി. "64 യോഗിനിമാരുടെ ക്ഷേത്രം" എന്ന് ഗൂഗിളിൽ കണ്ടാണ് അത് പ്ലാനിൽ പെടുത്തിയത്. അവിടെയും ഇവിടെയും ഒക്കെ വായിച്ച്, ഇതിന്റെ മോഡലിൽ ആണ് പഴയ പാർലമെന്റ് കെട്ടിടം എന്നൊക്കെ ഞാൻ തട്ടിവിടുകയും ചെയ്തു. അതൊക്കെ പ്രതീക്ഷിച്ച് വന്നവരുടെ അടുത്താണ് ഈ ചെറിയ അമ്പലം കാട്ടിക്കൊടുത്തത്. കാര്യം 64 യോഗിനി മന്ദിറിന്റെ രൂപത്തിൽ നിന്നാണ് പഴയ പാർലമെന്റ് മന്ദിരത്തിന്റെ രൂപമെടുത്തത്. പക്ഷെ അതിവിടുത്തെയല്ല. മധ്യപ്രദേശിലാണ് അത്.

എന്തായാലും വന്നതല്ലേ, കയറി തൊഴാം എന്ന് കരുതി ഞങ്ങൾ ആ കോമ്പൗണ്ടിലേക്ക് കടന്നു. വൃത്തിയായി സൂക്ഷിക്കുന്ന ഒരു പ്രദേശം. പുൽത്തകിടിയും മരങ്ങളും എല്ലാം ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു. ഗേറ്റ് കടന്ന് കയറിച്ചെന്നാൽ ഇടത് വശത്ത് ഒരു തുറന്ന ശിവ പ്രതിഷ്ഠ, അതിനപ്പുറം ചെറിയ ഒരു അമ്പലം. മുന്നോട്ട് നടന്നാൽ ഒരാൾ പൊക്കത്തിൽ ഏതാണ്ട് 25  അടി ചുറ്റളവിൽ ഒരു ചെറിയ അമ്പലം. ശിവലിംഗത്തിന്റെ പീഠത്തിന്റെ രൂപത്തിലാണ അതിന്റെ രൂപകല്പന. ശിവലിംഗം ഉണ്ടാകേണ്ട ഇടത്ത് ഒരു കൽമണ്ഡപം. അതിന് കാവലായി നാല് ഭൈരവമൂർത്തികൾ. കയറുന്നിടത്ത് ദ്വാരപാലകർ. വട്ടത്തിലുള്ള അമ്പലത്തിന്റെ ഉൾച്ചുവരുകളിൽ 64 യോഗിനിമാരുടെ കല്ലിൽ കൊത്തിയ പ്രതിമകൾ.


മിക്ക പ്രതിമകളും കാലാപഹാഡിന്റെ ആക്രമണത്തിൽ അംഗഭംഗം വന്നവ. ഇപ്പോൾ ഇത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. അവിടെ വെറുതെ ഇരുന്നിരുന്ന ചിലർ ഞങ്ങളെ കണ്ടു ഉത്സാഹഭരിതരായി. ഒരാൾ ഓടിവന്നു. പൂജാരിയാണ്. 64 യോഗിനിമാരുടെ നടുക്ക് മുണ്ഡശിരസ്സേന്തിയ കാളി. ആരതിയുഴിഞ്ഞു. ദക്ഷിണ നൽകി. അദ്ദേഹവും സഹോദരനുമാണ് ഇവിടുത്തെ സ്ഥിരം പൂജാരിമാർ. തൊട്ടടുത്താണ് അവരുടെ വീട്. 




ഓരോ യോഗിനി പ്രതിമകളുടെയും അടുത്ത് ചെന്ന് പേര് പറഞ്ഞ് അദ്ദേഹം ഞങ്ങൾക്ക് അവ പരിചയപ്പെടുത്തി. ചിലവ കേട്ട പേരുകൾ. അധികവും ഇത് വരെ കേൾക്കാത്തവ. മനോഹരമായ കൃഷ്ണശിലയിലാണ് വിഗ്രഹങ്ങൾ. അമ്പലച്ചുമരിൽ ഒരു ചെറിയ പീഠം പോലെ കൊത്തി അതിൽ ഇവ പ്രതിഷ്ഠിച്ചിരിക്കുന്നു. അത്ഭുതത്തോടെ ഈ 64 പേരുകൾ അദ്ദേഹം പറഞ്ഞുതന്നത് ഞങ്ങൾ കേട്ടു. ഫോട്ടോ എടുക്കരുത് എന്ന് അവർ വിലക്കി. പ്രഭു പോലീസിൽ ആണെന്ന് പറഞ്ഞപ്പോൾ പിന്നെ എല്ലാം വളരെ എളുപ്പമായി. അങ്ങിനെ ഈ അപൂർവ്വ ചിത്രങ്ങൾ ഞങ്ങൾക്ക് കിട്ടി.

താന്ത്രിക സമ്പ്രദായത്തിൽ അതിവിശിഷ്ടമാണ് ഈ 64 യോഗിനിമാർ. രാത്രിയിൽ ഈ മണ്ഡപത്തിലിരുന്ന് താന്ത്രിക സാധനകൾ ചെയ്യുക പതിവായിരുന്നത്രെ. ഇപ്പോൾ ഗവണ്മെന്റ് ഏറ്റെടുത്തതിനാൽ അതിന് നിയന്ത്രണമുണ്ട്. എന്നാലും പലരും പ്രലോഭനങ്ങളുമായി വരാറുണ്ടെന്ന് പൂജാരി പറഞ്ഞു. അവരെയാരെയും ഞങ്ങൾ കയറ്റാറില്ല എന്നദ്ദേഹം പറഞ്ഞത് എനിക്കത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. 

താന്ത്രികസാധനയിൽ ഇരിക്കുന്ന ഇടം വളരെ പ്രധാനമാണ്. ശ്രീരാമകൃഷ്ണ പരമഹംസർ പഞ്ചവടി എന്ന സ്ഥലത്താണ് ഇത് ചെയ്തിരുന്നത്. അത് പ്രകൃത്യാ തന്നെ സാധനക്ക് അനുയോജ്യമായിരുന്നത്രെ. ശ്‌മശാനഭൂമിയും, ആമത്തോടിന്റെ ആകൃതിയുമാണ് ആ ഭൂമിക്ക് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്രകാരം ഉചിതമായ സ്ഥലവും ആസനവും കിട്ടാൻ താന്ത്രികർ വളരെ പ്രയത്നിക്കാറുണ്ട്. ആ അമ്പലത്തിന്റെ ഘടന കണ്ടിട്ട് സാധനക്ക് പറ്റിയ ഇടമാണെന്ന് എനിക്കും തോന്നി. 

നടുവിലെ കൽമണ്ഡപത്തിൽ ഇരുന്നാണ് സാധന അനുഷ്ഠിക്കുക. അതിനോ അമ്പലത്തിനു തന്നെയോ മേൽക്കൂരയില്ല. രാത്രികളിൽ ഇപ്പോഴും ഇടക്കൊക്കെ അവിടെ അത് നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. കണ്ടുകഴിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. വന്നത് വെറുതെയായില്ല എന്ന തോന്നൽ എല്ലാവരിലും ഉണ്ടായി. 64 യോഗിനിമാരെയും തൊഴുത് ഞങ്ങൾ പുറത്തിറങ്ങി. കുറച്ച് ഫോട്ടോകൾ എടുത്തു. 

ഈ അമ്പലത്തിനെക്കുറിച്ച് ഇംഗ്ലീഷിൽ പുസ്തകം വല്ലതുമുണ്ടോ എന്ന് ജയേട്ടൻ ചോദിച്ചതിന്, അവിടുത്തെ ASI യുടെ പ്രതിനിധി ഒരു പുസ്തകം കൊണ്ടുവന്നു. വേറൊന്ന് പൂജാരിയുടെ വീട്ടിൽ ഉണ്ടാകും എന്ന് പറഞ്ഞ്, അതെടുക്കാൻ ആളെ വിട്ടു. അത്യാവശ്യം പഠനങ്ങൾ ഈ അമ്പലത്തിനെക്കുറിച്ച് നടന്നിട്ടുണ്ട്. വളരെ വിശദമായി 64 യോഗിനിമാരെക്കുറിച്ചും അമ്പലത്തിന്റെ ഘടനയെക്കുറിച്ചും എല്ലാം അതിൽ പ്രതിപാദിക്കുന്നുണ്ട്. രണ്ടു പുസ്തകവും വാങ്ങി ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ, അവിടെ അടുത്തുള്ളൊരു കടയിലേക്ക് ചിലർക്ക് പോകണമെന്നായി. തകരം മേഞ്ഞ മുൻഭാഗത്തോട് കൂടിയ ഒരു ഒറ്റമുറിപ്പീടിക. സൗമ്യ ഹാൻഡിക്രാഫ്റ്റ്. ഞങ്ങൾ എല്ലാവരും അകത്തേക്ക് കടന്നു. ഇത് വരെ കാണാത്ത തരം ഒരു കരകൗശലവിദ്യയാണ്‌ അവിടെ ഞങ്ങളെക്കാത്തിരുന്നിരുന്നത്.  

No comments:

Post a Comment