Monday, January 29, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തൊന്ന് - ബന്ദേ ഭാരത്!

 മുഖം വീർപ്പിച്ചു നിൽക്കുകയാണവൻ. ഒരു ഏഴെട്ട് വയസ്സായിക്കാണും. ചിരിച്ചുകൊണ്ട് അച്ഛൻ പലതും പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്. പക്ഷെ അവൻ അത് കേട്ടഭാവം നടിക്കുന്നില്ല. നിസ്സഹായനായി അദ്ദേഹം മാറിയിരിക്കാമോ എന്ന് ചോദിച്ചു. മധ്യസ്ഥതയുടെ ചുമതല സതീഷേട്ടൻ എന്നെ ഏൽപ്പിച്ചിരുന്നു. പ്രാതൽ കഴിയുന്നത് വരെ അവിടെ ഇരുന്നോളൂ എന്നായി ഞാൻ. അതിനു ശേഷം മാറിത്തരണം. ശരി എന്നദ്ദേഹം തലയാട്ടി. ചെറുക്കന്റെ മുഖം അല്പമൊന്ന് ഭേദമായി.

കാലത്ത് 6:10 നു ഹൗറയിൽ നിന്ന് പുരിയിലേക്ക് പോകുന്ന വന്ദേഭാരതിനുള്ളിൽ ആണ് ഇപ്പോൾ ഞങ്ങൾ. വണ്ടി പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് മുൻപിലത്തെ സീറ്റുകാർ ഞങ്ങളുടെ സീറ്റിലേക്ക് മാറിയിരുന്നത്.മുൻസീറ്റിൽ ഇരുന്നാൽ ഒരല്പം മറയുണ്ട്. ചെറിയ പയ്യന് അതിൽ നീരസം. അത് മാറ്റാൻ വേണ്ടി ഇരുന്നതാണ്. പക്ഷെ എഴുന്നേൽക്കാൻ ഒരല്പം മടി. അതാണ് അല്പം മുഷ്ക് കൂടിയ എന്നെ മധ്യസ്ഥനാക്കി സതീഷേട്ടൻ സൂത്രത്തിൽ കഴിച്ചിലായത്. 

ഇന്നലത്തെ ആരതി കഴിഞ്ഞ് എല്ലാവരെയും മഠത്തിൽ വെച്ചുതന്നെ കണ്ടുമുട്ടി. അല്പം വൈകിയെങ്കിലും എല്ലാവരും ആരതി അവസാനിക്കും മുൻപ് എത്തിച്ചേർന്നിരുന്നു. അഖിലിനും അതൊരു പുതിയ അനുഭവമായിരുന്നു. ഞാനും സത്യനും ഓഫീസിൽ പോയി ഞങ്ങളുടെ വക ഒരു ദക്ഷിണ ആശ്രമത്തിന് നൽകി. അതിനുശേഷം പതിവ് ചായയും രസഗുളയും സമോസയുമൊക്കെയായി ഞങ്ങളാ പരിസരത്ത് ചുറ്റിനടന്നു. റോഡിന് അങ്ങേപ്പുറമുള്ള ഒരു ആലിൻചുവട്ടിൽ ഇരുന്ന് കുറെ സംസാരിച്ചു. നിവേദിതാ ഗസ്റ്റ് ഹൗസിൽ നിന്ന് അഖിലിനോടൊപ്പം രാത്രിഭക്ഷണം കഴിച്ച് അദ്ദേഹത്തിനോട് വിട പറഞ്ഞു. അപുവിനോടും കൂട്ടുകാരോടും നന്ദിയറിയിച്ചു. സാധനങ്ങൾ പായ്ക്ക് ചെയ്തും വർത്തമാനം പറഞ്ഞും ഞങ്ങൾ കുറച്ച് നേരം ചിലവിട്ടു. 

രാവിലെ 4 മണിയോടെ ഉണർന്ന് എല്ലാവരും 5 മണിയോടെ ഹൗറക്കുള്ള വണ്ടിയിൽ കയറി. ഹൗറ റെയിൽവേ സ്റ്റേഷനിലേക്ക് ഊബർ ബുക്ക് ചെയ്തിരുന്നു. ബേലൂരിൽ കാർ എത്താൻ ഒരല്പം വൈകിയെങ്കിലും 5:30 യോടെ റെയിൽവേ സ്റ്റേഷനിൽ എത്തി. എല്ലാവരും വന്ദേഭാരതിൽ ആദ്യമായി കയറുകയാണ്. വണ്ടിക്ക് മുൻപിൽ നിന്ന് ഒറ്റയ്ക്കും കൂട്ടമായും ഫോട്ടോകൾ എടുത്തു. അകത്ത് കയറി. ഒരു വിമാനം പോലെ തോന്നിക്കുന്ന ഉൾവശം. വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങൾ. അന്താരാഷ്‌ട്ര നിലവാരം തോന്നിക്കുന്ന ഇന്റീരിയർ ഡിസൈൻ. എല്ലാവരും നല്ല ഉത്സാഹത്തിലാണ്. നിറച്ച് യാത്രികർ ഉണ്ട്. ഏവരും ഞങ്ങളെപ്പോലെത്തന്നെ ആവേശഭരിതർ. അധികവും തദ്ദേശീയരായ ബംഗാളികൾ തന്നെ. മുരളിയേട്ടന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ ആദ്യം തന്നെ വന്ദേഭാരത് എന്നതിനെ ബന്ദേഭാരത് എന്ന് പുനർനാമകരണം ചെയ്തിരുന്നു. അതിനിടയ്ക്കാണ് കുറുമ്പനായ ആ പയ്യനും അവന്റെ അച്ഛനും കടന്നുവരുന്നത്. അച്ഛൻ മാത്രമല്ല. അമ്മയും രണ്ടു മുത്തശ്ശിമാരും, കൊച്ചനുജത്തിയുമുണ്ട് അവന്റെ കൂടെ. 

വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. കൽക്കത്താനഗരം അകന്നകന്നു പോകുന്നു. "ഇനിയും വരണം" എന്നോട് അകലെ നിന്ന് വിളിച്ചു പറഞ്ഞു. "എല്ലാവരെയും കൂട്ടി വരാം" ഞാൻ മറുപടി നൽകി. 

502 കിലോമീറ്റർ ദൂരമാണ് ഹൗറയിൽ നിന്ന് പുരി വരെ. 6 മണിക്കൂർ 25 മിനുട്ടാണ് ഈ വണ്ടിക്ക് ആ ദൂരം താണ്ടാൻ വേണ്ടുന്നത്. വണ്ടിയിൽ തീവണ്ടിയുടെ കുലുക്കം തീരെയില്ലെന്ന് പറയാം. LED ഡിസ്പ്ലേ ബോർഡുകളിൽ വണ്ടിയുടെ വേഗം തത്സമയം കാണാം. പുതിയ ഭാരതം - മോഡിഫൈഡ് ഇന്ത്യ - ഇതിനകത്ത് കാണാം. 

വിൻഡോ സീറ്റ് കിട്ടിയ എനിയ്ക്കടുത്ത് മുൻപ് കണ്ട ആ പയ്യന്റെ രണ്ട് മുത്തശ്ശിമാരാണ്. അവൻ അച്ഛനോടൊപ്പം എതിർഭാഗത്ത് പിന്നിലായി ഇരിക്കുന്നു. അവരുടെ പിറകിലത്തെ സീറ്റിൽ അമ്മയും ഒക്കത്ത് അനുജത്തിയും. ഞങ്ങളുടെ സീറ്റിനു പുറകിൽ ജയേട്ടനും മുരളിയേട്ടനും ഡോക്ടറും, എതിർവശത്ത് മാധവനും പ്രഭുവും. അവരുടെ രണ്ടു സീറ്റ് മുൻപിലായി സതീഷേട്ടൻ. സത്യൻ എക്സിക്യൂട്ടീവ് ക്ലാസ്സിലാണ്. വൈകി ബുക്ക് ചെയ്ത സത്യന്റെ ടിക്കറ്റ് തലേദിവസമാണ് കൺഫേം ആയത്. സ്വന്തം അമ്മയെയും ഭാര്യാമാതാവിനെയും കുടുംബത്തെയും കൊണ്ട് കൊൽക്കത്തയിൽ നിന്ന് പുരി ജഗന്നാഥനെ തൊഴാൻ പോവുകയാണാ അച്ഛൻ . അത്യാവശ്യം നല്ല ഹിന്ദിയിൽ ആ മുത്തശ്ശിയെന്നോട് കുശലപ്രശ്‌നം ചെയ്തു. മകൻ ആർമിയിലാണ്. ജമ്മുവിലാണ് പോസ്റ്റിങ്ങ്. ഇപ്പോൾ ലീവിന് നാട്ടിൽ വന്നിരിക്കുകയാണ്. ഞാൻ തിരിഞ്ഞുനോക്കി. മകന് കാഴ്ചകൾ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണാ അച്ഛൻ. ഖരഗ്‌പൂർ എത്തിയപ്പോൾ അവൻ പറഞ്ഞു ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം ഇവിടെയാണ്. ആദ്യമായി കേൾക്കുന്നത് പോലെ അച്ഛൻ സന്തോഷം നടിച്ചു.   വല്ലാത്ത ഒരു ബഹുമാനം തോന്നി അദ്ദേഹത്തോട്. മാതാവിനോടും മാതൃഭൂമിയോടുമുള്ള കടമ ഒരുപോലെ നിറവേറ്റുന്ന ഒരു മനുഷ്യൻ. അദ്ദേഹം എന്നെ നോക്കി ഊഷ്മളമായി ചിരിച്ചു. ഇനി സീറ്റ് മാറ്റണ്ട. ഞാൻ തീരുമാനിച്ചു. ജയേട്ടനും അത് ശരിവെച്ചു.

വിദേശരാജ്യങ്ങളിൽ സൈനികർക്കും സേനയിൽ നിന്ന് വിരമിച്ചവർക്കും ലഭിക്കുന്ന പരിഗണനപോലെ ഭാരതത്തിൽ അധികം കണ്ടിട്ടില്ല. പ്രത്യേകിച്ച് കേരളത്തിൽ. മദ്യം എളുപ്പത്തിൽ ലഭിക്കാനുള്ള ഉപാധിയായും, സിനിമകളിലും വഷള് കോമഡി പരിപാടികളിലും ഇകഴ്ത്തപ്പെട്ടും മാത്രമാണ് സൈനികരെ അധികവും കാണാൻ സാധിക്കുക. ഇനി കാണും എന്ന് യാതൊരു ഉറപ്പുമില്ലാതെ അമ്മയെയും ഭാര്യയേയും കുഞ്ഞുങ്ങളെയും വീട്ടിലാക്കി നാടിനെ കാക്കാൻ പോകുന്ന സൈനികന് എന്ത് പകരം നൽകിയാലാണ് ആ കടപ്പാട് തീരുക? ആ മനുഷ്യന്റെ മാനസികവ്യഥകൾ എത്ര വലുതായിരിക്കും? ഇടക്ക് കിട്ടുന്ന ലീവിൽ ഇങ്ങിനെ സ്വന്തം കുടുംബത്തെ ചേർത്തുപിടിക്കുന്ന ആ സൈനികനെക്കുറിച്ച് എനിക്കേറെ മതിപ്പ് തോന്നി. 

വണ്ടി 60-70 സ്പീഡിലാണ് ഇപ്പോളും പോക്ക്. രാവിലത്തെ ചായയും ന്യൂസ് പേപ്പറും വന്നു. അസ്സൽ ചായ. മുത്തശ്ശിമാർ പരസ്പരം കഥകൾ പറയുന്നു. ഇംഗ്ലീഷ് പത്രം അവർ എനിക്ക് കൈമാറി. വായിക്കാൻ താല്പര്യം തോന്നിയില്ല. ഞാൻ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. കഴിഞ്ഞ നാലഞ്ച് ദിനരാത്രങ്ങൾ വെറുതെ ഓർത്തെടുത്തു. ജോലിയെക്കുറിച്ച് ഒരിക്കൽ പോലും ഓർത്തതേയില്ല. വീട്ടിലേക്ക് തിരിച്ചു ചെല്ലേണ്ടത് കൊണ്ട്, ദിവസത്തിൽ ഒരിക്കൽ വിളിക്കും. ഒരു സ്വപ്നം പോലെ അവിശ്വസനീയമായി തോന്നി. പുറത്ത് പ്രഭാതത്തിന്റെ ലാവണ്യം. കൃഷിയിടങ്ങളും, പുഴകളും, കുളങ്ങളും പാടങ്ങളും.. പ്രകൃതി മാറിമാറി കൊതിപ്പിക്കുന്നു. വെയിൽ കതിരൊളി വീശുന്നു. ബംഗാളിന്റെ ഉൾനാടുകളിലൂടെ വന്ദേഭാരത് കൂകിപ്പാഞ്ഞു. 

ബ്രേക്‌ഫാസ്റ്റ് വന്നു. ബണ്ണും വെണ്ണയും, രണ്ടു കട്ട്ലറ്റ്, യോഗർട് എന്നിങ്ങനെയുള്ള വിഭവങ്ങളാണ്. ഒരു ചായയും വന്നു. ഞാൻ പയ്യനെ നോക്കി. അവനിപ്പോൾ ഹാപ്പിയാണ്. അയാൻ എന്നാണവന്റെ പേര്. ജയേട്ടൻ അനിയത്തിക്കുട്ടിയെ കൈയിലെടുത്തു. ഒരു ചിണുക്കവും കൂടാതെ റോഷ്‌നി എന്ന് പേരിട്ടിട്ടുള്ള അവൾ ജയേട്ടന്റെ കൈയിലിരുന്ന് കളിച്ചു. ഏട്ടനും പിണക്കമൊക്കെ മറന്ന് കൂടെക്കൂടി. വണ്ടിയിപ്പോൾ 110-120 സ്പീഡിലാണ് പോകുന്നത്. മുത്തശ്ശി ഇടയ്ക്ക് എന്നോടും സംസാരിക്കുന്നുണ്ട്. ആദ്യമായാണ് അവർ പുരിയിലേക്ക് പോകുന്നത്. നാലഞ്ച് തവണ വൃന്ദാവനത്തിലേക്ക് പോയിട്ടുണ്ട്. ഒരു സ്വാമിജിയുടെ സംഘത്തോടൊപ്പമാണ്. രണ്ട് തവണ കാൽനടയായിട്ടാണ് കൽക്കത്തയിൽ നിന്ന് പോയത്. ഇപ്പോൾ മകൻ അത് വേണ്ടെന്ന് നിർബന്ധിക്കുന്നതിനാൽ കാൽനടയാത്ര നിറുത്തി. ജമ്മുവിലേക്കും അവൻ കൊണ്ടുപോകുന്നുണ്ട്. പേരക്കുട്ടി കൊൽക്കത്തയിലെ സ്കൂളിലാണ് പഠിക്കുന്നത്. മിടുക്കനാണ്. ഇങ്ങിനെ കുറെ കാര്യങ്ങൾ പറഞ്ഞു. ഇപ്പോൾ ആലോചിക്കുമ്പോൾ ഓർക്കുന്നു - ആ അമ്മ ഒന്നുമിങ്ങോട്ട് ചോദിച്ചില്ല, ഞാനൊട്ടു പറഞ്ഞതുമില്ല. കൊൽക്കത്തയിൽ വന്നകാര്യങ്ങളും, കേരളത്തിൽ നിന്നാണെന്നും, ആശ്രമത്തിന്റെ ഒരു സംഘമാണെന്നും മാത്രം പറഞ്ഞു. ഞാൻ ഒരു നല്ല കേൾവിക്കാരനല്ല എന്നാണ് പൊതുവെ എന്നെക്കുറിച്ചുള്ള ആക്ഷേപം. അന്നെന്താണാവോ അധികം കേൾവിയും കുറച്ച് പറച്ചിലുമായിരുന്നു.

മുരളിയേട്ടൻ പുറകിലത്തെ സീറ്റിൽ അയാനിൽ നിന്ന് ബംഗാളി പഠിക്കാൻ ശ്രമിക്കുകയാണ്. ഒരു ഗുരുവിന്റെ ഗൗരവത്തോടെ, ക്ഷമയോടെ അവൻ പറഞ്ഞുകൊടുക്കുന്നുണ്ട്. മുൻപിൽ സതീഷേട്ടൻ ഫോണിലും അല്ലാതെയുമായി സംസാരത്തിലാണ്. വണ്ടി ബംഗാൾ വിട്ട് എപ്പോഴോ ഉത്കലത്തിലേക്ക് പ്രവേശിച്ചിരുന്നു. കട്ടക്ക് സ്റ്റേഷനിൽ നിർത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് ജനിച്ചതിവിടെയാണ്. പക്ഷെ ഒഡീഷക്കാരെക്കാൾ അദ്ദേഹത്തെ സ്വന്തമാക്കിയത് ബംഗാളികളാണ്. 

ഭുവനേശ്വറും കടന്ന് ഞങ്ങൾ പുരിയോട് അടുത്തുകൊണ്ടിരുന്നു. പുരിയിൽ ഒരു രാത്രി മാത്രമാണുള്ളത്. ജഗന്നാഥസ്വാമി ക്ഷേത്രമാണ് ഞങ്ങളുടെ പ്രധാനലക്ഷ്യം. പക്ഷെ കാണാൻ മറ്റെന്തൊക്കെയുണ്ട് എന്ന അന്വേഷണത്തിൽ താല്പര്യജനകങ്ങളായ മറ്റനേകം സ്ഥലങ്ങൾ ഞങ്ങൾക്ക് കിട്ടി. ഏതൊക്കെ ഞങ്ങൾക്ക് കാണാൻ പറ്റും എന്ന് നിശ്ചയമില്ല. പുരിയിൽ രാമകൃഷ്ണമഠത്തിൽ താമസം ശരിയായില്ല. അതിനാൽ ഒരു ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. ഹോട്ടൽ മാനേജർ ഒരു വണ്ടി സ്റ്റേഷനിലേക്ക് വിടാം എന്നേറ്റിരുന്നു.

പുരിയിൽ വണ്ടിയിറങ്ങി. ടാക്സിക്കാരനെ വിളിച്ചു. ഏറെ ദൂരം നടക്കണം പുറത്തേക്ക്. തിരക്കിനോടൊപ്പം ഞങ്ങളും നടന്നു. പുറത്ത് അയാൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരു വലിയ ഓട്ടോറിക്ഷ. ഞങ്ങളെയും, ഞങ്ങളുടെ ബാഗുകളും എല്ലാം അതിൽ കൊണ്ടു. അങ്ങിനെ ഞങ്ങൾ എട്ടുപേരും കൂടി പുരിയിലെ "ജഗത് സായി നിലയം" എന്ന ആ ഹോട്ടലിലേക്ക് പുറപ്പെട്ടു.

No comments:

Post a Comment