Thursday, January 4, 2024

കനിവുറവ് തേടി...... - ഭാഗം എട്ട് -കാളീഘട്ടത്തിലെ അത്ഭുതബാലിക

"ഇത് അനുഗ്രഹമല്ലെങ്കിൽ പിന്നെന്താണ്? ആരാണാ കുട്ടി? എന്തിനാണ് ആ കുട്ടി നമ്മളെ കൂട്ടിക്കൊണ്ട് പോയത്?" ജയേട്ടന് അത്ഭുതവും രോമാഞ്ചവും ഒരുമിച്ച് വന്നു.

കാളീഘട്ടിലേക്ക് വഴിതെറ്റിയോ എന്നറിയാതെ ഗൂഗിൾ മാപ് കാണിച്ചുതന്ന വളഞ്ഞുപുളഞ്ഞു പോകുന്ന ഒരു ഗലിയിലൂടെ നടക്കുകയായിരുന്ന ഞങ്ങൾക്ക് മുൻപിലേക്കാണ് അവൾ വന്നുപെട്ടത്. കാളീഘട്ടിലേക്ക് ഏതിലെയാണ് പോകേണ്ടത് എന്ന ചോദ്യത്തിന് ഒരല്പം ശങ്കിച്ച ശേഷം അവൾ പിന്നാലെ വരാൻ പറഞ്ഞു. 
അമ്പലത്തിനടുത്തേക്ക് എത്തിച്ച് അച്ഛനെക്കാണാൻ പോകേണ്ടതുണ്ട് എന്ന് പറഞ്ഞ് അവൾ പോയി.. തിക്കിത്തിരക്കുന്ന കാളീഘട്ടിന്റെ ഒരു വാതിലിനു മുൻപിലേക്ക് ഞങ്ങൾ ചെന്നു. ദർശനം ചെയ്യിക്കാം എന്ന് പറഞ്ഞ് അനവധി പേർ വന്നു. സെക്യൂരിറ്റി ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും തള്ളി മാറ്റിക്കൊണ്ടിരുന്നു. എന്താണ് നടക്കുന്നതെന്നറിയാതെ നിന്ന ഞങ്ങൾ അപ്പുറത്തുള്ള ഒരു ഗേറ്റിലേക്ക് നടന്നു.

51 ശക്തിപീഠങ്ങളിൽ പെട്ടതാണ് കാളീഘട്ടം. കൽക്കത്തക്ക് ആ പേർ വരാൻ കാരണം. അത്യന്തം പുണ്യസ്ഥലമായ ഇതിലേക്കാണ് ഞങ്ങൾ ബേലൂരിൽ നിന്ന് പുറപ്പെട്ടത്. ദക്ഷിണേശ്വരം മെട്രോ സ്റ്റേഷനിലേക്ക് ഒരു ഓട്ടോയിൽ എത്തിയ ഞങ്ങൾ കാളീഘട്ടിലേക്ക് മെട്രോ പിടിച്ചു. 

ദക്ഷയജ്ഞത്തിൽ ദേഹത്യാഗം ചെയ്ത സതീദേവിയുടെ ശരീരമേന്തി ശിവൻ താണ്ഡവനൃത്തമാടി. അത് താങ്ങാൻ കഴിയാതെ ദേവകൾ വിഷ്ണുവിനെ സമീപിക്കുകയും വിഷ്ണു സുദർശനചക്രത്താൽ അത് 51 കഷണങ്ങളാക്കുകയും ചെയ്തു. അതിൽ വലത് തള്ളവിരൽ ചെന്നുവീണ സ്ഥലമാണ് കാളീഘട്ടിലെ കാളീപീഠം. കാളികാ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. 


അപ്പുറത്തെ ഗേറ്റിലൂടെ കയറിയ ഞങ്ങൾ വലിയ ക്യൂ കണ്ട് അമ്പരന്നു നിൽപ്പായിരുന്നു. അപ്പോൾ അവൾ വീണ്ടും വന്നു. ഞങ്ങളെ അപ്പുറത്തെ ഒരു വഴിയിലൂടെ കൊണ്ടുപോയി അകലെ നിന്ന് തൊഴാൻ സാധിക്കുന്ന ഒരിടത്ത് കൊണ്ടുപോയി നിർത്തി. ഒന്നും കാണാൻ സാധിച്ചില്ല. മനസ്സ് കൊണ്ട് തൊഴുത് പുറത്തിറങ്ങിയപ്പോൾ അവൾ വീണ്ടും അപ്രത്യക്ഷ.
ക്യൂവിൽ നിന്നാൽ നല്ലപോലെ തൊഴാം. പക്ഷെ വളരെയധികം നേരമെടുക്കും. പലരും അകത്ത് തൊഴാൻ സൗകര്യം ചെയ്തുതരാം എന്ന് പറഞ്ഞു വരുന്നുണ്ട്. ഞങ്ങൾ ഒരല്പം അകലം പാലിച്ച് നിൽക്കുകയാണ്. 

പെട്ടെന്ന് നോക്കുമ്പോൾ ആ കുട്ടി ജയേട്ടന്റെ കൈയും പിടിച്ച് പോകുന്നു. അകത്തേക്ക് കയറാൻ തടഞ്ഞവരോട് ഉറക്കെ സംസാരിച്ച് അവൾ ജയേട്ടനെയും സത്യനെയും സതീഷേട്ടനെയും പ്രഭുവിനെയും അകത്തേക്ക് കൊണ്ടുപോയി. പിറകെ ചെന്ന ഞങ്ങളെ സെക്യൂരിറ്റി തടഞ്ഞു. ഒടുവിൽ തൊഴുവിക്കാം എന്ന് പറഞ്ഞുവന്ന ഒരാളുടെ സഹായത്തിനാൽ ഡോക്ടറും ഞാനും മുരളിയേട്ടനും ക്യൂ നിൽക്കാതെ അകത്തേക്ക് കയറി. മാധവൻ എവിടെയോ വെച്ച് പിൻവാങ്ങി.

അവിടെയും നല്ല തിരക്ക്. അകത്ത് വൃത്തിഹീനം. തിരക്ക് - ബഹളം- ഉന്തുംതള്ളും.... ഒടുവിൽ അമ്മയെ ഒരുനോക്ക് കണ്ടു. പുറത്തിറങ്ങി മറ്റുള്ളവരെ കണ്ടു പിടിച്ചപ്പോളേക്കും ആ കുട്ടി പോയിരുന്നു. നടന്നതെന്തെന്നറിയാതെ നിൽക്കുകയായിരുന്നു ജയേട്ടൻ. താനിയ എന്ന ആ കുട്ടി 'അമ്മ അയച്ചതാണെന്ന് ജയേട്ടൻ ഉറപ്പിച്ചു പറഞ്ഞു. ഇത്ര സ്വാതന്ത്ര്യത്തോടെ തന്നെ പിടിച്ചുവലിച്ച് കൊണ്ടുപോയ മറ്റാരുമില്ല എന്നദ്ദേഹം തറപ്പിച്ചു പറഞ്ഞു.

 ഊരും പേരും ഭാഷയുമറിയാത്ത ഒരു സംഘം ആളുകളെ അല്ലെങ്കിൽ മറ്റെന്തിനായിരിക്കും ആ കുട്ടി കൂട്ടിക്കൊണ്ടുപോയത്. കാശിനല്ല. അവൾക്ക് സമ്മാനമായി പൈസ കൊടുക്കാൻ തുനിഞ്ഞപ്പോൾ അവൾ ഞെട്ടി പിറകോട്ട് മാറിയത്രേ. ഒടുവിൽ ജയേട്ടന്റെ നിർബന്ധത്തിലാണ് ആ കുട്ടി ചെറിയൊരു കൈനീട്ടം വാങ്ങിയതത്രെ. ഞങ്ങൾ എത്തുമ്പോഴേക്ക് ഈ സംഭവങ്ങളെല്ലാം കഴിഞ്ഞ്, ഈ തിരക്കിനിടയിലൂടെ വളരെ ഭംഗിയായി അമ്മയെ അടുത്തുനിന്ന് ദർശനം കഴിച്ച് അവർ പുറത്ത് നിൽപ്പുണ്ടായിരുന്നു. ഇതൊരു കെട്ടുകഥ അല്ലെന്നതിന് സാക്ഷ്യമായി താനിയയുടെ ചിത്രവും മൊബൈൽ നമ്പറും ഉണ്ടായിരുന്നു. "നമ്മൾ എവിടെ ചെന്നാലും അവിടെ നമുക്ക് ഒരാളുണ്ടാവും. ഇതാ ഇപ്പോൾ ഇവിടെയുമായി.... അമ്മേ മഹാമായേ...." ജയേട്ടൻ കണ്ണുകളടച്ചു നിന്നു.

പതിനേഴു കൊല്ലം കോടതിയിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയും അതിനോടൊപ്പം പാലക്കാടിന്റെ ആദ്ധ്യാത്മിക രംഗത്തിൽ സജീവമായി ഇടപെടുകയും ചെയ്ത ജയേട്ടൻ, പെൻഷനുള്ള സർവീസ് പൂർത്തിയാക്കാൻ നിൽക്കാതെ സ്വയം വിരമിക്കുകയായിരുന്നു. പിന്നീട് ഈശ്വരാലംബം മാത്രമായി കല്ലടിക്കോടൻ മലനിരകളിൽ തദ്വനം ആശ്രമത്തിലേക്ക് താമസം മാറിയ അദ്ദേഹത്തിന് ഇത് പുതിയ അനുഭവമല്ല. മാസങ്ങളോളം തിരുവണ്ണാമലയിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ, ചായക്ക് ഒരഞ്ചു രൂപയില്ലാതെ അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. അപ്പോളൊക്കെയും ഒന്നിനും ഒരു കുറവുമില്ലാതെ ഏതോ ഒരു ശക്തി തന്നെ കാത്തിട്ടുണ്ടെന്ന അദ്ദേഹത്തിൻ്റെ സാക്ഷ്യം ഇപ്പോൾ ഈ അന്യനാട്ടിലും സത്യമെന്ന് തെളിഞ്ഞു.

ഒറ്റക്കൊറ്റക്ക് നോക്കിയാൽ വെറും ആകസ്മികത മാത്രമായി കാണാവുന്ന ഈ സംഭവങ്ങളെ കൂട്ടിയിണക്കി നോക്കുമ്പോളാണ് ഞാൻ ആദ്യം പറഞ്ഞ വാചകത്തിലേക്ക് എത്തുന്നത് - "ഈ ആകസ്മികതകളെയാണ് ഞങ്ങൾ ഈശ്വരൻ എന്ന് വിളിക്കുന്നത്"

No comments:

Post a Comment