Tuesday, January 2, 2024

കനിവുറവ് തേടി...... - ഭാഗം ഏഴ് - മഹാസമാധികൾ

 രാവിലെ 3 - 3:30 യോടെ എല്ലാവരും എഴുന്നേറ്റു. മംഗള ആരതി കാണാനുള്ള ഉത്സാഹം ഒരു വശത്തും കിടന്നുറങ്ങാനുള്ള മടി മറുവശത്തും പിടിവലി നടത്തി. ഒടുവിൽ മടി കീഴടങ്ങി.

ഗസ്റ്റ് ഹൗസിൽ ഞങ്ങളെ സഹായിച്ചിരുന്നത് അപു എന്നൊരു പയ്യനും അവൻ്റെ കൂട്ടുകാരുമായിരുന്നു. അവർ മഠത്തിൽ താമസിച്ച് പഠിക്കുന്നവരാണ്. ഇത് അവരുടെ ഡ്യൂട്ടിയിൽ പെടുന്നതാണ്. രാവിലെ 4:10 ന് തന്നെ അവർ വന്നു. പുതച്ച് ഞങ്ങൾ പുറത്തിറങ്ങി...

ബേലൂർ മഠത്തിലെ ദിവസം തുടങ്ങുന്നത് മംഗള ആരതിയോട് കൂടിയാണ്. ശ്രീഭഗവാനെ പള്ളിയുണർത്തുന്ന ചടങ്ങ്. ഹാൾ പകുതി നിറഞ്ഞിരുന്നു. സന്യാസിമാരും, ബ്രഹ്മചാരികളും, പിന്നെ സന്ദർശകരുമായി ഉള്ളവർ. പുറമെ നിന്നുള്ളവർക്ക് 6:30 ക്ക് ശേഷമേ പ്രവേശനമുള്ളൂ.

വളരെ ലളിതമായ ചടങ്ങ്. ഭഗവാനെ വിളക്കുകൾ തെളിയിച്ച് വിളിച്ചുണർത്തുന്നു. ശംഖനാദവും മണിയൊച്ചയുമല്ലാതെ മറ്റൊരു ശബ്ദവുമില്ല. ദിവസവും ഇത് പോലെ കണികാണാൻ സാധിക്കണേ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ നമസ്കരിച്ചു മടങ്ങി.

മഠത്തിനു പുറത്തെ ഗേറ്റിൽ ഒരു സ്കൂൾ സംഘം എത്തിയിരിക്കുന്നു. കുട്ടികളോടൊപ്പം രാത്രിയെല്ലാം സഞ്ചരിച്ച് വന്നിരിക്കുകയാണ്. ബേലൂർ മഠം തുറക്കുന്നത് കാത്ത് നിൽക്കുകയാണ്. ജയേട്ടന് സന്തോഷമായി. "ഇതാണ് ശരിയായ വിദ്യാഭ്യാസം" അദ്ദേഹം അഭിപ്രായപ്പെട്ടു. 

തിരിച്ച് റൂമിലെത്തി ഞങ്ങൾ ഓരോരുത്തരായി പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. 6:45 നാണ് പ്രഭാതഭക്ഷണം. അത് കഴിഞ്ഞ് ഞങ്ങൾ മഠത്തിലേക്ക് വീണ്ടും പുറപ്പെട്ടു. ക്ഷേത്രത്തിൽ തൊഴുതു. ഇന്നലെ കാണാൻ സാധിക്കാതിരുന്ന സമാധികൾ കാണണം. സ്വാമി വിവേകാനന്ദൻ്റെ സമാധി മന്ദിരത്തിലേക്ക് പുറപ്പെട്ടു. 

സ്വാമി വിവേകാന്ദൻ്റെ മഹാസമാധിക്ക് വർഷങ്ങൾക്കപ്പുറവും നിർമ്മിച്ചു തീരാൻ സാധിക്കാതിരുന്ന ഒരു ചരിത്രം അതിനുണ്ട്. സ്വാമി ബ്രഹ്മാനന്ദ (രാഖാൽ മഹാരാജ്) ഇതിനെക്കുറിച്ച് അത്യധികം വ്യഥയോടെ എഴുതിയിരുന്നു. ഭാരതത്തെ പിടിച്ചു കുലുക്കിയ സ്വാമിജിക്ക് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കാൻ പണം തടസ്സമായി നിന്നു. നിവേദിതയുടെയും മറ്റനേകം പേരുടെയും പ്രവർത്തനഫലമായാണ് ഈ മന്ദിരം ഇന്ന് കാണുന്ന രൂപത്തിലായത്. അതിൻ്റെ നിർമ്മാണത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ ഉണ്ട്. ഗംഗയുടെ തീരത്തുള്ള ഈ സ്ഥലം സ്വാമിജി സമാധിക്ക് മൂന്നു നാൾ മുൻപ് തിരഞ്ഞെടുത്തതാണ്. താഴെ നിലയിൽ സമാധിപീഠമാണുള്ളത്. അവിടെ നിന്നും വളഞ്ഞ ഗോവണി വഴി  മുകളിലേക്ക് കയറിയാൽ അവിടെ "ഓം" എന്നെഴുതിയ ഒരു പ്രതിഷ്ഠ കാണാം. ഇറ്റാലിയൻ ശില്പചാതുരിയോടെ നിർമ്മിച്ചിരിക്കുന്ന ഈ മഹാമന്ദിരത്തിൻ്റെ താഴികക്കുടത്തിൽ ത്രിശൂലം കാണാം. 


അതിന് വലത് വശത്തായി ഭഗവാന്റെ മറ്റ് അന്തരംഗശിഷ്യരുടെ സമാധിസ്ഥലം കാണാം. വളരെ ലളിതമായ ഒരു സമാധി പീഠവും അതിനു തണൽ വിരിക്കുന്ന ഒരു ഗുൽമോഹർ മരവും ആണ് ഇവിടെ. ഈശ്വരനെ ജീവശ്വാസമാക്കിയ ഒരു മനുഷ്യനെ, ലോകം ഉന്മാദിയെന്ന് മുദ്രകുത്തിയ ഒരു വ്യക്തിയെ വിശ്വസിക്കാൻ, ആ വിശ്വാസത്തിൻ്റെ ബലത്തിൽ കുടുംബങ്ങളെ ഉപേക്ഷിച്ച് വരാൻ... എന്തൊരു ജ്വലിക്കുന്ന വിശ്വാസം - അതിൽ നിന്നുദിക്കുന്ന അനിതരസാധാരണമായ ധൈര്യം. ഇത്തരത്തിൽ ഉള്ള വ്യക്തികൾ ഉള്ളതിനാലാണ് ഭാരതം ഇന്നും ജീവിക്കുന്നത്.

സ്വാമിജിയുടെ സമാധിക്ക് ഇടത് വശത്തായി ശ്രീശാരദാദേവിയുടെ സമാധിമന്ദിരം കാണാം. അതിനു നേരെ മുന്നിൽ മഠത്തിന്റെ കടവ്. അമ്മയുടെ പ്രഭാതപൂജകൾ നടക്കുകയാണ്. ലോകമാതാവിന് മക്കളുടെ ഹൃദയനൈവേദ്യം. ഞാൻ ഇനിയും അറിയാത്ത ആഴമാണ് അമ്മക്ക്. കാരണം ആ മഹനീയ ജീവിതം മുഴുവൻ സാധാരണത്വത്തിൽ പൊതിഞ്ഞിരിക്കുകയാണ്. മഹാമായയുടെ കൃപ കൊണ്ട് മാത്രമാണല്ലോ മോഹം അകലുന്നത്. അതിനായി പ്രാർത്ഥിച്ചു. 


അതിനടുത്തായി സ്വാമി ബ്രഹ്മാനന്ദജി മഹാരാജിന്റെ സമാധിമന്ദിരം. ശ്രീരാമകൃഷ്ണൻ്റെ മാനസപുത്രൻ എന്നറിയപ്പെട്ടിരുന്ന രാഖാൽ ആണ് പിൽക്കാലത്ത് സ്വാമി ബ്രഹ്മാനന്ദൻ എന്ന പേരിൽ  ശ്രീരാമകൃഷ്ണ മഠത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ആയത്. 

ശ്രീരാമകൃഷ്ണൻ എന്ന വലിയ പൂന്തോട്ടത്തിൽ വിരിഞ്ഞ എത്രയെത്ര പുഷ്പങ്ങൾ. നിറത്തിലും രൂപത്തിലും മണത്തിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം എങ്കിലും, ഹൃദയമാധുര്യത്തിൽ എല്ലാം ഒരു പോലെ. എല്ലാ മഹാരഥന്മാരെയും മനസാ കുമ്പിട്ടു. ഗംഗയിൽ പോയി ജലം തർപ്പിച്ചു. 

ഇനി അടുത്തത് മഠത്തിനടുത്തുള്ള രാമകൃഷ്ണ മ്യൂസിയം ആണ്. ഭഗവാനും അനുചരവൃന്ദങ്ങളും ജീവിച്ച കാലഘട്ടവും, ഉപയോഗിച്ചിരുന്ന വസ്തുക്കളും എല്ലാം ഇവിടെ കാണാം. ഭഗവാന്റെ ലീലാമൃതം വായിക്കാത്തവർക്ക് ഇത് ഒരു ഉൾക്കാഴ്ച്ച നൽകും. വായിച്ചവർക്കാകട്ടെ ഇതെല്ലാം നേരിൽ കാണുന്ന അനുഭൂതിയും. ഭഗവാനും സ്വാമിജിയും എല്ലാം ഉപയോഗിച്ചിരുന്ന വസ്തുക്കൾ കാണുമ്പോൾ വീണ്ടും കണ്ണുനിറഞ്ഞു. ഇക്കാണുന്നതൊക്കെയും ഒരു കാലത്ത് അവരെ കണ്ടതാണല്ലോ, അവരുടെ ജീവൽസ്പർശം അനുഭവിക്കാൻ ഭാഗ്യമുണ്ടായവയാണല്ലോ എന്നെല്ലാം ആലോചിച്ച്, ആ അവതാരത്തിലെ ഓരോ ഏടുകളും വീണ്ടും കണ്ടനുഭവിച്ച് ഞങ്ങൾ പുറത്തിറങ്ങി.

ഇനി നാളത്തെ യാത്രയുടെ കാര്യങ്ങൾ തിരക്കണം. ഞാനും സത്യനും മഠം ഓഫീസ് ലക്ഷ്യമാക്കി നടന്നു. മറ്റുള്ളവർ അവിടെത്തന്നെയുള്ള പുസ്തകശാലയിലേക്കും.

ഇതുപോലുള്ള ഒഫീഷ്യൽ കാര്യങ്ങളിൽ എനിക്ക് സഹായം സത്യനായിരുന്നു. കൂട്ടത്തിൽ ഏറ്റവും ചെറുപ്പം - പക്ഷെ ഈ ചെറുപ്രായത്തിനുള്ളിൽ തന്നെ വിവേകാനന്ദ ദാർശനിക സമാജം എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ആയ വ്യക്തി. വിക്ടോറിയ കോളേജ് മാഗസിൻ എഡിറ്റർ എന്ന നിലയിൽ നിന്ന്, തുടങ്ങി ഇപ്പോൾ ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് ഡബ്ലിയു കഴിഞ്ഞ് റിസേർച്ചിനുള്ള ഒരുക്കം വരെയുള്ള സത്യന്റെ വളർച്ച അത്ഭുതാവഹമാണ്. ഇക്കൂട്ടത്തിൽ ഒരു ബൗദ്ധികമായ ചർച്ചക്ക് ഏറ്റവും അനുയോജ്യൻ സത്യനാണ്. പരന്ന വായനയും, വിശാലമായ ചിന്തയും, ജയേട്ടന്റെ ശിക്ഷണവും എല്ലാം കൊണ്ട്, പരിചയപ്പെടുന്നവരിൽ ഒരു മാറ്റത്തിന്റെ തിരികൊളുത്താൻ സത്യന് സാധിക്കാറുണ്ട്. 

കാമാർപുക്കൂർ ജയറാംബാടി യാത്രയുടെ കാര്യത്തിനായി വൈകീട്ട് നാലിനും നാലരക്കും ഇടയിൽ വരാൻ പറഞ്ഞു. അത് പ്രതീക്ഷിച്ചിരുന്നില്ല. ഇന്നത്തെ പ്ലാൻ ഒരല്പം മാറ്റേണ്ടിവരും എന്ന് തോന്നി. എന്തായാലും എല്ലാവരോടും ചോദിച്ച് ഒരു അഭിപ്രായത്തിലെത്താം എന്ന ചിന്തയോടെ ഞങ്ങൾ മടങ്ങി...

Image Courtsey: https://belurmath.org

No comments:

Post a Comment