Tuesday, September 10, 2013

കുഞ്ഞിരാമന്‍ നായരുടെ ശവം*

വല്ലാത്ത വ്യസനത്തോട് കൂടിയാണ് ഈ എഴുത്ത്.... അതോടൊപ്പം അമര്‍ഷവും...
മഹാകവി പി യുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമ എന്ന പേരില്‍ ഇറങ്ങിയ "ഇവന്‍ മേഘരൂപന്‍" എന്ന സിനിമ നല്‍കിയ ആഘാതം ആണതിന് കാരണം.

പി. യെ കുറിച്ചൊരു സിനിമ. ഹും.... ഒരു സിനിമ.... വെറും ഒന്ന്. അതില്‍ ഒതുക്കാവുന്ന ഒന്നല്ല ഹേ ആ ജീവിതം. സുകുമാര്‍ അഴീക്കോട്‌ അഭിപ്രായപ്പെട്ടത് പോലെ പി യുടെ കാലം രണ്ടു സഹസ്രാബ്ദങ്ങള്‍ക്കിടയിലാണ്. കാളിദാസനിപ്പുറം ഭാരതം കണ്ട കവിതയുടെ പൂര്‍ണ്ണാവതാരം. അടിമുടി കവി...

ആ ജീവിതത്തെക്കുറിച്ച് പുതിയ തലമുറക്ക് ഒരു ദൃശ്യഭാഷ്യം നല്‍കുന്നത് തെറ്റല്ല. പക്ഷെ, അതീ വിധം ആക്കിത്തീര്‍ത്തതിലാണ് അമര്‍ഷം. കുഞ്ഞിരാമന്‍ നായര്‍ ആരെന്നറിയാത്ത ഒരുവന്, ഈ സിനിമ നല്‍കുന്നത്, വിടനായ ഒരു മനുഷ്യന്‍റെ ചിത്രമായിരിക്കും... കുഞ്ഞിരാമന്‍ നായരെ അറിഞ്ഞവനാകട്ടെ ഇതീ വിധം ജുഗുപ്സ ഉളവാക്കുകയും ചെയ്യും.

കവിയുടെ ജീവിതം ഒരിക്കലും രഹസ്യമായിരുന്നില്ല. കവിതയെന്ന നിത്യകന്യകയെ തേടിയലഞ്ഞ ആ ജന്മം തന്‍റെ ആത്മരഹസ്യങ്ങള്‍ ഒക്കെയും കവിതകളാക്കി, ആത്മകഥയാക്കി. ധൂര്‍ത്തമായ ആ ജീവിതം അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ പരസ്യപ്പെടുത്തിയതാണ്. "കല്യാണമല്ലാത്ത കല്യാണം" എന്നദ്ദേഹം വിശേഷിപ്പിച്ച മൂന്നു ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം സാമാന്യം നന്നായി വര്‍ണ്ണിക്കുന്നുണ്ട്. അതൊക്കെ വായിച്ചിട്ടും കവിയോടുള്ള ബഹുമാനം ഒരല്‍പം പോലും കുറയാതെ, അത് പോലൊരു അവതാരം കാണാന്‍ ഭാഗ്യമുണ്ടായില്ലല്ലോ എന്ന് വ്യസനിക്കുന്ന കവിയുടെ ഭക്തരായ എന്നെ പോലുള്ള കവിയശ:പ്രാര്‍ഥികള്‍ക്ക് ഈ സിനിമ താങ്ങാനാവുന്നതിലപ്പുറമാണ്.

ഏതാനും ചില സ്ഥലങ്ങളില്‍ കവിയുടെ അന്ത:സംഘര്‍ഷങ്ങള്‍ വരച്ചു കാട്ടാന്‍ സംവിധായകന്‍ പി.ബാലചന്ദ്രന് സാധിച്ചിട്ടുണ്ട്. പ്രകാശ് ബാരെയുടെ അഭിനയവും നന്നായിട്ടുണ്ട്.. പക്ഷെ, അതിലൊക്കെ ഉപരി, കവി എന്താകണമെന്ന് ഈ ലോകത്തിനു കാണിച്ചു കൊടുത്ത ഒരു കവി, ആ കവിയെ സാക്ഷാത്കരിക്കാന്‍ ഈ സിനിമക്ക് കഴിഞ്ഞില്ല. മരണത്തിനു തൊട്ടു മുന്‍പും തന്‍റെ കാമാസക്തികളെ അണക്കാന്‍ ഉദ്യമിക്കുന്ന വെറും പെണ്ണുപിടിയനായി കവിയെ ഈ സിനിമ ചിത്രീകരിച്ചു എന്നത് പൊറുക്കാനാവാത്ത തെറ്റാണ്.

"കവിയുടെ കാല്‍പ്പാടുകള്‍" ഒരു രാത്രി കൊണ്ട് വായിച്ചു തീര്‍ത്ത് നിറഞ്ഞു കവിഞ്ഞൊഴുകിയ കണ്ണുമായി ഇരുന്നിരുന്ന എന്നെ എനിക്കോര്‍മ്മയുണ്ട്. അന്ന് മനസ്സില്‍ ഉടക്കിയ ചില ദൃശ്യങ്ങള്‍ - അതെ ദൃശ്യങ്ങള്‍, കവിയുടെ ഭാഷയില്‍ ദൃശ്യങ്ങളെ ഉള്ളൂ... വാക്കില്ല - ഇന്നു കണ്ടപ്പോള്‍ കണ്ണു പൂട്ടാന്‍ തോന്നിപ്പോയി.
അമ്മിണി ടീച്ചര്‍ എന്ന ഭാര്യ സ്വന്തം വീട്ടില്‍ നിന്ന് ഇറക്കി വിടുന്ന ദൃശ്യമൊക്കെ എത്രയോ തവണ വായിച്ചിട്ടുണ്ട്. അവിടെയൊക്കെ നിരാലംബനായി നില്‍കുന്ന കവിയോടൊപ്പം ഞാനും കരഞ്ഞിട്ടുണ്ട്. ആ ഹൃദയത്തിന്‍റെ കനം സ്വന്തം ഹൃദയത്തില്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അതൊക്കെ ഈ സിനിമയില്‍ കണ്ടാല്‍, ഇവന് ഇതു തന്നെ വേണം എന്ന് തോന്നിപ്പോകും .

കവിയുടെ ജീവിതം ചിത്രീകരിച്ചതില്‍ കവിത വരുന്നതേയില്ല. കവി പ്രണയിച്ച പൂവും, ഭാരതപ്പുഴയും, പട്ടാമ്പി മണലും,ഗുരുവായൂരും, മൂകാംബികയും,ദേശഭക്തിയും, കൊല്ലങ്കോടും, തേനും, മലനാടും ഒന്നുമൊന്നും സിനിമയില്‍ കഥാപാത്രങ്ങളല്ല. കഥാപാത്രങ്ങള്‍  കുറെ പെണ്ണുങ്ങള്‍. കവിയുടെ ജീവിതത്തിലെ താളപ്പിഴകള്‍ മാത്രമാണ് സംവിധായകന്‍ എഴുതിയത്. അതിനപ്പുറം ഒരു മനുഷ്യന്‍ എന്ന നിലക്ക് പോലും ആ ജീവിതം നോക്കിക്കാണാന്‍ അദ്ദേഹത്തിനായിട്ടില്ല (ആവുകയുമില്ല).

കുഞ്ഞിരാമന്‍ നായരുടെ ജീവിതം ഒരു ഇതിഹാസമാണ്‌. കവിതയുടെ. അതൊരു സിനിമ ആക്കിയതാണ് ആദ്യത്തെ അബദ്ധം. അതിങ്ങിനെ ആയത് കച്ചവട താല്പര്യങ്ങളാലും. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര നുണയുന്ന കൊതുകുകള്‍ കാണുമല്ലോ...

ഈ സിനിമ കണ്ടത് കൊണ്ട് മനസ്സില്‍ പ്രതിഷ്ഠിച്ച മഹാകവിയുടെ ചിത്രം മങ്ങില്ല. കവിയെ വായിക്കാതെ ഈ സിനിമ കണ്ടവരേയും കാണാന്‍ പോകുന്നവരെയും ഉദ്ദേശിച്ചു മാത്രമാണീ എഴുത്ത്. പിന്നെ എന്‍റെ ദേഷ്യം അല്പം കുറയ്ക്കാനും.

കവി വരച്ച ഒരു കേരളമുണ്ട്, ഒരു തൃക്കാക്കര. ആ തൃക്കാക്കരക്ക് പോം പാത വളരെ വ്യക്തമായി കവി വരച്ചു തന്നിട്ടുമുണ്ട്. അത് മറന്നു നാം ഇന്നെങ്ങോ അലയുന്നു. ഒടുവില്‍ ആത്മാവ് നഷ്ടപ്പെട്ട അഭയാര്‍ഥിയായ മര്‍ത്യരായി നാം മാറുമ്പോള്‍ നഷ്ടപ്പെട്ട മലയാണ്മ, നഷ്ടപ്പെട്ട സ്വത്വം, നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാന്‍, സിനിമയല്ല, കവിയുടെ ഒരു വരി കവിത നമുക്ക് കൈയില്‍ വെക്കണം. ഒരിക്കല്‍ കൂടി ആ മലനാടന്‍ മങ്കമാരോട് പാടുവാന്‍ പറയണം.

"ആനന്ദ സമൃദ്ധികള്‍ വിളയും ഋഷിഭൂവിന്‍
മാനത്തില്‍ കൈവെക്കുന്ന മാറ്റാന്റെ തലകൊയ്യാന്‍
ഇറങ്ങുമിടിവാളൊത്തന്തരീക്ഷാന്തേ പാറി-
പ്പറന്നു ചീറ്റും കേസരീന്ദ്രരെക്കണ്ടോരല്ലോ
കഥ ചൊല്‍വിനാ വീരമാതുലന്മാരെപ്പറ്റി
കഥ പാടുവിന്‍ എന്‍റെ പൂര്‍വികന്മാരെപ്പറ്റി"

* കവിയുടെ ആത്മകഥയിലെ ഒരു അധ്യായത്തിന്റെ തലക്കെട്ട്‌

Also Read:
http://nayathil.blogspot.com/2009/08/mahakavi-p.html

http://nayathil.blogspot.com/2011/12/how-we-met.html

6 comments:

  1. പടം കണ്ടില്ലാ, താങ്കൾ പറഞ്ഞപോലെ കവിയെ വായിച്ചിട്ട് കാണണം

    ReplyDelete
  2. സിനിമ വേറെ, കവിത വേറെ, പി വേറെ. എല്ലാം നല്ലതിന്, എല്ലാവർക്കും നല്ലതിനാവട്ടെ

    ReplyDelete
  3. സിനിമയില്‍ ഒരു കൊമേഴ്സല്‍ ചേരുവയുണ്ടല്ലോ ,അവര്‍ക്ക് വേണ്ടതു അതായിരുന്നു.

    ReplyDelete
  4. ജീവിതങ്ങളെപ്പറ്റി സിനിമയെടുക്കുമ്പോള്‍ കൊമേര്‍സ്യല്‍ ചേരുവകള്‍ക്ക് സ്ഥാനമില്ല.

    ഈയൊരു വിഷയത്തില്‍ നാം വൈദേശികചിത്രങ്ങളെ നോക്കി പഠിക്കേണ്ടിയിരിയ്ക്കുന്നു

    ReplyDelete
  5. സിനിമയ്ക്ക് വേണ്ടി ചേർക്കുന്ന ചേരുവകൾ തന്നെ പ്രശ്നം

    ReplyDelete
  6. വിലയിരുത്തലിഷ്ടമായി.നന്നായി എഴുതി.

    ശുഭാശംസകൾ...., സ്നേഹവും.

    ReplyDelete