Thursday, March 14, 2024

പൈതൃകം!

പഴയ തലമുറകൾ സമ്മാനിച്ച ഗരിമക്കൊത്ത് ഉയരാൻ സാധിക്കായ്ക പലപ്പോഴും വേദനിപ്പിക്കുന്നതാണ്. വെറുമൊരു സൂക്ഷിപ്പുകാരൻ എന്ന നിലക്ക് അതിൻ്റെ മഹിമയുടെ പ്രശസ്തി അരോചകവും. തന്റേതായ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നതിൽ വിജയിച്ചില്ലെങ്കിലും അതിനുള്ള ശ്രമം തന്നെയാണ് അവർക്കുള്ള ദക്ഷിണ.

Point by point, we are determined, not merely to keep what we had, but to win what we never had before. It is not, how much have we kept ? but, how much have we annexed? - Sister Nivedita 
 ---------------------

പിതാമഹൻ വരച്ചിട്ട 
ചിത്രം പോലെ വരക്കുവാൻ 
മഷി പൂണ്ടൊരു കയ്യോടെ 
വീണ്ടും വീണ്ടും ശ്രമിപ്പു ഞാൻ 

മരിച്ചു മാഞ്ഞ മുത്തശ്ശൻ 
കയ്യൊപ്പിട്ട പടങ്ങളിൽ 
കാണുന്നൂ എത്തിനോക്കാനും 
പറ്റാത്തൊരു ഗഭീരത 

ഇച്ചിത്രം കണ്ടു മാലോകർ 
നന്നു നന്നെന്നു ചൊല്ലവേ 
ചൂളിപ്പോകുന്നു ഞാൻ, ചിത്രം-
സൂക്ഷിക്കുന്നൊരു പാമരൻ 

ഇതുപോലൊന്നിൽ കൈയൊപ്പ് 
ചാർത്തി നിൽക്കുന്നൊരെന്നെ ഞാൻ 
കിനാവിൽ കാണ്മിതെന്നാലും 
തോൽക്കുന്നോരോ വരപ്പിലും 

നോക്കി നോക്കി വരയ്ക്കുമ്പോൾ 
തെറ്റിപ്പോകുന്നു രേഖകൾ 
നോക്കാതുള്ളിൽ നിനക്കുമ്പോൾ 
തെളിയാ വർണ്ണരാജികൾ 

എല്ലാം ചേർന്നു വരുന്നേരം 
മടി തോന്നുന്നു, കൈയിലെ 
മഷി തീരുന്ന നേരത്തൊ-
രുത്സാഹം തലപൊക്കിടും 

എത്ര രാത്രികൾ കൊണ്ടാവോ 
തീർത്തതീ ചിത്രമഞ്ജരി 
എത്ര നോവ് കുടിച്ചാവോ 
ചാലിച്ചീ നിറനീലിമ 

കുത്തുവാക്കുകൾ എന്തൊക്കെ 
കേട്ടാവോ വര തീർക്കുവാൻ 
എത്ര രക്തകണം വാർന്നു 
ചുവന്നീ പടചിത്രകം 

എത്ര തന്നെ വരച്ചാലും 
ആകില്ലെത്താനതെങ്കിലും 
മഷി തീരും വരെ വീണ്ടും 
വീണ്ടും മാറ്റി വരപ്പു ഞാൻ 

ജയിക്കാനുള്ള സാമർത്ഥ്യം 
എന്നിൽ ഇല്ലെങ്കിലെന്തു ഹാ!
ശ്രമിക്കാനുള്ളൊരുത്സാഹം 
അതു താനെന്റെ പൈതൃകം 

No comments:

Post a Comment