Friday, January 26, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത് - ആരാത്രികസന്ധ്യ...

"ഖണ്ഡന ഭവ ബന്ധന...."

പതിഞ്ഞ താളത്തിൽ ആരാത്രികം ആരംഭിച്ചു. ഹാളിൽ മറ്റൊരു ശബ്ദവുമില്ല. ഹാർമ്മോണിയവും തബലയും അകമ്പടി സേവിച്ചു കൊണ്ട് ഹൃദയത്തിൽ നിന്നും ആ ഗാനം ഒഴുകിക്കൊണ്ടിരുന്നു. ദീപങ്ങൾ ഭഗവൽചരണങ്ങളുടെ ഒളി തങ്ങളിലേക്ക് ആവാഹിക്കാൻ മത്സരിച്ച് കത്തിക്കൊണ്ടിരുന്നു. സ്വയംപ്രഭനായ ഭഗവാനെ വിളക്കുകാണിച്ച് ദീപ്തനാക്കാൻ ശ്രമിക്കുന്ന മക്കൾ. ആ കളിക്ക് നിന്നു തരുന്ന ജഗത്പിതാവ്.

ബംഗാളി പൂജാവിധാനത്തിന് ഒരു നൃത്തത്തിന്റെ മാസ്മരികതയുണ്ട്. ഓരോ ചലനവും അതീവ ലയവിന്യാസത്തോടെയാണ്. കേരളത്തിൽ മുദ്രക്കാണ് കൂടുതൽ പ്രാധാന്യം എങ്കിൽ ഇവിടെ അതിന്റെ ലയത്തിനാണ്. ഇത് കേവലം പൂജയിൽ മാത്രമല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഹിന്ദുസ്ഥാനിയും കർണ്ണാടക സംഗീതവും തമ്മിലുമില്ലേ ഈ അന്തരം. ഒന്ന് ലയപ്രധാനമാണെങ്കിൽ ഇനിയൊന്ന് താളപ്രധാനമാണ്. നൃത്തങ്ങളിലും ഈ വ്യത്യാസം തെക്കും വടക്കും തമ്മിൽ കാണാം. 

"സമ്പദ തവ ശ്രീപദ ഭവ ഗോഷ്‌പദ വാരി യഥായ്"

നിൻറെ ശ്രീപാദമാകുന്ന സമ്പത്ത് നേടിയവന് ഈ ഭാവസാഗരം കന്നുകുട്ടിയുടെ  കുളമ്പടിപ്പാടിലെ വെള്ളം പോലെയാകുന്നു. ദീപങ്ങൾ, ശംഖ്, ചാമരം എന്നിങ്ങിനെ നിരവധി ഉപചാരങ്ങളോടെ ആരതി പുരഗമിക്കുന്നു. മുഴുവൻ ഹാളും ധ്യാനലീനമാണ്. എല്ലാ തുറന്ന കണ്ണുകളും ശ്രീകോവിലിലെ ആ സുന്ദരവിഗ്രഹത്തിൽ തന്നെ ഉറച്ചിരിക്കുന്നു. ശ്രീഭഗവാൻ ഒരിക്കൽ തന്റെ ഫോട്ടോയെക്കുറിച്ച് പറഞ്ഞിരുന്നു - ഞാൻ ഇതിലൂടെ ലോകമെമ്പാടും സഞ്ചരിക്കുമെന്ന്. ആ ഫോട്ടോയുടെ ത്രിമാനരൂപമാണ് രാമകൃഷ്ണക്ഷേത്രങ്ങളിൽ എല്ലായിടത്തും. താമരപ്പൂവിനുള്ളിൽ സുഖാസനത്തിൽ ഇരിക്കുന്ന ഭഗവാൻ. ഒരു കാൽമുട്ട് നിലത്തോട് ചേർന്ന്, മറ്റേത് കാൽപ്പാദത്തിന് മുകളിൽ ഒരല്പം ഉയർന്ന്. രണ്ടു കൈത്തണ്ടകളും ഊരുകളിൽ സ്വസ്ഥമായിരിക്കുന്നു. മെല്ലിച്ച വിരലുകൾ കോർത്ത കൈകൾ. വെളുത്ത ധോത്തി അരയിൽ മുറുക്കി ഉടുത്തിരിക്കുന്നു. അതിന്റെ ഞൊറികൾ ആ തുടകളെ മറച്ചിരിക്കുന്നു. ഉടലിലൂടെ അലസമായി ആ ധോത്തിയുടെ തല ഒരു ഉത്തരീയം പോലെ ഇട്ടിരിക്കുന്നു. മെലിഞ്ഞ ശരീരം നിവർന്നിരുന്നു. തോളെല്ലുകൾ തെളിഞ്ഞുകാണാം. മുഖത്ത് വെട്ടിയൊതുക്കാത്ത ചെറിയ താടി. ചുണ്ടിൽ മാസ്മരികമായ ഒരു ചിരി. അല്പം തുറന്ന വായ. അതിനിടയിലൂടെ പല്ലിന്റെ മുൻനിര ഒരല്പം കാണാം. ഇരുവശത്തേക്കും ഒരല്പം കയറിയ വിശാലമായ സുന്ദരമായ നെറ്റി. തലയിൽ ചീകിവെക്കാത്ത മുടി. 

"നമോ നമോ പ്രഭു വാക്യമനാതീത..." 

ആരാത്രികം അടുത്ത താളപ്രമാണത്തിലേക്ക് കയറുന്നു. നൂറുകണക്കിന് ഭക്തരുടെ ഹൃദയം ആ താളത്തിനൊത്ത് തുടിച്ചുകൊണ്ടിരിക്കുന്നു. പുറത്ത് സന്ധ്യ ഗംഗയുടെ ഓളങ്ങളുമായി ചേർന്ന് പുതിയ വർണ്ണങ്ങൾ രചിച്ചുകൊണ്ടിരുന്നു. ഭക്തരും മഠം കാണാൻ വന്നവരും വാതിൽക്കൽ പോലും നിൽക്കാൻ സ്ഥലം ലഭിക്കാതെ ചുറ്റുപാടും നടന്നുകാണുന്നു. പറവകൾ ചേക്കേറാൻ തിടുക്കം കൂട്ടാതെ ആരാത്രികസംഗീതത്തിൽ മുഴുകിയിരിക്കുന്നു. ഭഗവാൻ തൻ്റെ തൃക്കണ്ണുകളാൽ ഭക്തരെ കടാക്ഷിക്കുന്നു.

രണ്ട് വിശാലമായ കണ്ണുകൾ - കരുണയുടെ അലകൾ തിരതല്ലുന്ന മഹാസാഗരങ്ങൾ. ഇടത്തേത് വലത്തേതിനേക്കാൾ അല്പം കൂടി തുറന്നിരിക്കുന്നു. മന്ദഹാസം അതിൽ തെളിഞ്ഞുകാണാം. കാണുന്നവക്കപ്പുറം എന്തൊക്കെയോ കാണുന്നുവെന്ന് തോന്നിപ്പിക്കുന്ന നേത്രം. ഭക്തരുടെ തൊലിപ്പുറത്തിനപ്പുറം ആത്മാവിലേക്ക് ആഴത്തിൽ കയറുന്ന നോട്ടം - പതിനായിരക്കണക്കിന് മനുഷ്യർക്ക് "ഞാനുണ്ട്" എന്നുറപ്പ് കൊടുത്ത ആ നോട്ടം - നൂറായിരങ്ങളുടെ സങ്കടങ്ങൾ കേട്ട് ആശ്വസിപ്പിക്കുന്ന ആ നോട്ടം - ഹാ! എത്രയെഴുതിയാലാണ് ആ കണ്ണുകളുടെ ആഴം വിവരിക്കാനാവുക - എത്ര ജന്മം തപം ചെയ്താലാണ് ആ നോട്ടം നമ്മിൽ പതിയാൻ ഇട വരിക. ആ സന്ധ്യയിൽ ബേലൂരിലെ ആ മഠത്തിൽ ഇത് കേൾക്കാനിരിക്കുന്ന തൻ്റെ ഭക്തരെ ഭഗവാൻ കാരുണ്യത്തോടെ നോക്കിയുഴിഞ്ഞുകൊണ്ടിരുന്നു.

"ഹര ഹര ആരതി തൊമാർ, ശിവ ശിവ ആരതി തൊമാർ...." 

സ്വാമി വിവേകാനന്ദൻ ബംഗാളിയിൽ എഴുതിയ ഈ മനോഹരകാവ്യം അതിന്റെ അവസാനത്തോടടുക്കുന്നു. ലോകം മുഴുവനും പഴി പറഞ്ഞപ്പോളും തന്നെ ഹൃദയത്തോടടക്കിപ്പിടിച്ച ആ കാരുണ്യത്തിടമ്പിനോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്ന വരികൾ. അകൃത്രിമമായി സ്വഗുരുവിന് ആ സച്ഛിഷ്യന്റെ ഹൃദയാഞ്ജലി. നൂറ്റാണ്ടുകൾക്കപ്പുറവും മനുഷ്യരാശിയുള്ളിടത്തോളം കാലം ജനതതികൾ ഏറ്റുപാടുന്ന ദിവ്യസംഗീതം. ആദ്യത്തെ വരി വീണ്ടും പതിഞ്ഞ താളത്തിൽ പാടി ഗുരുമഹാരാജിന് ജയ് വിളിച്ചു.

ഇനി സ്വാമി വിവേകാനന്ദൻ സംസ്കൃതത്തിൽ എഴുതിയ ശ്രീരാമകൃഷ്ണ സ്തോത്രമാണ്. എനിക്ക് മുഴുവൻ കാണാതെ അറിയാവുന്നത് ഇതാണ്. പണ്ട് റയിൽനഗറിലെ ഒരു സുഹൃത്ത് സമ്മാനിച്ച ഒരു പുസ്തകത്തിൽ നിന്നാണ് ഇത് പഠിക്കുന്നത്. പിന്നീട് വിവേകാനന്ദ ദാർശനിക സമാജത്തിലെ ആരതികളിൽ വെച്ചാണ് അത് ബേലൂരിൽ ചൊല്ലുന്ന രീതി മനസ്സിലാക്കുന്നത്. സമാജത്തിൽ പത്ത് പതിനഞ്ച് വർഷത്തോളം മഞ്ഞും മഴയും വകവെക്കാതെ ഒരുദിവസംപോലും മുടങ്ങാതെ രണ്ടുനേരവും നടന്നിരുന്നതാണ് ഈ ആരതി. അതിന് നേതൃത്വം നൽകിയ ശ്രീ കിരൺ,ശ്രീ വിഷ്ണുപ്രസാദ് എന്നിവരെയോർത്തു. ജോലി കഴിഞ്ഞ് നേരെ സമാജത്തിലെത്തി, കുളിച്ചാണ് വിഷ്ണുവും കുട്ടേട്ടനും ആരതിയർപ്പിച്ചിരുന്നത് - ഒരിയ്ക്കലും സമയം വൈകാതെ. എത്ര മഹത്തായ തപസ്സാണ് അവർ രണ്ടുപേരുടെയും അതിനായി സമയമർപ്പിച്ച മറ്റുള്ളവരുടെയും. പിന്നീട് എല്ലാവരും പറഞ്ഞു, ഈ ആരതി സമയം സമാജത്തിലെ ആരതിയാണ് മനസ്സിൽ നിറഞ്ഞുനിന്നതെന്ന്.

"ഓം ഹ്രീം ഋതം ത്വമചലോ...." 

തനതായ ബംഗാളിസംഗീതശൈലിയിൽ ആ സ്തോത്രം പാടിത്തുടങ്ങി. ഹൃദയം പിഴിഞ്ഞ കണ്ണുനീർ ഒഴുകിത്തുടങ്ങി. മനുഷ്യന്റെ നിസ്സഹായതയിൽ ഈശ്വരൻ മാത്രമാണ് ശരണം എന്ന് വീണ്ടും വീണ്ടും പറയുന്ന വരികൾ. തെറ്റുകൾ വീണ്ടും വീണ്ടും പറ്റുമ്പോളും വീണ്ടും വീണ്ടും അതിലേക്ക് തന്നെ വീഴുന്ന ജീവന്റെ പിഴകൾ പൊറുക്കാനുള്ള അപേക്ഷ. മോചനമില്ലെന്ന് വിശ്വസിക്കുന്നവനുള്ള വിമോചനതാരകം.

"വ്കത്രോദ്ധൃതം തു ഹൃദയേ ന ച ഭാതി കിംചിത് " - "വായിലൂടെ എത്ര പറഞ്ഞാലും ഹൃദയത്തിൽ അത് തെളിയുന്നതേയില്ലല്ലോ.." സ്വാമിജി എനിക്കായെഴുതിയ വരികൾ. എത്ര കവിതകൾ എഴുതി അവിടുത്തെക്കുറിച്ച് - എത്ര തവണ നമിച്ചു - എത്ര ആ ചരിതം വായിച്ചു - അതിനെക്കുറിച്ച് പറഞ്ഞു - എത്രയെത്ര ജീവിതാവസ്ഥകളിൽ ആ പാദങ്ങളിൽ കെട്ടിപ്പിടിച്ചു കരഞ്ഞു... പക്ഷെ വീണ്ടും വീണ്ടും ചെളിക്കുണ്ടിലേക്ക് ഞാൻ വീണുപോകുന്നുവല്ലോ. വീണ്ടും വീണ്ടും മനസ്സ് പഴയ വാസനകൾ തേടിപ്പോകുന്നുവല്ലോ. വെളുത്തുള്ളിമണം* ഈ ജീവനിൽ നിന്ന് വിട്ടുപോകുന്നില്ലല്ലോ. ഹൃദയത്തിൽ നീ തെളിയുന്നില്ലല്ലോ..മനസ്സിലെ അണകൾ പൊട്ടി - ഞാൻ അന്തരാത്മാവിൽ നിലവിളിച്ചു.

"തസ്മാത് ത്വമേവ ശരണം മമ ദീനബന്ധോ..."

അതെ. ഈ പിഴകളൊക്കെയുണ്ടെങ്കിലും അവിടുന്ന് ദീനന് ബന്ധുവാണ് - പതിതാപാവനനാണ് - അശരണന് ശരണമാണ്. എനിക്ക് അവിടുന്ന് എന്റെ അച്ഛനും അമ്മയും ബന്ധുവും ഭഗവാനുമാണ്. മറ്റാർക്കാണ് എന്നെ ഇത്രയടുത്ത് അറിയുക? മറ്റാരാണ് എന്നെ ഇത്രമേൽ സ്നേഹിക്കുക.

"നേരായി വന്നിടുക വേറാരുമില്ല ഗതി"**. 

ഞാൻ വേറെങ്ങു പോകാനാണ്? നിന്റെ മക്കളെ നോക്കേണ്ടുന്നത് നീ തന്നെയല്ലേ? ഞാൻ വഴിതെറ്റിപ്പോയാൽ നിന്നെക്കുറിച്ച് ലോകമെന്ത് പറയും? ഞാൻ തോറ്റുപോയാൽ പിന്നെ നിന്നെക്കുറിച്ച് ലോകം ഭള്ളു പറയില്ലേ?  "അകീർത്തിസ്തേ മാഭൂത്"***  - നിനക്ക് കുറച്ചിലാകരുതേ. ഈ എന്നെയും നീ കൈക്കൊള്ളണേ.

സന്ധ്യ ഭഗവാനെ ആരതിയുഴിഞ്ഞ് പ്രണമിച്ച് മടങ്ങി. ഭക്തർ കർപ്പൂരം തൊട്ട് കണ്ണിൽ വെച്ചു. എല്ലാം അവിടുത്തെ കാൽക്കൽ സമർപ്പിച്ച് ഒരിക്കൽ കൂടി നമസ്കരിച്ചു. കണ്ണുനീർ ചൂടി അവിടെത്തന്നെ അല്പനേരംകൂടി ഇരുന്നു. ഞാനാ കണ്ണുകളിലേക്ക് നോക്കി. ആ രണ്ടുകണ്ണുകൾ എനിക്ക് വീണ്ടും ഉറപ്പ് തന്നു "നോക്കൂ... നിന്നെ ഞാൻ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു"# 

*ഭഗവാന്റെ ഒരു ഉപമ

**ജനനീനവരത്നമഞ്ജരി-ശ്രീനാരായണഗുരു  

***നാരായണീയം ദശകം 3

#ബൈബിൾ 

No comments:

Post a Comment