Saturday, September 7, 2013

ഇരിപ്പ്...

ഇതളു വിരിഞ്ഞ മന്ദാരം
ഇമകൾ തുറന്ന വിണ്താരം
സുഖദം വന്നു കിനാക്കാലം
അതിലിരിപ്പു ഞാന്‍ ശാന്താകാരം

പകലുകൾ വന്നു മടങ്ങുമ്പോൾ
ചിറകിൽ കുളിരല പൊതിയുമ്പോൾ
ഇനിയുമോരോർമ്മപ്പുലരിയുദിക്കാൻ
കനവിൽ കാവലിരിക്കുന്നു.

ഉറ്റവർ പിരിയാൻ വെമ്പുമ്പോൾ
ഉച്ചപ്പ്രാന്തു മുഴുക്കുമ്പോൾ
ഉമ്മകൾ എന്നുടെ നെറുകിൽ തൂവി-
യുറങ്ങാതെന്നുമിരിക്കുന്നു

വേദന വാലുകളാഴ്ത്തുമ്പോൾ
വേനൽതുമ്പികൾ പിടയുമ്പോൾ
വേവും നെഞ്ചിൽ താരാട്ടായ് രാ-
വേറെ ചെന്നുമിരിക്കുന്നു

ഓമല്‍ക്കവിളു തലോടിക്കൊണ്ടെന്‍
ഓര്‍മ്മയിലിന്നുമിരിക്കുന്നു
ഓടിപ്പോയൊരു ബാല്യകുതൂഹല-
മായെന്നുള്ളിലിരിക്കുന്നു

നീരദ നിഴലിലിരിക്കുന്നു
നീരിന്‍ കുളിരിലിരിക്കുന്നു
നീളന്‍ പുല്ലുകള്‍ വഴികാക്കും ഈ
നാടന്‍ വഴിയിലിരിക്കുന്നു

ഇതളു കൊഴിഞ്ഞ മന്ദാരം
ഇമകളടച്ച വിണ്താരം
കഴിഞ്ഞു പോയി കിനാക്കാലം
എന്നിരിപ്പു മാത്രം തുടരുന്നു....

2 comments:

  1. ഭംഗം വരാതെ ചില ഇരിപ്പുകള്‍!

    ReplyDelete
  2. നല്ലൊരു ഈണം കരുതിവച്ചിരുന്നല്ലേ എഴുതുമ്പോള്‍ ,നല്ലൊരു വായനാസുഖം

    ReplyDelete