Monday, January 1, 2024

കനിവുറവ് തേടി...... - ഭാഗം ആറ് - ബേലൂരിലെ രസഗുളകൾ


"എന്നാൽ നമുക്ക് ഇന്നു തന്നെ മടങ്ങിയാലോ?" - അഞ്ചാമത്തെ രസഗുള കഴിക്കുന്നതിനിടയിൽ മാധവൻ ചോദിച്ചു.

"അതേ... എൻ്റെ ട്രാൻസ്‌ഫോർമർ ഇൻസ്റ്റലേഷൻ ഇപ്പോൾ തന്നെ വൈകിയിരിക്കുകയാണ്" - സതീഷേട്ടൻ ഒരു സമോസ താങ്ങിക്കൊണ്ട് പിന്താങ്ങി

അഞ്ചാറ് ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്ത് വന്നിട്ട്, പ്രധാനമായി കാണേണ്ടതെല്ലാം ആദ്യദിവസം തന്നെ കണ്ടുതീർത്തതിന്റെ ബുദ്ധിമുട്ടാണ് ഇത്. വന്ന ദിവസം തന്നെ ദക്ഷിണേശ്വരവും ബേലൂർ മഠവും കണ്ടു കഴിഞ്ഞു. ഇനി എന്തെങ്കിലും കണ്ടാലും ഇല്ലെങ്കിലും ഞങ്ങൾക്കൊന്നുമില്ല എന്ന ഭാവമായിരുന്നു ഒരുവിധം എല്ലാവർക്കും. ഇനി മറ്റ് പലതും കണ്ട് ഈ മധുരം കളയണോ എന്ന ഭാവവും.

"അത് നടക്കില്ല... ഒന്നിച്ചു വന്നാൽ നമ്മൾ ഒന്നിച്ച് തന്നെ പോവുകയും ചെയ്യും" - ജയേട്ടൻ പ്രഖ്യാപിച്ചു.

"നമ്മൾ ഇനിയും സ്വാമിജിയുടെ വീട്ടിൽ പോയിട്ടില്ല, നിവേദിതയുടെ വീട്, കാമാർപുക്കൂർ, ജയരാംബാടി, ഉദ്ബോധൻ... പോകാൻ ഇനിയെത്രയെത്ര സ്ഥലങ്ങൾ.. ഇതിനായി ഇനി നമ്മൾ വരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ഞാൻ അല്പമൊന്ന് മയപ്പെടുത്തി ചോദിച്ചു. ആ സംസാരം അവിടം കൊണ്ട് തീർന്നു.

ബേലൂർ മഠത്തിലെ ദർശനത്തിനു ശേഷം അടുത്തുള്ള ചായക്കടയിൽ കയറി ചായയും രസഗുളയും സമോസയും യഥേഷ്ടം തട്ടിവിടുന്നതിനിടക്കാണ് മാധവന് ഈ കുസൃതി തോന്നിയത്. 

"ഇനി സമോസ വേണ്ട. വയറു നിറഞ്ഞു" മാധവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. പാലക്കാട് മലമ്പുഴ പഞ്ചായത്തിലെ അംഗമാണ് മാധവൻ. ലോകചരിത്രത്തിൽ ആദ്യമായി സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പഞ്ചായത്ത് അംഗം എന്ന ബഹുമതി അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. വിവേകാനന്ദ ദാർശനിക സമാജത്തിലെ ഏറ്റവും കർമ്മനിരതനായ ആളാണ് മാധവൻ. ഒരു ആജാനുബാഹു. മലമ്പുഴയിലെ പൊതുജനപ്രശ്നങ്ങളിൽ വളരെ സജീവമായി ഇടപെടുന്ന മാധവനെ, മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ നാം എല്ലാവരും കണ്ടുകാണും. കൂട്ടത്തിൽ ഏറ്റവും കുസൃതിക്കാരനാണ് മാധവൻ - സുന്ദരനും . രാമകൃഷ്ണമഠത്തിലെ ഏറെ മുതിർന്ന പൂജ്യ സ്വാമി ഗോലോകാനന്ദജി മഹാരാജ് സമ്മാനിച്ച "ബെസ്റ്റ് ബോയ്" എന്ന ബഹുമതി സ്വന്തം ഹൃദയത്തിൽ ഏറ്റെടുത്ത് സമാജസേവനം നടത്തുന്ന മാധവനാണ് ഈ യാത്രക്ക് കൈപൊക്കിയവരിൽ ആദ്യം. എൻ്റെ വാർഡിലെ വത്സലേടത്തിയുടെ പശു, ആമിനാമ്മയുടെ കോഴി, അങ്കണവാടിയുടെ ഇളകിയ ജനൽ എന്നിങ്ങിനെ നൂറായിരം മനുഷ്യരുടെ പ്രശ്നങ്ങൾ തലയിലേന്തിയാണ് മാധവൻ വരുന്നത്. 

സതീഷേട്ടൻ ജയേട്ടന്റെ സതീർത്ഥ്യനാണ്. ഏറെക്കാലം ശരീരസൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും മിസ്റ്റർ കേരള ആവുകയും ചെയ്തയാളാണ് അദ്ദേഹം. 2000 ത്തോട് അടുത്ത് അദ്ദേഹം പ്രൊഫഷണൽ ബോഡി ബിൽഡിംഗ് രംഗത്തോട് വിട പറയുകയും, സ്വന്തമായി ഫിറ്റ്നസ് ഉപകരണങ്ങൾ നിർമ്മിക്കുന്ന ബിസിനസ്സിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോൾ ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ തിരക്കിലാണ്. അതാണ് ഇത്ര തിരക്ക്.എപ്പോളും ഫോൺവിളികൾ വരും... വന്നാൽ പിന്നെ ഈ ലോകത്തൊന്നുമായിരിക്കില്ല. യാത്രക്കുള്ള നിർദ്ദേശങ്ങളുടെ കൂട്ടത്തിൽ അനാവശ്യമായ ഫോൺവിളികൾ ഒഴിവാക്കണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് സതീഷേട്ടനെ മുന്നിൽ കണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ അപ്പോളത്തെ അവസ്ഥയെ വെച്ച് നോക്കുമ്പോൾ വളരെ കുറച്ച് വിളികളേ വന്നിരുന്നുള്ളൂ. ഇപ്പോളും ബോഡി ബിൽഡിംഗിനോട് ഉള്ള പാഷൻ അദ്ദേഹത്തിൽ കാണാം. പലയിടങ്ങളിലും ജഡ്ജിയായി പോവുകയും, അതിന്റെ സംഘടനാതലത്തിൽ പ്രവർത്തിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ് സതീഷേട്ടൻ. 

ഇത്തരത്തിൽ സ്വന്തം മേഖലകളിൽ അനിതരസാധാരണമായ ഔന്നത്യം കൈവരിച്ചവരാണ് കൂടെയുള്ള എല്ലാവരും. ആ ഞങ്ങൾ ഇന്ന് ദക്ഷിണേശ്വരത്തിൽ ഭഗവാനെ കണ്ടതിനുശേഷം, സ്വശക്തിവിശേഷം കൊണ്ട്, ലോകത്തെ മാറ്റിമറിച്ച ഒരു യുഗപ്പിറവിയുടെ മണ്ണിലേക്കാണ് പോയത് - വിവേകാനന്ദൻ്റെ ബേലൂർ മഠത്തിലേക്ക്.

ശ്രീരാമകൃഷ്ണൻ്റെ സമാധിക്ക് മുൻപ്,ഭഗവാൻ തൻ്റെ കൈപ്പടയിൽ എഴുതിവെച്ചിരുന്നു - "നരേൻ മറ്റെല്ലാവരെയും നയിക്കും" എന്ന്. സ്വതേ തന്നെ ആർക്കും കീഴടങ്ങാത്ത നരേൻ, സന്ന്യസ്തമനസ്കരായ സുഹൃത്തുക്കളോടൊപ്പം ഒഴിഞ്ഞ ഒരു കെട്ടിടത്തിൽ സാധനയുമായി കഴിഞ്ഞുകൂടി. അന്നൊന്നും ഈ സംഘത്തെ താൻ നയിക്കണമെന്നോ, അത് ലോകത്തിന് വെളിച്ചം പകരുന്ന ഒരു സംഘടനയായി മാറണമെന്നോ അദ്ദേഹം വിചാരിച്ചിരുന്നിരിക്കാൻ ഇടയില്ല. മുഴുവൻ ഭാരതത്തിലുമുള്ള തൻ്റെ പരിവ്രജനമായിരിക്കണം അദ്ദേഹത്തെ മാറ്റിമറിച്ചത്. തൻ്റെ മാതൃഭൂമിക്കും ജനങ്ങൾക്കും വേണ്ടിയുള്ള അപ്രതിരോധ്യമായ കാരുണ്യം അദ്ദേഹത്തെക്കൊണ്ട് അസാധ്യമെന്നു നാം കരുതുന്ന പലതും ചെയ്യിച്ചു. 


അതിൽ ഇന്നും ലോകത്തിന്റെ നിറുകയിൽ വിവേകാനന്ദന്റെ അനുഗ്രഹം പോലെ നിലനിക്കുന്നതാണ് ശ്രീരാമകൃഷ്ണമഠവും മിഷനും. ആദ്യത്തേത് ആദ്ധ്യാത്മികമേഖലയിലും രണ്ടാമത്തേത് സാമൂഹികമേഖലയിലും ലോകോത്തരമായ സംഭാവനകൾ നൽകിവരുന്നു. അതിൻ്റെ ആഗോളസിരാകേന്ദ്രമാണ് ബേലൂർ മഠം. സ്വന്തം യാത്രകളിലൂടെ താൻ സമാഹരിച്ച തുക കൊണ്ട് വിവേകാനന്ദനാണ് ഈ സ്ഥലം വാങ്ങുന്നത്. അന്നിവിടെ ഒരു ചെറിയ കെട്ടിടമാണ് ഉണ്ടായിരുന്നത്. അതിന്നും ബേലൂർ മഠത്തിലെ മുഖ്യ ആകർഷണമായ ശ്രീരാമകൃഷ്ണക്ഷേത്രത്തിനു പിറകിലായി കാത്തുസൂക്ഷിച്ചു പോരുന്നു. അവിടെ സ്വാമിജി ഉപയോഗിച്ചിരുന്ന മുറി, ബേലൂരിലെ ഭഗവാന്റെ പഴയക്ഷേത്രം, സ്വാമിജി ഇരിക്കാറുണ്ടായിരുന്ന മാവിൻചുവട് എന്നിവ അവിടെ കാണാം. മഠത്തിന്റെ ഓഫീസും ഇതിനടുത്ത് തന്നെയാണ്.

ബേലൂർ മഠം എന്നാൽ എല്ലാവരുടെയും മനസ്സിലേക്ക് ഓടിവരുന്ന പ്രൗഢഗംഭീരമായ ശ്രീരാമകൃഷ്ണ ക്ഷേത്രമാണ്. അതിനകത്തേക്ക് കയറുമ്പോൾ എന്തെന്നില്ലാത്ത ഒരു ശാന്തിയുടെ കുളിർ ഞങ്ങളെ പൊതിഞ്ഞു.വിശാലമായ ഒരു ഹാൾ - അതിന് അങ്ങേത്തലക്കൽ ശ്രീകോവിൽ. അകം സുന്ദരം - സ്വച്ഛം. ചെറിയ കൊത്തുപണികളോട് കൂടിയ തൂണുകൾ . തൂണുകൾക്ക് മുകളിൽ അർദ്ധവൃത്താകൃതിയിലുള്ള മേൽക്കൂര. നിലത്ത് വിരിച്ചിട്ട കാർപ്പെറ്റുകൾ. ഒരു അമ്പലം എത്ര വൃത്തിയായി സൂക്ഷിക്കാം എന്നതിനുദാഹരണമാണ് ശ്രീരാമകൃഷ്ണമഠത്തിലെ അമ്പലങ്ങൾ. "Cleanliness is Godliness" എന്നത് ഇവിടെ ശരിക്ക് ബോദ്ധ്യമാകും. ഞങ്ങൾ പിന്നീട് പോയ പല അമ്പലങ്ങളുടെ വൃത്തിയുടെ കാര്യം പറയുമ്പോഴും ഇത് പരാമർശവിധേയമാകും.മറ്റ് രാമകൃഷ്ണക്ഷേത്രങ്ങൾ പോലെ തന്നെ, ഇവിടെയും മാർബിളിൽ ഭഗവാന്റെ ജീവസ്സുറ്റ പ്രതിമ ചില്ലു കൊണ്ട് മറച്ച ശ്രീകോവിലിനുള്ളിൽ കാണാം. ഇരുപുറവും കാണാറുള്ള വിവേകാനന്ദനെയും, ശ്രീശാരദാദേവിയേയും ബേലൂർ ക്ഷേത്രത്തിൽ കണ്ടില്ല.

എല്ലാവരും ഇരുന്ന് അൽപനേരം ധ്യാനിച്ചു - ഭഗവാനോട് നന്ദിയർപ്പിച്ചു. മുൻ നിശ്ചയിച്ച പ്രകാരം തദ്വനം ആശ്രമത്തിൽ മാർച്ച് 8 നു നടക്കുന്ന മഹാശിവരാത്രി പരിപാടിയുടെ നോട്ടീസ് ഭഗവാനെ കാണിച്ച് അവിടുത്തെ അനുഗ്രഹത്തിനായി കാൽക്കൽ സമർപ്പിച്ചു. 
പുറത്തിറങ്ങി ഞങ്ങൾ വെളിച്ചത്തിൽ കുളിച്ചു കിടന്ന മഠം ചുറ്റിക്കണ്ടു. നേരം ഇരുട്ടിയിരുന്നതിനാൽ ശ്രീശാരദാദേവിയുടെയും ശ്രീമദ് വിവേകാനന്ദസ്വാമികളുടെയും മറ്റു ശിഷ്യരുടേയും സമാധികളിലേക്ക് പോയില്ല. ഓഫീസിൽ പോയി കാമാർപുക്കൂർ ജയറാംബാടി യാത്രക്കുള്ള നിർദ്ദേശങ്ങൾ തേടി. പിറ്റേന്ന് ചെല്ലാൻ  നിർദ്ദേശിച്ചു.

ഈ ധന്യദിവസത്തെ പരിപാടികൾ അവസാനിച്ചിരുന്നു. ഞങ്ങൾ ചായയും രസഗുളയും സമോസയും പിന്നെ നിവേദിതാ ഗസ്റ്റ് ഹൗസിലെ പ്രസാദവും കഴിച്ച് ഉറങ്ങാൻ കിടന്നു... നാളെ രാവിലെ 4 മണിക്ക് തയ്യാറാകണം.... മഠത്തിലെ മംഗള ആരതി കാണാൻ....

No comments:

Post a Comment