Saturday, January 6, 2024

കനിവുറവ് തേടി...... - ഭാഗം ഒമ്പത് -ചരിത്രം സഞ്ചരിച്ച വഴികൾ....

കാളീഘട്ട് കണ്ടുകഴിഞ്ഞ് ഞങ്ങൾ ഓരോ ചായ കുടിക്കാൻ ഇരുന്നു. ഇത് മലയാളികളുടെ മാത്രം സ്വഭാവമല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ പോയ ഒരു ടാക്സിക്കാരൻ പറയുകയും ചെയ്തു - "ഈ ബംഗാളികൾക്ക് ചായയും ബീഡിയും ഉണ്ടായാൽ പിന്നെ വേറൊന്നും വേണ്ട." ധാരാളം ബംഗാളികളും ചായ കുടിക്കുന്നുണ്ട്. ചായകൾ മൺകപ്പുകളിലാണ് ഇവിടെ. ഒരിക്കൽ കുടിച്ചാൽ അത് പൊട്ടിച്ചു കളയുകയാണ് പതിവ്. 

അവിടെ ഉണ്ടായിരുന്ന ഒരു വൃദ്ധനുമായി മുരളിയേട്ടൻ കുശലപ്രശ്നം തുടങ്ങി. ആരോടും അങ്ങോട്ട് ചെന്ന് മിണ്ടാൻ അദ്ദേഹത്തിന് ഒരു പ്രയാസവുമില്ല. ഈ യാത്രക്കിടയിൽ നിന്ന് അല്പസ്വല്പം ബംഗാളി ഭാഷ അദ്ദേഹം പഠിച്ചെടുക്കുകയും ചെയ്തു. അതിൽ ഒരു ഗുരുനാഥൻ ഞങ്ങളോടൊപ്പം വന്ദേഭാരതിൽ പുരിയിലേക്ക് വന്ന ഒരു നാലാംക്ലാസ്സുകാരനും ആണ്. പുതിയ ഭാഷകൾ പഠിച്ചെടുക്കുന്നതിൽ ഒരു വൈഭവം അദ്ദേഹത്തിനുണ്ട്. ഗൾഫിൽ ഒരു ബിസിനസ് സംരംഭം നടത്തുന്ന അദ്ദേഹം അനവധി നാടുകളും, പല പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകിയിട്ടുണ്ട്. അതിന്റേതായ ഒരു പക്വത അദ്ദേഹത്തിൽ കാണാം. എന്നാൽ കൂട്ടത്തിൽ കൂടിയപ്പോൾ നല്ലൊരു രസികനുമാണ് അദ്ദേഹമെന്ന് ഞങ്ങൾക്ക് മനസ്സിലായി.

എല്ലാ ദിവസവും മുരളിയേട്ടന്റെ വക ഒരു കുഞ്ഞു ക്വിസ് ഉണ്ടാകും. തലേന്ന് പോയ സ്ഥലങ്ങളിലെ എന്തെങ്കിലും ഒരു വിഷയവുമായി ബന്ധപ്പെട്ടായിരിക്കും അത്. ചിലതൊക്കെ ഞങ്ങൾ ഉത്തരം നൽകിയെങ്കിലും, ചില പ്രത്യേക നിരീക്ഷണങ്ങൾ അത്ഭുതം ഉളവാക്കത്തക്കതായിരുന്നു. 

"നമ്മൾ  ബംഗാളിലല്ലേ.. അപ്പോൾ ഇവരുടെ പോലെ വേണം നമ്മുടെ പേരുകളും. അത് കൊണ്ട് ഇന്നുമുതൽ ജയേട്ടന് പകരം നമ്മൾ ജോയേട്ടൻ എന്ന് വേണം വിളിക്കാൻ." അതിനെത്തുടർന്ന് എല്ലാവരെയും ഞങ്ങൾ പുനർനാമകരണം നടത്തി. ഇങ്ങിനെ നിരവധി നേരമ്പോക്കുകൾ വഴിനീളെ ഉണ്ടായിരുന്നു.

കാളീഘട്ടിൽ നിന്ന് ഞങ്ങൾ ഭവാനിപ്പൂരിലുള്ള നേതാജി ഭവൻ കാണാൻ പുറപ്പെട്ടു. കൽക്കത്തയുടെ ഹൃദയത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വീരസ്മരണകൾ ഉറങ്ങിക്കിടക്കുന്ന സ്മാരകമാണ് അത്. നേതാജി റിസർച്ച് ബ്യൂറോയുടെ ഉടമസ്ഥതയിൽ ഇപ്പോളുള്ള ഈ വീട്, നേതാജി ബോസിന്റെ അച്ഛൻ നിർമ്മിച്ചതാണ്. ഇവിടെ നേതാജി മ്യൂസിയം പ്രവർത്തിക്കുന്നു. ഇവിടെ നിന്നാണ് ഭാരതത്തിൽ നിന്ന് അവസാനമായി നേതാജി അപ്രത്യക്ഷനാകുന്നത്.

തൻ്റെ വീട്ടുതടങ്കലിന്റെ തലേന്ന്, ഒരു പത്താൻ വേഷത്തിൽ നേതാജി ഒരു കാറിൽ കയറി പോവുകയായിരുന്നു. പിന്നീട് ബെർലിനിൽ എത്തിയ അദ്ദേഹം അവിടെ നാസി സഹായത്തോടെ ഭാരതവിമോചനത്തിനായി ശ്രമിച്ചു. അത് ഫലം കാണുന്നില്ലെന്ന് തോന്നിയ അദ്ദേഹം പിന്നീട് ജപ്പാനിലേക്ക് വരികയും ആസാദ് ഹിന്ദ് ഫൗജ് രുപീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകൾക്ക് സാക്ഷ്യം വഹിച്ച വീട്ടിലേക്കാണ് ഞങ്ങൾ പോകുന്നത്. പുറത്തെ നിരത്തുവക്കിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച്, ഞങ്ങൾ ടിക്കറ്റ് എടുത്ത് അകത്തു കയറി. വാതിൽക്കൽ തന്നെ നേതാജി രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കിടക്കുന്നുണ്ട്. വളരെ ശ്രമകരമായ പുനരുദ്ധാരണം കൊണ്ട് പ്രൗഢിയോടെ പുനഃസൃഷ്ടിച്ച ആ വാഹനം അതിൻ്റെ ചരിത്രം വിളിച്ചുപറഞ്ഞുകൊണ്ട് നമ്മെ കോരിത്തരിപ്പിക്കുന്നു. 

നേതാജിയുടെ ജനനം മുതൽ ഉള്ള എല്ലാ പ്രധാനസംഭവങ്ങളും അവിടെ പ്രദർശനത്തിൽ കാണാം. കുട്ടിക്കാലവും, ബ്രിട്ടനിലെ പഠനവും, അവിടെ നിന്നുള്ള തിരിച്ചുവരവും, കൽക്കത്താ മേയർ സ്ഥാനവും, കോൺഗ്രസ്സിലെ അദ്ദേഹത്തിൻ്റെ നാൾവഴികളും, തുടർന്നുള്ള പിന്മാറ്റവും, ജർമ്മനി, ജപ്പാൻ തുടങ്ങിയ ഇടങ്ങളിലെ പ്രവർത്തനങ്ങളും എല്ലാം അതിന്റെ ക്രമത്തിൽ അവിടെ വിവരിച്ചിരിക്കുന്നു. ബോസ് ഉപയോഗിച്ചിരുന്ന വസ്തുക്കൾ, അദ്ദേഹത്തിൻറെ കൈപ്പടയിലുള്ള എഴുത്തുകൾ, നിരവധി ഫോട്ടോകൾ....... 

സ്വന്തം മണ്ണിനോട് ഏറ്റവും അടുത്തു നിന്ന്, നാട്ടിലെ ജനങ്ങളോടൊപ്പം അവരിൽ ഒരാളായിട്ടായിരുന്നു നേതാജി എന്നും. മാസ്മരികമായ ഒരു ആകർഷണ ശക്തി, അനിഷേധ്യമായ നേതൃത്വഗുണം, ആരെയും വിസ്മയിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന വാക് ചാതുരി - ഇതെല്ലാം നേതാജിയുടെ സഹജസ്വഭാവങ്ങളായിരുന്നു. 

അക്കാലത്തെ ഒരുവിധം എല്ലാ മഹദ് വ്യക്തികളും ഈ വീട്ടിലെത്തി നേതാജിയെ സന്ദർശിച്ചിരുന്നു. പിന്നീട് ജർമ്മനിയിലെത്തിയ നേതാജിയെ അന്നത്തെ ഭരണാധികാരിയായ ഹിറ്റ്ലർ സ്വീകരിക്കുന്ന ചിത്രങ്ങളെല്ലാം അന്നത്തെ ലോകഭൂപടത്തിൽ അദ്ദേഹത്തിന്റെ പ്രാതിനിധ്യം തെളിയിക്കുന്നതാണ്. ക്ഷാത്രതേജസ്സ്‌ നിറഞ്ഞു നിന്ന അദ്ദേഹത്തിൻറെ സൈനിക വേഷവും, അക്കാലത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന കോട്ടുകളും മറ്റുമെല്ലാം, ഭാരതത്തെ ഒരു അടിമരാഷ്ട്രമായി ലോകം കാണാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നതിന്റെ അടയാളമായി ഇന്നും നിലനിൽക്കുന്നു. 

ജപ്പാനിൽ ഐഎൻഎ രൂപീകരണവും, രാഷ്‌ബിഹാറിബോസുമായുള്ള അദ്ദേഹത്തിൻറെ ബന്ധവും, ഐഎൻഎ ഭടന്മാരോടൊപ്പമുള്ള അദ്ദേഹത്തിൻറെ ചിത്രങ്ങളുമെല്ലാം നമുക്ക് നഷ്ടപ്പെട്ട ആണത്തമുള്ള ഒരു ഭരണാധികാരിയുടെ നഷ്ടബോധം എന്നിലുളവാക്കി.

നാം വിസ്മരിച്ച, പിൽക്കാലത്ത് ഇന്ത്യ ഭരിച്ചവർ നമ്മെക്കൊണ്ട് വിസ്മരിപ്പിച്ച പല ചരിത്രങ്ങളും അവിടെ വീണ്ടും സജീവമായി. ആ ചരിത്രത്തിൽ ഭരണക്കൊതി പൂണ്ട ഒറ്റുകാരുടെ ചിത്രങ്ങളും ഞങ്ങൾ കണ്ടു. എഴുതപ്പെടാത്ത ചരിത്രം നാം വായിക്കേണ്ടതാണ്. അത് ഒളിഞ്ഞും തെളിഞ്ഞും അവിടെ നമുക്ക് മുൻപിൽ ഉയിർക്കൊള്ളുന്നു. ഭാരതത്തെക്കുറിച്ചും അതിന്റെ പാതയെക്കുറിച്ചും സമഗ്രവീക്ഷണമുള്ള ആ നേതാവ് ഇന്നും തൻ്റെ ദുരൂഹമായ തിരോധാനത്താൽ നമ്മുടെ തെറ്റുകളെക്കുറിച്ച് നിരന്തരം നമ്മെ ഓർമ്മിപ്പിക്കുന്നു.

നേതാജിയോടൊപ്പം അദ്ദേഹത്തിൻറെ സഹോദരൻ ശരത് ചന്ദ്ര ബോസിന്റെ ജീവിതവും മുറിയുമെല്ലാം നമുക്കവിടെ കാണാം. ഏതൊരു ഭാരതീയനും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരിടമായി ഞങ്ങൾക്ക് അത് തോന്നി. സുഗതാബോസ്, കൃഷ്ണാബോസ് എന്ന നേതാജിയുടെ പിൻതലമുറക്കാർ ആണ് ഈ റിസർച്ച് ബ്യൂറോയുടെ പിറകിൽ. 

അവിടെത്തന്നെയുള്ള ഒരു പുസ്തകശാലയിൽ കയറി. നിരവധി പുസ്തകങ്ങൾ ഉണ്ട്. അപൂർണ്ണമായ ആത്മകഥയിൽ കുട്ടിക്കാലത്തെ വിവേകാനന്ദസ്വാധീനം വിവരിക്കുന്ന ഭാഗം ജയേട്ടനെ കാണിച്ചു. ജീവിതകാലം മുഴുവൻ രാമകൃഷ്ണവിവേകാനന്ദന്മാരോട് അതീവ ശ്രദ്ധാഭക്തികൾ പുലർത്തിയിരുന്ന ആളായിരുന്നു നേതാജി ബോസ്. സ്വാമിജി ജീവിച്ചിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തിൻ്റെ ശിഷ്യനായിക്കൂടിയേനേ എന്ന് നേതാജി ഒരിക്കൽ പറയുകയുണ്ടായി. ഇങ്ങിനെ അനേകരെ മാതൃഭൂമിയോടുള്ള അഗാധമായ ഭക്തിയിലേക്ക് ആനയിച്ചതിനാലാണ് മഹാകവി അക്കിത്തം ഒരിക്കൽ പറഞ്ഞത് " രാഷ്ട്രപിതാവ് ഗാന്ധിജിയാണെങ്കിൽ, വിവേകാനന്ദൻ രാഷ്ട്രപിതാമഹനാണ്" എന്ന്. 

അവിടെ നിന്ന് കുട്ടികൾക്ക് വായിക്കാൻ പാകത്തിൽ ചിത്രങ്ങളിലൂടെയുള്ള നേതാജിയുടെ ജീവചരിത്രവും വാങ്ങി ഞങ്ങൾ തിരിച്ചിറങ്ങി. ലോകം കണ്ട ഏറ്റവും മഹാനായ ഒരു നേതാവിന്റെ സ്മരണകൾ ഇരമ്പുന്ന ആ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ചരിത്രത്തിലെ ഏതോ ഒരൊഴിഞ്ഞ ഇരുട്ടമൂടിയ വഴി നടന്നുതീർത്ത സംതൃപ്തിയായിരുന്നു ഞങ്ങളിൽ. പറയാനറിയാത്ത ഏതൊക്കെയോ സമ്മിശ്രവികാരങ്ങൾ ഉള്ളിലൊതുക്കി ഞങ്ങൾ തിരിച്ച് ബേലൂരിലേക്ക് പുറപ്പെട്ടു....

No comments:

Post a Comment