Tuesday, March 19, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തിയഞ്ച് - കാവി പുതച്ച കട്ടിൽ

 സഹസ്രാബ്ദങ്ങൾക്ക് അപ്പുറത്തു നിന്ന് ആരോ ഒരാൾ ഉച്ചത്തിൽ വിളിച്ചതു പോലെ. ഇവിടെ വരണമെന്നും ഇത് കാണണമെന്നും ആരോ ചട്ടം കെട്ടിയത് പോലെ. ആ പൊടിപടലങ്ങൾക്കിടയിൽ, മൂടിക്കെട്ടിയ ഇരുണ്ട സന്ധ്യയിൽ എളുപ്പം വിട്ടുപോകാമായിരുന്നിട്ടും, ഇവിടെ വന്നതിന് എൻ്റെ സമ്മാനമാണ് ഇതെന്ന് ആരോ പറഞ്ഞതുപോലെ.

അവിടെ ആ സന്ധ്യയിൽ, കാവിമൂടിയ കട്ടിലിന് മുൻപിൽ ഞങ്ങൾ തലകുനിച്ചുനിന്നു. ആയിരത്താണ്ടിനും മുൻപ്, ശങ്കരൻ എന്ന മഹാഗുരുവിനെ സേവിച്ചതാണ് ഈ മരക്കട്ടിൽ. ജീവന്മുക്തനായ, ജ്ഞാനത്തിൻ്റെ യോഗവൈഭവം ലോകത്തിന് മുൻപിൽ വിതറിയ ആദിശങ്കരാചാര്യരുടെ കട്ടിൽ. ആ അവതാരപുരുഷൻ നമുക്കായി അവശേഷിപ്പിച്ചു പോയ ജ്ഞാനസാമ്രാജ്യത്തിനും അപ്പുറം ഭൗതികമായ ഒരു തിരുശേഷിപ്പ്.

കാവിത്തുണി മുഷിഞ്ഞിട്ടുണ്ട്, അവിടെ യാതൊരു പൂജയും നടക്കുന്ന ലക്ഷണം കണ്ടില്ല. പുറത്തെമ്പാടും പൊടി. വീണ്ടും നമ്മുടെ പൈതൃകസ്വത്തിനെ പരിപാലിക്കുന്നതിൽ മഠങ്ങൾ ഉൾപ്പെടെ കാണിക്കുന്ന അലംഭാവം മനസ്സിൽ  തികട്ടിവന്നു. ഇതൊരു ടൂറിസം പരിപാടി ആക്കണം എന്നല്ല, പക്ഷെ ഇത് തേടി വരുന്നവർക്ക് ഭക്തി തോന്നത്തക്കരീതിയിൽ പരിപാലിക്കാമല്ലോ. ലോകത്തിലെ മികച്ച പ്രതിഭകളിൽ അഗ്രിമസ്ഥാനത്തുള്ള സാക്ഷാൽ ശങ്കരന്റെ ഇരിപ്പിടം എന്നത് കൊണ്ട് തന്നെ അതിനുള്ള പരിപാലനം അത്രമേൽ മുന്തിയതായിരിക്കണമല്ലോ. പക്ഷെ ആ നിഷ്കർഷ കണ്ടില്ല എന്നത് കുറച്ച് ഞങ്ങളെ നിരാശരാക്കി.

ഈ ചരിത്രപുരുഷന്മാരുടെ ഭൗതികമായ അടയാളങ്ങൾക്ക് എന്താണിത്ര പ്രാധാന്യം? ലോകം അവയ്ക്ക് പിന്നിൽ പോകാൻ കാരണമെന്താണ്? മാവുങ്കലിന്റെ കൈയ്യിലുണ്ടായിരുന്ന  ദ്വാപരയുഗത്തിലെ കൃഷ്ണന്റെ തയിർക്കലം മറന്നിരിക്കാൻ ഇടയില്ലല്ലോ? ഇത്തരം വിഡ്ഢിത്തങ്ങൾ ധാരാളം ഉണ്ടെങ്കിലും, ലോകം അവയിൽ ഭ്രമിക്കുന്നുണ്ട് എന്നതൊരു യാഥാർഥ്യമാണ്. ശാസ്ത്രദൃഷ്ടിയിൽ മഹാത്മാക്കൾ തീർത്ഥങ്ങളാണ്. അവരുമായി സമ്പർക്കത്തിൽ വരുന്നതിനെയൊക്കെ അവർ ശുദ്ധീകരിക്കുന്നു. ആ പരിശുദ്ധി യുഗങ്ങൾക്കിപ്പുറവും നമ്മിലേക്ക് സംക്രമിക്കുന്നു. അയോദ്ധ്യയിലും കാശിയിലും മഥുരയിലുമെല്ലാം ഇതുതന്നെയാണ് പ്രാധാന്യം. അവരുടെ സജീവസ്മരണ ഉണർത്തിവിട്ട് നമ്മെ പരിവർത്തിപ്പിക്കുന്നു എന്നൊരു വിശേഷം കൂടി ഈ ഭൗതിക ചിഹ്നങ്ങൾക്കുണ്ട്.

സതീഷേട്ടന് പുറത്തെത്താൻ വൈകി. വരുന്ന വഴി നിറയെ കടകളുണ്ട്. ആശ്രമത്തിന്റെ പ്രധാന കെട്ടിടത്തിനകത്ത് കയറി. അകത്ത് ചില പ്രതിഷ്ഠകളും, ശങ്കരാചാര്യർ ഇരിക്കുന്ന സ്ഥലവും മറ്റുമുണ്ട്. സ്വാമിജി ഇപ്പോൾ സ്ഥലത്തില്ല. ഉണ്ടെങ്കിൽ പകലാണ് അദ്ദേഹത്തിൻറെ ദർശനവും അനുഗ്രഹവും. ആശ്രമത്തിന്റെ പുസ്തകശാലയിൽ കയറി. കുറച്ച് പുസ്തകങ്ങൾ ഉണ്ട്. അധികവും ഹിന്ദിയിൽ. ഇംഗ്ലീഷ് പുസ്തകങ്ങൾ വളരെ വിരളം. വേദഗണിത പുസ്തകങ്ങൾ ഇംഗ്ലീഷിൽ കിട്ടിയാൽ വാങ്ങണമെന്നുണ്ടായിരുന്നു. പക്ഷെ ദൗർഭാഗ്യവശാൽ അവയൊക്കെ ഹിന്ദിയിലാണ്. ഒന്നുരണ്ടു പുസ്തകങ്ങൾ സ്വകാര്യമായും, ആശ്രമത്തിനായും വാങ്ങി ഞങ്ങൾ പുറത്തിറങ്ങി.

കുറച്ച് ദൂരം നടന്നാൽ നിരവധി കടകളുണ്ട്. കരകൗശല ഉത്പന്നങ്ങളും തുണികളും ഒക്കെയായി എല്ലാവരെയും തൃപ്തിപ്പെടുത്താൻ ഒരുങ്ങി നിൽക്കുകയാണവ. സംഘാംഗങ്ങൾ പല വഴിക്ക് പിരിഞ്ഞു. ഒരുവിധം എല്ലാം വാങ്ങി എന്ന് കരുതിയ ഞാനും ചിലതൊക്കെ വാങ്ങി. ജഗന്നാഥന്റെ ചെറിയ മൂർത്തിയും ഒന്നുരണ്ട് ടീഷർട്ടും ഒക്കെയായി ചില്ലറ ഷോപ്പിംഗ് നടത്തി. ജയേട്ടൻ എല്ലാവരുടെയും കൂടെ നടന്ന് ചിലവാക്കാൻ സഹായിക്കുന്നുണ്ട്. 

മാധവനും പ്രഭുവും സതീഷേട്ടനും കടൽത്തീരത്തേക്കാണ് പോയത്. അവിടെയുള്ള ഒരു ശ്മശാനത്തിലേക്കാണ് അവർ എത്തിയതത്രേ. പിറ്റേന്ന് ആ കഥകൾ കേട്ടപ്പോൾ അത് നഷ്ടമായെന്ന് തോന്നി. കാശിയിലെ പോലെ പല ചിതകളിൽ പല പല ജീവിതങ്ങൾ എരിഞ്ഞു തീരുന്നത് അവർ കണ്ടു. കുറെ നേരം ചുറ്റിത്തിരിഞ്ഞ് ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചെത്തി. മുരളിയേട്ടൻ തിരിച്ചെത്തിയിരുന്നു. കഥകൾ പലതും പറഞ്ഞ് ചായയൊക്കെ കുടിച്ച് ഞങ്ങൾ മാധവനെയും പ്രഭുവിനെയും കാത്ത് അവിടെയിരുന്നു. നേരം വൈകി എന്ന് തോന്നിത്തുടങ്ങിയപ്പോൾ ഞങ്ങൾ പതുക്കെ കട്ടിലുകളെ അഭയം പ്രാപിച്ചു. 

നാളെ നേരത്തെ വീണ്ടും ജഗന്നാഥനെ ഒന്നുകൂടി കണ്ട് പുരിയോട് യാത്ര പറയണം. പിന്നെ ഒരു നീണ്ട യാത്രയാണ്. ഉത്കലത്തിന്റെ ഇനിയും കണ്ടിട്ടില്ലാത്ത ചില കാഴ്ചകളും കൂടി കണ്ട് മടക്കയാത്ര...

No comments:

Post a Comment