Wednesday, January 10, 2024

കനിവുറവ് തേടി...... - ഭാഗം പന്ത്രണ്ട് - ആത്മാവിൽ വേരുകളുള്ള ഒരു നാട്

"പൂർവ്വം കുലീനവിബുധാ: ന  പദാ: സ്പൃശേയു:
ഭൂമൗ മനുഷ്യപദമിത്യവമാനബുദ്ധ്യാ 
ആദ്യ ത്വചിന്ത്യമഹിമാർണ്ണവ രാമകൃഷ്ണ-
സ്യാക്രീഡരംഗമിതി ഭക്തിമനീഷയാ ച" 

(പണ്ട് ദേവന്മാർ ഭൂമി മനുഷ്യരുടെ വാസസ്ഥാനമാണ് എന്ന അപമാനബുദ്ധി കൊണ്ട് ഇവിടെ ചവിട്ടില്ല. ഇപ്പോളാകട്ടെ, ചിന്തിക്കാനാവാത്ത മഹിമയോലുന്ന ശ്രീരാമകൃഷ്ണൻ്റെ ലീല അരങ്ങേറിയ ഇടം എന്ന ഭക്തിയാലും)(സ്വന്തം തർജ്ജിമ)

പത്തിരുപത് കൊല്ലം മുൻപ് ഭക്തകവി ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ രണ്ടോ മൂന്നോ രൂപ മുഖവിലയുള്ള, വിലമതിക്കാനാവാത്ത  ശ്രീരാമകൃഷ്ണകർണ്ണാമൃതം എന്ന കൃതി  കാലടി അദ്വൈതാശ്രമത്തിൽ നിന്ന് വാങ്ങി വായിക്കുമ്പോൾ കാണാതെ പഠിച്ച ഒരു ശ്ലോകമാണിത്. ഭക്തി താവിത്തുളുമ്പി നിൽക്കുന്ന ആ കൃതി എന്നെ രാമകൃഷ്ണഭക്തനാക്കുന്നതിൽ ചില്ലറയല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അല്പജ്ഞനായ എനിക്ക് പോലും ആസ്വദിക്കാനാവുന്ന സംസ്കൃതവും അതിൻ്റെ മലയാളപരിഭാഷയും കൂടിയ ആ കൃതി കിടയറ്റ കാവ്യസൗഭഗത്തിന്റെ ഉറവയാണ്.

ബംഗാളിലെ യാത്രയെക്കുറിച്ച് എഴുതുമ്പോൾ, ഞാൻ ഇത് ഓർക്കുകയാണ്. മൂന്നാം ദിവസം ഞങ്ങൾ മേൽപ്പറഞ്ഞ ആ ലീലയുടെ ആദ്യത്തെ അദ്ധ്യായങ്ങൾ എഴുതപ്പെട്ട കാമാർപുക്കൂറിലേക്കാണ് പോകുന്നത്. ഭഗവാന്റെ ജന്മസ്ഥലം.  അവ്യക്തമായിരുന്ന അവതാര ഉദ്ദേശ്യത്തിന് ആ ബ്രാഹ്മണബാലനെ പാകപ്പെടുത്തി എടുത്ത സ്ഥലം. അയോദ്ധ്യ - മഥുര - ബേത്ലഹേം എന്ന പോലെ ഓരോ മൺതരിയും ഇന്നും കഥകൾ പറയുന്ന രാമകൃഷ്ണന്റെ കാമാർപുക്കൂർ. സാന്ദർഭികമായി ഓർക്കുന്നു - ഇതിനെ ഓട്ടൂർ സംസ്കൃതീകരിച്ചത് കാമാരപുഷ്കരം എന്ന പേരിലാണ്.

ബംഗാൾ അനവധി തേജഃപുഞ്ജങ്ങളെ പ്രസവിച്ചിട്ടുണ്ട്. അവരെ ഇന്നും കൊണ്ടാടുന്നു എന്നതിലാണ് അവരുടെ മഹത്വം. ബംഗാൾ മാത്രമല്ല - കേരളമൊഴികെ മറ്റെവിടെയും ഈ സ്വത്വം പ്രകടമാകുന്നത് കാണാം. ഭാരതിയാറും കമ്പരും, ശിവജിയും സവർക്കറും, കുവെമ്പുവും രാജ്‌കുമാറും, റാണാപ്രതാപും, പൃഥ്വിരാജ് ചൗഹാനും എല്ലാം ഇന്നും അതാത് നാടുകളിൽ അവരുടെ അസ്തിത്വത്തിന്റെ ചിഹ്നങ്ങളാണ്.

നമുക്കോ? കേരളസിംഹം എന്ന പഴശ്ശി തമ്പുരാനെയോ, വേലുത്തമ്പി ദളവയെയോ, എഴുത്തച്ഛനെയോ, കുഞ്ചൻ നമ്പ്യാരെയോ, സഞ്ജയനെയോ, കുഞ്ഞിരാമൻ നായരെയോ, ചെറുശ്ശേരിയേയോ, ശ്രീനാരായണഗുരുവിനേയോ, ചട്ടമ്പിസ്വാമികളെയോ....... എഴുതിയെഴുതി കൈ കഴക്കുന്നു. എത്രയെത്ര  മഹാരഥന്മാർ... ഇവരിൽ എത്രപേർക്ക് ഒരു സ്മാരകം നാം നിർമ്മിച്ചിട്ടുണ്ട്? ഉള്ളവ എത്ര എണ്ണം നേരാം വണ്ണം പരിപാലിക്കുന്നുണ്ട്? എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ ഇപ്പോഴും ഒരു ചാക്കിനുള്ളിൽ വീർപ്പുമുട്ടി കഴിയുന്നു. സ്വന്തം പിതൃത്വത്തിൻ്റെ അടയാളങ്ങൾ നഷ്ടപ്പെടുന്ന ഒരു ജനതയായി നമ്മെ വാർത്തെടുത്തതാരാണ്? എനിക്ക് ചൂണ്ടാൻ കൃത്യമായ ഒരു ഉത്തരവാദിയുണ്ട്... പക്ഷെ, ഇത് മാറണ്ടേ? എത്രകാലം നാം രാഷ്ട്രീയം മാത്രം തിന്ന് ജീവിക്കും? ക്ഷമിക്കണം... ഇതെന്റെ ആത്മരോഷങ്ങൾക്കുള്ള ഇടമല്ല...

ബംഗാൾ ഇന്നും രവീന്ദ്രസംഗീതം കേൾക്കുന്നു. ഠാക്കുർ എന്ന് വിളിക്കുന്ന ശ്രീരാമകൃഷ്ണന്റെ ചിത്രം കടമുറികളിൽ തൂക്കുന്നു, ബാവുൾ ഗായകരെ നമിക്കുന്നു, നവരാത്രിക്കാലത്ത് പന്തലുകളിൽ നിന്ന് പന്തലുകളിലേക്ക് ദുർഗാപ്രതിമകൾ കാണാൻ രാവിളയ്ക്കുന്നു.... ആത്മാവിൽ വേരുകളുള്ള ഒരു നാട് കൂടി കണ്ടതിൽ ഞാൻ അതിയായി സന്തോഷിച്ചു. 

രാവിലെ 6 മണിക്ക് ഞങ്ങളുടെ ഡ്രൈവർ ടിങ്കുജി വണ്ടിയുമായി എത്തി. ഒരു മദ്ധ്യവയസ്കൻ. ആശ്രമം വഴി ബുക്ക് ചെയ്തതായതിനാൽ വഴിയും കാണേണ്ട സ്ഥലങ്ങളുമെല്ലാം മനഃപാഠം. തലേന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു - " എല്ലാ സ്ഥലങ്ങളും കാണണമെന്ന് ഞങ്ങൾക്ക് നിർബന്ധമില്ല. കാമാർപുക്കൂർ, ജയറാംബാടി... ബാക്കിയൊക്കെ തഞ്ചം പോലെ..."
ചെറിയ, തിരക്കേറിയ ഹൈവേയിലൂടെ വണ്ടി പതുക്കെ നീങ്ങി. സിറ്റിയുടെ ഭാവഹാവാദികൾ മാറി നാട്ടിൻപുറങ്ങൾ കണ്ട് തുടങ്ങി. വെളുപ്പിന്റെ ആലസ്യത്തിൽ നടക്കുന്നവർ, കൂട്ടമായി ഓട്ടോയിൽ ജോലിക്ക് പോകുന്നവർ, വിശാലമായി നീണ്ടു കിടക്കുന്ന നെൽപ്പാടത്തിന്റെ അങ്ങേയറ്റം ഉഴുതുമറിക്കുന്നവർ, മഞ്ഞിന്റെ പുതപ്പിൽ നിന്ന് തലപൊന്തിച്ചു നോക്കുന്ന തെങ്ങിൻ നിരകൾ, മീനുകൾ പുളഞ്ഞു കളിക്കുന്ന ചെറുകുളങ്ങൾ.... നാം നഷ്ടപ്പെടുത്തിയ ഗ്രാമ്യനന്മകൾ...

പുറത്ത് തണുപ്പാണെങ്കിലും അകത്ത് ചൂടായിരുന്നു. തീപാറുന്ന ചർച്ച. തുടക്കമിട്ടത് ജയേട്ടൻ തന്നെ. ഭാരതസ്വാതന്ത്ര്യസമരത്തിന് വിവേകാനന്ദൻ്റെ സംഭാവനകൾ എന്നതാണ് വിഷയം. രണ്ടു പക്ഷം ഉണ്ടാകാൻ വേണ്ടി ഞാൻ എതിർപക്ഷം പിടിച്ചു. അതായത് സംഭാവന ഒന്നുമില്ലെന്ന വാദം. സത്യനാണ് മറുപക്ഷത്തിൻ്റെ നേതാവ്. അവസാനവിജയം സത്യത്തിനാവുമെന്നും,അത് സത്യനാവുമെന്നും അറിഞ്ഞുകൊണ്ടുള്ള ഒരു വിനോദം. തർക്കം വ്യക്തിഗതമായ രീതിയിൽ പോകുമ്പോൾ മോഡറേറ്റർ എന്ന നിലയിൽ ജയേട്ടൻ ഇടപെടും. പിറകിലെ സീറ്റിൽ തൊട്ടടുത്ത്  മാധവൻ രാവിലത്തെ ഉറക്കം മുഴുമിക്കുന്നു. മുൻപിൽ സതീഷേട്ടൻ ഡ്രൈവറോട് ഹിന്ദി എന്നദ്ദേഹം കരുതുന്ന ഒരു ഭാഷയിൽ കുശലം പറയുന്നു. പ്രഭു ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്. സുനിത ഡോക്ടറും മുരളിയേട്ടനും വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ഞങ്ങളുടെ തർക്കം കേട്ടിരുന്നു.

അല്പനേരത്തിനു ശേഷം തർക്കം അവസാനിപ്പിച്ചു. ഇടക്ക് ഒരിടത്ത് ചായ കുടിക്കാൻ നിർത്തി. അവിടത്തെ ചില്ലുകുപ്പികളിൽ നിന്നും പുതിയ ഐറ്റംസ് പരീക്ഷിക്കാൻ സതീഷേട്ടൻ സന്നദ്ധനായി. അല്പം ഭേദപ്പെട്ട ഒരു ടൗണിൽ നിന്ന് പ്രാതലും രസഗുളയും കഴിച്ചു. വണ്ടി പതുക്കെ ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തോട് അടുത്തുകൊണ്ടിരുന്നു. ഭഗവാന്റെ അച്ഛൻ പണ്ട് താമസിച്ചിരുന്ന ഗ്രാമമാണ് സ്ഥിരമായി സന്ദർശകരുടെ ആദ്യ ലക്ഷ്യം. അത് പറ്റിയാൽ പിന്നീട് എന്ന് പറഞ്ഞ്, ഞങ്ങൾ ടിങ്കുജിയോട് നേരെ കാമാർപുക്കൂറിലേക്ക് വണ്ടിവിടാൻ നിർദ്ദേശിച്ചു....
കുറച്ച് വളഞ്ഞുപുളഞ്ഞ്, ഏതൊക്കെയോ നാൾക്കവലകൾ പിന്നിട്ട്, ഇടുങ്ങിയ വഴികൾ പിന്നിട്ട്.... വണ്ടി നിന്നു. സ്വന്തം പിതൃഗൃഹം കാണാൻ പോകുന്ന ഉത്സാഹത്തോടെ ഞങ്ങൾ പുറത്തേക്കിറങ്ങി....

No comments:

Post a Comment