Wednesday, January 24, 2024

കനിവുറവ് തേടി...... - ഭാഗം പത്തൊൻപത് - കഥ പറയുന്ന തെരുവുകൾ...


ശ്രീരാമകൃഷ്ണൻ്റെയും രാമകൃഷ്ണമിഷന്റെയും ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കാനാകാത്ത ആ സ്ഥലം ഇന്ന് സന്ദർശകർക്ക് കാണുവാൻ തക്കവണ്ണം ഒരുങ്ങിയിരിക്കുന്നുണ്ടാകും എന്ന് ഞാൻ കരുതിയതേയില്ല. അതിനാലാണ് ബലറാം മന്ദിർ എന്ന ബലറാം ബോസിന്റെ ഈ വീട് എൻ്റെ പ്ലാനിൽ ഇല്ലാതിരുന്നത്. പക്ഷെ ഭഗവാന്റെ മാസ്റ്റർപ്ലാനിൽ ഇതും ഉൾപ്പെട്ടിരുന്നു. പക്ഷെ ഒരു ചെറിയ ട്വിസ്റ്റോട് കൂടി. 

വചനാമൃതത്തിൽ ഇടക്കിടക്ക് കാണുന്ന സ്ഥലമാണ് കൽക്കത്തയിലെ ബലറാം മന്ദിർ. ബലറാം ബോസ് ഭഗവാന്റെ ഏറ്റവുമടുത്ത ഗൃഹസ്ഥഭക്തനായിരുന്നു. ഭഗവാൻ പലതവണ ബലറാമിനെയും, വൃന്ദാവനത്തിൽ താമസമാക്കിയ അദ്ദേഹത്തിൻറെ അച്ഛനെയും വളരെ പ്രശംസിച്ചു പറയുന്നുണ്ട്. ഇടക്കിടക്ക് ഭഗവാൻ കൽക്കത്തയിൽ ഭക്തരെയും ശിഷ്യരേയും കാണാൻ വരും. അതിൽ ഒരു പ്രധാന ഇടം ബലറാമിന്റെ വീടാണ്. ഇവിടെ വെച്ചാണ് രാമകൃഷ്ണമിഷന്റെ രൂപീകരണപ്രഖ്യാപനം സ്വാമി വിവേകാനന്ദൻ നിർവഹിച്ചത്. എൻ്റെ ഓർമ്മയിൽ ഏറ്റവുമധികം തങ്ങിനിൽക്കുന്ന ചിത്രം, ഇവിടുത്തെ വരാന്തയിലൂടെ ജഗന്നാഥന്റെ രഥം വലിച്ചുകൊണ്ട് ആനന്ദിക്കുന്ന ഭഗവാനും ശിഷ്യരുമാണ്. ഒരു സിനിമയിൽ എന്ന പോലെ ആ രംഗം മനസ്സിലുണ്ടായിരുന്നു. ഇന്നിപ്പോൾ അത് നടന്ന സ്ഥലത്തിലേക്കാണ് പോകുന്നത്. ഇപ്പോൾ അത് രാമകൃഷ്ണമഠത്തിനു കീഴിലാണ്. ഒരു ഗേറ്റിനപ്പുറമുള്ള വാതിൽ അടഞ്ഞുകിടക്കുന്നു. സന്ദർശകർക്ക് 11 വരെയാണ് അനുവദനീയമായ സമയം. പിന്നെ വൈകുന്നേരമേ തുറക്കൂ. വീണ്ടും നിരാശ തോന്നി. "ചുമ്മാ മുട്ടി നോക്ക്" ജയേട്ടൻ പ്രോത്സാഹിപ്പിച്ചു. വളരെ വിഷമാവസ്ഥയിൽ ഇരിക്കുമ്പോൾ തികച്ചും നൂതനമായ ഒരു ഉത്സാഹാതരംഗം ഉണ്ടാക്കാൻ അദ്ദേഹത്തിനറിയാം. പത്ത്-മുപ്പത് കൊല്ലത്തെ സാമൂഹികസേവനത്തിൽ എത്ര തവണ അദ്ദേഹത്തിന് അത് ഉപയോഗപ്പെട്ടുകാണും.

വാതിൽ മുട്ടി. തുറന്നത് ഒരു സ്റ്റാഫ് ആയിരുന്നു. അടച്ചുവെന്നറിയാമെങ്കിലും അകത്ത് കയറി ഒന്ന് നമസ്കരിക്കാനെങ്കിലും പറ്റുമോ എന്ന ചോദ്യം അദ്ദേഹത്തെ ഒന്നുലച്ചിരിക്കണം. എല്ലാം നടന്നുകാണാൻ കഴിയില്ലെങ്കിലും അകത്തെ നടുമുറ്റം വരെ വന്നുകൊള്ളാൻ അദ്ദേഹം അനുവാദം തന്നു. 

എൻ്റെ മനസ്സിലെ സിനിമയിൽ ഈ വീടിന് ഇത്ര വലുപ്പം ഉണ്ടായിരുന്നില്ല. വളരെ വലിയൊരു ഭവനം തന്നെയാണത്. നടുമുറ്റത്ത് നിന്ന് നോക്കിയാൽ മുകളിലെ ആ വരാന്ത കാണാം. ചതുരത്തിൽ അതിലൂടെ ജഗന്നാഥന്റെ രഥം വലിക്കുന്ന, നൃത്തം ചെയ്ത് ചെയ്ത് ഭാവസമാധിയിലാണ്ടുപോകുന്ന ഭഗവാനെ കാണാം. ദണ്ഡനമസ്കാരം ചെയ്തു. മഹത്തുക്കൾ പോയ വഴി, ഇരുന്ന ഇടം എല്ലാം പവിത്രമാകും. അത് കാലങ്ങൾക്കപ്പുറവും അനേകർക്ക് കൈവല്യം നൽകാൻ പര്യാപ്തമാകും. പണ്ട് ഒരു വീട്ടിൽ ചെന്നപ്പോൾ മാതാ അമൃതാനന്ദമയി ഇരുന്ന കസേര ഇപ്പോളും ആ ഗൃഹസ്ഥൻ പൂക്കൾ ചാർത്തി സൂക്ഷിക്കുന്നത് കണ്ട ഓർമ്മ വന്നു. അതിനാലാണ് ഈ സ്ഥലങ്ങൾ കണ്ടാൽ "ലജ്ജ കൂടാതെ വീണു നമി"ക്കുന്നത്. ഒരുപക്ഷെ ഭക്ഷണകാര്യത്തിന് ശേഷം ഏറ്റവും കൂടുതൽ ഈ വിവരണത്തിൽ വരുന്നത് തൊഴലിന്റെയും നമസ്കാരത്തിന്റെയും കാര്യങ്ങളായിരിക്കും. 

അവിടുത്തെ ചുമതലയുള്ള സ്വാമിജി വന്ന് സ്റ്റാഫിനോട് അന്വേഷിച്ചു പോയി. അവിടെ നടന്ന സംഭവങ്ങളെക്കുറിച്ച് കരച്ചിൽ കുരുങ്ങിയ തൊണ്ടയോടെ ഞാൻ കൂടെയുള്ളവരോട് പറഞ്ഞു. ജഗന്നാഥമൂർത്തിയും മറ്റും ഇപ്പോളുമുണ്ട്. തുറന്നിരിക്കുന്ന സമയത്ത് വരൂ എന്ന് സ്നേഹത്തോടെ ഞങ്ങളെ അദ്ദേഹം യാത്രയാക്കി. വളരെ കൃതജ്ഞതയോടെ ഞങ്ങൾ അവിടെ നിന്നിറങ്ങി.

ഇനി കൊൽക്കത്തയിൽ എന്റെയോ ഭഗവാന്റെയോ പ്ലാനിൽ കാണാൻ മറ്റൊന്നുമില്ല. വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യ മ്യൂസിയം അങ്ങിനെ പലതുണ്ട്. പക്ഷെ അതൊക്കെ ഇനിയൊരിക്കൽ ആകാം. ഈശ്വരാധീനം കൊണ്ട് വിചാരിച്ചതും അതിലധികവും കണ്ടുകഴിഞ്ഞു.

അപ്പോൾ ഇനി എല്ലാവരെയും മേയാൻ വിടാമെന്ന് ജയേട്ടൻ തീർച്ചയാക്കി. ന്യൂ മാർക്കറ്റിലേക്ക് പോകാമെന്നായി. അതിനു വഴിയന്വേഷിക്കവേയാണ് മുൻപ് നാം കണ്ട ആ മുസ്ലിം വൃദ്ധനെ ഞങ്ങൾ കണ്ടുമുട്ടുന്നത്. അവിടുന്ന് വണ്ടിയിൽ ധർമതാല എന്ന സ്ഥലത്ത് ഇറങ്ങി. ജനങ്ങൾ ഇരമ്പുന്ന ഒരു പ്രദേശം... വഴിയരികിലെല്ലാം പല തരം കച്ചവടങ്ങൾ. നല്ല ഒരു ഹോട്ടൽ നോക്കിയാണ് ഞങ്ങളുടെ നടപ്പ്. പക്ഷെ അങ്ങിനെയൊന്നും കാണാനില്ല. കുറച്ച് ദൂരം നടന്നപ്പോൾ അഖിൽ പറഞ്ഞു - "എനിക്കറിയാവുന്ന ഒരു സ്ട്രീറ്റ് ഉണ്ട്. വലിയ വൃത്തിയൊന്നും ഇല്ല. പക്ഷെ ലോക്കൽ രുചികൾ കിട്ടും". ആ അതല്ലേ നമുക്കും വേണ്ടതെന്ന് പറഞ്ഞ് ഞങ്ങൾ അഖിലിനു പിറകെ നടന്നു. കുറച്ച് നടന്ന് ഞങ്ങൾ ആ ഫുഡ് സ്ട്രീറ്റിൽ എത്തി. ഒരു ചെറിയ ഗലി. അതിനൊരു വശത്ത് നിരവധി ചെറിയ ചെറിയ ഷെഡ്ഡുകളിൽ ഭക്ഷണം. അവക്ക് മുൻപിൽ കൂട്ടം കൂടി നിൽക്കുന്ന ജനം. ഒരു തൊഴിൽദിനത്തിൽ ഇങ്ങിനെയൊരു ജനക്കൂട്ടത്തെ അവിടെ കണ്ട് ഞങ്ങൾ അമ്പരന്നു. 


എല്ലാവരും അവരവരുടെ രുചികൾ തേടിപ്പോയി. സ്ട്രീറ്റിന്റെ തുടക്കത്തിൽ കണ്ടുമുട്ടാം എന്ന ഉറപ്പോടെ. ഞാൻ നടന്ന് എല്ലാം ഒന്നു നോക്കിക്കണ്ടു. ഒരിടത്ത് കിച്ചടിയാണ് വില്പന. വയറിന് അധികം പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല എന്ന ധാരണയോടെ ഒരു പ്ലേറ്റ് കിച്ചടിയും അതിനോടൊപ്പം വഴുതനങ്ങ പൊരിച്ചതും വാങ്ങി. എഴുപത് രൂപ. മാധവനൊക്കെ പല കടകളിൽ നിന്ന് പലതും വാങ്ങി പരീക്ഷിക്കുന്നുണ്ട്. വിലയും കുറവ് നല്ല രുചിയും. എല്ലാവരും വീണ്ടും ഒത്തുചേർന്നു. ഇനി ഷോപ്പിംഗ്. ഓരോരുത്തർക്കും ഓരോന്നിലാണ് കമ്പം. ഒന്നിച്ച് പോകുന്നതാണ് ഇഷ്ടമെങ്കിലും ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ജയേട്ടൻ പിരിയാൻ സമ്മതിച്ചു. 


കെ.സി. ദാസിന്റെ ഒരു കടക്ക് മുൻപിൽ വരണം എന്നതായിരുന്നു നിശ്ചയം. ഞാനും ജയേട്ടനും സതീഷേട്ടനും ഒരുമിച്ചായി. സതീഷേട്ടന് നല്ല ഒരു ബ്ലേസർ വാങ്ങണം. പല കടകളും കയറിയിറങ്ങി. എല്ലാം കൂടി തികഞ്ഞ ഒന്നും വിലയൊക്കുന്നില്ല. ഒടുവിൽ ഒരിടത്ത് നിന്ന് പിശകി വാങ്ങി. ഇനി ചില ബാഗുകൾ വാങ്ങാം എന്നായി. ശ്രീ ലെതേർസ് എന്നൊരു കടയുണ്ട്. ഗൂഗിൾ നോക്കി കണ്ടുപിടിച്ച് ചെന്നു. അതിനകത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഒരു ചൊവ്വാഴ്ച ഉച്ചക്ക് ഇങ്ങിനെയോ എന്നത്ഭുതപ്പെട്ടു. പല തരം ലെതർ ഉൽപ്പന്നങ്ങൾ. അല്ലാത്തവയും ഉണ്ട്. ചില പഴ്‌സും ബാഗുമൊക്കെയായി ഞാനും ചിലത് വാങ്ങി പുറത്തിറങ്ങി കാത്തുനിൽപ്പായി. ജയേട്ടനും സതീഷേട്ടനും ഇറങ്ങുന്ന ലക്ഷണമില്ല. ഫോൺ ചെയ്ത് കുറച്ച് നേരത്തിനുശേഷം അവരും ഇറങ്ങി. ആ വഴിയിലാകെ കടകളാണ്. കണ്ടാൽ വാങ്ങാൻ തോന്നുന്ന പലതും. അവരെ കാത്തുനിന്നതിനാൽ ചിലത് ഞാനും വാങ്ങി. 


നേരം 4 മണി കഴിഞ്ഞിരിക്കുന്നു. ഇപ്പോളെങ്കിലും പുറപ്പെട്ടാലേ ബേലൂർ മഠത്തിലെ ആരതി കാണാൻ സാധിക്കൂ. എല്ലാവരോടും നേരിട്ട് ബേലൂർ എത്തിക്കോളാൻ പറഞ്ഞ് ഞങ്ങൾ ഒരു കാബ് വിളിച്ച് ബേലൂർക്ക് പുറപ്പെട്ടു. വണ്ടിയിറങ്ങി ഞങ്ങൾ വാങ്ങിയ സാധനങ്ങൾ ഗസ്റ്റ് ഹൗസിലെ റിസപ്ഷനിൽ ഏൽപ്പിച്ച് ധൃതിയിൽ മഠത്തിലേക്ക് നടന്നു. ശ്രീരാമകൃഷ്ണക്ഷേത്രത്തിൽ ആരതി കാത്ത് ആൾക്കാർ ഇരിപ്പ് തുടങ്ങിയിരിക്കുന്നു. മറ്റുള്ളവരെ കാത്തുനിൽക്കാതെ ഞങ്ങൾ കിട്ടിയ സ്ഥലങ്ങളിൽ ഇരുന്നു. അനേകം ഭക്തർ എല്ലായിടത്തും സ്ഥാനം പിടിച്ചിരിക്കുന്നു. കൊച്ചുകുട്ടികൾ അമ്മമാരുടെ മടിയിൽ ഇരുന്നു കുസൃതി കാട്ടുന്നു. മുതിർന്നവരിൽ ചിലർ വശങ്ങളിലെ കസേരകളിൽ ഇരിക്കുന്നു. കസേര ലഭിക്കാത്തവർ ബുദ്ധിമുട്ടി നിലത്തിരിക്കാൻ ശ്രമിക്കുന്നു. ഇപ്പോഴും ചില കലപില ശബ്ദങ്ങൾ കേൾക്കാം. അനവധി തവണ നേരിട്ടല്ലാതെ കേട്ട് അനുഭവിച്ച ആ ശ്രീരാമകൃഷ്ണ ആരാത്രികം നേരിട്ട് കണ്ടനുഭവിക്കാൻ ഞങ്ങൾ തയ്യാറെടുത്തു. 

No comments:

Post a Comment