ഇന്നത്തെ ദർശനം വളരെ സുഖകരമായിരുന്നു. ആ ദാരുവിഗ്രഹത്തിന് മുൻപിൽ ആളുകൾ നിൽക്കുന്ന കാണുമ്പോളാണ് ആ വിഗ്രഹങ്ങളുടെ വലുപ്പം മനസ്സിലാവുക. അഭിഷേക സമയമായിരുന്നു. ആ അകത്തളം വലിയ ഒരു സിനിമാ സെറ്റ് പോലെ തോന്നിച്ചു. ഒരു അഭൗമമായ പ്രതീതി. ഏതോ ഗുഹാന്തരത്തിലാണ് വിഗ്രഹം എന്ന പോലുള്ള ഒരു തോന്നൽ. ആ ഗർഭഗൃഹത്തിന്റെ നിർമ്മിതിയുടെ അളവുകൾ കൊണ്ടാകാം. പക്ഷെ ഒരിക്കലും അവിടെ ഏറെ നേരം നിന്ന് നേരെ നോക്കി തൊഴാനാകില്ല എന്നാണ് എനിക്ക് തോന്നിയത്. ചില ചിത്രങ്ങളില്ലേ - നാം നോക്കിക്കൊണ്ടിരുന്നാൽ എന്തൊക്കെയോ കാരണം കൊണ്ട് കണ്ണ് വലിക്കേണ്ടി വരുന്നവ. അങ്ങിനെ ഒരു പ്രതീതി തോന്നി ആ ശ്രീകോവിലിനു മുന്നിൽ. തിരക്കും, പൂജാരിമാരുടെ ബഹളവും കാരണം അങ്ങിനെയൊരു സാധ്യത ഞങ്ങൾക്കുമുന്നിൽ ഉണ്ടായിരുന്നില്ല തന്നെ.
എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. വിചാരിച്ചതിലുമധികം നേടുന്നവരുടെ നിർവൃതി. ഭഗവൽപ്രസാദത്തിന്റെ മാധുരി. ആത്മാവിന്റെ ഉള്ളറകളിൽ പ്രകാശം പരന്ന കൈവല്യം.
സൂര്യോദയം കാണാൻ കടൽത്തീരത്തേക്ക് പോകാമെന്നായി. പല പല തീരുമാനങ്ങളും അപ്പപ്പോൾ എടുക്കുന്നതാണ്. തലേ ദിവസം പ്രഭുവും കൂട്ടരും ഒറ്റക്ക് പോയി വന്നതിന്റെ ക്ഷീണം തീർക്കാൻ എല്ലാവരും കൂടി കടൽത്തീരത്തേക്ക് നടന്നു. വെളിച്ചമായിത്തുടങ്ങുന്നതേയുള്ളൂ. കടൽത്തീരം ശാന്തമാണ്. വെള്ളിമണലിൽ കടൽ തലതല്ലി വീണലയ്ക്കുന്നു. സൂര്യൻ പൊങ്ങുന്നതേയുള്ളൂ. അമ്പലത്തിലേക്ക് മൊബൈൽ കടത്തില്ല എന്നതിനാൽ ആരും മൊബൈൽ കയ്യിലെടുത്തിരുന്നില്ല. അതിനാൽ ശാന്തരായി ആസ്വദിച്ച് സൂര്യോദയം കണ്ടു. ഉണ്ണിസൂര്യന് അർഘ്യം അർപ്പിച്ചു. തമാശകൾ പറഞ്ഞു ചിരിച്ചു. ധ്യാനിച്ചിരുന്നു. കടലിൽ കളിച്ചു. ഓരോ നിമിഷവും ആസ്വദിച്ചു.
ഹോട്ടലിലെത്തി എല്ലാവരും ബാഗുകൾ പായ്ക്ക് ചെയ്തു. ഇനി ഇവയിൽ മിക്കതും തുറക്കുക വീട്ടിൽ എത്തിയിട്ടാകും. സാധനങ്ങൾ അങ്ങോട്ട് വെച്ചും ഇങ്ങോട്ട് വെച്ചും സാധനങ്ങൾ അഡ്ജസ്റ്റ് ചെയ്ത് എല്ലാവരും അത് പൂർത്തിയാക്കി. ഹോട്ടലിൽ തന്നെ പ്രഭാതഭക്ഷണം കൊണ്ടുവരുവിച്ചു കഴിച്ചു.
കൃത്യം ഒൻപത് മണിക്ക് തന്നെ ഞങ്ങൾക്കുള്ള വണ്ടിയെത്തി. ബാഗുകൾ മുകളിൽ കയറ്റി. അയാൾ ഓരോ കയർ മുറുക്കുമ്പോഴും ഓരോരുത്തരുടെ ഉള്ള് പിടഞ്ഞു. എന്തെങ്കിലും പൊട്ടിയാലോ എന്നാലോചിച്ച്. എൻ്റെ ബാഗിൽ ഒരു ഏക് താര ആയിരുന്നു പ്രശ്നക്കാരൻ. അതിന്റെ കഥ ഞാൻ വഴിയേ പറയാം. എന്തായാലും ഒരുവിധത്തിൽ എല്ലാ ബാഗും കൂട്ടിക്കെട്ടി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഹോട്ടൽ ബില്ല് സെറ്റിൽ ചെയ്ത് അവിടുത്തെ ജീവനക്കാർക്ക് നന്ദി പറഞ്ഞ്, ജഗന്നാഥന് ജയ് വിളിച്ച് ഞങ്ങൾ ഇറങ്ങി.
കൊൽക്കത്തയിലെ ഡ്രൈവറോട് എന്ന പോലെ ഈ പുതിയ ആളോടും ഞാൻ ഞങ്ങളുടെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു. പൊതുവിൽ പുരി - ഭുവനേശ്വർ ഒരു പാക്കേജ് പോലെയാണ് അവർ കൊണ്ടുനടക്കുന്നത്. മിക്കവാറും പേർക്ക് അത് മതിയാകും. പക്ഷെ പരിപാടിയിൽ മാറ്റം വരുത്താൻ കമ്മിറ്റിക്ക് അധികാരം ഉണ്ടാകും എന്നത് ഞാൻ എൻ്റെ ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു :).
സാധാരണയായി പുരിയിൽ നിന്നെടുക്കുന്ന വണ്ടികൾ നേരെ കൊണാർക്ക് പാതയിലേക്കാണ് കയറുക. ഞങ്ങൾക്ക് പക്ഷെ ആദ്യം പോകേണ്ടത് പുരിയിലെ തന്നെ മറ്റൊരു സ്ഥലത്തേക്കാണ്. ഇന്നലെ വൈകീട്ട് പ്രധാനകാര്യപരിപാടികൾ കഴിഞ്ഞ് നോക്കിയപ്പോൾ അവിടം അടച്ചിരിക്കും എന്നാണറിഞ്ഞത്. രാവിലെ 9 നു ശേഷം തുറക്കുമെന്നും. അതിനാൽ അതാകട്ടെ ആദ്യലക്ഷ്യം എന്ന നിലക്ക് വണ്ടി അങ്ങോട്ട് വിടാൻ പറഞ്ഞു.
ഗൂഗിൾ കാണിച്ച വഴിയിലൂടെ കറങ്ങിത്തിരിഞ്ഞ് ഇനിയെന്ത് എന്നറിയാത്ത ഒരു ഇടുങ്ങിയ തെരുവിൽ വണ്ടി ചെന്നു നിന്നു. ബ്ലോക്ക് ആക്കേണ്ട എന്ന കരുതി മുന്നിലെ മെയിൻ റോഡിലേക്ക് വണ്ടി നീക്കിയിടാൻ ഞങ്ങൾ പറഞ്ഞു. അതാകട്ടെ, രാവിലെ വന്ന കടൽത്തീരത്തിനു മുൻപിലുള്ള പാതയും. ഞങ്ങൾ അവിടെയിറങ്ങി. ഡ്രൈവർ വണ്ടി മാറ്റി പാർക്ക് ചെയ്യാമെന്നും തിരിച്ചെത്തുമ്പോൾ വിളിച്ചാൽ മതിയെന്നും പറഞ്ഞ് പോയി.
ഗൂഗിൾ കാണിച്ച ഒരു ഇടവഴിയിലൂടെ അല്പദൂരം നടന്നപ്പോൾ നിറയെ ചെടികൾ നിറഞ്ഞ, മരങ്ങൾ കായ്ച്ചുനിൽക്കുന്ന, ഈ പട്ടണത്തിനുള്ളിൽ ഇങ്ങിനെയൊരു ഇടമോ എന്ന് തോന്നിക്കുന്ന ഒരു വലിയ മതിൽക്കെട്ടിനു പുറത്തെത്തി.
രണ്ടാൾക്ക് കടക്കാൻ പാകത്തിനുള്ള ചെറിയ മര ഗേറ്റ്. മുകളിൽ മഞ്ഞ പെയിന്റ് അടിച്ച ഒരു കമാനം. അതിൽ ചുവന്ന അക്ഷരങ്ങളിൽ ഒഡിയയിലും ഇംഗ്ലീഷിലും ഉള്ള എഴുത്തുകൾ. അതിനു മുകളിൽ ബോഗൺവില്ല പടർന്നു പന്തലിച്ചു തണൽ വിരിച്ചു നിൽക്കുന്നു. വശങ്ങളിൽ ഓം എന്ന എഴുത്തുകൾ.
ഒന്നുരണ്ടു ദിവസം മുൻപ് മാത്രം തീരുമാനിച്ച എന്നാൽ കാണാനാകുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്ന മറ്റൊരു അസുലഭമായ ഇടത്തിലേക്ക് ഞങ്ങളാ മരത്തിന്റെ നീലച്ച അഴിവാതിൽ കടന്നു കയറിച്ചെന്നു.
No comments:
Post a Comment