Monday, January 15, 2024

കനിവുറവ് തേടി...... - ഭാഗം പതിന്നാല് - പ്രണമാമി പരാം ജനനീം ജഗതാം

യോഗീശ്വര ശിവനെ തൊഴുതു നിൽക്കുന്ന ചന്ദ്രമണീദേവിക്ക് തന്നിലേക്ക് ഈശ്വരചൈതന്യത്തിന്റെ ഒരു അല വരുന്നതായി അനുഭവപ്പെടുകയും അവർ ബോധരഹിതയായി നിലത്ത് വീഴുകയും ചെയ്തു. അതിനുശേഷം എപ്പോളും വല്ലാത്ത ഒരു ആനന്ദം അവർ ഉള്ളിൽ അനുഭവിച്ചു. തുടർന്നാണ് അവർ ഗർഭവതിയാണെന്നതറിയുന്നതും അത് ലോകത്തിന്റെ മഹാഗുരുവിൻ്റെ പിറവിക്ക് കാരണമാകുന്നതും.

ഞങ്ങളിപ്പോൾ നിൽക്കുന്നത് ആ യോഗീശ്വര ശിവക്ഷേത്രത്തിന്റെ നടയിലാണ്. അഭിഷേകത്തിനുള്ള ജലവും വില്വപത്രങ്ങളും അവിടെ കിട്ടും. നമുക്ക് അകത്ത് കയറി നേരിട്ട് പൂജ കഴിക്കാം. അൽപനേരം കാത്തുനിന്ന് ഞങ്ങളുടെ ഊഴം വന്നപ്പോൾ അകത്ത് കയറി തൊഴുതു. അഭിഷേകവും അർച്ചനയും നടത്തി.

പുറത്തിറങ്ങി, ആശ്രമത്തിന്റെ പുസ്തകശാലയിലേക്ക് നടന്നു. രാമകൃഷ്ണമഠത്തിന്റെ പ്രസിദ്ധീകരണങ്ങൾക്ക് പുറമെ, മഠം നേതൃത്വം നൽകുന്ന ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും അവിടെ കാണാം. ശുദ്ധമായ ഗ്രാമോത്പന്നങ്ങൾ പള്ളിമംഗൾ എന്ന പേരിലുള്ള ഒരു സഹകരണ പ്രസ്ഥാനം വഴിയാണ് ജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. അവിടെ നിന്ന് ജയേട്ടന്റെ സമ്മതത്തോടെ ഞാനും സുനിത ഡോക്ടറും ഓരോ രുദ്രാക്ഷമാല വാങ്ങി. യോഗീശ്വരശിവന്‌ പ്രാർത്ഥിച്ചു ചാർത്തി, പ്രസാദമായി സ്വീകരിച്ചു. ഓംകാരത്തോടെ ജയേട്ടൻ അത് കഴുത്തിലിട്ടു തന്നു.

മഠത്തിന്റെ ഒരു കരയിൽ ഒരു കുളമാണ്. ഭഗവാൻ പറയാറുള്ള ഹൽദാർപൂക്കൂർ തടാകം. ഭഗവാന്റെ ഉപമകളിൽ പലതും ഈ കുളവുമായി ബന്ധപ്പെട്ടവയുണ്ട്. ഞങ്ങൾ ചുറ്റി നടന്നു. ടിങ്കുജിക്ക് പരിഭ്രമമായി. ഇനിയെത്ര സ്ഥലങ്ങൾ കാണാനുണ്ട്. ഇത്ര സമയം ഒരിടത്ത് തന്നെയെടുത്താൽ കാണാൻ സാധിക്കാതെ വന്നാലോ? ഞാൻ സമാധാനിപ്പിച്ചു - "എല്ലാം കാണാനല്ല. കാണേണ്ടത് കാണാനും അനുഭവിക്കാനുമാണ് ഞങ്ങൾ വന്നിരിക്കുന്നത്."

"11:30 ക്ക് ജയറാംബാടിയിലെ അമ്പലം അടക്കും." അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ പോകാമെന്നായി. 10:30 യോടെ പ്രസാദത്തിനുള്ള കൂപ്പൺ നൽകലും ഏതാണ്ട് തീരും. എല്ലാവരും വണ്ടിയിൽ കയറി. മാധവൻ മാത്രമില്ല. മൂപ്പർ ഏതോ കടയിൽ വിലപേശലിലാണ്. കാത്തുനിന്ന് മുഷിഞ്ഞു. നിങ്ങൾ പുറപ്പെട്ട് വരൂ ഞാൻ വഴിയിൽ നിന്ന് കയറാമെന്നായി മാധവൻ. ഒടുവിൽ വണ്ടി പുറപ്പെട്ടു.

കുലുങ്ങിക്കുലുങ്ങി, തനി നാട്ടിൻപുറങ്ങൾ പിന്നിട്ട് ഞങ്ങൾ ജയറാംബാടിയിലെത്തി. ഈ യാത്ര ഇവിടെക്കൂടി കണ്ടില്ലെങ്കിൽ പൂർണ്ണമാകുകയേയില്ല. ജഗന്മാതാവായ ശ്രീശാരദാദേവി ജനിച്ച ഇടമാണിത് - ഏതാണ്ട് പത്തുനാല്പത് കൊല്ലം താമസിച്ച ഇടമാണിത് - ഭഗവാന്റെ തിരോധാനത്തിനു ശേഷം ശിഷ്യഗണങ്ങൾക്ക് ഭക്തർക്ക് അവലംബമായി നിന്ന ഇടമാണിത് - സാക്ഷാൽ ശ്രീ വിവേകാനന്ദൻ തൻ്റെ ആദ്യയാത്രക്ക് മുൻപ് വന്നുകണ്ട്‌ അനുഗ്രഹം വാങ്ങിയ ഇടമാണിത് - അമ്മ ജഗദ്ധാത്രിയായി പൂജിക്കപ്പെട്ട ഇടമാണിത്.

അന്തർമുഖനായി - ഈശ്വരഭ്രാന്തിൽപ്പെട്ട ഗദാധരൻ തനിക്ക് വേണ്ടി നടക്കുന്ന വിവാഹാലോചനകൾക്ക് മുടക്കം പറയുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല ജയറാംബാടിയിൽ ചെന്നന്വേഷിക്കാനുള്ള നിർദ്ദേശം സഹോദരന് നൽകുക കൂടി ചെയ്തു. അനിതരസാധാരണമായ അവതാരദൗത്യമാണ് തനിക്കെന്നറിയാമായിരുന്ന ശ്രീരാമകൃഷ്ണന് അതിന് വേണ്ട സന്നാഹങ്ങളെക്കുറിച്ചും അമ്മ വ്യക്തമായ നിർദ്ദേശം നല്കിയിരുന്നിരിക്കണം. ശാരദാമണിക്ക് അന്ന് അഞ്ചു വയസ്സ് - ഗദാധരന് ഇരുപത്തിമൂന്ന്. പിന്നീട് വർഷങ്ങൾക്ക് ശേഷം, മുതിർന്നതിനു  ശേഷം, ഭർത്താവിന് ഭ്രാന്തായിപ്പോയെന്നു കേട്ട് തന്നെ കാണാൻ ദക്ഷിണേശ്വരത്ത് വേവലാതിയോടെ വന്ന ശാരദയോട് ശ്രീരാമകൃഷ്ണൻ പറഞ്ഞു "ഭവതി എൻ്റെ ധർമ്മപത്നിയാണ്. എന്നിൽ - എൻ്റെ ശരീരത്തിൽ പൂർണ്ണമായ അവകാശവും ഭവതിക്കുണ്ട്. മനുഷ്യശരീരം കൊണ്ട് ഈശ്വരലാഭം എന്നൊരു ഉപകാരം മാത്രമേ ഉള്ളൂ എന്നാണു ഞാൻ കരുതുന്നത്. ഭവതിക്ക് വേണമെങ്കിൽ എന്നെ ഗൃഹസ്ഥനാക്കാം. അല്ലെങ്കിൽ എൻ്റെ ഈ ദൗത്യത്തിൽ പങ്കാളിയായി എന്നെ സഹായിക്കാം." സാക്ഷാൽ ശാരദ അവതാരമാർന്ന ആ ശാരദ എന്തുത്തരമാണ് നൽകിയിരിക്കുക? അങ്ങിനെ അവർ ലോകത്തിന് മാതൃകകളായ ദമ്പതിമാരായി.

ശ്രീരാമകൃഷ്ണൻ സ്വയം പൂജിച്ച ആ യോഗീശ്വരി ജനിച്ച ഇടമാണിത്. പാർക്ക് ചെയ്തിടത്ത് നിന്ന് മുന്നോട്ട് നടക്കുമ്പോൾ ആശ്രമകവാടം കാണാം. കവാടം കടന്ന് ഇടത്തോട്ട്  തിരിഞ്ഞാൽ ഓഫിസും അവിടെ നിന്ന് നേരെ നടന്നാൽ ഇടത്തു വശത്ത് പുൽമേഞ്ഞ കുടിലുകളും കാണാം. ടിങ്കുജി നിർദ്ദേശിച്ചതനുസരിച്ച് ആദ്യം ചെന്ന് പ്രസാദക്കൂപ്പൺ വാങ്ങി. ബേലൂർ മഠത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ പ്രത്യേകസ്നേഹം. 

ശ്രീശാരദാദേവി ജീവിച്ച ഇടത്തിലേക്ക് കാൽവെച്ചപ്പോൾ തന്നെ പ്രഭുവിന്റെയും മാധവന്റെയും കണ്ണുകൾ നിറഞ്ഞു. ചെല്ലുമ്പോൾ വലത് വശത്ത് കാണുന്ന കുടിലുകൾ അമ്മയുടെ അമ്മയായ ശ്യാമസുന്ദരീദേവി ഉപയോഗിച്ചിരുന്നതാണ്. ഇടത് വശത്ത് ശാരദാദേവി താമസിച്ചിരുന്ന കുടിലുകൾ കാണാം. ലാളിത്യം എന്നത് എത്രമാത്രം ശക്തിമത്താണെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അർദ്ധനഗ്നനായ ഒരു മനുഷ്യൻ സാമ്രാജ്യങ്ങളെ വിറപ്പിച്ച കഥകൾ നാം പഠിച്ചിട്ടുണ്ട്. രണ്ടു ജോഡി ഉടുപ്പുകൾ സ്വന്തമായുണ്ടായിരുന്ന ഒരു രാഷ്ട്രപതി നമുക്കുണ്ടായിരുന്നു. കൗപീനം മാത്രമുടുത്ത് ലോകത്തെ മുഴുവൻ തൻ്റെ മുന്നിലേക്ക് ആനയിച്ച ഒരു മഹർഷി തിരുവണ്ണാമലയിൽ താമസിച്ചിരുന്നു. 

അമ്മയുടെ ജീവിതവും ലാളിത്യത്തിലും സാധാരണത്വത്തിലും പൊതിഞ്ഞ ഒന്നാണ്. അതിലെ അസാധാരണത്വം മനസ്സിലാക്കാൻ ക്ഷുദ്രബുദ്ധികൾക്കാവില്ല. ജയേട്ടൻ പറയാറുണ്ട് "ഒരു കള്ളനെപ്പോലെയാണ് ജ്ഞാനി ലോകത്തിൽ ജീവിക്കുന്നത്" എന്ന്. ലൗകികവ്യവഹാരത്തിൽ അവൻ അതിൻ്റെ യാതൊരു ലക്ഷണവും കാണിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. അർഹരായവരുടെ മുൻപിൽ മാത്രമേ അവർ ഹൃദയം തുറക്കുകയുള്ളൂ. അമ്മയിൽ അത്രയധികം ഭക്തിയുള്ള മാധവനോടും പ്രഭുവിനോടും ഒരു അസൂയ കലർന്ന ആരാധന തോന്നി. അവർക്കാ മായാമൂടുപടം തുറന്ന് അമ്മ സ്വസ്വരൂപം വെളിപ്പെടുത്തിക്കാണണം.

കുടിലുകളിൽ അമ്മ ഉപയോഗിച്ചിരുന്ന വസ്തുക്കൾ. കട്ടിലിൽ അമ്മയുടെ ചിത്രത്തിൽ പൂമാലകളും പുതിയ സാരിയുമൊക്കെയായി ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. തറയിലിരുന്ന് എല്ലാവരും ധ്യാനിച്ചു. ഈ പുണ്യസ്ഥലങ്ങളിൽ കാഴ്ചകളേക്കാൾ കൂടുതൽ അവിടെ അൽപനേരം ചിലവിടുക എന്നതാണ് പ്രധാനം. എന്തെങ്കിലും ജപിച്ചോ ധ്യാനിച്ചോ ആ സന്നിധാനത്തിൽ തങ്ങുക എന്നതാണ് പ്രധാനം. സ്വപ്രയത്നത്തിനും അപ്പുറമുള്ള കൃപ നേടാൻ നമ്മൾ നമ്മെത്തന്നെ പാകപ്പെടുത്തുക - സകല ജീവരാശിയിലും ഒരുപോലെ പെയ്യുന്ന കാരുണ്യവർഷം നമ്മിലേക്കെത്താൻ നാം തന്നെ പിടിച്ചിരിക്കുന്ന അഹന്തയുടെ കുട അൽപനേരം മാറ്റിപ്പിടിക്കുക - എല്ലാറ്റിലും ഉപരിയായി നമുക്കീ ലോകത്തിൽ തിരിച്ചൊന്നും വേണ്ടാതെ സ്നേഹിക്കാൻ ആരോ ഉണ്ടെന്ന ഉറപ്പ് സ്വയമേ നേടുക - അതാണ് യഥാർത്ഥ പ്രാർത്ഥന.

നേരം ഉച്ചയോട് അടുക്കുന്നു. എങ്കിലും കാര്യമായ ചൂടില്ല. ഭക്തർ പല സംഘങ്ങളായി വന്നും പോയും കൊണ്ടിരിക്കുന്നു. മുറ്റത്തെ ഒരു കോണിൽ ഞങ്ങൾ എട്ടുപേർ അനന്യമനസ്കരായി മാതൃവാത്സല്യം നുകർന്നുകൊണ്ടിരുന്നു. ഉള്ളിൽ തടംകെട്ടി നിന്ന ഏതൊക്കെയോ ദുർമ്മേദസ്സുകൾ ഉരുകിയൊലിച്ചു പോകുന്നതറിഞ്ഞു. ഹൃദയത്തിൽ സ്നേഹം വറ്റിയ ചുണ്ടുകളോടെ ഞാനും പാടി:

"ഗുണഹീനസുതാൻ അപരാധയുതാൻ 

കൃപായാദ്യ സമുദ്ധര മോഹഗതാൻ...."

(ഗുണമറ്റ, അപരാധങ്ങൾ ചെയ്യുന്ന, ഭ്രമിച്ചുപോയ ഈ മക്കളെ നീ ഇന്നുതന്നെ  കൃപയോടെ സമുദ്ധരിച്ചാലും)(ശ്രീ ശാരദാദേവീ സ്തോത്രം - സ്വാമി അഭേദാനന്ദ)

No comments:

Post a Comment