Tuesday, January 23, 2024

കനിവുറവ് തേടി...... - ഭാഗം പതിനെട്ട് - ഒരു വാതിലടയുമ്പോൾ തുറക്കുന്ന വാതിലുകൾ

 സ്വാമിജിയുടെ ആ ജന്മസ്ഥാനത്ത് തന്നെ ഉജ്ജ്വലമായ ഒരു ചിത്രപ്രദർശനമുണ്ട്. ജീവൻ തുളുമ്പി നിൽക്കുന്ന ആ ചിത്രങ്ങൾ സ്വാമിജിയുടെ ജീവിതം പ്രതിപാദിക്കുന്നു. ഇത്ര ഭംഗിയേറിയ ചിത്രങ്ങൾ ഞാൻ കണ്ടിട്ടില്ല. അവിടെ ഫോട്ടോഗ്രാഫി പാടില്ലാത്തതിനാൽ അവയുടെ മധുരം പങ്കുവെക്കാൻ നിർവ്വാഹമില്ല. സ്വാമി വിവേകാനന്ദൻ്റെ ആ ജന്മഗൃഹത്തിനടുത്തായി രാമകൃഷ്ണ മിഷന്റെ ഒരു കേന്ദ്രം പ്രവർത്തിക്കുന്നു. പലതരത്തിലുള്ള സാമൂഹ്യപ്രവർത്തനങ്ങൾ അവിടെ നടക്കുന്നുണ്ട്. അതിലേറ്റവും പ്രധാനം ഭാഷാപാഠനമാണ്. സംസ്‌കൃതം, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകൾ അവിടെ പഠിപ്പിക്കുന്നു. വലിയൊരു ലൈബ്രറിയും അതിനോടനുബന്ധിച്ചുണ്ട്. 

അവിടുത്തെ മുഖ്യ ആചാര്യൻ വിവേകാനന്ദ ദാർശനിക സമാജത്തിന് വളരെ പരിചയമുള്ള സ്വാമി ദിവ്യപ്രജ്ഞാനന്ദജി മഹാരാജ് ആണ്. കോയമ്പത്തൂർ മഠത്തിൽ അദ്ദേഹം ബ്രഹ്മചാരിയായി ഉണ്ടായിരുന്ന കാലത്ത്, കേരളപ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങൾ സമാജവും കോയമ്പത്തൂർ മഠവും ഒത്തൊരുമിച്ച് നടത്തുകയുണ്ടായി. അന്ന് തൊട്ടുള്ള പരിചയമാണ് അദ്ദേഹത്തോട്. ഞാനും യാത്രയുടെ ചില കാര്യങ്ങൾ തിരക്കുന്നതിനായി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കൊൽക്കത്തയിൽ വരുമ്പോൾ അദ്ദേഹത്തെ കാണാം എന്നുറപ്പും കൊടുത്തിരുന്നു. സ്വാമിജിയെ ഫോണിൽ വിളിച്ചു. അവിടെയുണ്ടെന്നും സെക്യൂരിറ്റി വഴികാണിച്ചു തരുമെന്നും സ്വാമിജി പറഞ്ഞു. 

പുറത്തിറങ്ങിയപ്പോൾ എല്ലാവർക്കും സ്വാമിജിയുടെ ആ പ്രതിമയുടെ മുൻപിൽ നിന്ന് ഫോട്ടോ എടുക്കണം. അതിനടുത്തേക്ക് പ്രവേശനമില്ല. അതിനാൽ ആ വേലിക്കെട്ടിനു പുറത്ത് നിന്ന് ഫോട്ടോകൾ എടുത്തു. സ്വാമിജിയുടെ മാത്രമായ ഒരു ഫോട്ടോ ഈ വേലികൾ ഇല്ലാതെ കിട്ടുമോ എന്ന ചിന്ത ചിലർക്ക് തോന്നി. പിന്നെ നാട്ടുകാർ കാണുന്നത് സതീഷേട്ടന്റെ തോളിൽ കയറിയിരുന്ന് ഫോട്ടോ എടുക്കുന്ന സത്യനെയാണ്. ആ വഴി പോകുന്നവർക്ക് ഒരു നേരമ്പോക്കായിരുന്നിരിക്കണം ആ കാഴ്ച. എന്തായാലും അതിൻ്റെ ഫലം മികച്ചതായ സ്വാമിജിയുടെ ചിത്രങ്ങൾ നമുക്ക് കിട്ടി എന്നതാണ്. ഇതാണ് ഈ സംഘം... എന്തിനും പോന്നവർ. 


സെക്യൂരിറ്റി പിന്നെയും പിന്നെയും ഞങ്ങളെ കൊണ്ടുപോകാൻ തിടുക്കം കൂട്ടി. സ്വാമി ദിവ്യപ്രജ്ഞാനന്ദജി കാത്തിരിക്കുന്നുണ്ടാവും. ഞങ്ങൾ തിടുക്കത്തിൽ നടന്നു. രണ്ടാം നിലയിൽ പ്രിൻസിപ്പളിന്റെ മുറിയിലേക്ക് ഞങ്ങൾ കയറിച്ചെന്നു.  കണ്ണട  വെച്ച്, മെലിഞ്ഞ്, ചിരിച്ചു കൊണ്ടൊരു മുഖം ഞങ്ങളെ എതിരേറ്റു. എല്ലാവരും നമസ്കരിച്ചു. ജയേട്ടന്റെ തോളിൽ തട്ടി വിശേഷങ്ങൾ ആരാഞ്ഞു. പ്രഭുവിന്റെയും സതീഷേട്ടന്റെയും എല്ലാം പേരെടുത്തു വിളിച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞു. മുൻപരിചയമില്ലാത്ത എന്നെപ്പോലുള്ളവരെ പരിചയപ്പെട്ടു. വളരെ ഊഷ്മളമായ സ്വീകരണത്തിന് ശേഷം ഞങ്ങൾ ഒരു ഒഴിഞ്ഞ ക്ലാസ്സ്മുറിയിൽ ഇരുന്നു. സ്വാമിജിയുടെ ഈ പുണ്യസ്ഥാനത്ത് വെച്ച്, ശിവരാത്രി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്യണം. അതിനോടനുബന്ധിച്ച് നടത്തുന്ന പ്രഥമ യോഗവാസിഷ്ഠ സത്രത്തിന്റെയും. അത് രണ്ടും സ്വാമിജി നിർവഹിച്ചുതന്നു. കുറച്ച് നേരം ഞങ്ങളോട് സംസാരിക്കാനും ഞങ്ങളുടെ സംശയങ്ങൾ നിവർത്തിക്കാനും അദ്ദേഹം സമയം കണ്ടെത്തി. പ്രസാദം വരുത്തി തന്നു. അതിനുശേഷം എല്ലാവരും ഒന്നിച്ച് ഫോട്ടോ എടുത്തു (ഫോട്ടോകൾ പബ്ലിഷ് ചെയ്യരുതെന്ന അദ്ദേഹത്തിൻറെ നിർദ്ദേശം മാനിച്ച് ഇവിടെ അവ ഒഴിവാക്കുന്നു.) ഊഷ്മളമായ ആ കൂടിക്കാഴ്ചക്ക് ശേഷം ഞങ്ങൾ യാത്രപറഞ്ഞു പിരിഞ്ഞു. ജയേട്ടന് ഒരു ഷാൾ അദ്ദേഹം സ്നേഹപൂർവ്വം സമ്മാനിച്ചു.

പുറത്തിറങ്ങിയ ശേഷം അടുത്ത സ്ഥലത്തേക്ക് പോകാൻ ഞങ്ങളൊരുങ്ങി. അവിടെ നിന്നു തന്നെ ബസ് പിടിച്ചാൽ ഭഗിനി നിവേദിതയുടെ കർമ്മക്ഷേത്രമായ നിവേദിത ഹൗസിലേക്ക് പോകാം. ഇപ്പോൾ അവിടെ ശാരദാമഠത്തിന്റെ കീഴിൽ നിവേദിതാ ഹെറിറ്റേജ് സെന്ററും മ്യൂസിയവും പ്രവർത്തിക്കുന്നു. ബാഗ്ബസാറിലുള്ള ഈ വീട്ടിലാണ് കുറേയേറെക്കാലം നിവേദിത താമസിച്ചിരുന്നത്. അന്നത്തെ ദേശീയനേതാക്കൾ ഒട്ടേറെപ്പേർ ഇവിടെ വന്ന് ഭഗിനിയെ കൊണ്ടുപോയിട്ടുണ്ട്. മഹാകവി സുബ്രഹ്മണ്യ ഭാരതി ഇവിടെ വെച്ചാണ് നിവേദിതയെ കണ്ടുമുട്ടുന്നത്. പിന്നീടങ്ങോട്ട് ഭാരതി നിരവധി കവിതാസമാഹാരങ്ങൾ നിവേദിതക്ക് സമർപ്പിച്ചു കൊണ്ടും, നിവേദിതയെക്കുറിച്ച് എഴുതിക്കൊണ്ടും, ആ കൂടിക്കാഴ്ച സമ്മാനിച്ച ഓർമ്മകൾ വീണ്ടും വീണ്ടും നുണഞ്ഞുകൊണ്ടിരുന്നു. 17 ബോസ്‌പാറ ലൈൻ, ബാഗ്ബസാർ എന്ന ഈ അഡ്രസ്‌ അക്കാലത്ത് സ്വാതന്ത്ര്യസമരഭടന്മാർക്കെല്ലാം സുപരിചിതമായിരുന്നു. 

എന്നാൽ ഇന്ന് എത്ര പേർ അങ്ങോട്ട് ചെല്ലുന്നുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ അത് കൽക്കത്തയിലെ മറ്റ് വിനോദകേന്ദ്രങ്ങളെക്കാൾ തുലോം കുറവാണെന്ന് തന്നെയാണ് എനിക്ക് തോന്നിയത്. ഗൂഗിൾ നോക്കിയും ചോദിച്ചും ഞങ്ങൾ അവിടെ എത്തിച്ചേർന്നു. എത്തിയപ്പോളാണ് എന്തുകൊണ്ടാണ് അധികം ആളുകളെ ആ വഴിക്ക് കാണാതിരുന്നത് എന്ന് മനസ്സിലായത്. ഈ മ്യൂസിയം വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ മാത്രമേ തുറക്കൂ. വാതിൽക്കൽ മുട്ടിയ ഞങ്ങളോട് വാതിൽ തുറന്ന സ്വാമിനിയമ്മയാണ്‌ ഇത് പറഞ്ഞത്. ഒരല്പം നിരാശ തോന്നി. എന്നാലും ഒരു പരീക്ഷണം എന്ന നിലക്ക് ഞങ്ങളുടെ യാത്രാപ്ലാൻ പറഞ്ഞു നോക്കി. നാളെ ഞങ്ങൾ കൽക്കത്തയോട് വിട പറയുകയാണല്ലോ. കാര്യമുണ്ടായില്ല. അടുത്ത തവണ തീർച്ചയായും വരണം എന്ന് പറഞ്ഞ്, ചില ലഘുലേഖകൾ ഞങ്ങൾക്ക് തന്ന്, വളരെ സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കി. അടുത്ത യാത്രയിൽ കാണാനായി അത് ബാക്കിവെച്ചു


അപ്പോൾ അത് ചീറ്റിപ്പോയി. ഇനിയെന്ത് എന്ന ചോദ്യത്തിന് എനിക്ക്  ഏതാണ്ടൊരു പ്ലാൻ ഉണ്ടായിരുന്നു. ഭാഗ്യവശാൽ വരുന്ന വഴിക്ക്, നടക്കാവുന്ന ദൂരത്തിൽ, ഞങ്ങൾക്ക് പോകേണ്ടുന്ന, ഒരുപക്ഷെ ഞങ്ങൾ അറിയാതെ വിട്ടുപോകുമായിരുന്ന രണ്ട് സ്ഥലങ്ങളുണ്ട്. ഒന്ന് ബാഗ്ബസാറിലെ റോഡിൻറെ ഒത്തനടുക്ക് സംരക്ഷിച്ചു നിർത്തിയിരിക്കുന്ന ഒരു കെട്ടിടം. റോഡ് ആ കെട്ടിടത്തെ ചുറ്റി പോകുന്നു. യാതൊരു അറ്റകുറ്റപ്പണിയും നടത്താതെ എല്ലാവരാലും തിരസ്കരിക്കപ്പെട്ട് കിടക്കുന്ന ആ കെട്ടിടം ആധുനിക ബംഗാൾ നാടകത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഗിരീഷ് ചന്ദ്ര ഘോഷിന്റെ ഭവനമാണ്. കൊൽക്കത്ത കോർപറേഷന്റെ സംരക്ഷിത സ്മാരകം.

പൂട്ടിയ ഗേറ്റിനപ്പുറമുള്ള ഒരാൾക്ക് കടക്കാവുന്ന ഒരു വഴിയിലൂടെ ഞങ്ങൾ അകത്ത് കടന്നു. വശത്തുള്ള ഒരു മുറിയിൽ നിന്നും ഒരു വ്യക്തി ഇറങ്ങിവന്നു. അവിടുത്തെ സെക്യൂരിറ്റിയാണ്. ഇത് ഗിരീഷ് ഘോഷിന്റെ വീടല്ലേ എന്ന ചോദ്യത്തിന് അതേയെന്ന അലസമായ ഉത്തരം വന്നു. പക്ഷെ അയാളിൽ ആകാംക്ഷ ഉണ്ടായിരുന്നെന്ന് കാണാം. ബംഗാളികൾ പോലും മറന്നുതുടങ്ങിയ ഈ പഴഞ്ചൻ കെട്ടിടം തേടിവന്ന പരദേശികളോ?

അതിന് കാരണമുണ്ട്. ഈ യാത്രാവിവരണം തുടക്കം മുതൽ ശ്രദ്ധിച്ചു വായിച്ചവർ ഈ ഗിരീഷിനെ ഇതിനു മുൻപ് കണ്ടിട്ടുണ്ട്. രാമകൃഷ്ണവചനാമൃതവും ലീലാമൃതവും വായിച്ചവർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പേരാണിത്. ആദ്ധ്യാത്മികത എന്തെന്നുപോലും അറിയാത്ത എന്നെപ്പോലുള്ള നിരവധിപേർക്ക് പഴയ ഗിരീഷ് ഒരുപക്ഷെ ഞങ്ങളുടെ തന്നെ പ്രതിബിംബമാണ്.

അത്യുജ്ജ്വലമായ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിരുന്ന ബാഗ്ബസാറിലെ ഗിരീഷ് ചന്ദ്ര ഘോഷ് പക്ഷെ ജീവിതത്തിൽ തികച്ചും കുത്തഴിഞ്ഞ മട്ടായിരുന്നു. ദിവസമെന്നോ രാത്രിയെന്നോ നോക്കാതെയുള്ള മദ്യപാനം. അത് നിർത്തിയാൽ ഒരുപക്ഷെ തന്നെ ലോകം പരിഹസിച്ചേക്കുമോ എന്ന മട്ട് അതദ്ദേഹം നിരന്തരം തുടർന്നു. ഇടക്കെവിടെയോ വെച്ചാണ് ശ്രീരാമകൃഷ്ണനെ കുറിച്ച് അദ്ദേഹം കേൾക്കുന്നത്. ആദ്യമായി ഭഗവാനെ കണ്ട ഗിരീഷിന് താൻ അനുഭവിക്കുന്നതിലുമധികം ലഹരി അനുഭവിക്കുന്ന ഒരാളെ കണ്ട അത്ഭുതമായിരുന്നു. ഭഗവാന്റെ സമാധി നേരിൽ കണ്ട ഗിരീഷ്, താൻ പുരാണ നാടകങ്ങളിൽ ഭാവനയിൽ നിന്നെഴുതിയതിനൊക്കെ നേരിൽ സാക്ഷ്യം വഹിക്കുകയായിരുന്നു. എങ്കിലും അദ്ദേഹത്തിന് ഒന്നുറപ്പായിരുന്നു. തന്നെപ്പോലൊരു ദുർവൃത്തനെ ഈ പുണ്യാത്മാവ് അടുപ്പിക്കുകയില്ല എന്ന്. പക്ഷെ കല്ലാക്കി മാറ്റിയ അഹല്യയെ അങ്ങോട്ട് ചെന്ന് വിമോചിപ്പിച്ച ശ്രീരാമനെപ്പോലെ, എല്ലാം നഷ്ടപ്പെട്ട പാണ്ഡവർക്ക് കൂടെനിന്ന ശ്രീകൃഷ്ണനെപ്പോലെ, തന്നിലെത്തിയ വേശ്യക്ക് അഭയം നൽകിയ യേശുദേവനെപ്പോലെ, ശ്രീരാമകൃഷ്ണൻ്റെ അനന്യഭക്തരിൽ മുൻപന്തിയിലുള്ള ഒരാളാക്കി ഗിരീഷിനെ അദ്ദേഹം മാറ്റിയെടുത്തു. ശ്രീരാമകൃഷ്ണൻ ഭഗവാനാണെന്ന് ഏറ്റവുമധികം തറപ്പിച്ചു പറഞ്ഞിരുന്ന ഗിരീഷ് സ്വന്തം പരിവർത്തനം തന്നെയാണതിന് സാക്ഷ്യമായി നൽകിയത്. സ്വാമി വിവേകാനന്ദൻ വാനോളം പുകഴ്ത്തിയ ആ ഗിരീഷിന്റെ വീടാണിത്.

അകത്ത് കയറാനൊക്കില്ല. യാതൊരു വിധ അറ്റകുറ്റപ്പണിയും നടക്കുന്നില്ലെന്ന് കണ്ടാൽ മനസ്സിലാകും. വീടിന്റെ മുൻവശത്ത് ഗിരീഷിന്റെ ഒരു പൂർണ്ണകായ പ്രതിമയുണ്ട്. അതിനു മുൻപിൽ നിന്ന് ഞങ്ങൾ ഫോട്ടോകൾ എടുത്തു. വീട് ചുറ്റിനടന്ന് കണ്ടു. പഴയ വീട് നിർമ്മിതികൾക്ക് വേണ്ടി പൊളിച്ചപ്പോൾ, അതിലൊരു ഭാഗം ഓർമ്മക്ക് വേണ്ടി നിലനിർത്തിയതാണത്രേ. സെക്യൂരിറ്റിയാണത് പറഞ്ഞുതന്നത്. അത്രയെങ്കിലും ചെയ്യാൻ അവർക്ക് തോന്നിയല്ലോ എന്ന് നിസ്സഹായമായി ഒരു നന്ദി പറഞ്ഞു. 

അതിന് തൊട്ടപ്പുറത്ത് റോഡ് വക്കിൽ തന്നെയാണ് ഞങ്ങൾക്ക് അടുത്തതായി പോകേണ്ട സ്ഥലവും. തിരക്ക് കുറഞ്ഞ റോഡ് മുറിച്ചുകടന്ന് ഞങ്ങൾ അവിടുത്തെ പോസ്റ്റ് ഓഫിസിൽ നിന്ന് കുറച്ച് സ്റ്റാമ്പുകൾ വാങ്ങി. രാമകൃഷ്ണ മ്യൂസിയത്തിൽ നിന്നും ചില പോസ്റ്റുകാർഡുകൾ വാങ്ങിയിരുന്നു. അത് സുഹൃത്തുക്കൾക്ക് അയക്കാൻ വേണ്ടിയാണീ സ്റ്റാമ്പുകൾ. (ആ കാർഡുകൾ ഇത് വരെ എനിക്ക് കിട്ടിയിട്ടില്ല)

ഇനി പോകേണ്ടുന്ന സ്ഥലം വളരെ പ്രധാനപ്പെട്ടതാണ്. അത് ഒറിജിനൽ പ്ലാനിൽ ഉണ്ടായിരുന്നതല്ല. ഇപ്പോൾ യദൃച്ഛയാ ഈശ്വരാനുഗ്രഹം കൊണ്ട് ഞങ്ങൾ കണ്ടതാണ്. പിന്നീട് ഇങ്ങിനെയൊരു സ്ഥലം വിട്ടുകളഞ്ഞു എന്ന പശ്ചാത്താപം ഒഴിവായ സന്തോഷത്തോടെ ഞങ്ങൾ ആ ഇടത്തേക്ക് സംഘമായി നീങ്ങി. 

No comments:

Post a Comment