Thursday, October 31, 2019

സമാന്തരങ്ങൾ

എത്ര കുഴിച്ചാലും
കണ്ടെത്താനാകാത്തത്ര ആഴത്തിൽ
ഞാൻ ഒളിപ്പിച്ചവ
വെറുമൊരു പൊടിക്കാറ്റിൽ
പുറത്തെത്തുമെന്നു
നീ കരുതുന്നുണ്ടോ?

ശ്മശാനനിദ്രയോടൊപ്പം
എരിഞ്ഞില്ലാതാകും എന്നല്ലാതെ
ആ രഹസ്യങ്ങൾ ആർക്കും വെളിപ്പെടില്ല.

പക്ഷെ ഒന്നുണ്ട്, അവയുടെ സുഗന്ധം
അതെപ്പോഴും ഈ കാറ്റിലുണ്ടാകും.
അത് നിന്നെ മത്തു പിടിപ്പിക്കും.
എല്ലാ പ്രതിബന്ധങ്ങളും
തട്ടിയെറിഞ്ഞു
നീയാ മരീചിക തേടി വരും.
അതിന്റെ സർഗോന്മാദത്തിൽ
നിനക്ക് എന്നെ തൊടുന്നതായി തോന്നും.
എന്റെ രഹസ്യങ്ങളെല്ലാം
വെളിപ്പെടുന്നതായി തോന്നും

ആ പൊടിക്കാറ്റ്
കെട്ടടങ്ങുന്നത് വരെ മാത്രം.

പക്ഷെ, ഞാൻ അപ്പോഴേക്ക്
അതിനപ്പുറം(അതോ ഇപ്പുറമോ?) എത്രയോ കാതം
ദൂരെ ആയിരിക്കും.

ഒരിയ്ക്കലും
കൂട്ടിമുട്ടാത്ത
സമാന്തര രേഖകളാണ് നാം.

No comments:

Post a Comment