വെറുതേയീറൻ കാറ്റിൽ
അലയും മേഘക്കീറിൽ
എഴുതാനാകുന്നീലെൻ
ഹൃദയം പേനത്തുമ്പാൽ
മറവിക്കടൽ താണ്ടി-
മറവിക്കടൽ താണ്ടി-
യണയും സുഗന്ധത്താൽ
പൊതിയാനാകുന്നീലെൻ
സ്മരണാസമ്മാനങ്ങൾ
പൊഴിയും തൂവൽ കൊണ്ടും
തഴുകാൻ ഭയം നേർത്ത
തരളസ്വപ്നങ്ങളാൽ
തീർത്ത മൻമനോരഥം
പിരിയും നേരം പോലും
പറയാൻ വാക്കില്ലാതെ
ഉഴറുന്നുവെൻ ജീവൻ
പിൻവിളി കാതോർക്കുന്നു
നിഴലും വെളിച്ചവും
ഇഴുകിച്ചേരും അഴി-
മുഖവും തേടിത്തേടി-
ത്തുഴയും തോണിക്കാരാ
പകരത്തിനായല്ലാതൊ-
ഴുകും പുഴക്കെന്തേ
കടലിന്നുപ്പിൽ ചേർന്നു
കുഴയാൻ ഇന്നും യോഗം
നിലവിൽ പാടം താണ്ടി
വരുമാ ധനക്കുളിർ-
തിരുവാതിരക്കാറ്റി-
നെന്തിനീ അനാഥത്വം
കെടുതിക്കാലങ്ങളിൽ
പൂത്തുകായ്ച്ചൊരീ മരം
ഉളിയാൽ ചീന്തിച്ചീന്തി
തീർപ്പതേതൊരു തോണി
ഒറ്റയായ് നീ പാടുന്ന
പാട്ടുകൾ ലയിക്കുന്ന
പുഴ തൻ ഓളങ്ങളിൽ
നിലവിൻ ചാഞ്ചാട്ടമോ
ഒഴുകിച്ചേരും കടൽ-
ക്കരയിൽ കാക്കുന്നതെൻ
മൊഴിയോ പാട്ടോ വെറും
പൊട്ടിയ കുപ്പിച്ചില്ലോ
പൊട്ടിയ കുപ്പിച്ചില്ലോ
വെറുതേയീറൻ കാറ്റിൽ
അലയും മേഘക്കീറിൽ
എഴുതാൻ ശ്രമിപ്പതെൻ
ഉണ്മയോ ഞാനാം പൊയ്യോ
അസ്സലായി
ReplyDelete