Wednesday, December 27, 2023

കനിവുറവ് തേടി...... - ഭാഗം നാല് - ദക്ഷിണേശ്വര വൈകുണ്ഠം

റാണി രാസമണി ദേവി എന്നൊരു ധനികയായ വിധവ ഉണ്ടായിരുന്നു കൽക്കത്തയിൽ. കൊട്ടാര സദൃശമായ  ഗൃഹത്തിൽ തൻ്റെ പെണ്മക്കളോടും അവരുടെ ഭർത്താക്കന്മാരോടും ഒപ്പം ആ വലിയ സ്വത്തുവഹകൾ അവർ കൈകാര്യം ചെയ്തു പോന്നു. ഒരിക്കൽ അവർ കാശിയാത്രക്ക് വലിയ ഏർപ്പാടുകൾ ചെയ്ത് കാത്തിരിക്കവേ, ഒരു സ്വപ്ന ദർശനം ഉണ്ടാവുകയും അതിൻ പ്രകാരം ദക്ഷിണേശ്വരത്ത് ഒരു വലിയ അമ്പലം നിർമ്മിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. അന്നത്തെ കാലത്ത് 30000 ഏക്കർ സ്ഥലം അമ്പലത്തിനായി വാങ്ങുകയും 9 ലക്ഷം രൂപ നിർമ്മിതിക്കായി ചിലവാക്കുകയും ചെയ്തു എന്നാണ് കണക്ക്.

ബംഗാളി ഒറിയൻ വാസ്തുശില്പ രീതിയിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതീവ ഭംഗിയാർന്ന ഈ നിർമ്മിതിക്ക് തുല്യമായി മറ്റൊന്നും ഞങ്ങൾക്കവിടങ്ങളിൽ കാണുവാൻ സാധിച്ചില്ല. ഭവതാരിണിയുടെ അമ്പലത്തിനു വലതു വശത്തായി 12 ശിവക്ഷേത്രങ്ങളും, അതിനടുത്തായി രാധാകാന്ത ക്ഷേത്രവും നിലകൊള്ളുന്നു. 

ഭവതാരിണി രൂപത്തിലുള്ള കാളിയാണ് മുഖ്യ ശ്രീകോവിലിലെ പ്രതിഷ്ഠ. ശിവന്റെ മാറിൽ ചവിട്ടി നിൽക്കുന്ന, ചുവന്ന നാവ് നീട്ടി നിൽക്കുന്ന, കൈകളിൽ മുണ്ഡശിരസ്സും ചോരയിറ്റു വീഴുന്ന ഖഡ്ഗവും ഏന്തിയ കാളി.കേരളത്തിൽ നാം കാളിയെ വല്ലാതെയങ്ങ് സൗമ്യവത്കരിച്ചു - ഭദ്രകാളിയാക്കി. മറ്റു സംസ്ഥാനങ്ങളിൽ അങ്ങിനെയല്ല. അമ്മയുടെ പല ഭാവങ്ങൾ അവിടങ്ങളിൽ കാണാം. മൃഗബലി പോലുള്ള ആചാരങ്ങൾ ഇന്നും തുടരുകയും ചെയ്യുന്നു. 

എല്ലാ ജീവികളോടും കരുണ കാണിക്കുക എന്നത് വളരെ വലിയൊരു മൂല്യമാണ്. പക്ഷെ ഇവിടെ നാം കാണുന്നത് കാപട്യമാണ്. ഇറച്ചിക്ക് വേണ്ടി കൊല്ലാം - പക്ഷെ ഈശ്വരപ്രീതിക്ക് വേണ്ടി പാടില്ല.  തികഞ്ഞ സസ്യാഹാരിയും മൃഗഹിംസക്ക് എതിരുമാണ് ഞാനെങ്കിലും ഈ ഹിപ്പോക്രസി സഹിക്കുവാൻ വയ്യ. ഇതെല്ലാം ഒരു പ്രത്യേക ജനവിഭാഗത്തിനെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നു കാണാൻ വലിയ പ്രയാസവുമില്ല. ഈ മൂഢതയും കാപട്യവും അന്യസംസ്ഥാനങ്ങളിൽ ഇല്ല എന്നത് ഒരാശ്വാസമാണ്. 

റാണി രാസമണി ഈ അമ്പലത്തിന്റെ പൂജക്കായി കണ്ടെത്തിയത് രാംകുമാർ ചതോപാദ്ധ്യായ എന്ന ഒരു ശാസ്ത്ര വിശാരദനെയാണ്. തൻ്റെ ഗ്രാമമായ കാമാർപുക്കൂറിൽ നിന്നും മികച്ച ഒരു ഭൗതിക സാഹചര്യം തേടി കൽക്കത്തയിൽ വന്നതായിരുന്നു രാംകുമാർ. രാംകുമാർ തൻ്റെ കൂടെ ഗദായി എന്ന് വിളിക്കുന്ന ഗദാധർ ചതോപാദ്ധ്യായ എന്ന തൻ്റെ സഹോദരനെ കൊണ്ടുവന്നു. ആദ്യമാദ്യം ഗദായി പുതിയ സ്ഥലത്തിനോട് ഇണങ്ങാൻ വിമുഖത പ്രകടിപ്പിച്ചു. പിന്നീട് രാധാകാന്ത ക്ഷേത്ര പൂജയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവിടെ താമസമാക്കി. 

ആ ഗദാധരന്റെ പേരിലാണ് ഇന്ന് രാസമണീ ദേവി പോലും ഓർമ്മിക്കപ്പെടുന്നത്. രാംകുമാറിന്റെ കാലശേഷം ഗദാധരൻ കാളീപൂജക്ക് നിയുക്തനായി. അവൻ്റെ ഭക്തിക്ക് മുൻപിൽ - കേണു കേണുള്ള അവൻ്റെ കരച്ചിലുകൾക്ക് മറുപടിയായി ഭവതാരിണി അവിടെ പ്രത്യക്ഷീഭവിച്ചു. അവൻ അമ്മയെ നേരിട്ട് കണ്ടു -  അവൻ അമ്മയോട് സംസാരിച്ചു - അമ്മയെ കൈകൾ കൊണ്ട് ഊട്ടി - അമ്മയോടൊപ്പം ആടിപ്പാടി - കെട്ടുകഥകൾ എന്ന് ലോകംതള്ളിക്കളഞ്ഞ ഭാരതീയ ശാസ്ത്രങ്ങൾ അവനിലൂടെ തങ്ങളുടെ സത്യത്തെ അരക്കിട്ടുറപ്പിച്ചു - ആർക്കും തള്ളിക്കളയാനാകാത്ത പ്രത്യക്ഷ പ്രാമാണങ്ങളിലൂടെ അവൻ ഭാരതീയ ശാസ്ത്രങ്ങൾക്ക് പുതിയ അർത്ഥതലം നിർവ്വചിച്ചു. ലോകം അവനെ ശ്രീരാമകൃഷ്ണ പരമഹംസൻ എന്ന പേരിൽ അറിഞ്ഞു. അവതാരങ്ങളുടെ എല്ലാ ലക്ഷണവും പ്രകടമാക്കിയ ആ തിരുമേനി, അനേക ലക്ഷങ്ങൾക്ക് അഭയമായി - ആശയായി - അവൻ അവർക്ക് ഈശ്വരനായി.

ആ ഗദാധരന്റെ ദക്ഷിണേശ്വരത്തേക്കാണ് ഇന്ന് ഞങ്ങളുടെ യാത്ര. ബേലൂർ മഠത്തിന് അടുത്തുള്ള ഫെറിയിൽ നിന്ന് 11 രൂപ കൊടുത്താൽ ബോട്ടിൽ നമ്മെ ദക്ഷിണേശ്വരത്ത് എത്തിക്കും. വേലിയിറക്ക സമയമായിരുന്നു. തുള്ളിച്ചാടുന്ന മനസ്സിനോട് അല്പം കൂടി ക്ഷമിക്കാൻ പറഞ്ഞ് ഞങ്ങൾ ദക്ഷിണേശ്വരത്തേക്ക് ബോട്ടിൽ പുറപ്പെട്ടു. ബേലൂരിൽ നിന്ന് തന്നെ കാളീക്ഷേത്രത്തിന്റെ താഴികക്കുടം ദൃശ്യമാണ്. അടുക്കും തോറും ബോട്ടിലെ മറ്റു ദൃശ്യങ്ങളിൽ നിന്നും മനസ്സ് ഉൾവലിഞ്ഞു. 

എത്ര തവണ  കേശവചന്ദ്രസേനനോടൊപ്പം ഭഗവാൻ ഈ ഹൂഗ്ലീ നദിയിലൂടെ ബോട്ടിൽ സഞ്ചരിച്ചിരുന്നു. സമാധിയുടെ ലഹരിയിൽ ആടിയുലഞ്ഞ് ബോട്ടിലേക്ക് കയറാൻ തുടങ്ങുന്ന ഭഗവാൻ - താങ്ങുവാൻ പിറകിൽ ഹൃദയ് - അക്ഷമരായി ബോട്ടിൽ എമ്പാടും ഈ ദൈവമനുഷ്യനെ കാണാൻ കാത്തുനിൽക്കുന്ന ബ്രഹ്മസമാജക്കാർ - ബോട്ടിലെ മുറിയിലിരുന്ന് സമാധിയിൽ നിന്ന് പതുക്കെ പുറത്തേക്ക് വരുമ്പോൾ തനിക്ക് വെള്ളം വേണമെന്ന് വിക്കി വിക്കി പറയുന്ന ശ്രീഭഗവാൻ - എന്തെല്ലാം വർണ്ണങ്ങൾ നിറഞ്ഞൊഴുകുന്ന ചിത്രങ്ങൾ.... സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ സാധിക്കാത്ത ഒരു പാലത്തിനു മുകളിലൂടെ ബോട്ടിറങ്ങി ഞങ്ങൾ ദക്ഷിണേശ്വരം ക്ഷേത്രത്തിനടുത്തേക്ക് നടന്നു.

നാലുപാടും കടകൾ, ബഹളങ്ങൾ, വാണിഭം......എട്ടു യാത്രികർ അതൊന്നും ശ്രദ്ധിക്കാതെ നടന്നു. ഇടുങ്ങിയ വഴികൾ താണ്ടി ഞങ്ങൾ വലിയൊരു ഒഴിഞ്ഞ പ്രദേശത്തേക്ക് പ്രവേശിച്ചു. ഒരു ഭാഗത്തെ കെട്ടിടത്തിൽ ശ്രീരാമകൃഷ്ണൻ, ശാരദാദേവി, റാണി രാസമണി എന്നിവരുടെ വലിയ രൂപം.അതിന് വലതു വശത്തായി ഭക്ഷണശാലകൾ, വഴിയുടെ നടുവിൽ ഒരു ചെറിയ പൂന്തോട്ടം. നേരെ എതിർഭാഗത്ത് ജന്മാന്തരപുണ്യം കൊണ്ട് മാത്രം എത്തിപ്പെടാൻ കഴിയുന്ന ഒരു ക്ഷേത്രം. ദക്ഷിണേശ്വരം.

അകത്തേക്ക് ചെരുപ്പും മൊബൈൽ ഫോണും പ്രവേശിപ്പിക്കരുത്. അത് കൊടുക്കേണ്ട കൗണ്ടറിൽ വലിയ തിരക്കും. ഒടുവിൽ ജയേട്ടൻ പുറത്ത് നിൽക്കാമെന്ന് പറഞ്ഞു. ഞങ്ങളുടെ ദര്ശത്തിന് ശേഷം അദ്ദേഹം ഉള്ളിൽ കടന്നു തൊഴും. ആ ധാരണയിൽ ഞങ്ങൾ ഞങ്ങളുടെ വസ്തുക്കൾ ജയേട്ടനെ ഏൽപ്പിച്ച് അകത്തേക്ക് നടന്നു.

ദക്ഷിണേശ്വരം - എൻ്റെ ഭഗവാന്റെ അവതാരലീലകൾ അരങ്ങേറിയ പുണ്യസ്ഥാനം. കൈകൊണ്ട് തൊട്ടു നിറുകയിൽ വെച്ച് ഞങ്ങൾ അകത്തേക്ക് കടന്നു. ഹൃദയം സ്തബ്ധമായി - മനസ്സ് നിറഞ്ഞു കവിഞ്ഞു - കണ്ണുകളും - ജയ് രാമകൃഷ്ണാ എന്ന മന്ത്രം ഉള്ളിൽ നൂറായിരം നാവിനാൽ പാടി - കാലുകൾ താനേ ചലിച്ചു - കൈകളിലൊരു താമരമൊട്ട് വിടർന്നു. അനേക ജന്മങ്ങളുടെ പുണ്യം മുകളിൽ നിന്ന് അനുഗ്രഹവർഷം ചൊരിഞ്ഞു. സുകൃതികളായ പൂർവപിതാമഹർ അത് കണ്ട് നിർവൃതി കൊണ്ടു. നശ്വരമായ ഈ ശരീരം കൊണ്ട് ആദ്യമായി ഒരു പ്രയോജനം എനിക്ക്- എൻ്റെ ആത്മാവിന് ഉണ്ടായിരിക്കുന്നു - മുക്തിക്കുമപ്പുറം നിൽക്കുന്ന ഒരു സമ്മാനം ഈ ശരീരം സഞ്ചരിച്ച് എനിക്ക് നേടിത്തന്നിരിക്കുന്നു.

ഞങ്ങൾ ദക്ഷിണേശ്വര വൈകുണ്ഠത്തിൽ എത്തിയിരിക്കുന്നു......

No comments:

Post a Comment