Saturday, January 13, 2024

കനിവുറവ് തേടി...... - ഭാഗം പതിമൂന്ന് - ദൈവം പിറന്ന മണ്ണ്!

 കാമാർപുക്കൂർ - ബംഗാളിലെ ഒരു ഉൾനാടൻ ഗ്രാമം. ധാരാളം കുളങ്ങളും അമ്പലങ്ങളും ആലും തെങ്ങുകളും പാടങ്ങളും ഒക്കെക്കൊണ്ട് സമൃദ്ധമായ ഒരു ശാന്തസുന്ദരപ്രദേശം. ഒരിക്കൽ ഇവിടെ ഒരു കുടുംബം വസിച്ചിരുന്നു. ക്ഷുധിറാം ചതോപാദ്ധ്യായ എന്ന ബ്രാഹ്മണനും അദ്ദേഹത്തിൻ്റെ കുടുംബവും. രഘുവീരനേയും ശീതളാദേവിയെയും ഉപാസിച്ച് - കഷ്ടതകൾക്കിടയിലും ആ കുടുംബം സന്തോഷക്കുറവില്ലാതെ ജീവിച്ചു. ക്ഷുധിറാം തൻ്റെ സത്യസന്ധത മൂലം ഉള്ളതെല്ലാം നഷ്ടപ്പെട്ട് വന്നതാണങ്ങോട്ട്. പക്ഷെ ഇവിടെ വെച്ച് ലോക ആദ്ധ്യാത്മിക ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒരുജ്ജ്വലപ്രതിഭാസത്തിന് അദ്ദേഹം നിമിത്തമായിത്തീർന്നു. അങ്ങിനെ കാമാർപുക്കൂർ എന്ന ഗ്രാമം ആത്മാന്വേഷികളായ ജനതയുടെ തീർത്ഥാടനകേന്ദ്രമായി.

വണ്ടി പാർക്ക് ചെയ്തിടത്തിന് തൊട്ട് എതിർവശത്തായി രാമകൃഷ്ണമഠം കാണാം. ചിത്രങ്ങളിൽ കണ്ടു പരിചയമുള്ള പുല്ലുമേഞ്ഞ കുടിലുകൾ കുറച്ചകലെ നിന്നു തന്നെ കാണാം. വലിയ തിരക്കില്ല. പാർക്കിങ്ങിന് എതിർവശത്തെ വീഥിയിൽ നിറയെ കടകൾ. ഭഗവാന്റെയും അമ്മയുടെയും സ്വാമിജിയുടെയും ചിത്രങ്ങൾ, വളകൾ, മാലകൾ, ബാഗുകൾ..... ചുറ്റിലും കച്ചവടക്കണ്ണുകൾ മാത്രം. അതില്ലാത്ത ഒന്നിലേക്ക് ഞങ്ങൾ നടക്കുകയാണ് - ഈശ്വരകാരുണ്യം. അത് മാത്രമാണ് ലോകത്തിൽ കാരണം അറിയാനാകാത്ത പ്രതിഭാസമായി - അഹേതുകമായി നിലനിൽക്കുന്നത്. 

ഞങ്ങൾ ഗേറ്റ് കടന്ന് ഉള്ളിൽ പ്രവേശിച്ചു. ശ്രീരാമകൃഷ്ണ ജന്മസ്ഥാനത്തുള്ള ക്ഷേത്രം കാണാം. ഉള്ളിൽ അലയടിച്ചുയരുന്ന തിരമാലകൾ നിറുത്താതെ ഭഗവന്നാമം ഉരുവിട്ടു. സംഘമായി നീങ്ങുന്ന ഞങ്ങൾ കുടിലിന് പുറത്തായി ഒരു കാഷായവസ്ത്രധാരിയെ കണ്ടു. അകലെ നിന്ന് പ്രണാമമർപ്പിച്ച ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അദ്ദേഹം മലയാളത്തിൽ പറഞ്ഞു : "മോക്ഷവ്രതാനന്ദ സ്വാമിജി പറഞ്ഞിരുന്നു നിങ്ങൾ വരുന്നുണ്ടെന്ന്". ഞെട്ടൽ മാറാൻ ഒരല്പം നേരമെടുത്തു. ചെറിയ ചെറിയ ചില സംഭവങ്ങൾ നമ്മളിൽ ഉണ്ടാക്കുന്ന വികാരം പറഞ്ഞറിയിക്കാൻ അറിയാത്തതാണ്. ബംഗാളിലെ ഈ ഉൾനാടൻ ഗ്രാമത്തിൽ തന്നെ കാണാൻ എത്തുന്ന ഈ ഭക്തരെ സ്വീകരിക്കാനുള്ള ചുമതല ഭഗവാൻ മലയാളിയായ ഒരു ശിഷ്യനെത്തന്നെ ഏൽപ്പിച്ചതാണോ? ഒരു നാടും തനിക്ക് അന്യമല്ലെന്ന് പുനരാവർത്തിക്കാൻ ഭഗവാൻ തിരഞ്ഞെടുത്ത ലീലയാണോ? നിങ്ങളുടെ ഭക്തി ഞാൻ കാണാത്തതല്ലെന്ന് വീണ്ടും ഭഗവാൻ നേരിട്ട് വന്ന് പറയുന്നതാണോ? കാളീഘട്ടിൽ വെച്ച ജയേട്ടൻ പറഞ്ഞ വാക്കുകൾ ഓർത്തു."എവിടെ ചെന്നാലും നമുക്കവിടെ ഒരാളുണ്ടാകും"

ജീവിതത്തിന്റെ പ്രാരംഭദശയിൽ പഠിത്തം കഴിയാറായ സമയത്തുണ്ടായ ഒരനുഭവം ഓർക്കുന്നു. കോളേജിലെ ക്യാമ്പസ് ഇന്റർവ്യൂ നല്ലത്പോലെ കഴിഞ്ഞ്, തിരികെ വീട്ടിൽ പോകുന്നതിനുമുൻപ് ഭഗവാനെ കാണാൻ തോന്നി. മനസ്സ് അല്പം കലുഷമായിരുന്നു. റിസൾട്ട് വന്നിട്ടില്ല. എന്താകും എന്ന ചിന്ത ഉള്ളിൽ കടന്നൽക്കൂട് പോലിളകി. ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം അധികം അകലെയല്ല. ബസ് പിടിച്ച് ആശ്രമത്തിൽ ചെല്ലുമ്പോൾ സന്ധ്യാ ആരതിയുഴിയുന്നു. കാൽ കഴുകി അകത്തേക്ക് കയറിയ എന്നെയും കാത്ത് കർപ്പൂരത്തട്ടും പിടിച്ചൊരാൾ. ഞാൻ വരുന്നത് കണ്ട അദ്ദേഹം, പോകുന്നതിനു മുൻപ്, എനിക്ക് കൂടി അതുഴിഞ്ഞു തൊഴാൻ അവസരമുണ്ടാകട്ടെ എന്ന് കരുതി അവിടെ കാത്തുനിന്നതാണ്. പക്ഷെ എന്നെ സംബന്ധിച്ച് അത് ഭഗവാന്റെ അനുഗ്രഹമായിരുന്നു - ആശീർവാദമായിരുന്നു - "നോക്കൂ നിന്നെ ഞാൻ എൻ്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു" എന്ന ഉറപ്പായിരുന്നു.

കാശി ശ്രീരാമകൃഷ്ണമഠത്തിന്റെ ചുമതലയുള്ള ആ സ്വാമിജി (പേര് ഓർക്കുന്നില്ല) ഒറ്റപ്പാലം ശ്രീരാമകൃഷ്ണമഠത്തിൽ അനവധി കാലം ഉണ്ടായിരുന്നു. ഭഗവാന്റെ ശിഷ്യനായ സ്വാമി നിർമ്മലാനന്ദ മഹാരാജ് (തുളസി മഹാരാജ്) ആണ് കേരളത്തിൽ ആദ്യമായി ശ്രീരാമകൃഷ്ണ സന്ദേശം കൊണ്ടുവന്നത്. അദ്ദേഹത്തിൻറെ സമാധി പാലപ്പുറത്തുള്ള ഈ ആശ്രമത്തിലാണ്. കാമാർപുക്കൂർ ജയറാംബാടി എന്നിവിടങ്ങളിൽ താമസിച്ച് സാധന ചെയ്യാൻ വന്നതാണ് അദ്ദേഹം. സ്വാമി മോക്ഷവ്രതാനന്ദജി മഹാരാജുമായുള്ള ഫോൺ സംഭാഷണത്തിൽ ഞങ്ങൾ വരുന്നുണ്ടാകും എന്നദ്ദേഹം സൂചിപ്പിച്ചിരുന്നു. എത്ര ആകസ്മികമായ സംഭവങ്ങൾ.... പക്ഷെ നിയോഗമുള്ളവന് അതിനു പിന്നിലുള്ള അനുഗ്രഹം കാണാൻ സാധിക്കുന്നു.

അൽപനേരം സംസാരിച്ച ശേഷം അമ്പലം കണ്ടു വരുവാൻ അദ്ദേഹം നിർദ്ദേശിച്ചു. കുടിലുകൾക്ക് പ്രദക്ഷിണമായുള്ള പാതയിലൂടെ ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. 


കയറുന്ന വഴിക്കരികിൽ തണൽ വിരിച്ചു  നിൽക്കുന്ന ഒരു മാവ്. ലോകത്തിനാകെ തണൽ പകരുന്ന ആ കാരുണ്യധാമത്തിന്റെ പുണ്യഹസ്തങ്ങൾ കൊണ്ടുതന്നെ നട്ട ഒരു മാവ്. മാവിന്റെ കൊമ്പുകൾ ഒടിയാതിരിക്കാൻ താങ്ങുകൾ വെച്ചിരിക്കുന്നു. കൈ നീട്ടി ഒന്ന് തൊട്ടു. നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്ന് ഒരു കൈ തിരിച്ചും. ചൂടാർന്ന ആ കൈകൾ എൻ്റെ വിരൽ പിടിച്ചു. അച്ഛൻ കൈ പിടിച്ച കുട്ടിയുടെ മനസ്സ് പോലെ മനസ്സിലെ ആശങ്കകൾ ഒക്കെയുമൊഴിഞ്ഞു.

ചെന്ന് കയറുന്നത് വളരെ ലളിതമായ ഒരു ക്ഷേത്രത്തിലേക്കാണ്. ഒരു കാലത്ത് അടുക്കളയായിരുന്ന ആ പുണ്യസ്ഥാനത്താണ് ചന്ദ്രമണീദേവി വിശ്വവിധായകന് പുതിയൊരു വേഷം നൽകിയത്. ആ മുറിയിൽ ഉരുണ്ടു ചെന്നാണ് ദേഹമാസകലം ഭസ്മത്തിൽ പൊതിഞ്ഞ ആ കുട്ടി വയറ്റാട്ടിയുടെ കൈകളിൽ എത്തിയത്. ആ സ്ഥലത്താണ് ഭൂമിയും ദേവലോകവും ഒന്നായിമാറിയത്.

ചെറിയ ഒരമ്പലം. അതിനു മുൻപിൽ ഒരു മണ്ഡപം. ഇടത് വശത്ത് പുല്ലുമേഞ്ഞ രണ്ടു ചെറിയ കുടിലുകൾ. കുടിലുകൾക്ക് മുൻപിൽ ക്ഷുധിറാമും പിന്നീട് ഗദാധരനും പൂജിച്ച രഘുവീരനും, ശീതളാദേവിയും അടങ്ങുന്ന കുലദൈവങ്ങൾ... ഒരു സ്വപ്നത്തിലെന്ന പോലെ അവിടെയെല്ലാം നടന്നുകണ്ടു. കുടിലുകൾക്ക് മുന്നിലെ ചാണകം മെഴുകിയ നിലത്ത് നമസ്കരിച്ചു. ഒരു മഹാനാടകത്തിലെ എത്രയെത്ര രംഗങ്ങൾ ഇവിടെ നടമാടിയിരിക്കുന്നു? ഒരു കെട്ടുകഥപോലെ തോന്നുന്ന എത്രയനവധി സജീവരംഗങ്ങൾ ഈ മുറ്റത്ത് ജീവനാർന്നിരിക്കുന്നു? എത്ര മനുഷ്യകോടികളുടെ പാപവിമോചനമന്ത്രം ഈ പടിക്കെട്ടുകളിൽ നിന്നും ഉയർന്നിരിക്കുന്നു?


ഓരോ ഇടവും വിസ്തരിച്ചു കണ്ടു. അവിടുന്ന് പൂജിച്ച പുണ്യവിഗ്രഹങ്ങളെ പുരോഹിതൻ വിവരിച്ചു തന്നു. ഭഗവാന്റെ കുടുംബത്തിൽ പെട്ടവർ തന്നെയാണ് ഇന്നും അവിടെ പൂജ ചെയ്തുവരുന്നത്. ഏതോ മഹാതപസ്സിനാൽ ആ കുടുംബത്തിൽ വന്നു പിറക്കാനായ ആ പുണ്യാത്മാവിനെ മനസാ നമിച്ചു. 

പുല്ലുമേഞ്ഞ കുടിലുകൾ ആണ് ഭഗവാന്റെ ഗൃഹം. ഇതിന്റെ വരാന്തയിൽ ഇരുന്നാണ് കുഞ്ഞു ഗദായി അമ്മയിൽ നിന്ന് രാമായണവും മഹാഭാരതവും കേട്ടിരുന്നത്. കൊൽക്കത്തയിൽ നിന്ന് വരുമ്പോൾ ദിനരാത്രങ്ങൾ ജലപാനമില്ലാതെ പാവങ്ങളായ നല്ലവരായ ഗ്രാമവാസികളുമായി കുശലം ചെയ്തിരുന്നത് ഇവിടെയിരുന്നാണ്. കുടിലിനകത്ത് ശ്രീരാമകൃഷ്ണൻ്റെ ചിത്രം അലങ്കരിച്ചു വെച്ചിരിക്കുന്നു. രണ്ടാമത്തെ കുടിലിലാണ് പൂജാസാമഗ്രികളും നിവേദ്യം തയ്യാറാക്കാനുള്ള വ്യവസ്ഥയും.

ജന്മസ്ഥാനക്ഷേത്രത്തിന് മുൻപിലുള്ള മണ്ഡപത്തിൽ അല്പം ഇരുന്നു കണ്ണടച്ചു. സംഘത്തിലെ എല്ലാവരും പൂർണ്ണമായി ഭഗവൽസ്‌മൃതിയിൽ ആണ്ടിരുന്നു. ഓരോ പുല്ലും പറവയും ഈയിടത്ത് വന്നു പിറക്കാനിടയായ തങ്ങളുടെ മുജ്ജന്മസുകൃതങ്ങളെക്കുറിച്ച് ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നു. ലോകമാകെ ചുരുങ്ങി ആ പുണ്യക്ഷേത്രത്തിലെ ഒരു പിടി മണ്ണായി... ഞാൻ അത് വാരി പൊതിഞ്ഞെടുത്ത് അവിടെ നിന്ന് പുറത്തേക്കിറങ്ങി...


No comments:

Post a Comment