Sunday, January 7, 2024

കനിവുറവ് തേടി...... - ഭാഗം പത്ത് - കലർപ്പില്ലാത്ത ചായക്കൂട്ടുകൾ!!!

നാം എല്ലായ്‌പ്പോഴും നമ്മുടെ കണ്ണടകൾ വെച്ചുകൊണ്ടാണ് ഓരോ സ്ഥലവും ഓരോ സംഭവവും വിലയിരുത്തുന്നത്. അതിനാലാണ് ലോകം മനഃസങ്കല്പത്തിൽ നിന്ന് വരുന്നതാണെന്ന് ഭാരതീയ മഹർഷിമാർ പറയുന്നത്. ഒരേ കാഴ്ച്ച ഓരോരുത്തരിലും ഉണ്ടാക്കുന്ന വികാരം ഓരോ തരത്തിൽപ്പെട്ടതായിരിക്കും. ഞങ്ങൾ കണ്ട കൽക്കത്തയും ഏതാണ്ടിതുപോലെ തന്നെ.

ദാരിദ്ര്യവും പരിഷ്‌കാരവൈമുഖ്യവും കൊണ്ട് വൃത്തികെട്ടതാണെന്നാണു ആദ്യത്തെ കാഴ്ച്ചയിൽ തോന്നുക. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങൾ അനാഥമായിക്കിടക്കുന്നു. അവകളിൽ വേരുകളാഴ്ത്തി കാലത്തിനെ കുടിച്ചു തീർക്കുന്ന വലിയ ആൽമരങ്ങൾ. വൃത്തിഹീനമായ ഗലികൾ. കടുംചായം ചുണ്ടത്തുപുരട്ടി മാത്രം പുറത്തിറങ്ങുന്ന പെണ്ണുങ്ങൾ. അദ്ധ്വാനിച്ച് വിയർത്തൊട്ടുന്ന പട്ടിണിക്കോലങ്ങൾ. കഴിഞ്ഞ കാലങ്ങളിൽ എങ്ങോ കണ്ടുമറന്നതെന്നു തോന്നിക്കുന്ന ജീവിതസാഹചര്യങ്ങൾ...

പക്ഷേ, എനിക്ക് കൽക്കത്ത കടുംചായങ്ങൾ നിലത്തുവീണു തെറിച്ചുപോയ ഒരു ക്യാൻവാസ് പോലെയാണ് തോന്നിയത്. ഒരു ഫോട്ടോഗ്രാഫർക്ക്, ഒരു ചിത്രകാരന് - എങ്ങോട്ട് തിരിഞ്ഞാലും ജീവൻ തുടിക്കുന്ന ഫ്രേമുകൾ സമ്മാനിക്കുന്ന ഒരിടം. ഇവിടെ നാം വലിയ നഗരങ്ങൾ എന്ന് വിളിക്കുന്നവയിൽ കാണുന്ന  ആഢ്യത്വത്തിന്റെ,  ധാരാളിത്തത്തിന്റെ ധാർഷ്ട്യമല്ല...പഴമയുടെ, നഷ്ടസ്മൃതികളുടെ ഒരു ലാളിത്യമാണ് കാണാൻ സാധിക്കുക. ആ വഴികളിലൂടെ നടക്കുമ്പോൾ ഒരു നൂറ്റാണ്ട് പിറകിൽ നിന്ന് നമുക്ക് നമ്മെ തന്നെ കാണുവാൻ സാധിക്കും - ബ്രിട്ടീഷുകാരുടെ കുതിരക്കുളമ്പടികൾ ഇപ്പോഴും കേൾക്കാം - വന്ദേമാതരം എന്ന ഗാനത്തിന്റെ ശീലുകൾ കേൾക്കാം - രാമകൃഷ്ണവിവേകാനന്ദന്മാരെ തഴുകി വരുന്ന കാറ്റ് നമ്മെ തൊടുന്നത് പോലെ തോന്നാം...


കൽക്കത്ത ഇനിയും ചരിത്രസുഷുപ്തിയിൽ നിന്നും ഉണരാത്ത ഒരിടമായി തോന്നി.. കമ്മ്യൂണിസം ഇതിൻറെ നട്ടെല്ലൊടിച്ചുവെങ്കിലും ഇനിയും നഷ്ടപ്പെടാത്ത സ്വത്വം ബംഗാളിയിൽ കാണാം - ഒരു പരിഭവവും കൂടാതെ തങ്ങളുടെ സൗകര്യങ്ങളിൽ കഴിഞ്ഞുകൂടുന്നവരെ കാണാം - ഒരു ജീവിതസമ്പാദ്യം മുഴുവനും കൂട്ടിവെച്ച് തീർത്ഥാടനം നടത്തുന്നവരെ കാണാം - ഋതുമതിയായതിനു ശേഷം കാളീഘട്ടിലെത്തി ആടിനെ ബലിനൽകാൻ ഏൽപ്പിക്കുന്ന നിഷ്കളങ്കഭക്തി കാണാം - ആർത്തിപ്പിശാച് പിടികൂടാത്ത പച്ചമനുഷ്യരെ കാണാം..



ഞങ്ങൾ ചെന്ന മിക്കവാറും ഹോട്ടലുകളിലും ചായക്കടകളിലും ഞങ്ങൾ എന്തൊക്കെ കഴിച്ചു എന്നതിന്റെ കണക്ക് പറഞ്ഞിരുന്നത് ഞങ്ങൾ തന്നെയാണ്. മനുഷ്യൻ മനുഷ്യനെ വിശ്വസിക്കാതെയിരിക്കുന്ന ഈ കാലങ്ങളിൽ ഇതൊരു പച്ചത്തുരുത്താണ്. ലോകമെല്ലാം ആർത്തി ഒരു പാപമല്ലെന്ന് ഉറച്ചു വിശ്വസിക്കുമ്പോൾ ഉള്ളതിൽ സന്തോഷിക്കുന്നവർ ഈ ലോകത്തിൽ ഉണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു കൽക്കത്ത.

കൽക്കത്തയിലെ അവസാനദിവസത്തെ കറക്കത്തിനിടയിൽ വഴി ചോദിച്ച വയസ്സായ ഒരു മുസ്ലിം വൃദ്ധനെ ഓർമ്മ വരുന്നു. വലിയൊരു ഭാരം വഹിച്ചുള്ള സൈക്കിൾ ചവിട്ടി വരികയായിരുന്നു അദ്ദേഹം. പോകേണ്ട വഴി ചവിട്ടുന്നതിനിടയിൽ തന്നെ പറഞ്ഞു തന്ന അദ്ദേഹം അല്പദൂരത്തിനു ശേഷം വണ്ടി നിർത്തി. വിശദമായി ചോദിച്ചറിഞ്ഞ്, പല ഓപ്ഷൻസും അതിൽ ഏറ്റവും നല്ല വഴിയും അതിന്റെ ബസ് നമ്പറുകളും ഒക്കെ പറഞ്ഞുതന്ന് സൈക്കിൾ ചവിട്ടി പോയി. 


ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തി വണ്ടികളുടെ നമ്പറുകൾ പരിശോധിച്ച് കയറാമോ എന്ന് ചിന്തിക്കുമ്പോൾ, ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം വീണ്ടും വന്നു. സൈക്കിൾ സിഗ്നൽ കഴിഞ്ഞുള്ള ഒരിടത്ത് നിർത്തി - തൻ്റെ ശ്രമകരമായ ജോലി നിർത്തി - തൻ്റെ പ്രശ്നങ്ങൾക്ക് അവധി നൽകി -  ഞങ്ങളെ വണ്ടി കയറ്റാൻ വേണ്ടി വന്നതാണ്. ഉടനെ ഞങ്ങൾക്ക് പോകാനുള്ള വണ്ടി വന്നതിനാൽ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ കഴിഞ്ഞില്ല. ആ പൊടിപിടിച്ച കാൽകളിൽ എത്ര നമസ്കരിച്ചാലാണ് നമ്മുടെ മനസ്സുകളിലെ ലാഭക്കൊതി അല്പമൊന്നടങ്ങുക?


യാത്രയിൽ കാണുന്ന സ്ഥലങ്ങളേക്കാൾ, കാഴ്ചകളേക്കാൾ ഇത്തരത്തിൽ ഉള്ള ഉദ്ബോധനങ്ങൾക്കാണ് നാം ഒരുങ്ങിയിരിക്കേണ്ടത്. അല്ലെങ്കിൽ യാത്ര വ്യർത്ഥം.

എല്ലാവരും പറ്റാവുന്നത്ര ചിത്രങ്ങൾ എടുത്തു (ഇടക്ക് അത് യാത്രയെ  വൈകിപ്പിക്കാതിരിക്കാൻ തടസ്സം പറയേണ്ടി വന്നിട്ടുണ്ടെങ്കിലും). ഈ യാത്രാവിവരണത്തിലെ ചിത്രങ്ങൾക്ക്, സംഘത്തിലെ ഓരോ അംഗത്തിനോടും കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. സൂര്യൻ അസ്തമയത്തിനോട് അടുക്കവേ ഹൌറാ പാലം കടന്ന് ഞങ്ങളുടെ ടാക്സി ബേലൂർ മഠത്തിനോട് അടുത്തുകൊണ്ടിരുന്നു....

1 comment: