Friday, February 9, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തിമൂന്ന് - കൊടിമാറ്റം

 ഞാൻ ഒന്ന് ചുറ്റിലും കണ്ണോടിച്ചു. ഞങ്ങൾ ഏഴ് പേർ മാത്രമല്ല. ആ പരിസരത്തുള്ള സകലമാന ജനങ്ങളും മേൽപ്പോട്ട് വായും പൊളിച്ച് നോക്കി നിൽക്കുകയാണ്. ജയ് ജഗന്നാഥ് വിളികൾ ചുറ്റിലും ഉയർന്നുകേൾക്കാം. ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയാണ് എല്ലാവരും. 1800 കൊല്ലമായി ദിവസേന കാണുന്നതല്ലേ ഇതെന്ന മട്ടിൽ കുലുക്കമില്ലാതെ ഗോപുരങ്ങൾ നിന്നു. ഒരേ സമയം ഹൃദയത്തിൽ ഒരു അത്ഭുതവും അതോടൊപ്പം മറ്റെന്തൊക്കെയോ ചിന്തകളും വന്നു. അല്പനേരത്തിനു ശേഷം തിരക്കിനിടയിലൂടെ ഞാൻ ആനന്ദബസാറിനടുത്തേക്ക് നീങ്ങി.

ജഗന്നാഥപുരിയിൽ ദിവസേനയുള്ള കൊടി മാറ്റൽ ചടങ്ങായിരുന്നു അത്. 213 അടി ഉയരെയുള്ള ആ ഗോപുരത്തിന് മുകളിലേക്ക് രണ്ടുമൂന്നു ഭാണ്ഡം നിറയെ കൊടികളുമായി രണ്ടു പേർ കയറിപ്പോകും. ആ കൊടികൾ അവിടെ സ്ഥാപിച്ച്, പഴയവയുമായി തിരിച്ചു പോരും. കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നിയേക്കാവുന്ന ഇത് അവർ യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയാണ് ചെയ്യുന്നത് എന്നതാണ് അതിന്റെ പ്രത്യേകത. 1800 കൊല്ലമായി 365 ദിവസവും ഇടതടവില്ലാതെ ഇത് നടക്കുന്നുണ്ട് എന്നതാണ് അതിലെ മറ്റൊരു പ്രത്യേകത. ഇക്കാലഘട്ടത്തിലൊരിക്കലും അവിടെ ഒരു അനിഷ്ടസംഭവം ഉണ്ടായില്ലെന്നതാണ് അതിലെ മൂന്നാമത്തെ പ്രത്യേകത. ഭക്തിയേക്കാൾ കൂടുതൽ ചില ചാനലുകളിൽ സാഹസികപ്രകടനങ്ങൾ കാണുന്ന പ്രതീതിയായിരുന്നു എനിക്ക്. അതിനാലാണ് ഞാൻ പതുക്കെ പുറത്ത് കടന്നത്. അവിടെ ചെല്ലുമ്പോൾ മറ്റെല്ലാവരും അവിടെയുണ്ട്. സമാനമനസ്കർ.

ഞങ്ങൾ നടന്നു ചെന്ന ആ മരംകൊണ്ടുള്ള തട്ടിലാണ് ഇതിന്റെ ഏർപ്പാടുകൾ നടക്കുന്നത്. ആരോഗ്യമേറിയ രണ്ടു യുവാക്കൾ അവിടെ തയ്യാറായി നിൽക്കുന്നു. ജനങ്ങൾ അവർക്ക് അഭിവാദ്യം അർപ്പിക്കുന്നു. ചിലർ അവരുടെ വകയായി കൊടികൾ നൽകാൻ മത്സരിക്കുന്നു. മഞ്ഞ കൊടിയാണ് ഒത്തമുകളിൽ ഉള്ള നീലചക്രം എന്ന് പേരായ സുദർശനചക്രത്തിൽ പാറുക. അതിന് പുറമെ ആ വലിയ ചക്രത്തിൽ എല്ലായിടത്തും കൊടികൾ കൊണ്ട് അലങ്കരിക്കും. അതിനാണ് കൊടികൾ ഭാണ്ഡമാക്കി അവർ കൊണ്ട് പോകുന്നത്. ചെറിയ പ്രാകാരങ്ങൾക്ക് മുകളിലൂടെ നടന്ന് അവർ പ്രധാന ഗോപുരത്തിലേക്ക് എത്തുന്നു. പിന്നീട് ഓരോ പടിയായി ചവിട്ടി ചവിട്ടി, ആ ഗോപുരമുകളിൽ അവർ എത്തിച്ചേരുന്നു. ഭാണ്ഡം അവരുടെ ദേഹത്ത് ഞാത്തിയിടുകയാണ്. അത് വലിച്ചുകൊണ്ടാണ് ഓരോ പടിയും കയറുന്നത്. കലിംഗശൈലിയിൽ പടിപടിയായാണ് ഗോപുരം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ വിദഗ്ദ്ധമായി അതിന് മുകളിലൂടെ ചവിട്ടി ചവിട്ടി കയറാം. പക്ഷെ കാലൊന്നു വഴുതിയാൽ, കൈയൊന്ന് പതറിയാൽ പിടുത്തം അല്പമൊന്നയഞ്ഞാൽ മരണം സുനിശ്ചിതവുമാണ്. അത് സംഭവിക്കാതിരിക്കാൻ ചുവട്ടിൽ ഭക്തർ എല്ലാവരും ജഗന്നാഥനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 

സുദർശന ചക്രം താഴെനിന്ന് കാണുമ്പോൾ വലുപ്പം തോന്നിക്കില്ല. അതിനടുത്ത് ആ മനുഷ്യർ എത്തുമ്പോളാണ് അതിന്റെ ആകാരം നമുക്ക് ഊഹിക്കാനാകുന്നത്. ഇത് അവിടെ എല്ലായിടത്തുമുണ്ട്. അകത്തെ വിഗ്രഹങ്ങളും ഇപ്രകാരം തന്നെയാണ്. ആ മനുഷ്യർ മുകളിൽ എത്തിയതോടെ ഞങ്ങൾ അവിടെ നിന്നിറങ്ങി. തിരിച്ച് ഹോട്ടലിൽ എത്തിയപ്പോൾ മുരളിയേട്ടൻ അവിടെയില്ല. വിശ്രമം കഴിഞ്ഞ് അദ്ദേഹം ഇറങ്ങിയിരിക്കുന്നു. കൊടിമാറ്റം അദ്ദേഹം കണ്ടുവെന്ന് പിന്നീട് പറഞ്ഞു. ഞങ്ങൾ ഒരു ചായ കഴിച്ച്, അല്പം വിശ്രമിച്ചു.സന്ധ്യ മയങ്ങിത്തുടങ്ങി. ഇനിയും ജഗന്നാഥസ്വാമി ദർശനം നൽകിയിട്ടില്ല. ഞങ്ങൾ തിരികെ അമ്പലത്തിലേക്ക് നടന്നു.

ഇതിനോടകം ആ പരിസരം ഏതാണ്ട് ഞങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു. ചെറിയ വഴികൾ. ഇരുവശത്തും നിരനിരയായി വീടുകൾ. അവക്ക് മുന്നിൽ കോലങ്ങൾ അണിഞ്ഞിരിക്കുന്നു. വിളക്കുകൾ കത്തിച്ചുവെച്ചിരിക്കുന്നു. അന്നവിടെ ലക്ഷ്മീദേവിക്കുള്ള ഏതോ പൂജയാണത്രേ. എല്ലാ വീടുകളിലും ഇവ കാണാം. നടന്ന് ഞങ്ങൾ അമ്പലത്തിലെത്തി. ക്യൂവിൽ തിരക്കില്ല. വേഗം ചെന്ന് സിംഹദ്വാരത്തിലൂടെ അകത്തുകയറി. 


അമ്പലത്തിന്റെ ശ്രീകോവിലിലേക്കുള്ള ക്യൂവും വളരെ ചെറുതാണ്. വേഗം നടന്നു നീങ്ങി. പടവുകൾ കയറി അതിഗംഭീരമായ ഒരു ഗോപുരവാതിലിനുള്ളിലൂടെ അമ്പലത്തിനകത്തേക്ക് ഞങ്ങൾ കയറി. ഭക്തരുടെ തിരക്കുണ്ട്. നൂറ്റാണ്ടുകളുടെ ജപസാധനകളുടെ കനം അന്തരീക്ഷത്തിലുണ്ട്. ഇപ്പോൾ ഭക്തരെ കുറച്ചകലെ വെച്ച് ദർശനം നടത്തി പറഞ്ഞയക്കുകയാണ്. കുറച്ചുകൂടി അടുത്തേക്ക് ചെല്ലാം. പക്ഷെ ഇപ്പോൾ എന്തുകൊണ്ടോ അവിടത്തേക്ക് പ്രവേശനമില്ല. ഒരു വലിയ മണ്ഡപമാണിത്. അറ്റകുറ്റപ്പണികൾക്ക് വേണ്ടി ഇരുമ്പിന്റെ വലിയ താങ്ങുകൾ വെച്ചിരിക്കുന്നു. അവക്ക് മുന്നിലൂടെ ക്യൂ വഴിതിരിച്ചു വിട്ടിരിക്കുന്നു. തുളസിമാലകളും മറ്റ് കാഴ്ചദ്രവ്യങ്ങളുമായി ഭക്തരുടെ ഒരു നിര ജഗത്തിനു നാഥനായ ആ പരംപൊരുളിന് നേരെ നീങ്ങുന്നു. 

ഏറ്റവും അകലെ നിന്ന് ഞങ്ങൾ കണ്ടു - മരത്തിൽ കൊത്തിയ ആ വിഗ്രഹങ്ങൾ. മഞ്ഞപ്പട്ട് കൊണ്ട് അലങ്കരിച്ച രൂപങ്ങൾ. ചിത്രത്തിലേതിലും ഭംഗിയുണ്ട് അവക്ക്. മുഖത്ത് സായൂജ്യമേകുന്ന പുഞ്ചിരി. സഹോദരങ്ങൾ മൂവരും സന്തോഷത്തിലാണ്. അവർ സന്തോഷിച്ചാൽ ജഗത്ത് സന്തോഷിക്കുമല്ലോ. ഭക്തരുടെ മുഖത്തും നിർവൃതി. പുറത്ത് കേട്ട പോലുള്ള ജയ് വിളികളില്ല. എല്ലാവരും ദർശത്തിനുള്ള ഉത്സാഹത്തിലായിരിക്കാം. പക്ഷെ പൂജാരിമാരുടെയും സെക്യൂരിറ്റിമാരുടെയും ബഹളം കേൾക്കാം. ചെറിയ ചൂരൽക്കമ്പ് കൊണ്ട് വേദനിപ്പിക്കാതെ ഭക്തരെ മുന്നോട്ട് നയിക്കുന്നു. സെക്യൂരിറ്റിമാർ വളരെ ശ്രമകരമായി അവരുടെ ദൗത്യം ഭക്തരെ ബുദ്ധിമുട്ടിക്കാതെ നിർവഹിക്കുന്നു. ഗുരുവായൂരിലെ കാവൽക്കാരെ ഓർത്തുപോയി. ജയവിജയന്മാർ എന്നാണ് എൻ്റെ സഹോദരിയുടെ ഭർത്തൃമാതാവ് അവരെ വിളിച്ചിരുന്നത്. ശാപം കിട്ടി അസുരജന്മങ്ങളാകേണ്ടവർ. ശബരിമലയിൽ പോലും അതിലും മാന്യത ഞാൻ കണ്ടിട്ടുണ്ട്.

പൂജാരിമാർ ദക്ഷിണ വാങ്ങാൻ നോക്കുന്നുണ്ട്. പക്ഷെ കാളീഘട്ടിലേത് പോലെ പിടിച്ചുപറിയായി തോന്നിയില്ല. തിക്കിത്തിരക്കി ഭക്തരോടൊപ്പം ഞങ്ങളും ആ സവിധത്തിലെത്തി. കൺതുറന്ന് ആ ദിവ്യവിഗ്രഹങ്ങൾ കണ്ടു. ഒരു വലിയ ഗർഭഗൃഹത്തിനുള്ളിൽ മൂന്നു ദാരുശില്പങ്ങൾ. നടുവിൽ സുഭദ്രയുടെ കുട്ടി വിഗ്രഹം. അപ്പുറവും ഇപ്പുറവും ഏട്ടന്മാർ. വിവിധങ്ങളായ അലങ്കാരങ്ങൾ, മാലകൾ, പട്ടുടയാടകൾ, ആഭരണങ്ങൾ.


അതിനൊക്കെയുള്ളിൽ അതിലും വിലപിടിപ്പുള്ള ദിവ്യവിഗ്രഹങ്ങൾ. ഒരുപാട് നേരം കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. ക്യൂവിന് പുറത്തെത്തിയപ്പോൾ അവിടെ പണി നടക്കുന്നതിനടുത്ത്, പിറകിലായി ഒഴിഞ്ഞ ഒരു സ്ഥലം കണ്ടു. അവിടേക്ക് ചെന്നുനിന്ന് കുറച്ചുനേരം തൊഴുതു നിന്നു. മനസ്സിൽ ഭക്തിക്കുമപ്പുറം ഏതോ അനുഭൂതി. 

കൂടെയുള്ളവരെയും അങ്ങോട്ട് വിളിച്ചു. എല്ലാവരും അവിടെ കുറച്ചുനേരം നിന്നു തൊഴുതു. അല്പം പുറകിലായി കുറച്ചുപേർ ഇരിക്കുന്നുണ്ട്. അവരുടെ പുറകിൽ ഞങ്ങളും ഇരുന്നു. ഇത്തരം മഹാസന്നിധികളിൽ കുറച്ചുനേരം തങ്ങുക എന്നത് ദർശനത്തിനേക്കാൾ വിലപ്പെട്ടതാണ്. പലയിടങ്ങളിലും അത് അമ്പലത്തിന് പുറത്തേ സാധിക്കാറുള്ളൂ. ഇവിടെ ഞങ്ങൾക്ക് ആ മുഖമണ്ഡപത്തിൽ തന്നെ ഇരിക്കാൻ സാധിച്ചിരിക്കുന്നു. വിഷ്ണു സഹസ്രനാമം ചൊല്ലിയാലോ എന്നായി ഞാൻ. ആവാമെന്ന് എല്ലാവരും പറഞ്ഞു. അവിടെയിരുന്ന് നാമരഹിതനായ ഭഗവാനെ ഞങ്ങൾ ആയിരം നാമങ്ങളാൽ സ്തുതിച്ചു. ചൊല്ലുന്നതിനിടയിലും മനസ്സ് അടങ്ങിയിരിക്കുന്നില്ല. ഇതിൽ എവിടെയെങ്കിലും ജഗന്നാഥൻ എന്ന പേര് വരുന്നുണ്ടോ എന്നിടക്കിടക്ക് പരതിക്കൊണ്ടിരുന്നു. അത് ശ്രദ്ധ കളയുന്നു എന്ന് തോന്നിയപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. പതിവ് പോലെ സഹസ്രനാമം കഴിഞ്ഞ് വിഷ്ണു ഭുജംഗപ്രയാതം ചൊല്ലിത്തുടങ്ങി.

ശങ്കരാചാര്യർ തൻ്റെ അമ്മയുടെ മരണക്കിടക്കയിൽ ഇരുന്ന് ചൊല്ലിയതാണിത്. വളരെ വൈകാരികമായ കവിത. ഭക്തി തുളുമ്പുന്ന ഭുജംഗപ്രയാത വൃത്തത്തിലുള്ള സ്തുതി. ചൊല്ലിപ്പഴകിയ നാവ് മനസ്സിനെ ബുദ്ധിമുട്ടിക്കാതെ ചൊല്ലുന്നുണ്ട്.

"നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണോ 

നമസ്തേ നമസ്തേ ഗദാചക്രപാണേ 

നമസ്തേ നമസ്തേ പ്രപന്നാർത്തിഹാരിൻ 

സമസ്താപരാധം ക്ഷമസ്വാഖിലേശ"

ഹൃദയം ഒരു നിമിഷം മിടിപ്പ് നിർത്തി. വെറുതെ ഒന്ന് മോഹിച്ചതായിരുന്നു, ജഗന്നാഥൻ എന്ന പേരിനാൽ ഭഗവാനെ മാനസപുഷ്പം കൊണ്ടർച്ചിക്കാൻ. നോക്കി നോക്കി ബുദ്ധിമുട്ടിക്കാതെ ഇതാ അനായാസമായി അതിലേക്ക് എന്നെ കൊണ്ടെത്തിച്ചിരിക്കുന്നു. നിന്റെ മനസ്സിലെ ഒരു ചിന്തപോലും ഞാനറിയാതെ കടന്നുപോകുന്നില്ല എന്നാണോ അവിടുന്ന് പറഞ്ഞത്. അത് വരെ നിറയാൻ കൂട്ടാക്കാതിരുന്ന കണ്ണ് നിറഞ്ഞു. അത് വരെ പുറംകാഴ്ചയിൽ മുങ്ങിയ മനസ്സ് ജഗന്നാഥനിൽ ലീനമായി. ഇടറുന്ന കണ്ഠത്തോടെ ഞാൻ അത് ചൊല്ലി മുഴുമിപ്പിച്ചു. 

ഒരല്പം നേരം കൂടി ധ്യാനിച്ചിരുന്ന ശേഷം നമസ്കരിച്ച് എഴുന്നേറ്റു. പുറത്തിറങ്ങിയ ശേഷം ഞങ്ങൾ ആനന്ദബസാർ ലക്ഷ്യമാക്കി നടന്നു. അവിടെ നിന്ന് പ്രസാദങ്ങൾ വാങ്ങി. അവിടെത്തന്നെ ഉള്ള ഒരു മണ്ഡപത്തിൽ വട്ടത്തിലിരുന്ന് കഴിച്ചു. കേടുവരാത്ത ചില പ്രസാദങ്ങൾ നാട്ടിലേക്കായി വാങ്ങി. അവിടെ ഉള്ളവയെല്ലാം ഭഗവാന് നിവേദിച്ചവയാകും. വയറും മനസ്സും നിറഞ്ഞ് ഞങ്ങൾ പുറത്തേക്കുള്ള വഴിയുടെ മുൻപുള്ള പടിക്കെട്ടുകളിൽ ഇരുന്നു. ഭക്തർ വരികയും പോവുകയും ചെയ്യുന്നു. വളരെയധികം ആളുകൾ ആ പടിക്കെട്ടുകളിൽ ഉരുളുന്നു.

ആദ്യം കൗതുകം തോന്നി. പിന്നീട് അത് അവരോടുള്ള ബഹുമാനമായി. അവിടെ ഉള്ളത് ഭക്തരുടെ പാദധൂളികൾ മാത്രമാണ്. അതിൽ ഉരുണ്ട് നിർവൃതി നേടുക - എന്തൊരു അസുലഭമായ ചിന്തയാണത്. ശ്രീരാമകൃഷ്ണദേവൻ ഇടയ്ക്കിടെ പറയാറുള്ളതോർത്തു "ഭാഗവതം - ഭക്തൻ-ഭഗവാൻ" - ഈശ്വരനും, ഭക്തനും, ഈശ്വരചരിതവും മൂന്നും ഒന്നാണ്. അതിന്റെ അതിമഹനീയമായ പ്രായോഗികപാഠമല്ലേ ഇത്. ഭക്തരെ ഭഗവാനെന്നുറച്ച് ഞാനും രണ്ടുമൂന്ന് പടിക്കെട്ടുകൾ ഉരുണ്ടു. പിറകെപ്പിറകേ ജയേട്ടനും സുനിതാജിയും അടക്കം എല്ലാവരും ഉരുണ്ടു. അവിടെ ഒരിടത്ത് വളരെ വൃത്തിയില്ലാത്തത് എന്ന് തോന്നിക്കുന്ന ഒരിടത്ത് ഒരു ഭക്ത പാദധൂളികൾ അടിച്ചുകൂട്ടി പൊതിഞ്ഞെടുക്കുന്നത് കണ്ടത് ജയേട്ടൻ പറഞ്ഞു.

കേരളത്തിൽ ശയനപ്രദക്ഷിണം ഇത്തരം ഒന്നാണെങ്കിലും അതിന് ഇത്ര വിശാലമായ ഒരു ദാർശനിക പശ്ചാത്തലം ഇല്ല. ജാതിക്കഥകൾ പറഞ്ഞ് നമ്മെ തമ്മിൽത്തല്ലിക്കുന്നവർക്കുള്ള മറുപടി കൂടി ഇതിലുണ്ട്. അവിടെ ഉരുണ്ട ഒരു ഭക്തനും അത് ആരുടെ പാദധൂളികളാകും എന്ന് നിശ്ചയമായും ചിന്തിച്ചിരിക്കില്ല. ഭക്തർക്ക് ജാതിയില്ല എന്ന രാമകൃഷ്ണവാക്യവും ഇവിടെ കൂട്ടിച്ചേർക്കാം. നമ്മെ വിഭജിക്കാൻ - തമ്മിൽ തല്ലിക്കാൻ - നാം നിന്നുകൊടുക്കുവോളം അവർ ചില കഥകൾ ഊതിപ്പെരുപ്പിച്ച് നമ്മിൽ സ്പർദ്ധ വളർത്തുക തന്നെ ചെയ്യും.

പതിയെ ഞങ്ങൾ എഴുന്നേറ്റു. ഇനിയും ഉണ്ട് പുരിയിലെ കാഴ്ചകൾ കാണാൻ.. അതിലേക്ക് ഞങ്ങൾ സംഘമായി നടന്നു.

No comments:

Post a Comment