Monday, March 18, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തിനാല് - ശങ്കര ദിഗ്‌വിജയം

കഴിഞ്ഞ ഒരു മാസക്കാലം വേറൊരു അനുഭൂതിയുടെ പിറകിലുള്ള യാത്രയായിരുന്നതിനാലാണ് ഇത് വൈകിയത്. തദ്വനം ആശ്രമത്തിലെ ശിവരാത്രി പരിപാടികൾക്ക് വേണ്ടി സമയം കണ്ടെത്തേണ്ടിയിരുന്നതിനാൽ ഇത് പിന്തള്ളപ്പെട്ടു. അവിടേക്കുള്ള യാത്രകളും ശിവരാത്രി പരിപാടികളുമെല്ലാം മറ്റൊരിക്കൽ വിശദമായെഴുതാം.

--------------------------------------------

ഓരോ യാത്രയും പുതിയ സ്ഥലങ്ങളും, ഭാഷകളും, സംസ്കാരങ്ങളും അനുഭവിക്കാനുള്ളതാണ്. അതിലേക്ക് നാം ഇറങ്ങിയില്ലെങ്കിൽ ഓർമ്മയിൽ തങ്ങിനിൽക്കാൻ ഒന്നും നമുക്ക് ലഭ്യമായേക്കില്ല. ലോകം എന്നത് തൻ്റെ തന്നെ സൃഷ്ടിയാണെന്ന് ഉറപ്പ് വരുന്നത് വരെ തീർത്ഥാടനങ്ങൾ സാമാന്യജനങ്ങൾക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. സന്യാസിമാർക്ക് പരിവ്രജനം നിർബന്ധമാകുന്നതും ഇതിനാൽ തന്നെ. 

പണ്ടൊരിക്കൽ ഭാരതഭൂമിയുടെ ദിക്കുകളെ ജയിച്ച ഒരു യുഗാവതാരം ഉണ്ടായിരുന്നു. കേരളത്തിൽ നിന്ന് പുറപ്പെട്ട് നർമ്മദാനദിക്കരയിൽ തൻ്റെ ഗുരുവിനെ കണ്ടെത്തി അദ്ദേഹം അദ്വൈതസിദ്ധാന്തത്തെ നാം ഇന്ന് കാണുന്ന ഗരിമയിൽ പ്രതിഷ്ഠിച്ചു. മുപ്പത്തിരണ്ട് വയസ്സ് കൊണ്ട് ശതകോടി പുരുഷായുസ്സുകൾ കൊണ്ട് നേടാൻ കഴിയാത്ത ആത്മീയശക്തി ഈ ലോകത്തിൽ വിതറിപ്പോയി. ശങ്കരൻ എന്ന ആ മലയാളബ്രാഹ്മണക്കുട്ടി ലോകത്തിന് വേണ്ടി ഭാരതത്തിൻ്റെ നാല് കോണുകളിൽ നാല്‌ മഠങ്ങൾ സ്ഥാപിച്ചു. അതിൽ കിഴക്ക് ദിക്കിലുള്ള മഠം ഈ ജഗന്നാഥപുരിയിലാണ് സ്ഥിതി ചെയ്യുന്നത്. പുരുഷോത്തമന്റെ പ്രതിഷ്ഠയുള്ള ആ മഠം പുരി ഗോവർദ്ധനപീഠം എന്ന പേരിലാണ് പ്രസിദ്ധം. ബദ്രിനാഥം, ദ്വാരക, ശൃംഗേരി എന്നിവയാണ് മറ്റുള്ളവ. ഋഗ്വേദമാണ് ഗോവർദ്ധനപീഠത്തിന് പ്രചാരണാർത്ഥം നൽകപ്പെട്ടത്. സാക്ഷാൽ പദ്മപാദാചാര്യരെ ഈ മഠത്തിലേക്ക് നിയോഗിക്കുകയും ചെയ്തു.

ക്രി.മു 486 ൽ ആണ് ഈ മഠം സ്ഥാപിക്കപ്പെടുന്നത്. ഇപ്പോളത്തെ ശങ്കരാചാര്യർ സ്വാമി നിശ്ചലാനന്ദസരസ്വതി മഹാരാജ് ഇവിടുത്തെ 145 ആമത്തെ ശങ്കരാചാര്യർ ആണ്. പതിറ്റാണ്ടുകളോളം വേദവേദാന്തങ്ങൾ പഠിച്ച്, അത് തത്വത്തിനു പുറത്ത് ജീവിതരംഗത്ത് പ്രവർത്തിച്ചു കാണിക്കുന്ന ആളാണ് പുരി ശങ്കരാചാര്യർ. ഗോസേവക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ഒരു പഴയകാലം അദ്ദേഹത്തിനുണ്ട്. അന്ന് അതിന്റെ പേരിൽ ജയിലിലും കഴിഞ്ഞിട്ടുണ്ട് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കഴിവും പാണ്ഡിത്യവും അദ്വൈതനിഷ്ഠയും കണ്ടാണ് ശങ്കരാചാര്യ പദവിയിലേക്ക് നിയോഗിക്കപ്പെട്ടത്.

ഇദ്ദേഹത്തിന്റെ ഒരു പൂർവികനെ നിങ്ങൾ അറിയുമോ? ഭാരതീകൃഷ്ണ തീർത്ഥ സ്വാമികൾ. അറിയാവുന്നവർ ഒരു കമന്റ് ഇട്ടാൽ നന്നാകും. പക്ഷെ ഇത് വായിക്കുന്നവരിൽ ഒരു തൊണ്ണൂറു ശതമാനത്തിനും ആ പേര് നിശ്ചയമുണ്ടാകില്ല. ഭാരതീയർ എന്നും ഇങ്ങിനെ വിഡ്ഢികളായി ഇരിക്കാൻ വേണ്ടിയാണല്ലോ നാം ഇന്നും മെക്കാളെയുടെ ഒസ്യത്ത് പേറുന്നത്. ഭാരതീകൃഷ്ണ തീർത്ഥ എന്ന ആ മഹാരഥൻ ആണ് വേദഗണിതത്തിന്റെ പിതാവ്. പുരി മഠത്തിന്റെ ശങ്കരാചാര്യർ ആയിരുന്ന അദ്ദേഹമാണ് വേദത്തിലെ ഗണിതസൂത്രങ്ങൾക്ക് പുതിയ വ്യാഖ്യാനം നൽകി ലോകത്തിന് പരിചയപ്പെടുത്തിയത്.

ഞാൻ എന്നും പറയാറുള്ള ഒരു കാര്യം - ഭാരതീയ ശാസ്ത്രത്തിൽ അതുണ്ടായിരുന്നു, ഇതുണ്ടായിരുന്നു എന്നെല്ലാം പറയുന്നതിന് പകരം, ലോകം ഇതുവരെ കണ്ടെത്താത്ത ഒരു നൂതനവിദ്യ - അത് കണ്ടെത്തി ലോകോപകാരപ്രദമാക്കുകയാണ് ചെയ്യേണ്ടത് എന്ന്. അതിന് പകരം ഇപ്പോളുള്ള പോലെ ക്ലോണിങ്ങും, പ്ലാസ്റ്റിക് സർജറിയുമെല്ലാം പണ്ടേ നമുക്ക് അറിയാമായിരുന്നു എന്ന തരത്തിലുള്ള വാദങ്ങൾ അസംബന്ധങ്ങളാണ്. അത് ശുശ്രുതനേയും ആര്യഭടനേയും പോലുള്ള ഭാരതീയ ഋഷിമാരോട് ചെയ്യുന്ന അനീതിയുമാണ്. അവരുടെ ഗംഭീരങ്ങളും ഗഹനങ്ങളുമായ കണ്ടുപിടിത്തങ്ങൾ ലോകമറിഞ്ഞില്ല. പാശ്ചാത്യർ അത് കണ്ടുപിടിച്ചതിനു ശേഷമാണ് നാം തന്നെ ഇവ ചികഞ്ഞ് അവരുടെ കഴിവ് കണ്ടെത്തുന്നത്. അതിനുപകരം, ഇതുവരെ ആധുനികശാസ്ത്രം കണ്ടെത്താത്ത ഒരു സിദ്ധാന്തം, ഒരു വഴി നാം വെട്ടിത്തുറന്നിട്ടാൽ അതാകും ആ ഋഷിപരമ്പരയോടുള്ള നമ്മുടെ കൃതജ്ഞത. ഈ വിഷയത്തിൽ ഞാൻ ഏറ്റവുമധികം ഉദ്ധരിക്കാറുള്ളത് വേദഗണിതത്തിന്റെ പുനരാവിഷ്കാരമാണ്.

ലോകം മുഴുവൻ അംഗീകരിച്ച ഗണിതസൂത്രങ്ങളുടെ ഉപജ്ഞാതാവിനെ പക്ഷെ നാം അറിയില്ല. ഭാരതീകൃഷ്ണ തീർത്ഥ എന്ന ആ മഹാത്മാവ് ഒരു കാവിവസ്ത്രധാരി ആയിരുന്നു എന്നറിഞ്ഞാൽ നമ്മുടെ ശാസ്ത്രകൗതുകം പാടേ അസ്തമിക്കുകയും ചെയ്യും. പ്രബുദ്ധമലയാളിയുടെ ദുരവസ്ഥ.

ഞങ്ങൾ ഗൂഗിൾ കാണിച്ച വഴിയിലൂടെ നടന്ന് മഠത്തിന്റെ കവാടത്തിലെത്തി. ഒരു മഠം ആണെന്ന് തോന്നാൻ അവിടുത്തെ ബോർഡ് മാത്രമേ ഉള്ളൂ... വെളിച്ചം തീരെ കുറഞ്ഞ ഒരു ഇടം. ചില ആളുകൾ അവിടെയും ഇവിടെയും കൂടി നിൽപ്പുണ്ട്. അകത്തേക്ക് കടന്നപ്പോൾ അതിലേറെ വിസ്മയം. അവിടെ ഒരു അമ്പലവും ഒരു കുളവും മാത്രമേ ഉള്ളൂ. ഭഗവതിയുടെ അമ്പലം. അവിടെയും വെളിച്ചവും ആൾക്കാരും കുറവ് തന്നെ. അതിന് പുറകിൽ കുറച്ചകലെയായി ചില ബിൽഡിങ്ങുകൾ കാണാം. ഇനി അതായിരിക്കുമോ ആശ്രമം?

അമ്പലത്തിൽ തൊഴുത്, ഞങ്ങൾ പുറത്തെ റോഡ് വഴി ആ ബിൽഡിങ്ങുകൾക്ക് അരികിലേക്ക് നടന്നു. അകത്തുകൂടെ വഴി കാണുമായിരിക്കും, പക്ഷെ ഞങ്ങൾ കണ്ടെത്താൻ ശ്രമിച്ചില്ല. കുറച്ചപ്പുറത്ത് വേറൊരു ഗേറ്റ് ഉണ്ട്. അതിലേക്കെത്തി. പൂർവാമ്‌നായ ഗോവർധനപീഠമഠം ഞങ്ങളെ സ്വാഗതം ചെയ്തു. കുറച്ച് കൂടി വലുപ്പം ഉണ്ടെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. മൊത്തത്തിൽ ആകെ മൂടിക്കെട്ടിയ ഒരിടം പോലെ തോന്നി. കയറിച്ചെല്ലുന്നിടത്തിനു ഇടത് വശത്തായി മുൻപേ പോയ അമ്പലം കാണാം. ഇടത്തേക്ക് ഒരു പടിക്കെട്ടുണ്ട്. അതിലൂടെ ഞങ്ങൾ ഇറങ്ങി. കുറച്ച് ഭക്തർ അവിടിവിടെയായി നിൽപ്പുണ്ട്. പകലൊക്കെ അവിടെ ബിൽഡിംഗ് പണിയായിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ വഴിനീളെയുണ്ട്. 

ഇവിടെ വീണ്ടും രാമകൃഷ്ണ മഠത്തിന്റെ നിഷ്കർഷയും വൃത്തിയും സ്മരിക്കാതെ വയ്യ. അവിടെയും പണി നടക്കുന്ന ഇടങ്ങളുണ്ട്. വൃത്തിയായി വഴി തിരിച്ച് ഭക്തർക്ക് അതിൻ്റെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ തികഞ്ഞ പ്രൊഫഷണൽ ആയാണ് അവിടെ കാര്യങ്ങൾ ചെയ്യുന്നത്. 

പൊടിപിടിച്ച ആ പടിക്കെട്ടുകൾ ഇറങ്ങിച്ചെന്നാൽ വലത് വശത്ത് ഗോവർദ്ധനഗിരിധാരിയുടെ ക്ഷേത്രമാണ്. ചെറിയ അമ്പലം. തമിഴ്‌നാട്ടിൽ റോഡരികിൽ കാണുന്ന അമ്പലങ്ങൾക്ക് ഇതിലും വലുപ്പം കാണും. പക്ഷെ ഇത് പ്രതിഷ്ഠിച്ചത് സാക്ഷാൽ ശങ്കരാചാര്യരാണ്. ഭംഗിയുള്ള വിഗ്രഹം. വലിയ ആഡംബരമൊന്നും കൂടാതെ തുളസികൊണ്ട് അലങ്കരിച്ചിരിക്കുന്നു. മുൻപിൽ സാളഗ്രാമശിലകൾ പീഠങ്ങളിൽ വിരാജിക്കുന്നു. പൂജാരി പ്രസാദം തന്നു. വളരെ ഹൃദ്യമായ പെരുമാറ്റം. ദക്ഷിണ നൽകി ഞങ്ങൾ അമ്പലത്തിന് പുറത്തിറങ്ങി. മുകളിലേക്ക് കയറുന്നതിന് തൊട്ടു മുൻപ് വലതു വശത്ത് ഒരു ചില്ലിട്ട ഒരു മുറി. അവിടെ പൊടിപിടിച്ച നിറം മങ്ങിയ കാവിത്തുണികൊണ്ട് പൊതിഞ്ഞ ഒരു കട്ടിൽ. കട്ടിലെന്നു പറഞ്ഞുകൂടാ - ഒരു മരപ്പലക. ചുമരിലെഴുതിയതിലേക്ക് ഞങ്ങൾ ശ്രദ്ധ തിരിച്ചു. ഒരു മിന്നൽപ്പിണർ ഹൃദയത്തിലൂടെ പാഞ്ഞു..

No comments:

Post a Comment