"പുൽമേട്ടിലൂടെ പോകുമ്പോൾ ഞാൻ വികാരപരവശനായി കരഞ്ഞു " ഹേ കൃഷ്ണാ! എല്ലാം പഴയതു പോലെ തന്നെ ഉണ്ട്; നീ മാത്രമിവിടില്ല. ഈ പുൽമേട്ടിൽ തന്നെയാണല്ലോ നീ പൈക്കളെ മേച്ചിരുന്നത്?"
ശ്രീരാമകൃഷ്ണവചനാമൃതത്തിൽ തൻ്റെ വൃന്ദാവനയാത്രയിൽ രാധാകുണ്ഡിലേക്കും ശ്യാംകുണ്ഡിലേക്കും പോകുന്നതിനിടക്കുണ്ടായ ഒരു സംഭവം പിൽക്കാലത്ത് ഭഗവാൻ വിവരിച്ചതിൽ നിന്നുള്ള ഒരു ഭാഗമാണ് മുകളിൽ കൊടുത്തത്.
ദക്ഷിണേശ്വരം ക്ഷേത്രത്തിൽ എത്തിയ ഞങ്ങൾക്കും ഇതേ വികാരമാണ് ഉണ്ടായത്. വചനാമൃതത്തിൽ വായിച്ച അമ്പലം അതു പോലെ തന്നെ അവിടെയുണ്ട്. ഓരോ കല്ലിലും അവിടുത്തെ കാൽപ്പാടുണ്ട് - ഓരോ ചുമരിന്മേലും അവിടുത്തെ കൈവിരലിന്റെ അടയാളമുണ്ട് - ഓരോ പൂമരച്ചില്ലയിലും ഇതാ ഇന്നലെക്കൂടി ഞാൻ അദ്ദേഹത്തെ കണ്ടതേയുള്ളൂ എന്ന മട്ടിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളുണ്ട്.
പക്ഷെ ആ മുറ്റത്ത് കൂടി തിടുക്കത്തിൽ അമ്മേ അമ്മേ എന്ന് വിളിച്ച് കരഞ്ഞ് ഓടിയിരുന്ന ആ കൃശഗാത്രനായ ബ്രാഹ്മണൻ - ആ വരാന്തയിൽ ഉലാത്തിക്കൊണ്ട് അമ്മയോട് സംസാരിച്ചിരുന്ന ആ ദേവബാലൻ - മട്ടുപ്പാവിന് മുകളിൽ കയറി തൻ്റെ അന്തരംഗശിഷ്യരെക്കാണാൻ ഉറക്കെ അലറിക്കരഞ്ഞ ആ മഹാഗുരു - അദ്ദേഹം മാത്രം അവിടെയില്ല.
കണ്ണുകളിലെ വേലിയേറ്റത്തിന്റെ സമയമാണ്. ഹൃദയം തുടികൊട്ടിയാർക്കുന്നത് പുറത്ത് കേൾക്കാതിരിക്കാൻ വേണ്ടി ഞങ്ങൾ നാമം ഉരുവിട്ടു. അമ്പലമുറ്റം നിറയെ ആളുകൾ. പല വരികളിലായി പരശ്ശതം ഭക്തർ. ശ്രീകോവിലിന്റെ മൂന്നു ഭാഗത്ത് നിന്നും അമ്മയെ ദർശിക്കാം. കൂട്ടത്തിൽ ചെറിയ വരിയിൽ കയറി ഞങ്ങൾ അമ്മയെ വലത് ഭാഗത്ത് നിന്ന് കണ്ടു തൊഴുതു. 'അമ്മ സൗമ്യയായി ഭക്തരെ അനുഗ്രഹിക്കുന്നു. ശ്രീരാമകൃഷ്ണൻ ജീവൻ കൊടുത്ത ആ വിഗ്രഹം ഇന്നും ഭക്തരെ അനുഗ്രഹിക്കാൻ ദർശനമേകുന്നു. മുന്നോട്ട് വെച്ച കാൽക്കീഴിൽ സാക്ഷാൽ ശിവൻ കിടക്കുന്നു. കിരീടം ചാർത്തിയ ശിരസ്സ്, ചുവന്ന കണ്ണുകൾ, മൂക്കുത്തിയുടെ തിളക്കം, ഖഡ്ഗവും അസുര ശിരസ്സുമേന്തിയ കൈകൾ, വെള്ളി കൊണ്ടുണ്ടാക്കിയ പന്തൽ - അമ്മയെ നിറയെ കണ്ടു തൊഴുതു. ദ്വാദശ ശിവക്ഷേത്രങ്ങളിൽ തൊഴുതു, രാധാകാന്ത ക്ഷേത്രത്തിൽ തൊഴുതു. രാധാകാന്ത ക്ഷേത്രവിഗ്രഹം ഭഗവാൻ കൈകൊണ്ട് നേരെയാക്കിയതാണെന്നറിയാം. അതിൽ ഭഗവാന്റെ കൈയൊപ്പ് കാണുമോ എന്ന് നോക്കി. ആ പൊട്ടൽ പൂകൊണ്ട് മൂടിയിരിക്കുന്നു. കണ്ടില്ല.
ചുവന്ന കല്ല് പാകിയ മുറ്റത്തിന്റെ ഒരറ്റത്ത് ഒരിടനാഴിയും അതിൻ്റെ അവസാനത്തിൽ ഒരു ചെറിയ മുറിയും. അതിനടുത്തായി "ശ്രീ രാമകൃഷ്ണൻ ഉപയോഗിച്ചിരുന്ന മുറി" എന്ന് എഴുതിവെച്ചിരിക്കുന്നു. ഇടനാഴിയിൽ നീണ്ടു നമസ്കരിച്ചു. ഇത്രയും വർഷങ്ങളുടെ വൃത്തിയാക്കലിനപ്പുറവും ഒരു ധൂളീകണം എൻ്റെ ഹൃദയഗ്രന്ഥി പൊട്ടിക്കാനായി അവിടെ കാത്തു കിടക്കുന്നുണ്ടെങ്കിലോ? നെറ്റി ചേർത്തുവെച്ചു നിലം കെട്ടിപ്പിടിച്ചു ഞാൻ കിടന്നു. കണ്ണുനീർ വീണ് നിലം കുതിർന്നു.
എഴുന്നേറ്റ് ഭഗവാന്റെ മുറിക്കരികിലേക്ക് നീങ്ങി. അകത്തേക്ക് പ്രവേശനമില്ല. അതേ കട്ടിൽ, കിടക്ക, ചെറിയ ഒരു കട്ടിൽ, ചുമരിൽ ചിത്രങ്ങൾ....ഈശ്വരനെ നേരിട്ട് കണ്ട ഒരു മനുഷ്യൻ ജീവിച്ച മുറി - സാധന ചെയ്ത മുറി - കൊതുകുവലക്കുള്ളിൽ ഇരുന്ന് ബംഗാളിയിൽ അതിമനോഹരമായി ഭജനകൾ പാടിയിരുന്ന മുറി - വിവേകാനന്ദനടക്കം തൻ്റെ ശിഷ്യർക്കും ഭക്തർക്കും ഉപദേശങ്ങൾ നൽകിയിരുന്ന മുറി..... എഴുതിയെഴുതിപ്പോകാം ഇനിയും... ആ മുറിക്ക് മുൻപിലാണ് ഞാൻ. കണ്ണു തുറന്നു കാണണോ, കണ്ണടച്ച് പ്രാർത്ഥിക്കണോ എന്നറിഞ്ഞില്ല. തീർത്ഥം വാങ്ങി അതിനു മുൻപിൽ അൽപനേരം കണ്ണടച്ചിരുന്നു.
തന്നെ കാണാൻ വരുന്ന ആളുകളിൽ ഈശ്വരപ്രേമം കുറഞ്ഞവരെ ഭഗവാൻ അമ്പലവും ഉദ്യാനവും ഒക്കെ കണ്ടു വരൂ എന്ന് പറഞ്ഞയക്കുമായിരുന്നു. തനിക്ക് വേണ്ടവരെ അടുക്കൽ ഇരുത്തും. ഞാൻ എന്തായാലും കുറച്ച് നേരം അവിടെ തന്നെ ഇരിക്കാൻ തീർച്ചയാക്കി.അവതാരലീലയിലെ ഓരോ ഏടും മനസ്സിൽ മറിഞ്ഞു കൊണ്ടിരുന്നു. ഇതേ വരാന്തയിൽ വെച്ച് ഭഗവാൻ എത്ര പേർക്ക് ഉപദേശങ്ങൾ നൽകിയിരിക്കുന്നു -എത്ര പേർക്ക് അനുഭൂതികൾ സമ്മാനിച്ചിരിക്കുന്നു... എനിക്കതൊന്നും വേണ്ട... എന്നെപ്പോലൊരുവനെയും ഇവിടെ ഇരിക്കാൻ നീ അനുവദിച്ചുവല്ലോ... അതിൽ തന്നെ ഞാൻ കൃതാർത്ഥൻ. നീ എങ്ങോ പോയെന്നു ഞാൻ കരുതിയത് എൻ്റെ വിഡ്ഢിത്തം. നീ ഇവിടെയുണ്ട് - ഇപ്പോഴും.....
ദർശനം കഴിഞ്ഞ് ഒന്നു രണ്ടു പേർ പുറത്തു ചെന്നു. ജയേട്ടൻ അകത്തു കയറി. മുൻപിൽ നിന്നു കാണാൻ ഉള്ള വരിയിൽ ഡോക്ടർ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെ കൂടി. വീണ്ടും അമ്മയുടെ സുന്ദരരൂപം കൺകുളിർക്കെ കണ്ടു. ഓർമ്മയിലുള്ള ദേവീമാഹാത്മ്യത്തിലെ വരികൾ ചൊല്ലി. നേരം 5 -5:30 യേ ആയിട്ടുള്ളുവെങ്കിലും സന്ധ്യയായി... വൈദ്യുത ദീപപ്രഭയിൽ അമ്പലം അതിസുന്ദരമായി വിളങ്ങി. എവിടെ നിന്നോ വരുന്ന ഭക്തിഗാനത്തിൻ്റെ ശീലുകൾ. അനവധി കുടുംബങ്ങൾ. അവരുടെ കോലാഹലങ്ങൾ...
ഞാൻ ഓടിച്ചെന്ന് അവിടത്തെ ഒരു ചെടിയുടെ അടിയിൽ നിന്ന് ആ പുണ്യമായ മണ്ണ് ഒരല്പം വാരി പൊതിഞ്ഞെടുത്തു. ഒരിക്കൽ കൂടി ഭഗവാന്റെ മുറിയുടെ അരികിൽ പോയി.. പോയിവരാം എന്ന് പറഞ്ഞ് പുറത്ത് കടന്നു.
മറ്റെല്ലാവരും പുറത്ത് കാത്തിരിപ്പുണ്ടായിരുന്നു. ഭഗവാന്റെ അമ്മയും ശ്രീ ശാരദാദേവിയും താമസിച്ചിരുന്ന നഹാബത് എന്ന മന്ദിരം പോയിക്കണ്ടു തൊഴുതു. ഭഗവാൻ സാധന ചെയ്തിരുന്ന പഞ്ചവടിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. അതും അകലെ നിന്ന് മനസാ നമസ്കരിച്ചു.അവിടെ അടുത്തുള്ള ഒരു ചന്തയിൽ പോയി... ഏതാനും വസ്തുക്കൾ ഓർമ്മക്കായി വാങ്ങി..
ഏതോ മായികലോകത്തിൽ നിന്നെന്ന പോലെ ഞങ്ങൾ ദക്ഷിണേശ്വരത്ത് നിന്ന് മടങ്ങുകയാണ്... പോയ അതേ വഴി... തിരിച്ച് ബേലൂർ ജെട്ടിയിൽ എത്തി. ബേലൂർ മഠം അടക്കുവാൻ അല്പനേരം കൂടിയുണ്ട്... അവിടെയും പറ്റിയാൽ ഇന്ന് ഒരുവട്ടം പോയി വരണം....
മുൻപിൽ നടക്കുന്ന വിദേശികളെ പിന്നിട്ട് ഞങ്ങൾ ധൃതിപ്പെട്ട് നടന്നു.....
No comments:
Post a Comment