Tuesday, January 16, 2024

കനിവുറവ് തേടി...... - ഭാഗം പതിനഞ്ച് - അഴിമുഖത്തിലേക്ക്

 അമ്മയുടെ ജന്മസ്ഥലത്തിൽ നിന്നിറങ്ങി ഞങ്ങൾ തൊട്ട് എതിർവശത്ത് ഉള്ള മാതൃമന്ദിരത്തിലേക്ക് നടന്നു. അതിനോട് ചേർന്നുള്ള പഴയ കെട്ടിടങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുകയാണ്. അമ്പലം അടച്ചിരുന്നു. ഗർഭഗൃഹത്തിനു മുൻപിലെ മണ്ഡപത്തിൽ നിന്നു തൊഴുതു നമസ്കരിച്ചു. 

ഇനി പ്രസാദം. കൈകഴുകി വരിയിൽ നിന്നു. നൂറുകണക്കിന് ഭക്തരെ അമ്മ തൃക്കൈ കൊണ്ടൂട്ടുന്നു. കൂപ്പൺ കൊടുത്ത് അകത്തുകയറി. ആബാലവൃദ്ധം ജനങ്ങൾ ഉണ്ടവിടെ. തികച്ചും സാധാരണക്കാർ. അവരുടെ നിഷ്കളങ്കഭക്തിയാണ് ഭാരതത്തിൽ ഇന്നും ആസ്തികത നിലനിൽക്കാൻ കാരണം. കേരളത്തിലെ രാഷ്ട്രീയവും തത്വശാസ്ത്രവും മാത്രം കണ്ടുപരിചയിച്ച നമുക്ക് അതിനുപുറത്തുള്ള ഇത്തരം നിഷ്‌കാപട്യം മനസ്സിലാവുക തന്നെയില്ല. അക്ഷരാഭ്യാസമില്ലാത്ത മന്ദബുദ്ധികൾ എന്ന് നാം അധിക്ഷേപിക്കുന്ന ഇവരാണ് ഈ നാടിനെ അതിന്റെ തനിമയോടെ നിലനിർത്തുന്നത്. 

ചെറിയ കുട്ടികൾക്ക് അമ്മമാർ ഊട്ടിക്കൊടുക്കുന്നു. ചൂടാർന്ന ചോറും കറികളും യഥേഷ്ടം വിളമ്പിപ്പോകുന്നു. വയറു നിറഞ്ഞ സംതൃപ്തിയിൽ ആയിരം മുഖങ്ങൾ ഒരുമിച്ചു പ്രകാശിക്കുന്നു. അതൊക്കെ കണ്ട്, കാൽ നീട്ടി അമ്മയിരിക്കുന്നു. 

കഴിച്ചിറങ്ങി കൈകഴുകി തിരിച്ചു പോരുമ്പോൾ, ഒരു ചെറിയ പ്രശ്നം. മൊബൈൽ കാണാനില്ല. വെച്ചത് എവിടെയാണെന്ന് കൃത്യമായ ഓർമ്മയുമില്ല. ജന്മസ്ഥാനത്ത് നിന്നിറങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നു എന്ന ഓർമ്മയിൽ ഭക്ഷണശാലയിൽ ചെന്നന്വേഷിച്ചു. അവർ ഒരു ഫോണെടുത്ത് ഇതാണോ എന്ന് ചോദിച്ചു. അതെ.. അതുതന്നെ. ഒന്നുരണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അവർ മൊബൈൽ കൈമാറി.

എല്ലാവരും അവിടുത്തെ ഉദ്യാനത്തിലും, പുസ്തകശാലയിലുമായി അൽപനേരം കൂടി ചിലവിട്ടു. ഞാനും ജയേട്ടനും സത്യനും കൂടിയാലോചിച്ചു. ഇനി തിരിച്ചു പോകാം. പറ്റിയാൽ ബേലൂർ മഠത്തിലെ സന്ധ്യാ ആരതിക്ക് മുൻപ് കൊൽക്കത്തയിലെ വേറെ ചില പ്രധാനപ്പെട്ട സ്ഥലങ്ങൾ കൂടി കാണാം. 

തിരിച്ച് പോകുമ്പോൾ വണ്ടിയിൽ വലിയ ബഹളങ്ങൾ ഉണ്ടായിരുന്നില്ല. ഏതൊക്കെയോ ഓർമ്മകളുടെ മധുരം നുണഞ്ഞ് ഞങ്ങൾ കൊൽക്കത്തയോടടുത്തു കൊണ്ടിരുന്നു. ഇനി പോകേണ്ടത് ഉദ്‌ബോധനിലേക്കാണ്. ഭഗിനി നിവേദിത ബാഗ്ബസാറിൽ തുടങ്ങിയ ആ പ്രസിദ്ധീകരണം ഇന്നും അതേ പേരിൽ നിലനിൽക്കുന്നു. അതിനടുത്തുള്ള വീട്ടിലാണ് ശ്രീശാരദാദേവി ഏറെ നാൾ കഴിഞ്ഞതും മഹാസമാധിയായതും.


ഉദ്‌ബോധനിലേക്ക് വണ്ടി ചെന്നു നിന്നു. നീണ്ട യാത്ര കഴിഞ്ഞിരുന്നെങ്കിലും എല്ലാവരും ചാടിയിറങ്ങി. അഖിലിനോട് അങ്ങോട്ട് എത്താൻ പറഞ്ഞിരുന്നു. പച്ച പെയിന്റ് അടിച്ച ഇരുമ്പുവാതിലിനപ്പുറത്തുള്ള ഒരു ഇടുങ്ങിയ വാതിൽ കടന്ന് ചെറിയ ഒരു നാലുകെട്ടിലേക്ക് പ്രവേശിച്ചു. വാതിലിനു മുകളിൽ "The mother's house" എന്ന് ഇംഗ്ലീഷിലും അതിന്റെ ബംഗാളിയും എഴുതി വെച്ചിരിക്കുന്നു. മുകളിൽ രാമകൃഷ്ണമഠത്തിന്റെ ചിഹ്നം. അകത്ത് സ്ഥലം കുറവാണ്. കുറച്ചു തിരക്ക് പോലെ തോന്നി. മുകളിലേക്കുള്ള മരഗോവണി കയറി. അമ്മ താമസിച്ചിരുന്ന ഒരു ചെറിയ മുറി കാണാം. അവിടെ ഉണ്ടായിരുന്ന പോലെ ഇന്നും സൂക്ഷിച്ചിരിക്കുന്നു. അമ്മ ഉപയോഗിച്ചിരുന്ന കട്ടിലിനു മുകളിൽ അമ്മയുടെ ചിത്രം അലങ്കരിച്ചു വെച്ചിരിക്കുന്നു. 

ഇവിടങ്ങളിൽ എല്ലാം അലങ്കാരം ഏതാണ്ട് ഒരുപോലെയാണ്. കസവുള്ള പട്ടുസാരിയുടെ മേലാണ് അമ്മയുടെ ചിത്രം. ചിത്രം പൂക്കളെക്കൊണ്ട് അലങ്കരിച്ചിരിക്കും. മുൻപിൽ പൂവുകൾ കൊണ്ട് അലങ്കാരം. ചില്ലുവാതിലോ, അഴിയിട്ട വാതിലോ കാണും. അതിനപ്പുറം നിന്ന് തൊഴാം. വൃത്തിയുടെ കാര്യത്തിൽ ഒരിടത്തും വിട്ടുവീഴ്ചയില്ല. ധൂപം പുകച്ചതിന്റെ മനംകവരുന്ന മണം അന്തരീക്ഷത്തിൽ ഉണ്ടാകും. ഒരിടത്ത് അടച്ചുവെച്ച ഒരു കൂട്ടിൽ തീർത്ഥവും പ്രസാദവും ഉണ്ടാകും. 

അമ്മയുടെ മുറിക്ക് മുൻപിൽ ഏതാനും പേര് ഇരിക്കുന്നുണ്ട്. അവിടെയും ഇരുന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു, നമസ്കരിച്ച് താഴേക്കിറങ്ങി. താഴെ പ്രസാദവിതരണം നടക്കുന്നു. അവിടെ നിന്നും പ്രസാദം കഴിച്ച് പുറത്തിറങ്ങി. അവിടെ അടുത്തുതന്നെ ശാരദാമഠം നേതൃത്വം നൽകുന്ന വനിതാസംഘങ്ങളുടെ കരകൗശല ഉൽപ്പന്നങ്ങൾ ലഭിക്കും. ചിലർ അവിടേക്ക് കയറി. ആ ലൈനിലേക്ക് കയറുന്നതിന് എതിർവശത്തായി ഉദ്ബോധൻ പ്രസ്സും അവരുടെ ഓഫീസ് കെട്ടിടവും കാണാം. അവിടെയും ഒന്ന് കയറിയിറങ്ങി എതിർവശത്തെ ചായക്കടയിൽ കയറി ചായ കുടിച്ചു. 


ഷോപ്പിങ് കഴിഞ്ഞ് എല്ലാവരും വണ്ടിയിൽ കയറി. അഖിലിനെ മടിയിലിരുത്തി ഞങ്ങൾ കാശിപ്പൂർ ഉദ്യാനവാടിയിലേക്ക് നീങ്ങി. കാശിപ്പൂർ - ശ്രീരാമകൃഷ്ണപരമഹംസൻ എന്ന അത്യത്ഭുത അവതാരത്തിൻ്റെ മഹിമ കൃത്യമായി അടയാളപ്പെടുത്തിയ - ആ നാടകത്തിന്റെ അന്ത്യരംഗങ്ങൾ അരങ്ങേറിയ - ലോകത്തിനാകെ കല്പതരുവായി ആ ഗുരു പ്രത്യക്ഷീഭവിച്ച - രാമകൃഷ്ണപ്രസ്ഥാനത്തിന്റെ ബീജാവാപം നടന്ന - രാമകൃഷ്ണഭക്തർ ഹൃദയത്തിലെന്നും കൊണ്ടുനടക്കുന്ന ഒരു പേര്. ശാരദാദേവിയും ശ്രീരാമകൃഷ്ണനും - ആ രണ്ട് ദിവ്യജീവിതങ്ങളുടെ ദൃശ്യമായ തുടക്കവും ഒടുക്കവും ഒരേനാളിൽ കാണാൻ സാധിക്കുകയാണ് ഞങ്ങൾക്ക്. ഗംഗോത്രി മുതൽ ഗംഗാസാഗരം വരെയുള്ള ദീർഘയാത്ര.

തിരക്കേറിയ കൊൽക്കത്താ നഗരത്തിലൂടെ ടിങ്കുജി വണ്ടി ഓടിച്ചു. അൽപനേരം കൊണ്ട് വലത്തേക്കുള്ള ഒരു ഗേറ്റ് കടന്ന് വണ്ടി നീങ്ങി. പിങ്ക് നിറത്തിലുള്ള ഒരു അർദ്ധവൃത്താകൃതിയിലുള്ള കെട്ടിടം ദൂരെ നിന്നും കാണുവാൻ സാധിക്കും. എല്ലായിടത്തും പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. ഓരോ പൂവിതളും രാമകൃഷ്ണസുഗന്ധം പേറി പുഞ്ചിരിച്ചു നിൽക്കുന്നു. ഓരോ ഇലയും ആ സ്നേഹശീതളിമയിൽ കുളിരാർന്നു നിൽക്കുന്നു. സായന്തനസൂര്യൻ ഞങ്ങളുടെ ഭാഗ്യത്തിൽ അസൂയപൂണ്ട് പിണങ്ങിപ്പോകാനൊരുങ്ങുന്നു. കൊൽക്കത്താനഗരം തെരുവിലൂടെ അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു. വണ്ടിയിറങ്ങി ഞങ്ങൾ ഒൻപത് പേർ മുന്നോട്ട് നടക്കവേ വഴിയരികിൽ വേലികെട്ടി ബോർഡ് വെച്ച ഒരു മാവ്.......

No comments:

Post a Comment