Sunday, January 21, 2024

കനിവുറവ് തേടി...... - ഭാഗം പതിനേഴ് - കൈയൂക്കുള്ളവൻ കൈയേറിയ വീട്

കൊൽക്കത്തയിലെ അവസാനദിവസം പലവക പരിപാടികൾക്കായാണ് നീക്കി വെച്ചിരുന്നത്. എന്നാലും ഒഴിവാക്കാൻ പറ്റാത്ത ചില സ്ഥലങ്ങൾ ഉണ്ട് താനും. കൊൽക്കത്താ ഷോപ്പിങ്ങിനുള്ള ദിവസവും ഇന്നാണ്. ചിലർക്ക് അതിന്റെ പ്രത്യേക ഉത്സാഹവുമുണ്ട്.

ഇന്നത്തെ യാത്ര ബസ്സിലാക്കാം എന്ന് തീരുമാനിച്ചു. ബേലൂർ നിന്ന് നേരിട്ട് ഹൗറക്കുള്ള ബസ് കിട്ടും. വണ്ടിയിൽ കയറി. പല നേരമ്പോക്കുകളും തമാശകളും മുരളിയേട്ടന്റെ ക്വിസ്സും ഒക്കെയായി ഹൗറയെത്തി. അഖിൽ ഇങ്ങോട്ട് വരുന്നുണ്ട്. അഖിലിനെയും കൂട്ടി അടുത്ത ബസ്സിൽ കയറി. ഗൂഗിൾ മാപ് വെച്ച് ഇറങ്ങേണ്ട സ്ഥലം ഏതാണ്ടൊക്കെ മനസ്സിലാക്കിയിരുന്നു. കണ്ടക്ടർ പറയുക കൂടി ചെയ്തപ്പോൾ ധൈര്യമായിറങ്ങി. മാപ് പറയുന്ന വഴിയിലൂടെ മുന്നോട്ട് നടന്നു. വലിയൊരു ജംഗ്ഷൻ എത്തിയപ്പോൾ ഇടത്തോട്ട് തിരിയാൻ നിർദ്ദേശിച്ചു. തിരിഞ്ഞൊരല്പം നടന്നപ്പോൾ  വിവേകാനന്ദന്റെ ജീവൻ തുടിക്കുന്ന വലിയൊരു പ്രതിമ. അതിനു ചുവട്ടിൽ എഴുതി വെച്ചിരിക്കുന്നു "Swami Vivekananda was born in this house on 12 January 1863"

അതെ. ലോകത്തെ പിടിച്ചുകുലുക്കിയ ഒരു ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്താണ് ഞങ്ങൾ. തൊട്ടാൽ വൈദ്യുതാഘാതമേൽക്കുന്ന ഒരു ഊർജ്ജസ്രോതസ്സിലാണ് ഞങ്ങൾ. അഗ്നിസ്ഫുലിംഗങ്ങൾ ഇപ്പോളും ഇടതടവില്ലാതെ പ്രവഹിക്കുന്ന ജ്ഞാനാഗ്നിയുടെ സമീപത്താണ് ഞങ്ങൾ. പേര് കൊണ്ട് മാത്രം ഭാരതകീർത്തി ലോകത്താകെ കേൾപ്പിച്ച ആ പൂർവപിതാമഹന്റെ ജന്മംകൊണ്ട് പവിത്രമായ മണ്ണിലാണ് ഞങ്ങൾ. തൻ്റെ നാടിന് വേണ്ടി മനസ്സുരുകിയ ഒരു യശസ്വിയുടെ - തപസ്വിയുടെ - പവിത്ര ജന്മസ്ഥാനത്താണ് ഞങ്ങൾ.

ഇവിടെ ഇപ്പോൾ രാമകൃഷ്ണ മിഷന്റെ കീഴിൽ സ്വാമി വിവേകാനന്ദ പൈതൃക ഭവനവും  സാംസ്കാരിക കേന്ദ്രവുമാണ് പ്രവർത്തിക്കുന്നത്. സ്ഥാപനം തുറന്നിട്ടില്ല. 10 മണിയാകും തുറക്കാൻ. അത് വരേയ്ക്കും എന്ത് ചെയ്യും എന്ന ചിന്ത എൻ്റെ മനസ്സിലൂടെ പായുന്നതിന് മുൻപ് തന്നെ മാധവൻ അടുത്തുള്ള ഒരു സൗത്ത് ഇന്ത്യൻ ഭക്ഷണശാല കണ്ടുപിടിച്ചിരുന്നു. എല്ലാവരും അങ്ങോട്ട് നടന്നു. ചൂടോടെ ഇഡ്ഡലികൾ യഥേഷ്ടം കഴിച്ചു. കുറെ നാളായി കിട്ടാതിരുന്ന നാടൻ ഭക്ഷണം കഴിച്ച സംതൃപ്തിയിൽ പുറത്തിറങ്ങി.

പൈതൃകഭവനത്തിൽ ചെന്ന് ടിക്കറ്റ് എടുത്ത് അകത്തുകയറി. മുകളിലേക്കുള്ള ഗോവണി കയറിയാൽ ആദ്യമെത്തുന്ന ഇടത്ത് തന്നെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആണ്. സപ്തർഷിമണ്ഡലത്തിൽ നിന്ന് ഭഗവാന്റെ നിർബന്ധം മൂലം അവതരിച്ച നരമഹർഷിയുടെ കഥയാണ് അവിടെ. ശ്രീമദ് വിവേകാനന്ദനെക്കുറിച്ച് ഭഗവാൻ സ്വയം പറഞ്ഞിട്ടുള്ളതാണിത്. പിന്നീട് സ്വാമിജി പിറന്ന സ്ഥലം കാണാം. വളരെ ഭംഗിയായി അവിടെ സജ്ജീകരിച്ചിരിക്കുന്നു. ഒരു വലിയ തളം പോലെ തോന്നിക്കുന്ന അവിടെയാണ് ലോകത്തിന് മുൻപിൽ ഭാരതീയ ആദ്ധ്യാത്മികതയുടെ പതാകാവാഹകനായ സ്വാമിജി ജനിച്ചു വീണത്. നിർന്നിമേഷനായി ഞങ്ങൾ അത് നോക്കി നിന്നു. ആ ദിവ്യമുഹൂർത്തം ഭാവനയിൽ കണ്ടു. 

ലോകത്തെ എല്ലാം ഒരുപോലെ കാണാൻ പ്രയാസമാണ്. അതിന് കാരണം അതിലുള്ള വൈവിധ്യം തന്നെയാണ്. ഒരുവനുള്ള ശക്തിയല്ല, സ്വഭാവമല്ല, വാസനയല്ല, കഴിവുകളല്ല വേറൊരുത്തനുള്ളത്. അവ ഓരോന്നിനും അതിന്റേതായ സ്ഥാനം കൈവരുമ്പോഴാണ് ലോകം ഭംഗിയുള്ളതാകുന്നത്. ഇനി അങ്ങിനെ കണ്ടേതീരൂ എന്നുണ്ടെങ്കിൽ അതിന് ഭൗതികമായ തലം വിട്ട് ലോകമേ ഇല്ലെന്ന ബ്രഹ്മഭാവനയിലേക്ക് ഉയരണം. ഭൗതികമായ സമത്വവാദങ്ങളുമായി വന്ന സിദ്ധാന്തങ്ങൾ തലയിടിച്ച് വീഴുന്നത് കണ്ട നമുക്ക് ഇനിയും അതിനപ്പുറം അന്വേഷിക്കാനുള്ള വിവേകം ഉദിക്കാത്തത് അദ്‌ഭുതം തന്നെയാണ്. സ്വാമിജിയെന്ന അഭൗമപ്രതിഭാസം പ്രവഹിച്ച ഊർജ്ജത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ഇങ്ങിനെ ചില ചിന്തകളാണ് മനസ്സിൽ വന്നത്.

തുടർന്ന് ഒരു 3D സിനിമ പ്രദർശനമുണ്ട്. സ്വാമിജിയുടെ ചിക്കാഗോ യാത്രയും പ്രസംഗവുമെല്ലാം ഉൾപ്പെടുത്തിയൊരു ചെറിയ പ്രദർശനം. ആ പൈതൃകഭവനത്തിലെ പല മുറികൾ - സ്വാമിജിയുടെ അമ്മയുടെ, മുത്തശ്ശിയുടെ, അച്ഛന്റെ, സഹോദരങ്ങൾ ഉപയോഗിച്ചിരുന്നവ - അങ്ങിനെ നിരവധി മുറികൾ - അവയെല്ലാം പഴയകാലത്തെ അനുസ്മരിപ്പിക്കും വിധം സജ്ജീകരിച്ചിരിക്കുന്നു. അന്നത്തെ ഉപയോഗിച്ച വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു. സ്വാമിജി ഉപയോഗിച്ചിരുന്ന സാമഗ്രികളിൽ ചിലതും  അവിടെ കാണാം. 

തുടർന്ന് ഞങ്ങൾ ചെന്നത് എന്നെ ഏറ്റവും ഇരുത്തി ചിന്തിപ്പിച്ച ഒരു മുറിയിലേക്കാണ്. അവിടെ ഈ കെട്ടിടത്തിന്റെ വീണ്ടെടുക്കലിന്റെ സമഗ്രമായ ചരിത്രം പ്രതിപാദിച്ചിരിക്കുന്നു. സ്വാമിജിയുടെ അച്ഛന്റെ മരണശേഷം അദ്ദേഹത്തിൻറെ ജീവിതകാലത്ത് തന്നെ ഇതിൽ കേസും മറ്റും നടന്നിരുന്നു. കാലം കൊണ്ട് ഇത് പല പല ആളുകളുടെ കയ്യിലായി. രാമകൃഷ്ണമഠം ഇതേറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നപ്പോളേക്കും ഇവിടെ ഒരു വീടുണ്ടായിരുന്നു എന്ന് ഊഹിക്കാൻ പോലും പ്രയാസമായ രീതിയിൽ ഏതാണ്ട് അൻപത്തേഴ് കുടുംബങ്ങൾ ഇതിൽ താമസിച്ചിരുന്നു. യുഗപ്രഭാവനായ ഒരു വ്യക്തിയുടെ ഓർമ്മകൾക്ക് മേൽ ചുമരുകൾ പടുത്തുയർത്തിയും, കൈയേറ്റം നടത്തിയും ഇതിന്റെ ഓർമ്മപോലും ഇല്ലാതാക്കുന്ന വിധം ആ കുടുംബങ്ങൾ ഇവിടെ അരങ്ങുവാണു.

സുദീർഘമായ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഈ വസ്തു മഠം വിലകൊടുത്തു വാങ്ങുന്നത്. എന്നിട്ടും അവർ ഒഴിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് പല പല ചർച്ചകളിലൂടെയും അനുനയത്തിലൂടെയും എല്ലാം അവരെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. പഴയ വീട് എങ്ങനെയായിരുന്നു എന്നറിയാൻ പോലും മാർഗ്ഗമില്ലാത്ത തരത്തിൽ അവ മാറ്റപ്പെട്ടിരുന്നു. പതിറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് അന്നത്തെ കെട്ടിടത്തിന്റെ സ്കെച്ച് മുതലായവ കണ്ടെടുത്ത് ഇത് അതുപോലാക്കി മാറ്റിയത്. ചില മതിലുകളും നിർമ്മിതികളും പൊളിച്ചപ്പോൾ പഴയവ തലനീട്ടിത്തുടങ്ങി. ഒരു വലിയ നടുമുറ്റമുണ്ട് ആ വീടിന്. പക്ഷെ അതെല്ലാം പിന്നീട് വീണ്ടെടുത്തവയാണ്. അവ ഏതൊക്കെയോ കുടുംബങ്ങൾ താമസിച്ചു പോന്നിരുന്നവയായിരുന്നത്രേ. വിദഗ്ദ്ധരായ അനവധിപേരുടെ കൊടുംതപസ്സിനാലാണ് ഇന്നാ നിർമ്മിതി ലോകത്തിനുമുൻപിൽ തലയുയർത്തി നിൽക്കുന്നത്. അത് നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പുനഃസൃഷ്ടിച്ച്, യാഥാർത്ഥഗൃഹത്തിനോട് ഏറ്റവും അടുത്തുനിൽക്കുന്ന തരത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. എത്ര വലിയ ത്യാഗോജ്ജ്വലമായ ഇതിഹാസമാണ് സ്വാമിജിയുടെ അന്യാധീനപ്പെട്ട ആ തറവാട് നമുക്ക് മുൻപിൽ തുറന്നുവെക്കുന്നത്.

ഇന്നിത് എഴുതുമ്പോൾ അന്യാധീനപ്പെട്ട മറ്റൊരു ഇതിഹാസഭൂമി വീണ്ടെടുക്കുന്നതിന്റെ ആഘോഷത്തിലാണ് ഭാരതം മുഴുവനും. സ്വാമി വിവേകാനന്ദന്റേതിനെക്കാൾ പതിനായിരമിരട്ടി പുണ്യവത്തായി ഭാരതീയർ കരുതിയ ശ്രീരാമൻ പിറന്ന ആ വീട് - അത് വീണ്ടെടുക്കാൻ നാം നടത്തിയ ധർമ്മസമരങ്ങൾ - അതിൽ പൊലിഞ്ഞ ജീവനുകൾ - അടിമത്തവും സ്വാർത്ഥവും തന്നെയല്ലേ ഈ രണ്ട് സ്ഥലങ്ങളും അന്യാധീനപ്പെട്ട് പോകാനുള്ള കാരണം. പണ്ട് മഥുരയിലെ ശ്രീകൃഷ്ണജന്മസ്ഥാനം നേരിൽ കണ്ടപ്പോൾ ഹൃദയം നൊന്തത് ഇന്നും മറന്നിട്ടില്ല ഞാൻ. നമ്മുടെ അഭിമാനചിഹ്നങ്ങളെ നാം വീണ്ടെടുത്തില്ലെങ്കിൽ ലോകത്തിന് മുൻപിൽ നാണംകെട്ട ഒരു ജനതയായി നാം നിൽക്കുമെന്നതിൽ ഒരു സംശയവുമില്ല. "ഒന്നുമൊന്നും നഷ്ടമായീല" എന്നറിവ് പകരാൻ നാളെ നമ്മുടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ ഇതിഹാസതുല്യമായ ഈ വീണ്ടെടുക്കലിന്റെ കഥയുണ്ട് - അവർക്ക് മുന്നേറാൻ നാം വെട്ടിത്തുറന്ന പാതയുണ്ട് - വേരുകളിലേക്ക് ചെല്ലാൻ കിളിപാടിയ രാമകഥയും മറ്റനവധി മഹച്ചരിതങ്ങളുമുണ്ട് - ഹിന്ദുവായി നിവർന്നു നിൽക്കാൻ അവർക്ക് നാം വീണ്ടെടുത്തു  നൽകിയ ഈ  "കൈയൂക്കുള്ളവൻ കൈയേറിയ വീടുകൾ" ഉണ്ട്.

No comments:

Post a Comment