Wednesday, January 31, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തിരണ്ട്‍ - ജഗന്നാഥപുരി.

 ഹോട്ടലിൽ എത്തി ഉടനെ തന്നെ എല്ലാവരും കൂടി ജഗന്നാഥ സ്വാമി മന്ദിരത്തിനടുത്തേക്ക് നടന്നു. ഗൂഗിൾ വഴികാട്ടി. അമ്പലത്തിനടുത്ത് ധാരാളം ഹോട്ടലുകൾ ഉണ്ടെന്ന് കണ്ടിരുന്നു. അതിലൊന്നാണ് ഞങ്ങളുടെ ലക്ഷ്യം. തരക്കേടില്ലാത്ത ഒരു ഹോട്ടൽ കണ്ടെത്തിയപ്പോഴേക്കും എല്ലാവർക്കും നല്ല വിശപ്പായിരുന്നു. മാധവൻ ഒരു താലിയും അതിന് പുറമെ പൊറോട്ടയും കഴിച്ചു. എല്ലാവരും ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ഉച്ച തിരിഞ്ഞിരുന്നു. വൈകുന്നേരം ദർശനത്തിന് പോകാം എന്നായിരുന്നു പരിപാടി. പക്ഷെ തീരെ തിരക്ക് കുറഞ്ഞ വരികൾ കണ്ടപ്പോൾ ഇപ്പോൾ തന്നെ പോയാലെന്താണെന്നായി എല്ലാവർക്കും. മുരളിയേട്ടന് കുറച്ചുദിവസത്തെ അലച്ചിലിന്റെ ക്ഷീണമുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന് താക്കോൽ കൊടുത്ത് ബാക്കിയുള്ളവർ അകത്ത് കയറാൻ തുടങ്ങി. ചെരുപ്പ്, മൊബൈൽ എന്നിവയൊന്നും അകത്ത് കയറ്റില്ല. അതെല്ലാം ഏൽപ്പിച്ച് ഞങ്ങൾ വരിയുടെ അറ്റത്തേക്ക് നടന്നു. 

വിശാലമായ സിംഹദ്വാരത്തിനടുത്താണ് ഞങ്ങൾ. മോക്ഷദ്വാരം എന്നും അറിയപ്പെടുന്ന ഈ വാതിലിനടുത്ത് ഹനുമാനും നരസിംഹവും കാശിവിശ്വനാഥനും കോദണ്ഡരാമനും പ്രതിഷ്ഠിതരാണ്. ജഗന്നാഥസ്വാമിയുടെ പതിതപാവനൻ എന്ന രൂപവും ഇവിടെ തന്നെ ആരാധിക്കപ്പെടുന്നു. ജഗന്നാഥസ്വാമി ക്ഷേത്രത്തിലേക്ക് അന്യവിശ്വാസങ്ങളിൽ ഉള്ളവർ  പ്രവേശിക്കാറില്ല. അവരെ ഇവിടെയിരുന്ന് ഭഗവാൻ അനുഗ്രഹിക്കുന്നു എന്നാണ് സങ്കൽപം. 

സിംഹദ്വാരം കടന്നാൽ കുറെ പടികൾ കയറിയാണ് അടുത്ത പ്രാകാരം. പടികളിൽ ആളുകൾ വിശ്രമിക്കുന്നു. അതിന് വലത് വശത്താണ് പ്രസിദ്ധമായ ആനന്ദബസാർ എന്ന പ്രസാദവിതരണകേന്ദ്രം . ഇടത് വശത്തേക്കുള്ള വഴി നടന്നാൽ അതിലും പ്രസിദ്ധമായ അമ്പലത്തിന്റെ തിടപ്പിള്ളിയിലേക്കെത്താം. എല്ലാ ദിവസവും പതിനായിരക്കണക്കിന് ആളുകൾക്കുള്ള പ്രസാദം ഭഗവാന് നിവേദിച്ച് വിതരണം ചെയ്യപ്പെടുന്നു. സാക്ഷാൽ ലക്ഷ്മീദേവിയാണ് പാചകത്തിന് നേതൃത്വം നൽകുന്നതെന്നാണ് വിശ്വാസം. ആറുനേരം ഭഗവാന് നിവേദ്യമുണ്ട്. ഇതിനെക്കുറിച്ച് പല അത്ഭുതകഥകളും പ്രചരിക്കുന്നുണ്ട്. അത് വിശ്വസിച്ചാലും ഇല്ലങ്കിലും ജഗന്നാഥസ്വാമിയുടെ പ്രസാദം സാക്ഷാത് ബ്രഹ്മമാണെന്നാണ് ശ്രീരാമകൃഷ്ണൻ പറയാറുള്ളത്. മുൻപ് തദ്വനം ആശ്രമത്തിൽ നിന്ന് ആ പ്രസാദം സ്വീകരിക്കാൻ ഭാഗ്യം ഉണ്ടായിട്ടുമുണ്ട്. 

വൈഷ്ണവ ആചാര്യനായ ശ്രീവല്ലഭാചാര്യരുമായി ബന്ധപ്പെട്ടും ഒരു കഥയുണ്ട്. ഒരു ഏകാദശിനാളിൽ ഇവിടെ ദർശനത്തിനു വന്ന വല്ലഭാചാര്യരെ കുരുക്കാൻ ചിലർ ഈ പ്രസാദം നൽകി. അരിഭക്ഷണമായ ഇത് കഴിച്ചാൽ വ്രതഭംഗം ഉണ്ടാകുകയും, കഴിച്ചില്ലെങ്കിൽ ഈശ്വരനിന്ദയാകുമെന്നും അവർ കണക്കാക്കി. പക്ഷെ വല്ലഭാചാര്യർ പ്രസാദം സ്വീകരിച്ച്, അവിടെത്തന്നെ നിന്ന് പിറ്റേന്ന് രാവിലെ വരെ  ആ പ്രസാദത്തിന്റെ മാഹാത്മ്യം ശ്ലോകമാക്കി ചൊല്ലി. പിറ്റേന്ന് പ്രസാദം കഴിക്കുകയും ചെയ്തു എന്നാണ് കഥ.

നിരവധി ആചാര്യന്മാർ ജഗന്നാഥസ്വാമിയെ ദർശിച്ചിട്ടുണ്ട്. വൈഷ്ണവ വിധാനത്തിലെ മാധ്വാചാര്യരും, രാമാനുജാചാര്യരും, സിഖ് സ്ഥാപകൻ ഗുരു നാനാകും, ആദി ശങ്കരാചാര്യരുമെല്ലാം ഇവിടെ വന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. അത്രമേൽ ആത്മീയസൗരഭം വിതറുന്ന ഇടമായതിനാലാകുമല്ലോ ഇവരെല്ലാം ഇങ്ങോട്ട് ആകൃഷ്ടരായത്. വൈഷ്ണവ സമ്പ്രദായത്തിലെ നാല് ധാമങ്ങളിൽ ഒന്നാണ് ജഗന്നാഥൻ. ബദ്രിനാഥം, ദ്വാരകാപുരി, രാമേശ്വരം എന്നിവയാണ് മറ്റ് മൂന്നെണ്ണം. 

ശ്രീകൃഷ്ണൻ, ബലഭദ്രൻ, സുഭദ്ര എന്നീ സഹോദരങ്ങളാണ് ഇവിടുത്തെ പ്രതിഷ്ഠ. വിചിത്രമായ രൂപമാർന്ന ആ വിഗ്രഹങ്ങൾ ഇന്ന് ലോകപ്രശസ്തങ്ങളാണ്. 12 കൊല്ലം കൂടുമ്പോൾ വേപ്പിൻ തടിയിൽ തീർത്ത ഈ വിഗ്രഹങ്ങൾ പുതിയവകളാൽ പുനഃപ്രതിഷ്ഠിക്കപ്പെടുന്നു. ഇതിനെക്കുറിച്ചും ഉണ്ട് കുറെ ദുരൂഹമായ സിദ്ധാന്തങ്ങൾ. പലതും ചിരിക്ക് വകയേകുന്നവയാണ്. അതിലൊന്നാണ്, അവിടെ റേഡിയോ ആക്റ്റീവ് ആയ എന്തോ ആണ് ഉള്ളതെന്നും (അത് ശ്രീകൃഷ്ണന്റെ തുടിക്കുന്ന ഹൃദയമാണെന്നും ഒരു വാദമുണ്ട്), അതിന്റെ വികരണം തടയുകയാണ് ഈ വിഗ്രഹങ്ങളെന്നും, അതിനാലാണ് ഇവ മാറ്റേണ്ടി വരുന്നതെന്നുമൊക്കെയുള്ള വാദങ്ങൾ. അതിന് ഉപോൽബലകമായി അവർക്ക് ന്യായങ്ങളുമുണ്ട്. ചിലർക്ക് ചിരി വരുന്നവയാകും മറ്റു ചിലരുടെ വിശ്വാസങ്ങൾ എന്നതിനാൽ അതിനെക്കുറിച്ച് കൂടുതൽ ഉപന്യസിക്കാൻ ഞാൻ മുതിരുന്നില്ല. എങ്കിലും എന്തിലും ഏതിലും സയന്റിഫിക് ടെമ്പർ തേടുന്നവർ ഈ വിശ്വാസങ്ങളെയെങ്കിലും വെറുതെ വിട്ടിരുന്നെങ്കിൽ....

ഞങ്ങൾ അകത്തേക്ക് കയറി. പലയിടത്തും പ്രസാദങ്ങൾ മൺകലങ്ങളിൽ ഭക്തർക്ക് വിൽക്കാനായി വെച്ചിരിക്കുന്നു. ഞങ്ങൾ അകത്തേക്കുള്ള ക്യൂവിലേക്ക് നടന്നു. അവിടെ തടഞ്ഞുവെച്ചിരിക്കുന്നു. പ്രഭു തൻ്റെ ഫയർഫോഴ്സ് ബന്ധമൊക്കെ പറഞ്ഞു നോക്കി. അമ്പലം തുറന്നിട്ട് വരൂ എല്ലാം ശരിയാക്കാം എന്നവർ ഉറപ്പ് നൽകി. എല്ലാ മാസവും ഇങ്ങിനെ ഒരു നാലഞ്ച് മണിക്കൂർ അമ്പലം അടച്ചിടുമത്രേ. ഞങ്ങൾക്ക് ആ ഭാഗ്യമാണ് കിട്ടിയത്. അകത്ത് കയറാനാകില്ല. സമയം കളയാതെ ഞങ്ങൾ ആ പരിസരമെല്ലാം ചുറ്റിക്കാണാൻ തീരുമാനിച്ചു. പലപല മണ്ഡപങ്ങളും ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളും ആ മതിൽക്കെട്ടിലുണ്ട്. എല്ലാം കലിംഗശൈലിയിലുള്ളവ. പലതിനും പുറത്ത് സിമന്റ് കൊണ്ടുള്ള ഏച്ചുകൂട്ടലുകളും നിറങ്ങളും കൊണ്ട് വികൃതമാക്കപ്പെട്ടിരിക്കുന്നു. പല അമ്പലങ്ങളിലും വെറുതെ കയറിയിറങ്ങിപ്പോന്നതേയുള്ളൂ. അനവധി പടികൾ കയറിയാൽ ഒരു നരസിംഹസ്വാമിയുണ്ട് ഒരുവശത്ത്. ചിലർ അവിടെനിന്ന് ചരടുകൾ പൂജിച്ചുവാങ്ങി. എണ്ണിയാൽ തീരാത്ത വിഗ്രഹങ്ങളും ചെറിയചെറിയ അമ്പലങ്ങളും ആ കോമ്പൗണ്ടിനകത്ത് കാണാം. പലതും പിൽക്കാലത്ത് നിർമ്മിച്ചതാകാനേ തരമുള്ളൂ. സതീഷേട്ടൻ എല്ലാം വിസ്തരിച്ചു കാണുന്നുണ്ട്. മൊബൈൽ പുറത്ത് വെച്ചതിനാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ ആരുമില്ല.

കലിംഗ വാസ്തുവിദ്യയിൽ ഉള്ള ഈ ക്ഷേത്രം അവന്തിയിലെ രാജാവായ ഇന്ദ്രദ്യുമ്നനാണ് പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. പിന്നീട് വന്ന രാജാക്കന്മാർ പുതിപ്പണിയുകയും, ഉപക്ഷേത്രങ്ങൾ ഉണ്ടാക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. 

ദ്വാപരയുഗാന്ത്യത്തിൽ ജഗന്നാഥൻ ഒരു ഇന്ദ്രനീലക്കല്ലായി പ്രത്യക്ഷപ്പെട്ടു. മുക്തി പ്രദാനം ചെയ്യുന്ന ആ മണി യമധർമ്മൻ ഭൂമിയിൽ ഒളിപ്പിച്ചു വെച്ചു. ഇന്ദ്രദ്യുമ്‌നൻ അത് വീണ്ടെടുക്കാൻ തപസ്സ് ചെയ്യുകയും പുരി സമുദ്രതീരത്തടിയുന്ന ഒരു മരം കണ്ടെത്താൻ വിഷ്ണുവിനാൽ ആദേശിക്കപ്പെടുകയും ചെയ്തു. സമുദ്രതീരത്ത് അതീവശോഭയാർന്ന ഒരു മരം കണ്ടെത്തിയ ഇന്ദ്രദ്യുമ്‌നോട് അതുപയോഗിച്ച് മൂന്നു മൂർത്തികൾ നിർമ്മിക്കാൻ നാരദൻ ആവശ്യപ്പെട്ടു. വിശ്വകർമ്മാവിനെ ക്ഷേത്രനിർമ്മാണമേൽപ്പിച്ച രാജവിനെ തേടി ഒരു ശില്പി വന്നു. മൂർത്തികൾ ഉണ്ടാക്കാൻ താൻ തയ്യാറാണെന്നും എന്നാൽ പൂർത്തിയാകും വരെ ആരും തൻ്റെ ജോലിക്ക് ഭംഗം വരുത്തരുതെന്നുമുള്ള നിബന്ധനയിൽ അദ്ദേഹം പണി ആരംഭിച്ചു. രണ്ടാഴ്ചക്ക് ശേഷവും അമ്പലത്തിനുള്ളിൽ നിന്ന് ശബ്ദം കേൾക്കാതിരുന്നപ്പോൾ രാജപത്നി ആധി പൂണ്ട് രാജാവിനോട് ക്ഷേത്രവാതിൽ തുറക്കാൻ നിർബന്ധിച്ചു. അവിടെ പണിയിൽ ഏർപ്പെട്ടിരുന്ന വിഷ്ണു അതുപേക്ഷിച്ച് അന്തർദ്ധാനം ചെയ്തു. മുഴുവൻ പണി തീരാത്ത, കയ്യുകൾ ശരിയായി കൊത്തിയെടുക്കാത്ത ആ വിഗ്രഹം അവിടെ പ്രതിഷ്ഠിക്കാൻ ഒരു അശരീരി കേൾക്കുകയും അതിൻ പ്രകാരം അവിടെ പ്രതിഷ്ഠ നിർവ്വഹിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ആ വിഗ്രഹങ്ങൾ ഇന്നും അങ്ങിനെത്തന്നെയാണ്. വളരെ വലിയ കണ്ണുകളോടെ ശരീരം വൃത്തിയായി കൊത്താത്ത ദാരുവിഗ്രഹങ്ങൾ. പൂർണ്ണമായ സരൂപ ആരാധനക്കും ലിംഗാരാധനക്കും ഇടക്കെവിടെയെങ്കിലുമാകും ഈ അമൂർത്തരൂപങ്ങളുടെ ഇടമെന്നെനിക്ക് തോന്നുന്നു. എന്തായാലും ആയിരക്കണക്കിന് വർഷങ്ങളായി ഹിന്ദുക്കളുടെ ആത്മീയചേതനയെ ഉണർത്തുന്നവയാണ് ഈ വിഗ്രഹങ്ങൾ. നാം തെക്കൻ ഇന്ത്യക്കാർക്ക് അറിയില്ലെങ്കിലും വടക്കൻ- കിഴക്കൻ സംസ്ഥാനങ്ങളിൽ ജഗന്നാഥസ്വാമി വളരെയധികം ആരാധിക്കപ്പെടുന്ന ഒരു മൂർത്തിയാണ്. 


പുരി എന്ന സമുദ്രതീരം ലോകപ്രശസ്തമാകാൻ കാരണം ഇവിടുത്തെ വാർഷിക രഥയാത്രയാണ്. അത്യാഡംബരപൂർവ്വം ജഗന്നാഥസ്വാമി നഗരവാസികളെ കാണാൻ എഴുന്നള്ളുന്ന ആ നാളുകളിൽ പുരി ലക്ഷക്കണക്കിന് ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കും. ലോകത്തിലേക്ക് ഏറ്റവും വലിയ രഥയാത്ര പുരിയിലേത് തന്നെയാണ്. വലിയ ശക്തിയാർന്ന വാഹനങ്ങൾക്ക് ഇംഗ്ലീഷിൽ പറയുന്ന പേരായ "Juggernaut" ജഗന്നാഥൻ എന്ന പേരിൽ നിന്ന് ഉരുവാർന്നതാണ്. അത്യധികം ഭംഗിയോടെ അലങ്കരിച്ച മരത്തിന്റെ കൂറ്റൻ രഥങ്ങളിൽ സഹോദരങ്ങൾ മൂവരും നഗരം ചുറ്റും. അതിനോടനുബന്ധിച്ചുള്ള ചടങ്ങുകളും വളരെയേറെ വൈവിധ്യം ഉൾക്കൊള്ളുന്നവയാണ്. 

വളരെ വിസ്തരിച്ച് അമ്പലം ചുറ്റിനടന്നുകണ്ടു. പ്രത്യേകതയാർന്നതാണ് ഇതിന്റെ നിർമ്മാണശൈലി. ഗോപുരം മുകളിൽ അല്പം വളഞ്ഞാണ്. ഒത്തമുകളിൽ താഴികക്കുടമില്ല. സാധാരണ നാം കണ്ടിട്ടുള്ള വിമാനമോ ശിഖരമോ എന്നൊക്കെയുള്ള സങ്കല്പത്തിൽ അവിടെ അതിബൃഹത്തായ ഒരു കല്ലുകൊണ്ടുള്ള നിർമ്മിതിയാണ്. അതിന് മുകളിൽ ലോഹം കൊണ്ടുള്ള വളരെ വലിയ സുദർശനചക്രം. അതിൽ പലനിറത്തിലുള്ള കൊടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒഡീഷയിലെ ഏറ്റവും വലുപ്പമേറിയ ഗോപുരം ഇവിടുത്തെതാണത്രേ.

കല്ലുകളിൽ എഴുതിയ കവിത പോലെ നിരവധി ശില്പങ്ങൾ. ശില്പങ്ങളെ കവച്ചുവെക്കുന്ന മറ്റ് കൊത്തുപണികൾ . എത്ര നോക്കിനിന്നാലും ഭംഗി കൂടുന്നത് പോലെ. കടലും മലയും പോലെ വിസ്മയിപ്പിക്കുന്ന നിർമ്മിതി. വിവരംകെട്ട നടത്തിപ്പുകാർ പിൽക്കാലത്ത് ഏച്ചുകൂട്ടിയവ മാത്രമാണ് മനസ്സ് മടുപ്പിക്കുന്നത്. നാലുലക്ഷത്തിൽപ്പരം ചതുരശ്രഅടിയുള്ള അമ്പലത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ഭാരതത്തിന്റെ വാസ്തുകൗശലം പീലിനീർത്തിയാടുന്നു. മനുഷ്യഹസ്തങ്ങളാൽ നിർമ്മിക്കാനാകില്ലെന്ന് തോന്നിക്കും മട്ടിലുള്ള അതിവിദഗ്ദ്ധമായ കൊത്തുപണികൾ. അവിടെ ലഭ്യമായ റോസ് സ്റ്റോണിൽ നിർമ്മിച്ച ആ ചുമരുകളിൽ എത്രയോ ഉദാത്തമായ കലാസൃഷ്ടികൾ.. 

ഗോപുരത്തിന്റെ നാലുവശത്തും വമ്പൻ വ്യാളികൾ. അവക്ക് താഴെയായി ചതുരത്തിലുള ഒരു കല്ല് പുറത്തേക്കുന്തി നിൽക്കുന്നു. ഗോപുരത്തിന്റെ കെട്ടുറപ്പിന് വേണ്ടിയുള്ളവയാകാം അവ. അകത്തെ ഫോട്ടോ എടുക്കാൻ നിർവാഹമില്ല. പക്ഷെ എന്തൊരത്ഭുത പ്രപഞ്ചമാണത്. ഇതെല്ലാം കാണാത്ത നമ്മുടെ അടുത്ത തലമുറക്ക് ഈ നാടിനെക്കുറിച്ച് അഭിമാനം തോന്നിയില്ലെങ്കിൽ അത്ഭുതപ്പെടാനുണ്ടോ. അവർ ഈഫൽ ടവറും, ഡിസ്നി ലാൻഡും താജ്‌മഹലും ഒക്കെയാണ് വാസ്തുവിദ്യയുടെയും ശില്പചാതുരിയുടെയും അവസാനവാക്കെന്ന് കരുതുന്നതിൽ അത്ഭുതമുണ്ടോ. 

പക്ഷെ ഒന്നുണ്ട് വ്യത്യസ്തമായി ഇവിടെ. അതിവിടുത്തെ വൃത്തിഹീനതയാണ്. മുൻപ് ഞാൻ രാമകൃഷ്ണക്ഷേത്രങ്ങളിലെ വൃത്തിയെക്കുറിച്ചെഴുതിയപ്പോൾ സൂചിപ്പിച്ചിരുന്നു വൃത്തിഹീനമായ ക്ഷേത്രങ്ങളെക്കുറിച്ച്. അതിൽ ജഗന്നാഥസ്വാമി ക്ഷേത്രവും പെടുത്താം. പലയിടത്തും മുറുക്കി തുപ്പിയിരിക്കുന്നത് പോലും കാണാം. അമ്പലത്തിനകം - ഇത്രയധികം ഭംഗിയാർന്ന കൊത്തുപണികൾ - നൂറ്റാണ്ടുകളുടെ ചരിത്രം - അവിടെ ഇങ്ങിനെ ചെയ്യുന്നവരെയെല്ലാം എന്ത് ചെയ്താലാണ് അവർക്കുള്ള ശിക്ഷയാവുക? വളരെ ദുഃഖവും രോഷവും തോന്നി. 

കുറെ നേരം അവിടെ ചുറ്റി നടന്ന് ഞങ്ങൾ മഹാലക്ഷ്മി ക്ഷേത്രത്തിന് പുറത്തെ മണ്ഡപത്തിൽ വന്നിരുന്നു. അടുത്തൊരാൾ ഞങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. സതീഷേട്ടൻ ഹിന്ദിയിൽ എന്തോ വിശേഷം ചോദിച്ചു. ചുവയാർന്ന മലയാളത്തിൽ അദ്ദേഹം മറുപടി നൽകി. പഴയൊരു നഷ്ടപ്പെട്ട സുഹൃത്തിനെ കിട്ടിയത് പോലെ സതീഷേട്ടന് സന്തോഷമായി. അദ്ദേഹം കേരളത്തിൽ ജോലി നോക്കിയിരുന്നത്രേ. വളരെ ഊഷ്മളമായി കേരളത്തിനെക്കുറിച്ചും അവിടുത്തെ നല്ലവരായ നാട്ടുകാരെക്കുറിച്ചും എല്ലാം അദ്ദേഹം ഓർത്തെടുത്തു. ജഗന്നാഥസ്വാമിയുടെ അമ്പലത്തിലെ പ്രത്യേകതകൾ പലതും അദ്ദേഹം വിവരിച്ചു തന്നു. അത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവിടെ ആൾത്തിരക്ക് കൂടുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. എല്ലാവരും കൊടികൾ കെട്ടിക്കൂട്ടിവെച്ചിരിക്കുന്ന ഒരു തട്ടിന്റെ പരിസരങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നു. അതെന്താണെന്നുള്ള കൗതുകത്തോടെ ഞങ്ങൾ അങ്ങോട്ട് നീങ്ങി. പുരിയിലെ ഒരു അത്ഭുതക്കാഴ്ചയിലേക്കായിരുന്നു ഞങ്ങൾ നടന്നടുത്തുകൊണ്ടിരുന്നത്....

No comments:

Post a Comment