Thursday, May 15, 2014

പ്രിയ ഇൻഫോസിസ് വിട..........

ഒടുവിൽ,
ഏഴരക്കൊല്ലത്തോളം ഉള്ള എന്റെ ഇൻഫോസിസ് ജീവിതം അവസാനിപ്പിച്ച്, ഇന്ന് ഞാൻ പടിയിറങ്ങുന്നു. ഒരുപാട് ഓർമ്മകളും സുഖദുഃഖസമ്മിശ്രമായ അനുഭവങ്ങളും പേറി.

കോളേജ് കഴിഞ്ഞ് അപ്പോളോ ടയേർസിൽ ചേർന്നതിനു ശേഷം ആറുമാസത്തിനുള്ളിൽ ഇൻഫോസിസിലേക്കുള്ള എന്റെ ചേക്കേറ്റം ഒരു നിയോഗം എന്നവണ്ണം ആയിരുന്നു. കൂട്ടുകാരന് പരീക്ഷയെഴുതാൻ കൂട്ടുപോയ എനിക്കായിരുന്നു അന്ന് കടന്നുകൂടാൻ ഉള്ള അവസരം. പിന്നീടും, അത് വേണ്ടെന്നു വെച്ചിരുന്ന എന്നെ ഇതിലേക്ക് തള്ളിവിട്ട ഒരുപാട് ഘടകങ്ങൾ ഉണ്ട്. അതിൽ ബാഹ്യമായ നിരവധി കാരണങ്ങൾ, എല്ലാം എന്നെ ഇവിടേക്ക് വഴിനടത്തുകയായിരുന്നു എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.

ഇൻഫോസിസ് വേറെ ഒരു ലോകമായിരുന്നു. സമൃദ്ധമായ മൈസൂർ ക്യാമ്പസ്‌ ലോകോത്തര നിലവാരത്തിലുള്ള പഠന താമസ സൌകര്യങ്ങൾ ഒരുക്കിയപ്പോൾ, കേരളത്തിനപ്പുറം ഏറെയൊന്നും കണ്ടിട്ടില്ലാത്ത ഞങ്ങൾ വാ പൊളിച്ചിരുന്നു പോയി. എളുപ്പമായിരുന്നില്ല പഠനം. രാത്രി വരെ നീളുന്ന ലാബുകൾ, കോംപ്രി പരീക്ഷകൾ, സൌഹൃദങ്ങൾ, ഹൈദരാബാദ് ദിനങ്ങൾ....
ഒടുവിൽ ബാംഗ്ലൂരിൽ വന്നടിയുമ്പോൾ ഓർമ്മകളിൽ എന്നും നിലനിൽക്കുന്ന ഒരു ആറുമാസം ഇൻഫോസിസ് തന്നിരുന്നു.


പിന്നീടുള്ളതെല്ലാം എല്ലാ സോഫ്റ്റ്‌വയറന്മാരെയും പോലെ, രാപ്പകൽ അധ്വാനം, അപ്പ്രൈസൽ നിരാശകൾ, ഊണ്,ചായ സൌഹൃദങ്ങൾ....

പക്ഷെ മറ്റേതൊരു കമ്പനിക്കും തരാൻ സാധിക്കാത്ത ഒന്നെനിക്കിവിടെ കിട്ടി. ഇൻഫിബ്ലോഗുകൾ. നോട്ടുബുക്ക് പേജുകളിലും, കീറക്കടലാസുകളിലും, നോട്ടീസുകളുടെ പിറകിലും, ഒക്കെയായി ചിതറിക്കിടന്നിരുന്ന എന്റെ ഭാവനക്ക്, ചിറകു വിടർത്താൻ ഒരിടം. ഇന്റർനെറ്റിൽ ബ്ലോഗ്‌ തുടങ്ങുന്നതിനു, എത്രയോ മുൻപ്, ഇൻഫിബ്ലോഗിൽ ഞാൻ എഴുത്ത് തുടങ്ങിയിരുന്നു. അതിലൂടെ അനവധി സൌഹൃദങ്ങൾ പൂത്തുതളിർത്തു.

ഏറ്റവും തിരക്കുള്ള സമയങ്ങളിൽ എന്റെ സ്‌ട്രെസ്ബസ്റ്റർ ആയിരുന്നു ബ്ലോഗ്‌. എന്റെ രചനകൾക്കൊക്കെ ഞാൻ അതിനാൽ ഇൻസ്റ്റന്റ് എന്നൊരു തലക്കെട്ടും നൽകിയിരുന്നു . അവയൊന്നും ആലോചിച്ചുറപ്പിച്ച ഒരു വിഷയത്തിൽ നിന്ന് തുടങ്ങിയവ ആയിരുന്നില്ല എന്നതിനാൽ തന്നെ. ഒരു വാക്കോ, വരിയോ ഡെവലപ്പ് ചെയ്തെടുക്കൽ ആയിരുന്നു അവ. ഇന്നും, പുറം ലോകം കാണാത്ത അനവധി കഥ, കവിതകൾ അവിടെ ഉണ്ട്. അൽപമെങ്കിലും നന്നെന്നു തോന്നിയ എന്റെ  പല രചനകളും അങ്ങിനെ പിറന്നവയും ആണ്.

2009 ഡിസംബർ 25 നു, എല്ലാവരും അവധി ആഘോഷിക്കുമ്പോൾ, പണിയെടുക്കേണ്ടി വന്ന അവസ്ഥയിലാണ്, ഞാൻ ക്രിസ്തുസ്തുതി എന്ന കവിത എഴുതുന്നത്. തിരക്കിന്റെ മൂർദ്ധന്യത്തിൽ സഞ്ചാരമടിക്കുമ്പോളാണ് "നറുതേനിൽ വയമ്പും അമ്മ തൻ വിരലും ചേർന്ന രസാനുഭൂതിയിൽ" എന്ന വരി പിറക്കുന്നത്....

അർഹിക്കുന്നത് കിട്ടാൻ താമസം ഉണ്ടായെങ്കിലും കിട്ടാതിരുന്നില്ല. പ്രൊമോഷനും, ഓണ്‍സൈറ്റും എല്ലാം തേടി വന്നു. അതൊക്കെ ജീവിതം ഭൌതികമായി മെച്ചപ്പെടുത്തുകയും ചെയ്തു. അതിനിടയിൽ കളഞ്ഞുപോയത് എന്തൊക്കെയെന്ന് മറ്റാരേക്കാൾ നിശ്ചയവും ഉണ്ടെനിക്ക്.

ഈ ഒഴുക്കിൽ ഇനിയും കുറച്ചു ദൂരം കൂടി എനിക്ക് ഒഴുകാമായിരുന്നു. പക്ഷെ ഇപ്പോൾ എന്നെ ഇവിടെ എത്തിച്ച നിയതി തന്നെ എന്റെ ദിശ മാറ്റുകയാണ്. ഭാരതം അതിന്റെ ശോഭനമായ ഭാവി തീരുമാനിച്ച അതേ  ദിവസം തന്നെയാണ് എന്റെ ഭാവിയിലേക്കുള്ള കാൽവെപ്പ്‌ ഞാനും കൈക്കൊണ്ടത് എന്നത് കേവല യാദൃശ്ചികതയായി ഞാൻ കാണുന്നില്ല..

ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ ഞാൻ യാത്ര പറയുകയാണ്‌. ഈ സൌഹാർദ്ദങ്ങളും , വ്യക്തിബന്ധങ്ങളും ഇനിയും കാത്തുസൂക്ഷിക്കണം എന്ന തീരുമാനത്തോട് കൂടി, ഒരു നാൾ ഞാൻ തിരച്ചു വന്നേക്കാം എന്ന പ്രതീക്ഷയോടു കൂടി....

അതുവരേക്കും പ്രിയ ഇൻഫോസിസ് വിട..........

4 comments:

 1. സ്വന്തമായി IT കമ്പനി തുടങ്ങാന്‍ പോവാണോ???

  ReplyDelete
 2. അങ്ങനെ ആ കര്‍മ്മവും കഴിഞ്ഞു അല്ലേ...ശുഭാശംസകള്‍..!!

  ReplyDelete
  Replies
  1. അതെ. ശകലം വൈകിയോ എന്ന് സംശയം ഉണ്ടെങ്കിലും, അത് അങ്ങട് കഴിച്ചു... നന്ദി..

   Delete