Thursday, January 18, 2024

കനിവുറവ് തേടി...... - ഭാഗം പതിനാറ് - ഇച്ഛ തീർക്കുന്ന കല്പകം

"അതികഠിനമായ കാന്‍സര്‍ രോഗത്തിനിടക്ക് 1886 ജനുവരി 1 നു, അല്പം ഭേദമുണ്ടെന്നു കണ്ടു ഗുരുദേവന്‍ നടക്കാനിറങ്ങി. കോസ്സിപൂരിലെ ആ ഉദ്യാനത്തില്‍ പരമഹംസന്റെ അടുത്ത ചില ശിഷ്യന്മാര്‍ അങ്ങിങ്ങായി നിലക്കൊണ്ടിരുന്നു. സമയം ഏതാണ്ട് മൂന്നു മണിയായിരുന്നു. ഗിരീഷ്‌ ചന്ദ്രഘോഷ് എന്ന ഭക്തനോട്‌ ഭഗവാന്‍ ചോദിച്ചു "എല്ലാരുടെയും മുന്‍പാകെ ഞാന്‍ അവതാരമാണെന്ന് പറയാന്‍ നീ എന്നില്‍ അങ്ങിനെ എന്താണ് കണ്ടത്??"

കണ്ണുനീരില്‍ മുങ്ങി, കൈകൂപ്പി, മുട്ടികുത്തി അദ്ദേഹം പറഞ്ഞു:

"വ്യാസനെയും വാല്മീകിയും പോലുള്ള മഹാ ഋഷിമാര്‍ക്കു പോലും അളക്കാന്‍ സാധിക്കാത്ത മഹിമയോലുന്ന അവിടുത്തെ കുറിച്ചു ഈ നിസ്സാരനായ ഞാന്‍ എന്ത് പറയാനാണ്??"

ഈ ഉത്തരം ശ്രീരാമകൃഷ്ണനെ സമാധിയുടെ വക്കില്‍ കൊണ്ടെത്തിച്ചു 

"ഇതിലധികം ഞാന്‍ എന്ത് പറയാനാണ്? നിങ്ങളെയെല്ലാം ഞാന്‍ അനുഗ്രഹിക്കുന്നു. പ്രകാശിപ്പിന്‍"

ഇത് കേട്ടയുടനെ ആനന്ദപുളകിതരായ ഭക്തര്‍ ഭഗവാന്‍റെ കാല്‍ക്കല്‍ വീണു. അദ്ദേഹം അവരെയെല്ലാവരെയും സ്പര്‍ശിച്ചു. ആ സ്പര്‍ശനമാത്രയില്‍ അവരോരോരുത്തരും സച്ചിദാനന്ദരസം നുകര്‍ന്നുന്മത്തരായി. ചിലര്‍ ചിരിച്ചു, ചിലര്‍ കരഞ്ഞു, വേറെ ചിലര്‍ക്ക് ഇഷ്ടദേവതാ ദര്‍ശനം ഉണ്ടായി, ചിലര്‍ ധ്യാനിച്ചു, ചിലര്‍പ്രാര്‍ഥിച്ചു, ചിലര്‍ വെളിച്ചത്തില്‍ ആറാടി, ചിലര്‍ക്ക് തങ്ങളിലൂടെ അഭൗമമായ വിദ്യുത് പ്രവാഹം ഉണ്ടാകുന്നതായി തോന്നി."(സ്വതന്ത്രാനുവാദം - ശ്രീരാമകൃഷ്ണവചനാമൃതത്തിന് സ്വാമി നിഖിലാനന്ദയുടെ ആമുഖത്തില്‍ നിന്ന്)

നൂറുകണക്കിന് തവണ വായിച്ച് കോൾമയിർക്കൊണ്ട - കരഞ്ഞ - ഈ സംഭവം - അത് നടന്ന മരത്തിനു ചുവട്ടിൽ നിന്ന് കൂടെയുള്ളവരോട് പറയുമ്പോൾ ഞാൻ വീണ്ടും കരഞ്ഞു. ഒരുപക്ഷെ ഈ കാരണമില്ലാത്ത കണ്ണീർ മാത്രമാകണം എൻ്റെ അനുഗ്രഹം. അതേ വൃക്ഷം - ഭക്തർക്ക് മുൻപിൽ കല്പവൃക്ഷമായി ഭഗവാൻ നിന്നത് കണ്ട - പ്രത്യക്ഷകല്പവൃക്ഷം. അതിനു ചുവട്ടിലാണ് ഞങ്ങൾ. കൈനീട്ടി ഇലകളെ തൊട്ടു. നീണ്ടു നമസ്കരിച്ചു. കല്പവൃക്ഷത്തിന് മുൻപിൽ നിൽക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങളെല്ലാം സാധിക്കേണ്ടതാണ്. പക്ഷെ മനസ്സ് - അതെവിടെ? അതെവിടെയോ ലയിച്ചിരിക്കുന്നു. അത് ലയിച്ച സ്ഥാനത്ത് രണ്ട് കാലടിപ്പാടുകൾ മാത്രം. ഇതാണ് ഇച്ഛ തീർക്കുന്ന കല്പകം.

ഭഗവാന് വന്ന കാൻസർ അവിടുത്തെ ഇച്ഛയും നാടകവുമാണെന്നും, അതിൽ നിന്ന് മുക്തനായി ഭഗവാൻ വരുമെന്നും പ്രതീക്ഷിച്ചിരുന്ന ശിഷ്യർ ഉണ്ടായിരുന്നു. അതിനായി ചിലർ ഭഗവാനോട് സങ്കൽപ്പിക്കാൻ കേണപേക്ഷിക്കുകയും ചെയ്തു. പക്ഷെ ഭഗവാൻ തനിക്കതിനാവില്ല എന്ന് പറഞ്ഞൊഴിഞ്ഞു. ജീവന്മുക്തന് ശരീരം എന്നത് എത്ര നിസ്സാരമാണെന്ന് അത് വെളിവാക്കിത്തരുന്നു. 

പക്ഷെ നിശ്ചയമായും ഭഗവാന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാലമായിരുന്നു ഇത്. ഇവിടെ വെച്ചാണ് തൻ്റെ ശിഷ്യരെ അദ്ദേഹം ലോകത്തിനായി പാകപ്പെടുത്തിയെടുത്തത്. ഊഴമിട്ട് ശുശ്രൂഷിച്ചിരുന്ന അവർ പലരും ജീവിതത്തിലെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ആയിരുന്നു. അച്ഛൻ മരിച്ച്, ജോലിയില്ലാതെ, കുടുംബഭാരം തലയിലേന്തുന്ന നരേന്ദ്രൻ മുഴുവൻ സമയവും ഇവിടെത്തന്നെയായിരുന്നു. ഒരു ചെറിയ മുറിയിൽ ശ്രീമാതാവ് ഭഗവാനും കൂടെയുള്ളവർക്കുമുള്ള ഭക്ഷണം പാകം ചെയ്ത് കൂടി. ഏതാണ്ട് ആറു മാസത്തോളം ഭഗവാൻ, കൊടുംയാതനകൾ എന്ന് നമുക്ക് തോന്നുന്ന അസുഖം അനുഭവിച്ച്, അവിടെ സശരീരനായി നിവസിച്ചു. പക്ഷെ ഈ കഠിനകാലം കഴിഞ്ഞതോടെ - ഭഗവാന്റെ സമാധിയോടെ - പലവഴി പിരിഞ്ഞു പോകേണ്ടിയിരുന്ന ശിഷ്യരെല്ലാവരും നരേന്ദ്രന്റെ നേതൃത്വത്തിൽ പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു. യേശുദേവൻ്റെ കുരിശേറ്റം പോലെ - ലോകത്തിന്റെ മംഗളത്തിനായി ഭഗവാൻ സ്വയം വരിച്ച അനതിസാധാരണമായ ഒരു ആത്മപീഡയായിരുന്നോ ഈ കാശിപ്പൂർ ഉദ്യാനത്തിൽ നടമാടിയത്? ഭഗവൽലീലകൾ ആർക്കറിയാനാകും? പണ്ടെഴുതിയ കല്പതരു സ്തോത്രത്തിലെ ഒരു വരിയോർത്തു :

നാഹം ജാനാമി ത്വത്കൃത്യം, മഹിമാ താവദീയകം
കാമകാഞ്ചനബദ്ധോഹം, പാപസംവിഗ്നമാനസം
 കൃപാഭരകടാക്ഷേന മോചയാശേഷ ദൂഷണാത്
പ്രത്യക്ഷ കല്പവൃക്ഷം  ത്വാം പ്രണതോസ്മി ഗദാധരം

Tied up in Lust and Greed, My mind is turbulent with the sins,
Hence I don't know your deeds, nor your greatness do I Know
Relieve me from these wickedness by a mere sight of yours filled with Mercy,
My Salutations to Thee Oh, Gadadhara, the visible KalpaVruksha (https://nayathil.blogspot.com/2014/12/hymn-of-kalpa-tharu.html)

പതുക്കെ ആ പിങ്ക് കെട്ടിടത്തിലേക്ക് നടന്നുകൊണ്ടിരുന്ന ഞങ്ങളെ പ്രഭു വിളിച്ചുവരുത്തി. "ഗുരുമഹാരാജ്‌" -അനുഗ്രഹത്തിനായി കൈകൾ ഉയർത്തി നിൽക്കുന്ന  ഫോട്ടോയിലേക്ക് വിരൽചൂണ്ടി പ്രഭു പറഞ്ഞു. പ്രഭുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അത് ശ്രീ സ്വാമി വാഗീശാനന്ദജി മഹാരാജിന്റെ ചിത്രമായിരുന്നു. "തീർച്ചയായും ഇത് ഗുരുമഹാരാജിന്റെ അനുഗ്രഹമാണ്" - ജയേട്ടൻ തറപ്പിച്ചു പറഞ്ഞു. പ്രഭുവിന്റെ ദീക്ഷാഗുരുവാണ് ശ്രീ വാഗീശാനന്ദജി. ഒരിക്കൽ കൂടി ഗുരുപാദത്തിൽ എൻ്റെ സഹയാത്രികർക്കുള്ള ഭക്തി വെളിവായി. സ്വാമി വാഗീശാനന്ദജി മഹാരാജ് കാശിപ്പൂർ മഠത്തിന്റെ ഉത്തരവാദിത്വവുമായി ഏറെ നാൾ ഇവിടെ താമസിച്ചിരുന്നു. തിരിച്ചുള്ള യാത്രക്കിടയിൽ ജയേട്ടന്റെ നിർദ്ദേശപ്രകാരം വാഗീശാനന്ദജിയിൽ നിന്ന് ദീക്ഷ വാങ്ങിയ തൻ്റെ ഗുരുഭായിമാരെ പ്രഭു വിളിച്ചു. അവർ പലരും സമാജത്തിലിന്നില്ല. പക്ഷെ ഗുരുസമക്ഷത്തിൽ നിന്ന് - ഈശ്വരന്റെ സുരക്ഷാവലയത്തിൽ നിന്ന് അവർക്കൊരിക്കലും പോകേണ്ടിവരില്ല എന്നതാണ് ജയേട്ടൻ അതിനു പറഞ്ഞ ന്യായം.

ഒന്നാം നിലയിലുള്ള ശ്രീരാമകൃഷ്ണൻ്റെ മുറി ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഒരു കട്ടിലിൽ ഭഗവാന്റെ ചിത്രം മനോഹരമായി അലങ്കരിച്ചു വെച്ചിരിക്കുന്നു.  രാമായണവും ഭാഗവതവും എല്ലാം വായിച്ച നമുക്ക് രാമനും കൃഷ്ണനും എക്കാലവും യൗവ്വനയുക്തരായിരുന്നു എന്ന ഭ്രമം ഉണ്ടെന്ന് തോന്നുന്നു. അങ്ങിനെ സങ്കൽപ്പിക്കാൻ ആണ് നമുക്കിഷ്ടം. പക്ഷെ കണക്കെടുത്തുനോക്കിയാൽ തന്നെ ഗീതോപദേശസമയത്ത് കൃഷ്ണന് ഏതാണ്ട് പത്തെഴുപത് വയസ്സ് പ്രായം കാണും. നാം ചിന്തിച്ച ചിത്രങ്ങളിൽ മാറ്റം വരുത്താനല്ല എൻ്റെ ഉദ്ദേശ്യം. പക്ഷെ, ശ്രീരാമകൃഷ്ണൻ്റെ ജീവിതം യഥാതഥം റെക്കോർഡ് ചെയ്ത മാസ്റ്റർ മഹാശയൻ അദ്ദേഹത്തിൻ്റെ ശരീരം അനുഭവിച്ച ബുദ്ധിമുട്ടുകളും വരച്ച് വെച്ചിട്ടുണ്ട്. ഒരു അവതാരത്തിൻ്റെ ജീവിതത്തിന്റെ വിശ്വസനീയമായ റെക്കോർഡ് ആയി അതിനെ കണക്കാക്കാവുന്നതാണ്. 

ബ്രഹ്മസത്യം ജഗന്മിഥ്യാ എന്ന് പറയുന്ന ജ്ഞാനി പിന്നെന്തിനാണ് ഭക്ഷണം കഴിക്കുന്നതും ലോകത്തിൽ വ്യവഹരിക്കുന്നതും എന്നെല്ലാം പല ചോദ്യങ്ങൾ കാണാറുണ്ട്. ജ്ഞാനിക്ക് ശരീരത്തിനോട് ഒരു പ്രതിപത്തിയുമില്ല. അതുണ്ടായത് കൊണ്ട് അത് കൊണ്ടുനടക്കുന്നു എന്ന് മാത്രം. അത് ചെയ്യുന്ന കർമ്മങ്ങൾ കൊണ്ട് തൻ്റെ ആത്മസംസ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്ന തിരിച്ചറിവ് ജ്ഞാനിക്കുണ്ട്. അതുപേക്ഷിക്കേണ്ട ഘട്ടം വന്നാൽ പാമ്പ് പടം പൊഴിക്കുന്ന പോലെ അതുപേക്ഷിക്കുകയും ചെയ്യും. മുൻപ് ഇല്ലാത്തതും നാളെ ഉണ്ടാകാൻ ഇടയില്ലാത്തതും അതിനിടയിൽ കാണപ്പെടുന്നതുമായതാണ് മിഥ്യ എന്ന വാക്കിനാൽ വ്യാഹരിക്കപ്പെടുന്നത്. ശുദ്ധബോധം മാത്രമാണ് എക്കാലവും ഉള്ളതെന്ന തിരിച്ചറിവിലാണ് മേൽപ്പറഞ്ഞ വാക്യം ഉരുത്തിരിഞ്ഞുവന്നത്. 

ഈ കഠിനവേദനക്കിടയിലും ചികിത്സിക്കാൻ എത്തുന്ന ഡോക്ടർ മഹേന്ദ്രലാൽ സർക്കാറിനോട് തമാശ പറയുന്ന, ബാഹ്യമായതൊക്കെ വിസ്മരിച്ചു കൂടെക്കൂടെ സമാധിയിലാണ്ടുപോകുന്ന ഭഗവാനെ നമുക്ക് കാണാം. അക്കാലത്ത് പോലും പതിഞ്ഞ ശബ്ദത്തിൽ, എഴുതിക്കൊടുത്ത്, എല്ലാം ഭഗവാൻ ശിഷ്യഗണങ്ങളെ വാർത്തെടുത്തിരുന്നു. രാത്രി ഭഗവാനെ പരിചരിച്ച്, രാവിലെ കുളിച്ചുവന്ന് ധ്യാനിക്കുന്ന നരേന്ദ്രനെയെല്ലാം നമുക്കതിൽ കാണാം. സ്വന്തം ഊണും ഉറക്കവും കളഞ്ഞുള്ള ആ തപസ്സാണ് അവർക്ക് ആത്മശക്തിയുടെ വാതായനങ്ങൾ തുറന്നുകൊടുത്തത്.

ഭഗവാന്റെ മുറിക്ക് മുൻപിൽ കുറച്ചുനേരം പ്രാർത്ഥിച്ചിരുന്നു. ആ കട്ടിലിൽ ചുമച്ചു ചുമച്ചു, എല്ലുംതോലുമായ ഒരു രൂപം കിടക്കുന്നുണ്ടോ? തനിക്ക് കൈവന്ന സിദ്ധികളെയൊക്കെ പുറംകാൽ കൊണ്ട് തട്ടിക്കളഞ്ഞ് സഹജാനന്ദത്തിൽ ആറാടിയ ആ പുണ്യദേഹം ഇപ്പോഴും അവിടെയുണ്ടോ? ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്ത് സ്വയം വരിച്ച വ്യാധിയാണോ ഇത്? അവിടുത്തോടുള്ള സ്നേഹം കൊണ്ടാകാം ഒരു വല്ലാത്ത ദുഃഖം ഉള്ളിൽ തോന്നി. "അവ്യാജകരുണാമൂർത്തി" - ലളിതാസഹസ്രനാമത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ആ നാമം വീണ്ടും മനസ്സിൽ പൊന്തിവന്നു.

താഴേക്കിറങ്ങി അവിടെയുള്ള മറ്റ് മുറികളും, ഭഗവാനെ ആരാധിച്ചിരുന്ന പൂജാമുറിയും എല്ലാം നടന്നുകണ്ടു. ഒരു നൂറ്റാണ്ട് മുൻപിലത്തെ ചരിത്രങ്ങൾ ഞങ്ങളുടെ മുൻപിൽ അനാവൃതമായി. എത്ര മനുഷ്യർ - എത്രയെത്ര ഉജ്ജ്വലത്യാഗങ്ങൾ - എന്തൊരു കറകളഞ്ഞ വിശ്വാസം. നമ്മെപ്പോലുള്ള മായാപാശബദ്ധർക്ക് കുളിരുപകരുന്ന എന്തൊരു കാരുണ്യവർഷം..

കാശിപ്പൂർ കഴിഞ്ഞ് ബാരാനഗർ മഠത്തിലേക്ക് പോകാം എന്നായിരുന്നു പരിപാടി. എന്നാൽ നേരം വൈകിയിരിക്കുന്നു. ബേലൂർ മഠത്തിലെ സന്ധ്യാ ആരതി കാണാൻ സാധിച്ചെന്നു വരില്ല. അതിനാൽ വീണ്ടും വണ്ടിയിൽ തന്നെ ബേലൂരിലേക്ക് പുറപ്പെട്ടു. ബേലൂരിലെത്തി ടിങ്കുജിയെ യാത്രയാക്കി - ഒന്ന് മുഖം കഴുകി ഞങ്ങൾ മഠത്തിലേക്ക് പുറപ്പെട്ടു. നടന്ന് അവിടെയെത്തുമ്പോൾ ആരതി അവസാനഘട്ടത്തിലാണ്. 6:30 ക്ക് എന്ന് ഞങ്ങൾ കരുതിയിരുന്നത് സത്യത്തിൽ 5:30 ക്ക് ആരംഭിക്കും. തണുപ്പ് കാലമാകുമ്പോൾ പരിപാടികളുടെ സമയക്രമം മാറാറുണ്ട്.

ഇനി നാളെ കൂടിയുണ്ട് ഇതിൽ പങ്കെടുക്കാൻ. അപ്പോൾ നോക്കാം എന്ന നിശ്ചയത്തിൽ ഞങ്ങൾ അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു. മഠത്തിന് പിറകിലുള്ള പഴയ അമ്പലം, സ്വാമിജിയുടെ മുറി എല്ലാം കണ്ടു. ധന്യമായ ഒരു ദിവസത്തിന്റെ ഓർമ്മകളുമായി ഞങ്ങൾ മഠത്തിന് പുറത്തുള്ള കടയിൽ ചായയും രസഗുളയും കഴിക്കാൻ കയറി...

No comments:

Post a Comment