Sunday, September 22, 2013

എന്‍റെ ദൈവം..

അതിവിസ്തൃതമണ്ഡകടാഹ-
ത്തിന്നൊരു ചെറു കോണില്‍ ആയിരം
ആയിരമായ് ഉള്ളൊരു താരാ-
ഗണസംഘാതത്തിന്‍ നടുവില്‍

ഒരു ക്ഷീരപഥത്തില്‍ കേവല-
മൊരു സൌരസമൂഹത്തില്‍ ചെറു-
നീലയുടുപ്പിട്ടൊരു കുട്ടി
ഭൂമി, ഇവിടവള്‍ തന്‍ മുകളില്‍

കടല്‍ വറ്റിയ ചെറുകര മേലെ,
അതിലേറ്റം ചെറിയൊരു രാജ്യം
അവിടെയൊരു ചെറു സംസ്ഥാനം
അതിലും ചെറുതാമൊരു ജില്ല

ആ ജില്ലയിലൊരു പഞ്ചായ-
ത്തതിലൊരു തെരുവില്‍ ഒരു വീട്ടിന്‍
വെളിയില്‍ മുറ്റത്തില്‍ ഒരു മരം
അതിലൊരു പക്ഷിക്കൂടിന്മേല്‍

അമ്മ വരാന്‍ കാത്തു കിടക്കും
കുഞ്ഞിപ്പക്ഷികളുടെ വയറിന്‍
പശിയങ്ങറിയുന്നവനാരോ
അതിലുള്ളു കലങ്ങുന്നവനാര്‍

അവനത്രെ ലോകനിയാമക-
നവനത്രേ എന്നുടെ ദൈവം
അവനത്രെ ശ്രീഗുരുവായൂര്‍
അമരുന്ന ചിദാനന്ദരസം

2 comments:

  1. നല്ല സമർപ്പണം - നന്നായിരിക്കുന്നു.
    കവിതകൾ വല്ല്യ പിടുത്തമില്ല :)

    ReplyDelete