Monday, January 8, 2024

കനിവുറവ് തേടി...... - ഭാഗം പതിനൊന്ന് - ഛത്തീസ്‌ഗഡിൽ നിന്നൊരു സ്നേഹസമ്മാനം.

"ആർക്കും വേണ്ടെങ്കിൽ ഇതും ഞാൻ കഴിക്കാം" മഹുവ എന്ന ഒരു പൂവ് കൊണ്ടുള്ള ഒരു പലഹാരം കഴിക്കുകയായിരുന്ന പ്രഭു ഉറക്കെ പ്രഖ്യാപിച്ചു. ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ആകും മുൻപ് അത് കഴിക്കുകയും ചെയ്തു. എല്ലാവരും ഒരുമിച്ച് ചിരിച്ചു. സത്യന്റെ സുഹൃത്ത് അഖിൽ കൊണ്ടുവന്നതാണ് ആ പലഹാരം. എള്ളുണ്ട പോലെ ഒന്ന്. ഛത്തീസ്‌ഗഡിൽ  ഒരു ആദിവാസിമേഖലയിൽ സാമൂഹ്യസേവകനാണ് അദ്ദേഹം. ഡൽഹിയിൽ കുട്ടിക്കാലം മുതൽ പഠിച്ച്, ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സത്യനോടൊപ്പം പഠിച്ചിറങ്ങിയ അദ്ദേഹം ഒരു എൻജിഒ യുടെ ഭാഗമായി അവിടെ പ്രവർത്തിക്കുകയാണ്. ഇപ്പോൾ അവരുടെ വക ഒരു ബംഗാൾ യാത്രക്ക് വേണ്ടി വന്നതാണ്. 2-3 ദിവസം കൽക്കത്തയിലെ ഒരു ബന്ധുഗൃഹത്തിൽ കഴിയും. അതിനിടയിലാണ് ഇന്ന് സത്യാനന്ദിനെയും, സത്യന്റെ വർണ്ണനകളിൽ നിറഞ്ഞു നിന്ന ജയേട്ടനെയും കാണാൻ വന്നത്.

ഞങ്ങൾ നേതാജി ഭവനിൽ നിന്നും എത്തിയതേയുള്ളൂ. ഞാനും സത്യനും പോയി പിറ്റേന്നത്തേക്കുള്ള വണ്ടി ആശ്രമം ഓഫീസിൽ നിന്ന് ശരിയാക്കി തിരിച്ചെത്തിയപ്പോഴേക്കും അഖിൽ എത്തിയിരുന്നു. ആലപ്പുഴയിൽ വേരുകളുള്ള അഖിൽ ഈ ചെറിയ പ്രായത്തിനുള്ളിൽ പല ജീവിതാനുഭവങ്ങളും നേടിയിട്ടുണ്ട്. ഛത്തീസ്‌ഗഡിലെ ഗോത്രഗ്രാമത്തിൽ അവരോടൊപ്പം ചേർന്നു നിന്ന് അവരുടെ അവസ്ഥ ഉയർത്താനുള്ള പരിശ്രമങ്ങൾ ആണ് അദ്ദേഹം നടത്തുന്നത്. അവരുടെ ജീവിതരീതികൾ അഖിൽ വിവരിച്ചത് കേട്ടപ്പോൾ പരിഷ്കാരികൾ എന്ന് ദുരഭിമാനം കൊള്ളുന്ന ഞങ്ങൾ പാടെ ചൂളിപ്പോയി. അവിടെ ജാതീയതയോ, രാഷ്ട്രീയമോ, ദുരഭിമാനക്കൊലകളോ, പണത്തിനുള്ള അത്യാർത്തിയോ ഒന്നുമില്ല. നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ചില ആചാരങ്ങൾ ഉണ്ടെന്നത് വാസ്തവം. പക്ഷെ നമ്മെക്കാൾ എത്രയോ മുകളിലാണ് നാഗരികത കടന്നുചെല്ലാത്ത ആ ഗോത്രമേഖലകൾ എന്നെനിക്ക് തോന്നി. ഒരു ബന്ധവുമില്ലാത്ത തന്നെ അവരുടെ വീടുകളിൽ താമസിക്കാൻ അനുവദിച്ചതും, അവരുടെ ചടങ്ങുകളിലേക്ക് ക്ഷണിച്ചതുമെല്ലാം അഖിൽ പറഞ്ഞപ്പോൾ ജയേട്ടൻ പറഞ്ഞു : "ഇതാണ് നമ്മുടെ സംസ്കാരം. നാം അതിൽ നിന്നെത്ര അകന്നു. ഇങ്ങനെയുള്ളവർ ഇപ്പോഴുമുണ്ടെന്ന് ലോകം അറിയണം."

എനിക്കും അതേ അഭിപ്രായമായിരുന്നു. ഈ ലോകത്തെ പുറംലോകം അറിയണം. അതിനാൽ നമ്മുടെ അഹങ്കാരം കുറയുമെന്ന മിഥ്യാബോധമൊന്നും എനിക്കില്ല. പക്ഷെ നാളെ ഈ ലോകവും അന്യം നിന്നു കഴിഞ്ഞാൽ, വിചാരശീലർക്ക് മൂല്യങ്ങൾ വീണ്ടെടുക്കാൻ ഒരു അളവുകോലായി ഇന്നത്തെ ആ സമൂഹങ്ങളെ നാം വരച്ചിടുക തന്നെ വേണം. അതിന് അഖിലിനെ പ്രേരിപ്പിക്കുകയായിരുന്നു ഞങ്ങൾ പിന്നീടങ്ങോട്ട്. അവരുടെ വസ്ത്രം, ഭക്ഷണം, വിവാഹം, തർക്കങ്ങൾ ഇങ്ങിനെ എല്ലാതിനേയും കുറിച്ച് തുടരെത്തുടരെ ഞങ്ങൾ ചോദിച്ചു. ചിരിയുടെ അകമ്പടിയോടെ അഖിൽ എല്ലാം പറഞ്ഞു തന്നു. പല കാര്യങ്ങളും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. തിരിച്ച് അഖിലിന് ആദ്ധ്യാത്മികമായ സംശയങ്ങൾ ജയേട്ടൻ നിവൃത്തി വരുത്തിക്കൊടുത്തു. 

പിറ്റേന്ന് കാമാർപുക്കൂർ യാത്രക്ക് വരാൻ സാധിക്കില്ലെന്നും, എന്നാൽ അതിന് പിറ്റേന്നുള്ള കൽക്കത്തായാത്രയിൽ കൂടെകൂടാമെന്നും അഖിൽ പറഞ്ഞു. ഗസ്റ്റ് ഹൗസിൽ നിന്ന് തന്നെ രാത്രിഭക്ഷണവും കഴിപ്പിച്ചാണ് അഖിലിനെ യാത്രയാക്കിയത്.

നമ്മുടെ മഹർഷിമാർ പരിവ്രജനം ചെയ്തിരുന്നത് ഇതിനൊക്കെ വേണ്ടിത്തന്നെയാണ്... നാടിന്റെ യഥാർത്ഥസ്വഭാവം അറിയാൻ ഇതിനാലൊക്കെയാണ് സാധിക്കുന്നത്. സ്വാമി വിവേകാനന്ദന്, ഒരു പക്ഷെ ശങ്കരാചാര്യർക്ക് ഒക്കെ ഊർജ്ജവും മാർഗ്ഗവും പറഞ്ഞു കൊടുത്തത് അവരുടെ ദിഗ്‌വിജയയാത്രകൾ തന്നെയായിരുന്നിരിക്കണം. ഇത്രയാളുകൾ ഇത്രയൊക്കെ തലകുത്തി മറഞ്ഞിട്ടും നരേന്ദ്രമോദിയെ തളക്കാൻ ആർക്കും സാധിക്കാത്തതിന്റെ ഒരു കാരണം പണ്ട് പ്രചാരകനായും അല്ലാതെയും അദ്ദേഹം അലഞ്ഞ ആ വഴികൾ തന്നെയാണ്. ഈ നാടിന്റെ പ്രാണസ്പന്ദം - അവർ എന്തിന് കാതോർക്കും - എന്തിനാൽ അവരെ ജയിക്കാൻ സാധിക്കും - ഈ സൂത്രവാക്യങ്ങളുമായാണ് മോദി രാഷ്ട്രീയപ്രവേശം ചെയ്യുന്നത് തന്നെ. ഇതൊരു രാഷ്ട്രീയ പോസ്റ്റ് അല്ലാത്തതിനാൽ സ്വന്തം വിശകലനത്തിലേക്കായി അത് വിട്ടു നൽകുന്നു. 

കാര്യമെന്തായാലും നമ്മുടെ നാടിനെക്കുറിച്ച് നമുക്കെത്ര കുറച്ചേ അറിയൂ എന്ന് ഓരോ യാത്രയിലും നമുക്ക് വെളിപ്പെട്ടുവരുന്നു. ഈ പ്രായത്തിനിടയിൽ നാടിനു വേണ്ടി പ്രവർത്തിക്കുന്ന അഖിലിനോട് എല്ലാവർക്കും വല്ലാത്ത ബഹുമാനം തോന്നി. 

No comments:

Post a Comment