Tuesday, March 26, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തിയേഴ് - കരാർ ആശ്രമം

"നമുക്കെന്താ ഇത് നേരത്തെ തോന്നാഞ്ഞത്?" എന്ന സതീഷേട്ടന്റെ ചോദ്യത്തിന്, "ഒക്കേത്തിനും അതിന്റേതായ സമയമുണ്ട് ദാസാ" എന്ന മറുപടിയാണ് മാധവൻ കൊടുത്തത്. അത്ര സുന്ദരമായ ഇടത്ത് നിന്ന് പോരാൻ എല്ലാവരും ഒന്നു മടിച്ചു. പക്ഷെ പോകാതെ നിവൃത്തിയില്ലാത്തതിനാൽ ഞങ്ങൾ തിരിച്ചു വണ്ടിയിലേക്ക് നടന്നു.

യാത്രകളുടെ ഗതിവിഗതികൾ അങ്ങിനെയാണ്. വളഞ്ഞുപുളഞ്ഞുള്ള ആ പോക്ക് ചിലപ്പോൾ നമ്മെ അത്ഭുതപ്പെടുത്തും, ചിലപ്പോൾ നിരാശപ്പെടുത്തും. ഏറിയപങ്കും മുന്തിയ അനുഭവങ്ങൾ മാത്രം സമ്മാനിച്ച ഈ യാത്രയിൽ അപ്രതീക്ഷിതമായി സന്ദർശിച്ച സ്ഥലങ്ങളിൽ ഈ ഒരെണ്ണം വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്ക് തോന്നുന്നു.

സുനിത ഡോക്ടറാണ് പറഞ്ഞത്, പുരിയിൽ ആണ് കരാർ ആശ്രമം എന്ന്. പറ്റിയാൽ കാണാൻ നോക്കാം എന്നും. ഇതെന്താണെന്ന് മനസ്സിലാകാതെ നിന്ന എന്നോട് ഡോക്ടർ പറഞ്ഞു - "നമ്മുടെ യുക്തേശ്വർഗിരിയുടെ ആശ്രമം". ഒരു ട്യൂബ് ലൈറ്റ് മിന്നി കെട്ടു. 

"ഏത്..? പരമഹംസ യോഗാനന്ദന്റെ ഗുരു..."  
"ആ അത് തന്നെ. യോഗിയുടെ ആത്മകഥയിൽ വായിച്ചിട്ടില്ലേ?"
"ഇല്ല.."
"ആ.. പുസ്തകം എൻ്റെ കയ്യിലുണ്ട്. ഞാൻ തരാം."
"പുസ്തകം ഇല്ലാഞ്ഞിട്ടല്ല"
"എന്നാൽ വായിക്കണം. ഇവിടെയാണ് സ്വാമി യുക്തേശ്വർഗിരി ക്രിയായോഗ പഠിപ്പിച്ചിരുന്ന ആശ്രമം. പരമഹംസ യോഗാനന്ദനും ഇവിടെ നിരവധി കാലം ഉണ്ടായിരുന്നു."
"വായിക്കാം."

കാലം കൊണ്ട് യാതൊരു ബുദ്ധിമുട്ടും കൂടാതെ പുസ്തകങ്ങൾ വായിച്ചിട്ടില്ല എന്ന് പറയാൻ ഞാൻ പഠിച്ചിരിക്കുന്നു. യോഗിയുടെ ആത്മകഥ പലതവണ ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ ഏതാനും അദ്ധ്യായങ്ങൾക്കുള്ളിൽ ആ വായന അവസാനിക്കും. പിന്നെ എപ്പോളെങ്കിലും വീണ്ടും ആദ്യം മുതൽ തുടങ്ങും. ഞാൻ വായിച്ചു മുഴുമിക്കാത്ത പുസ്തകങ്ങളുടെ നിര വളരെ ബൃഹത്താണ്.

ആദ്യമൊക്കെ, "ഞാൻ വായിച്ചിട്ടുണ്ട്, പക്ഷെ..." എന്നിങ്ങിനെ ഉള്ള ഉത്തരങ്ങൾ ആയിരുന്നെങ്കിൽ, ഇപ്പോൾ ആദ്യമേ വായിച്ചിട്ടില്ല എന്ന് പറയാൻ പഠിച്ചു. പക്ഷെ ഈ പുസ്തകത്തെക്കുറിച്ചും അതിന്റെ ഉള്ളടക്കവും ക്രിയായോഗയുടെ ഗുരുപാരമ്പര്യത്തെക്കുറിച്ചും എല്ലാം ഏതാണ്ടൊരു ധാരണ എനിക്കുണ്ടായിരുന്നു. മഹാവതാർ ബാബാജിയിൽ തുടങ്ങി, ലാഹിരി മഹാശയനിലൂടെ, യുക്തേശ്വർ ഗിരിയും, തുടർന്ന് നിരവധി ശിഷ്യഗണങ്ങളുമായി പടർന്നു പന്തലിച്ചു കിടക്കുന്നു, ക്രിയായോഗികളുടെ ശൃംഖല. ലാഹിരി മഹാശയന്റെ ഇടുങ്ങിയ കണ്ണുകൾ ഓർമ്മയിൽ തങ്ങി നിന്നിരുന്നു. ആദ്യന്തരഹിതമായ ഭാരതീയദർശന പരീക്ഷണങ്ങളുടെ ശാഖോപശാഖകളിൽ എത്ര ചുരുക്കുമേ നമ്മുടെ ദൃഷ്ടിയിൽ പതിയുന്നുള്ളൂ?

യോഗിയുടെ ആത്മകഥയിൽ പ്രതിപാദിച്ചിരിക്കുന്ന പുരിയിലെ കരാർ ആശ്രമത്തിലാണ് ഞങ്ങൾ ഇപ്പോൾ. നീല മരവാതിൽ തള്ളി അകത്ത് കടന്നാൽ പഴയതെങ്കിലും ആഢ്യത്വമാർന്ന, അതിലേറെ ഭംഗിയാർന്ന, അതിലേറെ മഹായോഗികളുടെ തപസ്സ് ഘനീഭവിച്ചു നിൽക്കുന്ന ഒരു ഇടത്തേക്കാണ് നാം എത്തിച്ചേരുക. 

ഓഫിസ് എന്ന് വിളിക്കാവുന്ന ചെറിയ മുറിയിൽ നിന്ന് ഒരു മനുഷ്യൻ ഇറങ്ങിവന്നു. ആശ്രമം കാണാൻ വന്ന ഞങ്ങളെ തികഞ്ഞ ആതിഥ്യമര്യാദകളോടെ സ്വീകരിച്ചു. ചെയ്തിരുന്ന ഏതോ ജോലി ഒന്നൊതുക്കിയിട്ട്, അദ്ദേഹം ഞങ്ങളോടൊപ്പം വന്നു. 

വൃക്ഷനിബിഡമായ ഒരു സ്ഥലം. പുരിയിൽ അങ്ങിനൊന്ന് വേറെ ഉണ്ടാകാൻ ഇടയില്ല. പൂക്കളും കിളികളും മരങ്ങളും എല്ലാം പ്രശോഭിച്ചു നിൽക്കുന്നു. ഞങ്ങൾ നിശ്ശബ്ദരായി അദ്ദേഹത്തിനോടൊപ്പം നടന്നു. സ്വാമി യുക്തേശ്വർഗിരിയുടെ സമാധിമന്ദിരത്തിലേക്കാണ് ആദ്യം ചെന്നത്. ചെറിയ ഒരു മുറി അമ്പലമാക്കിയിരിക്കുന്നു. വൃത്തിയുള്ള ഒരു കെട്ടിടം. പിങ്ക് നിറമുള്ള കെട്ടിടത്തിൽ പച്ചയും ചുവപ്പും നിറമുള്ള പടികൾ. പടി കയറിച്ചെന്നാൽ ഒരു ചെറിയ മുറി. അതാണ് സമാധിപീഠം. ചുവന്ന മരത്തിന്റെ അഴിവാതിൽ. അതിനകത്ത് സ്വാമിജിയുടെ ചിത്രവും സമാധിയും. അകത്തേക്ക് പ്രവേശനമില്ല. ചുവന്ന വാതിൽ തുറന്ന്, അകത്തെ നിലത്ത് തലമുട്ടിച്ചു ഞങ്ങൾ നമസ്കരിച്ചു. നിരവധി പ്രതിഭകളെ വാർത്തെടുത്ത, ഒരു ആസ്തികപാരമ്പര്യത്തിന്റെ വിളക്ക് കെടാതെ കാത്ത മഹായോഗിയായ ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ ഞങ്ങൾ അൽപനേരം നമ്രശിരസ്കരായി നിന്നു.

യുക്തേശ്വർഗിരിയുടെ പൂർവ്വാശ്രമനാമം പ്രിയാനാഥ് കരാർ എന്നായിരുന്നു. ഇവിടെ വന്ന് ധ്യാനിച്ച അദ്ദേഹത്തിന് ഈ സ്ഥലത്തിന്റെ ആത്മീയ ഊർജ്ജം തിരിച്ചറിയാനാവുകയും ഇവിടെ ഒരു കുടിൽ കെട്ടി ആശ്രമം ആരംഭിക്കുകയും ചെയ്തു. അതിനാൽ ഇതിന് കരാർ ആശ്രമം എന്ന പേര് സിദ്ധിച്ചു. 

അവിടെ നിന്നിറങ്ങി ആശ്രമത്തിലെ ധ്യാനമുറിയിലേക്കാണ് ചെന്നത്. പഴയ ഒരു ഹാൾ. ചുമരുകളിൽ സന്യാസിശ്രേഷ്ഠന്മാരുടെ ചിത്രങ്ങൾ. സ്റ്റേജിൽ ക്രിയായോഗയുടെ പരമ്പരയിൽപ്പെട്ടവർ. നടുക്ക് സ്വാമി യുക്തേശ്വർ ഗിരിയുടെ ചിത്രം. അവിടെയും പ്രണമിച്ച് അല്പനിമിഷം നിശ്ശബ്ദരായി ഞങ്ങളിരുന്നു. പുറത്തിറങ്ങി വാതിലടച്ച്, ആശ്രമം നടന്നുകാണാൻ അനുവദിച്ച് അദ്ദേഹം തൽക്കാലത്തേക്ക് വിടവാങ്ങി.

അപ്പോളാണ്, വാതിലിനടുത്തിരിക്കുന്ന ഒരു തോക്ക് മാധവന്റെ ശ്രദ്ധയിൽപ്പെട്ടത്. അതെടുത്ത് കൗതുകത്തോടെ നോക്കുന്ന മാധവനോട് അദ്ദേഹം പറഞ്ഞു "കുരങ്ങന്മാരുടെ ശല്യം കുറക്കാൻ വേണ്ടി സൂക്ഷിച്ചിരിക്കുന്നതാണ്. ശബ്ദം മാത്രമേ ഉണ്ടാക്കൂ". മാധവൻ എന്നാലും ഗമയോടെ അതുമായി ഫോട്ടോക്ക് പോസ് ചെയ്തു. 

തുടർന്ന് ആശ്രമം ചുറ്റിക്കണ്ട്, പോകാനായി ഒരുങ്ങിയ ഞങ്ങളെ അദ്ദേഹം വീണ്ടും മറ്റൊരു വശത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു മുറി തുറന്ന് പറഞ്ഞു. "ഇതാണ് യുക്തേശ്വർ മഹാരാജിന്റെ ധ്യാനമുറി." തീരെ ചെറിയ ഒരു മുറി. അതിൽ നിരവധി ചിത്രങ്ങൾ കാണാം. അകത്തു കടന്നു ഞങ്ങൾ നമസ്കരിച്ചു. സ്വാമിജിയുടെയും കാളിയുടെയും, പിൽക്കാലത്തെ മഠാധിപതിയുടെയും ചിത്രങ്ങൾ ചുവന്ന പട്ടിൽ അലങ്കരിച്ചു വെച്ചിരിക്കുന്നു. മുന്നിൽ പട്ടുവിരിച്ച ഒരു പീഠം, ധൂപസാമഗ്രികൾ. സരളമായി, വൃത്തിയോടെ സൂക്ഷിക്കുന്ന ഒരു പഴയമുറി. വർഷങ്ങളുടെ സാധനാസുഗന്ധം പേറുന്ന ഒരു മുറി. അതും പൂർത്തിയാക്കി ഞങ്ങൾ നന്ദി പറഞ്ഞു. "ഇപ്പോൾ സ്വാമിജി ഇവിടെയില്ല. അല്ലെങ്കിൽ കാണാമായിരുന്നു" അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. 

ഒരല്പനേരം കൂടി ആ ശാന്തമായ അന്തരീക്ഷത്തിൽ ഇരുന്ന് മനസ്സില്ലാമനസ്സോടെ ഞങ്ങൾ പുറത്തേക്ക് നടന്നു. ബോഗൺവില്ലകളോടും നീലച്ച മരവാതിലിനോടും യാത്രപറഞ്ഞ് അടുത്ത ലക്ഷ്യത്തിലേക്ക് വണ്ടികയറാനായി പൂഴിമണൽ വിരിച്ചിട്ട ആ വഴികളിലൂടെ ഞങ്ങൾ നടന്നു. 

No comments:

Post a Comment