Saturday, November 24, 2012

ആനന്ദം...വിവേകാനന്ദം

ജീവിതം മുന്നോട്ടു നയിക്കുന്ന വഴികളില്‍ നമ്മെ അത്ഭുതസ്തബ്ധരാക്കുന്ന ഒരുപാട് ചെറിയ സമ്മാനപ്പൊതികള്‍ കരുതി വെച്ചിരിക്കും. ചെറുതാകാം പക്ഷെ ഒരു ജീവിതത്തിന്റെ മുഴുവന്‍ സാഫല്യവും പകര്‍ന്നു തരാന്‍ അവയ്ക്ക് ചിലപ്പോള്‍ സാധിച്ചെന്നു വരും. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പടര്‍ന്നേറുന്ന വള്ളികള്‍ കണക്ക് ഒരു നിമിഷത്തില്‍ നിന്നും ആയുഷ്കാലത്തിലെ ഓരോ ശ്വാസത്തിലും നിറവായി ആ ചൈതന്യം പ്രസരിക്കും. ഓര്‍മ്മകളില്‍ മായാത്ത മൈലാഞ്ചി ചുവപ്പ് പോലെ, ആ നിറങ്ങള്‍ നമ്മില്‍ നിലനില്‍ക്കും.

അമേരിക്കയിലേക്കുള്ള യാത്രക്ക് മുന്നൊരുക്കങ്ങള്‍ നടത്തുമ്പോള്‍ മറക്കാതെ എടുത്തുവെച്ച പുസ്തകങ്ങള്‍ ഇവയായിരുന്നു - ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ ശ്രീരാമകൃഷ്ണകര്‍ണാമൃതം, ഭഗവദ്ഗീത, സൌന്ദര്യലഹരി,സഹസ്രനാമം, വിവേകാനന്ദസാഹിത്യസംഗ്രഹം, കൂടാതെ സ്വാമി വിവേകാനന്ദന്റെ മൈ ഇന്ത്യ - ദി ഇന്ത്യ എറ്റേര്‍ണല്‍. വായിക്കും എന്ന് തീരെ പ്രതീക്ഷയില്ലെങ്കിലും എന്തോ ഒരു ധൈര്യം എനിക്കിവ പകര്‍ന്നു തരും എന്ന ഉത്തമവിശ്വാസം എനിക്കുണ്ടായിരുന്നു. ചിക്കാഗോയില്‍ വിമാനമിറങ്ങിയപ്പോള്‍ ആദ്യം ഓര്‍ത്തതും പണ്ടൊരിക്കല്‍ ഇവിടെ വന്നു ദിഗ്ജയം നടത്തിയ ഒരു യതിവര്യന്റെ പേരായിരുന്നു. അന്ന് ഇവിടെ ഉണ്ടായിരുന്ന ഒരു ദിവസം ക്ഷീണവും മറ്റു അസൌകര്യങ്ങളും മൂലം വേറൊരിടത്തേക്കും പോകുവാന്‍ സാധിച്ചില്ല. അങ്ങിനെ എന്റെ ഭാണ്ഡവും പേറി ഞാന്‍ ജോലിസ്ഥലത്തേക്ക് യാത്രയായി.

നവംബറിലെ നാലാമത്തെ വ്യാഴാഴ്ച അമേരിക്കക്കാര്‍ക്ക് താങ്ക്സ് ഗിവിംഗ് ഡേ ആണ്. പുതുവിളക്ക് നന്ദി പറയുന്ന ദിവസമായിട്ടാണ് ഇത് ഉടലെടുത്തതത്രേ. പുതിയ ഭൂഖണ്ഡങ്ങള്‍ വെട്ടിപ്പിടിച്ചു കീഴടക്കാന്‍ ഇറങ്ങിയ ഇവരുടെ പൂര്‍വികരെ തദ്ദേശവാസികളായ റെഡ് ഇന്ത്യന്‍സ് ആതിഥ്യമര്യാദയോട് കൂടി സ്വീകരിച്ചതിന്റെ നന്ദി പറച്ചില്‍ ആണെന്നും, ഇത്ര വലിയ ദൂരം അപകടം കൂടാതെ എത്തിയതിനുള്ള കൃതജ്ഞത പ്രകാശിപ്പിക്കല്‍ ആണെന്നും ഒക്കെ വാദങ്ങള്‍ ഉണ്ട്. അതെന്തു തന്നെ ആയിരുന്നാലും, അമേരിക്കയിലെ ഒരു വലിയ ആഘോഷമാണിത്. കുടുംബാംഗങ്ങള്‍ ഒത്തുകൂടിയിരുന്നു ആഘോഷിക്കുന്ന ഈ ദിവസം ടര്‍ക്കികോഴിയെ പ്രത്യേക രീതിയില്‍ പാകം ചെയ്തു ഭക്ഷിക്കുന്നു.

താങ്ക്സ് ഗിവിങ്ങിനു നാല് ദിവസം ഒഴിവു കിട്ടുകയും, ചിക്കാഗോയിലേക്ക് വരാന്‍ സ്നേഹപൂര്‍വമുള്ള ക്ഷണം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍, ബുധനാഴ്ച രാത്രി ചിക്കാഗോയിലേക്ക് ഞാന്‍ പുറപ്പെട്ടു. പുറപ്പെടുന്നതിനു മുന്‍പ് തന്നെ വ്യക്തമായ ഒരുദ്ദേശ്യം എനിക്കുണ്ടായിരുന്നു. 1893 സെപ്റ്റംബര്‍ 11 നു, ഈ മഹാനഗരത്തിലൂടെ അമേരിക്കയുടെ ഹൃദയത്തിലേക്ക് വേദാന്തത്തിന്റെ മഹാവൈഖരി ഒഴുക്കിവിട്ട ഭാരതനരസിംഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരല്പ നേരം ധ്യാനലീനനാകണമെന്നു. കേള്‍വിക്കൊണ്ട ആ മതമഹാസമ്മേളനത്തില്‍, ഭാരതത്തിന്‍റെ, ഹൈന്ദവധര്‍മ്മത്തിന്‍റെ, ആത്മാവില്‍ അനവരതം പ്രവഹിക്കുന്ന ഓംകാരധ്വനി ലോകത്തിനു കേള്‍പ്പിച്ചു കൊടുത്ത രാമകൃഷ്ണപാദപാര്‍ഷദന്റെ ഘനഗംഭീര ശബ്ദം മുഴങ്ങിയ ആ ഹാള്‍ - ദി ആര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ-യുടെ ഫെറിംഗ്ടണ്‍ ഹാള്‍ - സന്ദര്‍ശിക്കണമെന്ന്.

വ്യാഴാഴ്ച ഇവിടെയെത്തിയതിന് ശേഷം രണ്ടു ദിവസം കടന്നു പോയി. ഷോപ്പിംഗ്‌ മാളുകള്‍ കണ്ടും, അത്യാവശ്യം സാധനങ്ങള്‍ വാങ്ങിയും രണ്ടു ദിവസം ചിലവിട്ടു. പുറപ്പെടുന്നതിനു മുന്‍പേ തന്നെ ഇവിടുത്തെ എന്റെ ആതിഥേയന് ചില ജോലിത്തിരക്കുകള്‍ ഉണ്ടായേക്കാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനിടയിലും അടുത്തുള്ള സ്ഥലങ്ങളില്‍ പലതിലും അദ്ദേഹം എന്നെ കൊണ്ട് പോവുകയും ചെയ്തിരുന്നു. ഇവിടെ തന്നെയുള്ള എന്റെ ഒരു സുഹൃത്തിനോടും വരവിന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ചില അസൌകര്യങ്ങള്‍ അദ്ദേഹത്തിനും ഉണ്ടായി. പക്ഷെ, ഇതിലധികം വൈകിയാല്‍ ഒരു പക്ഷെ  എനിക്കെന്‍റെ ഈ വരവിന്റെ ഉദ്ദേശ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലോ എന്ന് കരുതി, ഇന്ന് രാവിലെ, ഗുരുവായൂര്‍ ഏകാദശി നാളില്‍ തന്നെ, ഞാന്‍ ഒറ്റയ്ക്ക് ചിക്കാഗോയിലേക്ക് പുറപ്പെട്ടു. ഞാന്‍ താമസിക്കുന്ന എന്‍റെ ബന്ധുഗൃഹത്തില്‍ നിന്നും കുറച്ചധികം അകലെയാണ് ഈ സ്ഥലം എന്നതിനാലും ഇന്ന് ജോലിസംബന്ധമായ ചില തിരക്കില്‍ അദ്ദേഹം പെട്ടുപോയതിനാലും, വ്യക്തമായ നിര്‍ദ്ദേശങ്ങളും, യാത്രാപാസ്സും തന്നു അദ്ദേഹം എന്നെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നാക്കി.


ട്രെയിന്‍ അവസാനിക്കുന്ന ഒഗില്‍വീ ട്രാന്‍സ്പോര്‍ട്ടെഷന്‍ സെന്ററില്‍ നിന്നും ഞാന്‍ മാഡിസണ്‍ സ്ട്രീറ്റിലേക്ക് ഇറങ്ങി. കോച്ചുന്ന തണുപ്പില്‍, കോട്ടിന്റെ പോക്കറ്റിലേക്കു കൈ തിരുകി ആ വഴിയിലൂടെ നടക്കവേ, ഏതാണ്ട് നൂറ്റി ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ വഴിയിലൂടെ അകിഞ്ചനനായി, ഒരു കൈയുറ പോലുമില്ലാതെ, ആത്മാവിന്റെ ചൂടുപറ്റി നടന്ന എന്റെ ഒരു പൂര്‍വപിതാമഹനെ ഞാന്‍ സ്മരിച്ചു. അന്ന് ഒരു പക്ഷെ ഇതേ വഴിയിലൂടെ അദ്ദേഹം അലഞ്ഞിരിക്കണം . വഴിവക്കിലെ ഈ മരച്ചില്ലകള്‍ക്ക് ആ പച്ചമനുഷ്യന്റെ കൈതലോടല്‍ ഏല്‍ക്കാന്‍ ഒരുപക്ഷെ ഭാഗ്യം ലഭിച്ചിട്ടുണ്ടായിരിക്കണം. ആ ആണ്സിംഹത്തിനെ തൊട്ട കാറ്റ് ഇന്നും രോമാഞ്ചം വിട്ടുമാറാതെ സ്തബ്ധനായി നില്‍ക്കുന്നുണ്ടായിരിക്കണം.


അമേരിക്ക പക്ഷെ മാറിയിട്ടില്ല. തീരെ മാറിയിട്ടില്ല. കമ്മ്യൂണിസം തോല്‍വി സമ്മതിച്ചെങ്കിലും, ഇന്നും മുതലാളിത്തം തോല്‍വി സമ്മതിച്ചിട്ടില്ല. വമ്പന്‍ കെട്ടിടങ്ങള്‍ തങ്ങളുടെ മേല്‍ക്കോയ്മ പ്രഖ്യാപിച്ചു കൊണ്ട് വഴിയരികില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. ലോകത്തിന്റെ മൂലധനശക്തികള്‍, തങ്ങള്‍ പണിതുയര്‍ത്തിയ സാമ്രാജ്യങ്ങളുടെ കോട്ടവാതിലുകള്‍ തുറന്നിട്ട്‌ പുകവലിക്കുന്നു. മനുഷ്യാധ്വാനത്തിന്റെയും സാങ്കേതിക മുന്നേറ്റത്തിന്റെയും നിദര്‍ശനങ്ങളായി വഴിയിലുടനീളം അമേരിക്കന്‍ പതാക പാറുന്ന കെട്ടിടങ്ങള്‍ നിരന്നു നിന്നു. പൌരസ്ത്യ രാജ്യങ്ങളെ അവജ്ഞയോടു കൂടി കണ്ടിരുന്ന വര്‍ണ്ണവെറി  പൂണ്ട അമേരിക്ക ഇന്ന് മാറിയിട്ടുണ്ടാകാം. പക്ഷെ അന്ന് സ്വാമിജി വാരിവിതറിപ്പോയ ഉപനിഷദ് വജ്രങ്ങള്‍, ഡോളര്‍ കൂമ്പാരങ്ങള്‍ക്കടിയില്‍ തന്നെയാണിപ്പോഴും. കമ്മ്യൂണിസത്തിന്‍റെയും മുതലാളിത്തത്തിന്റെയും പരാജയഘോഷം മുഴങ്ങുമ്പോള്‍ ഒരുപക്ഷെ ലോകം ഓംകാരവാണിക്ക് കാതോര്‍ക്കുമായിരിക്കും. അന്നീ അത്യുന്നതരായ കമ്പോളനിയാമകര്‍ നിസ്വനായ ഈ ഭാരതര്‍ഷിക്ക് മുന്നില്‍ നതമസ്തകരായി നില്‍ക്കും....


ചിക്കാഗോ നദിക്കു കുറുകെയുള്ള ഇരുമ്പുപാലം കടന്നു പിന്നെയും മുന്നോട്ടു നടന്നാല്‍, ഈസ്റ്റ്‌ മാഡിസണ്‍  സ്ട്രീറ്റ് അവസാനിക്കുന്നിടത്തു മനോഹരമായ മില്ലേനിയം പാര്‍ക്ക് കാണാം. മിച്ചിഗന്‍ അവന്യൂ റോഡിലാണത്. അതിനു തൊട്ടടുത്തായി ദി ആര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയുടെ മതില്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഇടത്ത് ഭാഗത്തേക്കുള്ള റോഡിലൂടെ നടന്ന്, സ്ഥാപനത്തിന്റെ പുറത്തേക്ക് നീളുന്ന ക്യൂവിന്‍റെ അറ്റത്ത്‌ ഞാന്‍ കയറി. 



കോച്ചുന്ന തണുപ്പിനെ വകവെക്കാതെ ധാരാളം ആളുകള്‍ അവിടെ എത്തിയിരുന്നു. പതുക്കെ, സാവധാനം ക്യൂവിനൊപ്പം ഞാനും അകത്തേക്ക് കടന്നു. 18 ഡോളര്‍ പ്രവേശനഫീസ് ഉണ്ടെന്നു അവിടെ  വെച്ചിരുന്നു. ഈ ഒരാവശ്യത്തിന് 18 അല്ല 180 ഡോളര്‍ ചോദിച്ചാലും ഞാന്‍ കൊടുക്കുമായിരുന്നു. കൌണ്ടറില്‍ ഇരിക്കുന്ന സ്ത്രീയുടെ അടുത്തെത്തി ഞാന്‍ ഒരു ടിക്കറ്റ്‌ എന്ന് പറഞ്ഞുകൊണ്ട് എന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നീട്ടി. എവിടെ നിന്നാണ് വരുന്നതെന്നും എന്താണ് കാണേണ്ടതെന്നും അവര്‍ ആരാഞ്ഞപ്പോള്‍, ഇന്ത്യയില്‍ നിന്നാണെന്നും വിവേകാനന്ദന്‍ പ്രസംഗിച്ച ഹാള്‍ കാണുക എന്നതാണ് ലക്ഷ്യമെന്നും ഞാന്‍ അറിയിച്ചു. അത് കാണുവാന്‍ ആണെങ്കില്‍ ടിക്കറ്റ്‌ എടുക്കേണ്ടതില്ലെന്നും, ആര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വേറൊരു എന്‍ട്രന്‍സ് വഴി കയറിയാല്‍ വളരെ അടുത്തു തന്നെ ആണെന്നും അവര്‍ അറിയിച്ചപ്പോള്‍ എനിക്കെങ്ങനെ നന്ദി പറയണമെന്ന് അറിയില്ലായിരുന്നു. അത് കണ്ടതിനു ശേഷം സമയമുണ്ടെങ്കില്‍ വരാമെന്നും കാണാമെന്നും പറഞ്ഞ്, ഉദാരമതിയായ ആ സ്ത്രീയോട് യാത്ര പറഞ്ഞ് ഞാന്‍ മിച്ചിഗന്‍ അവന്യൂ റോഡിലേക്ക് തുറക്കുന്ന ആര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിലേക്ക് നടന്നു. രണ്ടു കൂറ്റന്‍ സിംഹപ്രതിമകള്‍ കാക്കുന്ന ആ കാവാടത്തിലും വലിയ ക്യൂ ഉണ്ടായിരുന്നു. ക്യൂവില്‍ നില്‍ക്കാതെ അകത്തേക്ക് കയറി ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ ചെന്ന് അന്വേഷിച്ചു. അവര്‍ കാട്ടിയ ദിശയില്‍ സെക്യൂരിറ്റി ഗാര്‍ഡിനോട് ആവശ്യം പറഞ്ഞു. ആരോ വിളിച്ചു ചട്ടം കെട്ടിയ പോലെ, ഉടനെ അവര്‍ മറ്റൊരു സെക്യൂരിറ്റിയെ വിളിച്ചു.






പുതുതായി വന്ന സെക്യൂരിറ്റി ഗാര്‍ഡിനോട്ഫെറിംഗ്ടണ്‍ ഹാള്‍ സന്ദര്‍ശിക്കാന്‍ വന്ന ആളാണെന്നും ദയവായി അത് തുറന്നു കൊടുക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. സെക്യൂരിറ്റി വളരെ ഹാര്‍ദ്ദമായി എന്നെ സ്വീകരിച്ച് അകത്തേക്ക് നയിച്ചു. കയറിയതിനു തൊട്ടടുത്തായി ഇടതു വശത്തെ ഒരു മുറി അയാള്‍ തുറന്നു തന്നു. "ഇതാണ് ഫെറിംഗ്ടണ്‍ ഹാള്‍" ചിരിച്ചു കൊണ്ടയാള്‍ പറഞ്ഞു.വിറയ്ക്കുന്ന മനസ്സില്‍ ഒരായിരം വികാരങ്ങള്‍ അലയടിക്കുകയായിരുന്നു. ഭക്തിയോടെ ഞാന്‍ ആ ഹാളിനുള്ളിലേക്ക് കയറി.

 "Sisters and Brothers of America........" മിനിട്ടുകള്‍ നീണ്ടു നിന്ന കൈയടി........... എഴുന്നേറ്റു നിന്ന് വെള്ളക്കാര്‍ തലകുനിച്ച ആ കാഷായവസ്ത്രധാരി അതാ ആ സ്റ്റേജിനു നടുക്ക് പൌരുഷാകരമായി നില്‍ക്കുന്നു. കാവി കൊണ്ടുള്ള തലപ്പാവില്‍, ഒരു രാജാവിനെപ്പോലെ അദ്ദേഹം 7000 ത്തോളം വരുന്ന ആ സഭാവാസികളുടെ മുന്നില്‍ വിളങ്ങുന്നു. ശരീരത്തില്‍ കരുത്ത്, കണ്ണുകളില്‍ തീക്ഷ്ണമായ ഭാവം, ഉള്ളില്‍ ഉത്കടപ്രേമം, മൂര്‍ദ്ധാവില്‍ കലിയുഗാവതാരമായ ശ്രീരാമകൃഷ്ണ പരമഹംസന്റെ കൈവിരല്‍പ്പാടുകള്‍.........




ഉറച്ച ശബ്ദത്തില്‍ ആര്‍ദ്രതയോടെ അദ്ദേഹം തുടര്‍ന്നു 
"It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us. l thank you in the name of the most ancient order of monks in the world; I thank you in the name of the mother of religions; and I thank you in the name of the millions and millions of Hindu people of all classes and sects. My thanks, also, to some of the speakers on this platform who, referring to the delegates from the Orient, have told you that these men from far-off nations may well claim the honor of bearing to different lands the idea of toleration.I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true. I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth. I am proud to tell you that we have gathered in our bosom the purest remnant of the Israelites, who came to the southern India and took refuge with us in the very year in which their holy temple was shattered to pieces by Roman tyranny. I am proud to belong to the religion which has sheltered and is still fostering the remnant of the grand Zoroastrian nation. I will quote to you, brethren, a few lines from a hymn which I remember to have repeated from my earliest boyhood, which is every day repeated by millions of human beings:
As the different streams having there sources in different places all mingle their water in the sea, so, O Lord, the different paths which men take through different tendencies, various though they appear, crooked or straight, all lead to thee.
The present convention, which is one of the most august assemblies ever held, is in itself a vindication, a declaration to the world, of the wonderful doctrine preached in the Gita:
Whosoever comes to Me, through whatsoever form, I reach him; all men are struggling through paths which in the end lead to me.
Sectarianism, bigotry, and its horrible descendant, fanaticism, have long possessed this beautiful earth. They have filled the earth with violence, drenched it often and often with human blood, destroyed civilization, and sent whole nations to despair. Had it not been for these horrible demons, human society would be far more advanced than it is now. But their time is come; and I fervently hope that the bell that tolled this morning in honor of this convention may be the death-knell of all fanaticism, of all persecutions with the sword or with the pen, and of all uncharitable feelings between persons wending their way to the same goal."
വീണ്ടും നിര്‍ത്താത്ത കൈയടി...........................സുസ്മേരവദനനായി ആ ധീരയുവാവതാ തന്‍റെ ഇരിപ്പിടത്തിലേക്ക് മടങ്ങുന്നു. സ്വയമേവമൃഗേന്ദ്രഭാവത്തോടെ, അജയ്യമായ ആത്മവിശ്വാസത്തോടെ, അഹംഭാവം പുരളാത്ത ആത്മബോധത്തോടെ , അനാദിയായ ഹൈന്ദവധര്‍മ്മത്തിന്‍റെ ഭഗവധ്വജം ഉയര്‍ത്തി......
ഒരു നിമിഷം കൊണ്ട് ഇതൊക്കെയും എന്‍റെ കണ്മുന്നിലെന്ന പോലെ മിന്നിമാഞ്ഞു. ഭാരതചരിത്രത്തിന്റെ അവിസ്മരണീയമായ ഒരേട്‌.... നിറഞ്ഞ കണ്ണടച്ചു ഞാന്‍ തലകുനിച്ചു നിന്നു. അല്‍പനേരം ചിലവിടാനും ഫോട്ടോ എടുക്കാനും ഒരിക്കല്‍ കൂടി അനുവാദം ചോദിച്ച്, ഞാന്‍ ഹാളിലെ വരികള്‍ക്കിടയിലൂടെ മുന്നോട്ട് നടന്നു. ശ്വാസമടക്കി പിടിച്ചിരിക്കുന്ന കാണികളെന്ന പോലെ കസേരകള്‍... ഇനി എന്തു കേള്‍ക്കാനിരിക്കുന്നു എന്ന ഭാവത്തില്‍ ശൂന്യമായ സ്റ്റേജ്. അര്‍ദ്ധവൃത്താകാരത്തിലുള്ള ഹാള്‍. സ്റ്റേജും അങ്ങിനെ തന്നെ. വൈദ്യുതവിളക്കുകള്‍ ഒളി തൂകുന്നു. മുകളില്‍ വര്‍ണ്ണച്ചില്ലുകളാല്‍ അലങ്കരിച്ച വൃത്താകൃതിയിലുള്ള ഒരു കലാസൃഷ്ടി. മരം കൊണ്ടുണ്ടാക്കിയ സ്റ്റേജ് വിജനം. കൈ കൊണ്ട് തൊട്ടു വണങ്ങി ഞാന്‍ ആ സ്റ്റേജില്‍ കാലുകുത്തി. പതുക്കെ കയറി.... സ്വാമിജി പ്രസംഗിക്കുമ്പോള്‍ നിന്നതെന്ന് ഉള്ളില്‍ കരുതി സ്റ്റേജില്‍ ഒരിടത്ത് നമസ്കരിച്ചു. അപാരമായ ഒരു ഊര്‍ജ്ജപ്രവാഹം ഉള്ളിലൂടെ ഒഴുക്കുന്നതുപോലെ. പുളകം കൊണ്ട ശരീരവും നിറഞ്ഞൊഴുകിയ കണ്ണുകളുമായി ഹാളിലെ ഒരു കസേരയില്‍ ധ്യാനമനസ്കനായി ഞാന്‍ ഇരുന്നു. വീണ്ടും ആ നാദത്തിന്റെ വിദ്യുത്സ്ഫുലിംഗങ്ങള്‍ എന്റെ സിരകളിലൂടെ ഒഴുകി......







കണ്ണ് തുടച്ച് എഴുന്നേറ്റപ്പോള്‍ അത്ഭുതത്തോടെ സെക്യൂരിറ്റി എന്‍റെ ചെയ്തികള്‍ നോക്കി നില്‍ക്കുന്നു. നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് ഞാന്‍ കുറച്ച് ഫോട്ടോ എടുത്തു. പതുക്കെ പുറത്തേക്കിറങ്ങിയപ്പോള്‍, ഹാളിന്‍റെ എതിര്‍വശത്തെ ചുമരില്‍ സ്വാമിജിയുടെ ഫോട്ടോയും അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന ഒരു ചെറുകുറിപ്പും. വീണ്ടും നിറയാന്‍ തുടങ്ങിയ കണ്ണുകളെ തടുത്തുനിര്‍ത്തി ഞാന്‍ കുറച്ചു ഫോട്ടോകള്‍ കൂടി എടുത്തു. അത്രനേരം എന്നോടൊപ്പം ക്ഷമയോടെ നിന്ന സെക്യൂരിറ്റിയുടെ കൈ പിടിച്ചു നന്ദിപറഞ്ഞ്, വിവേകാനന്ദസ്മരണയോടെ  പുറത്തേക്കിറങ്ങി......







തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ കുഞ്ഞിരാമന്‍നായരുടെ 'വിവേകാനന്ദപ്പാറയില്‍' എന്ന കവിതയിലെ ശകലങ്ങളായിരുന്നു. "നിര്‍ജ്ജരാമരണമായ്‌ജ്ജ്വലിക്കും വാഗ് വൈഖരീ ഗര്‍ജ്ജനം മുഴക്കിയ ഭാരതനരസിംഹം..........." 
ഒരു ജന്മസാഫല്യത്തിന്റെ നിര്‍വൃതിയേന്തി  തണുപ്പറിയാതെ,വിശപ്പറിയാതെ, ചുറ്റുപാടുകളറിയാതെ ഞാന്‍ തിരികെ നടന്നു...........

10 comments:

  1. ഉഗ്രന്‍ അനിയാ ഉഗ്രന്‍

    പറയാതെ പോയത്തിലുള്ള പരിഭവം അറിയിച്ചുകൊണ്ട് ആശംസകള്‍

    ReplyDelete
  2. ഹൃദ്യമായ വിവരണം,..
    പങ്കുവച്ചതിനു നന്ദി

    ReplyDelete
  3. സംഭവബഹുലം. വെറും ഒരു സന്ദര്‍ശകനല്ലാതെ വിവേകാനന്ദനെ പഠിച്ചിട്ടു അദ്ദേഹം പൃസംഗിച്ചിടത്തേക്കു പോകുബോള്‍ അതു തീര്‍ച്ചയായും കൂടുതല്‍ സന്തോഷപ്രദമായിരിക്കും. ഇതു പങ്കുവെച്ചതിനു നന്ദി കവിശ്രേഷ്ഠാ.

    ഇതിനു ശേഷം വിവേകാനന്ദന്‍ ചെന്നൈ എഗ്മോറില്‍ വരുകയുണ്ടായി. അദ്ദേഹം സഞ്ചരിച്ച തീവണ്ടി ചെങ്കല്‍പ്പേട്ടില്‍ നിര്‍ത്തുകയും അദ്ദേഹത്തിനോടു ഒരു അഭിമുഖം തരപ്പെടുത്തുവാന്‍ ഒരു ഹിന്ദു(പത്രം) ലേഖകന്‍ അവിടെ വച്ചു കയറുകയും ഉണ്ടായി. ഈ വിവരങ്ങള്‍ ഒരു ഫലകത്തിലാക്കി സ്റ്റേഷനില്‍ പതിപ്പിച്ചിട്ടുണ്ട്. ചെങ്കല്‍പ്പേട്ട് സ്റ്റേഷന്‍ ഓഫീസില്‍ നിന്നു വളരെ അടുത്താണു. ദാ, ഇന്നു കാലെ കൂടി തത്കാല്‍ ബുക്ക് ചെയ്യാന്‍ പോയതേ ഉള്ളൂ. പാവങ്ങളുടെ ചിക്കാഗോ.. :-)

    ReplyDelete
  4. ആദിശങ്കരയുടെ എഴുത്തച്ചാ സമ്മതിച്ചിരിക്കുന്നു - അഞ്ചു പൈസ ചെലവില്ലാതെ ബംഗ്ലോര്‍ നിന്നും ചിക്കാഗോ വരെ പോയി വരാന്‍ എനിക്ക് സാധിച്ചു . ഒരു പക്ഷെ അറിയേണ്ടത് അറിയേണ്ട വിധത്തില്‍ മനസിലാക്കാന്‍ നേരിട്ട് പോയിരുന്നെങ്കിലും എനിക്ക് കഴിയുമായിരുന്നില്ല. ഇത് ഇന്ന് തന്നെ (അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ) വായിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
    നന്ദി

    ReplyDelete
  5. ദിലീപ്‌ അതിമനോഹരമായ വിവരണം. ആ മഹാപ്രഭാവനെ ക്കുറിച്ചോര്‍ത്ത്‌ മനസ്സും ശരീരത്തോടൊപ്പം പുളകമണിഞ്ഞു. കണ്ണുകള്‍ ഈറനായി . ഇനിയും എഴുതൂ

    ReplyDelete
  6. അതിമനോഹരം ഈ വിവരണം. താങ്കൾ പറഞ്ഞത് വളരെ ശരിയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. വിവേകാനന്ദ സാഹിത്യ സർവസ്വം മുഴുവൻ ഇതുവരെ വായിച്ചിട്ടില്ലെങ്കിലും എപ്പോഴും അത് കയ്യിൽ വക്കാറുണ്ട്. എന്തോ ഒരു ധൈര്യം അത് തീർച്ചയായും തരുന്നുണ്ട്.

    അമേരിക്കയിൽ മുതലാളിത്ത വ്യവസ്ഥിതികൾ തന്നെയാണ് കൂടുതൽ നിലനിൽക്കുന്നതെങ്കിലും ആത്മീയതക്ക് വേണ്ടി അഹോരാത്രം ശ്രമിക്കുന്ന വളരെ നല്ല കമ്മ്യൂണിറ്റികൾ ഉണ്ട്. ശ്രീ പരമഹംസ യോഗാനന്ദൻ സ്‌ഥാപിച്ച "Self realization fellowship" ഒരു ഉദാഹരണമാണ്. കഴിഞ്ഞ തവണ അമേരിക്കയിൽ പോയപ്പോൾ പോകണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ നടന്നില്ല......

    ഇനിയും ധാരാളം എഴുതുക....

    ReplyDelete
  7. സുന്ദരമായ യാത്രാനുഭവം. ആര്‍ജ്ജവമുള്ള എഴുത്ത്. നന്ദി.

    ReplyDelete
  8. കിടിലൻ പോസ്റ്റ്
    നല്ല വിവരണം
    നല്ല അനുഭവം

    ReplyDelete