ഇത്രയും വായിച്ച നിങ്ങൾക്ക് ഈ പോകുന്നത് ഒരു ഭജനസംഘമാണെന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയുണ്ട്. ഭഗവാന്റെ പേര് കേട്ടാൽ, രൂപമോർത്താൽ, ലീലകൾ വായിച്ച് തരളിതരാകും എല്ലാവരും എന്നല്ലാതെ, കുസൃതിക്കും, ആഘോഷങ്ങൾക്കും, തമാശകൾക്കും യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല ഈ കൂട്ടത്തിൽ. കുറച്ചധികം വികാരജീവി ഞാനായിരിക്കണം - ഉള്ളതിൽ ഒരല്പം കർക്കശക്കാരനും. ഏറ്റവും മുതിർന്ന മുരളി ഏട്ടൻ പോലും തമാശകൾ പറഞ്ഞും കുസൃതികൾ ആസ്വദിച്ചും ആണ് മുഴുവൻ സമയവും ഞങ്ങളോടൊപ്പം ചിലവിട്ടത്. ഭഗവാന്റെ മാസ്റ്റർ പ്ലാൻ പ്രകാരമേ കാര്യങ്ങൾ നടക്കൂ എന്നത് ഇടക്ക് മറന്ന് ഞങ്ങളുടെ പ്ലാൻ പ്രകാരമുള്ള കാര്യങ്ങൾ നടക്കാൻ വേണ്ടി ഞാൻ ഒരല്പം മസിൽ പിടിച്ചിരുന്നു. അത് കൊണ്ട് മാധവനും പ്രഭുവിനും ഒരല്പം അനിഷ്ടം തോന്നിയിരിക്കാനും ഇടയുണ്ട്...
എയർപോർട്ടിൽ വെച്ച് പരസ്പരം കണ്ടുമുട്ടിയ നിമിഷം മുതൽ കളിച്ചും ചിരിച്ചും ധാരാളം ഫോട്ടോകൾ എടുത്തും അച്ഛനെ കാണാൻ പോകുന്ന കുഞ്ഞുങ്ങളുടെ ഉത്സാഹത്തിലായിരുന്നു ഞങ്ങൾ. ഭഗവാൻ ശ്രീ രാമകൃഷ്ണൻ ഒരിക്കൽ അമ്മയോട് പ്രാർത്ഥിക്കുന്നുണ്ട് - "അമ്മേ എന്നെ ഇതുപോലെ വിരസനായ വേദാന്തിയാക്കരുതേ" എന്ന്. തൻ്റെ ശിഷ്യരോട് തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ഭഗവാനെ വചനാമൃതത്തിൽ ഉടനീളം നമുക്ക് കാണാം.
നാം എന്തൊക്കെയോ ധാരണകൾ വേദാന്തത്തെക്കുറിച്ച് ഉണ്ടാക്കിയിരിക്കുന്നു. താങ്ങാൻ പറ്റാത്ത വേദാന്തജ്ഞാനം തലയിലേന്തി, ശിഷ്യരും ഭക്തരും ഉണ്ടാക്കിയ ഒരു മായാവലയിൽ അകപ്പെട്ട്, "കടക്ക് പുറത്ത്" എന്നാജ്ഞാപിക്കുന്ന ആദ്ധ്യാത്മിക ഗുരുക്കന്മാർ ആണ് ഇതിൽ പകുതിക്ക് ഉത്തരവാദി. വേദാന്തമെന്നാൽ മനുഷ്യപുരോഗതിക്ക് വിഘാതമായി നിൽക്കുന്ന വൻ വിപത്താണെന്ന് പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റുകളുടെ വകയാണ് അടുത്ത പകുതി.
"ഞാൻ അദ്ധ്വാനം - എനിക്കു വേണ്ടിയുണരും നൂറ്റാണ്ടിലെ
സംക്രമസ്ഥാനത്തെന്തിതൊരന്ധകാര ശിഖരം നീ നട്ടു വേദാന്തമേ" എന്ന് എഴുതിയത് സാക്ഷാൽ വയലാറാണ്.
യഥാർത്ഥത്തിൽ ജ്ഞാനി ലോകത്തെ നിരാകരിക്കുന്നതേയില്ല. അവൻ ഇതിൽ ഭ്രമിക്കുന്നില്ല എന്ന് മാത്രം. അച്ഛൻ കുട്ടിയുടെ കൂടെ കളിക്കുന്നത് പോലെ, ഇതൊക്കെ വെറും കളിയായി വേദാന്തി കാണുന്നു. സാരമായത് മറ്റൊന്നാണ് എന്നവൻ നിരന്തരം ഓർക്കുന്നു. യോഗവാസിഷ്ഠത്തിൽ ശ്രീ വസിഷ്ഠ മഹർഷി ഭഗവാൻ രാമചന്ദ്രനോട് പറയുന്നത് പോലെ
"ബഹിഃ കൃത്രിമസംരംഭോ
ഹൃദി സംരംഭവർജിതഃ |
കർത്താ ബഹിരകർത്താന്തർ-
ലോകേ വിഹര രാഘവ ||"
(ഹേ രാമാ! പുറത്ത് ഉണ്ടെന്നു തോന്നിക്കുന്ന ഉദ്യമത്തോടെയും, അന്തരംഗത്തിൽ യാതൊരു സംരംഭവും ഇല്ലാതെയും, പുറത്ത് കർമ്മം ചെയ്യുന്നവനായിക്കൊണ്ടും, അകത്ത് കർത്താവെന്ന ഭാവമില്ലാതെയും,ലോകത്തിൽ വിഹരിച്ചാലും.)
അത് കൊണ്ടാണ് ലോകം കണ്ട ഏറ്റവും വലിയ ജ്ഞാനി - ഒരു നിമിഷം പോലും വെറുതെയിരിക്കാത്ത കൃഷ്ണനാകുന്നത്, അത് കൊണ്ടാണ് നിരാശയുടെയും അകർമ്മണ്യത്തിന്റെയും പടുകുഴിയിൽ ആണ്ടു പോകാൻ ഇടയുണ്ടായിരുന്ന ശ്രീരാമചന്ദ്രപ്രഭു വേദാന്തസാരമായ വാസിഷ്ഠം കേട്ട് സ്വർഗ്ഗാരോഹണം വരെ നേരിടേണ്ടി വന്നതിനെയെല്ലാം യഥാധർമ്മം നേരിട്ടത്, അത് കൊണ്ടാണ് അദ്വൈതസിദ്ധാന്തവാഹകരായ ശ്രീമദ് ശങ്കരാചാര്യ സ്വാമികളും, ശ്രീമദ് വിവേകാനന്ദ സ്വാമികളും എല്ലാം കൊടുങ്കാറ്റു പോലെ പ്രവർത്തന നിരതരായി ഈ ലോകത്തെ പിടിച്ചു കുലുക്കിയത്.
ഒരു വേദാന്തിക്കേ യഥാർത്ഥത്തിൽ നിസ്വാർത്ഥനാകാൻ കഴിയൂ, ഭയരഹിതനാകാൻ കഴിയൂ, മനുഷ്യസ്നേഹിയാകാൻ കഴിയൂ. കാരണം അവനറിയാം ഈ കളിയിൽ തോറ്റാലും അവന് നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന്.സ്വപ്നത്തിൽ എഴുന്നേറ്റു നടക്കുകയും വർത്തമാനം പറയുകയും കരയുകയും ചെയ്യുന്നവരോട് ഉണർന്നവന് തോന്നുന്ന സഹതാപം അല്ലെങ്കിൽ അതിൻ്റെ ഉത്കൃഷ്ടഭാവമായ കാരുണ്യം മാത്രമാണ് ഒരു ജ്ഞാനിക്ക് ലോകത്തിനോടുള്ളത്.
ഇപ്പറഞ്ഞത് കൊണ്ട് ഞങ്ങൾ ജ്ഞാനികൾ ആണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. സരസമായി ലോകത്തെ രുചിച്ച് കൊണ്ടു തന്നെ ഈശ്വരപാതയിൽ പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരുകൂട്ടം ആളുകൾ എന്ന് കരുതിയാൽ മതി. അതിനാൽ തമാശക്കും കളിയാക്കലുകൾക്കും ഒരു കുറവുമുണ്ടായിരുന്നില്ല.
കൂട്ടത്തിൽ ഹിന്ദി ഏറ്റവും വശം മുരളി ഏട്ടനും, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ സത്യനും പിന്നെ എനിക്കുമാണ്. ഒരു പ്രധാന വിനോദം പ്രഭുവിനെ കളിയാക്കൽ ആയിരുന്നു. സമാജം അംഗങ്ങളുടെ ഹരിദ്വാർ കുംഭമേളയിലെ ചില തമാശകളും, ചില വർത്തമാനങ്ങളും പൊടിപ്പും തൊങ്ങലും വെച്ച് യഥേഷ്ടം ഗുണ്ടുകൾ(നിരുപദ്രവകാരികളായ തമാശകൾ) അപ്പപ്പോൾ നിർമ്മിച്ച് പ്രഭുവിന് ചാർത്തിക്കൊടുത്തു. "ബാബൂ മേം പ്രഭൂ" എന്ന് ഇടക്കിടക്ക് നീളത്തിൽ പറഞ്ഞ് ഞങ്ങൾ ചിരിച്ചു മറിഞ്ഞു.
സതീഷ് ഏട്ടൻ ഇടക്ക് ഗൗരവത്തിൽ ചില ചോദ്യങ്ങൾ ചോദിക്കും. അത്ര നേരം സംസാരിച്ചുകൊണ്ടിരുന്ന വിഷയമായിരിക്കും അത്. ഇങ്ങിനെ പല തരത്തിൽ ആ ഏഴു ദിവസവും സരസമായിത്തന്നെയാണ് കടന്നുപോയത്. ഒരു തീർത്ഥയാത്രയുടെ ആഭിജാത്യത്തിന് ചേരാത്ത ഒരു വാക്കോ പ്രവൃത്തിയോ ആരിൽ നിന്നും ഉണ്ടായതുമില്ല. ഞാനായിരുന്നു കണക്കപ്പിള്ള. ചിലവുകൾ അപ്പപ്പോൾ രേഖപ്പെടുത്തി വെക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. സത്യാനന്ദുമായി ഇടക്ക് പോകേണ്ട സ്ഥലങ്ങളുടെ ഷെഡ്യൂൾ ചർച്ച ചെയ്തിരുന്നു.
പരസ്പരം സഹായിച്ചും, ഉള്ളത് പങ്കുവെച്ചും, ഒരു കുടക്കീഴിൽ ഏകോദരസഹോദരങ്ങളെപ്പോലെ ഞങ്ങൾ കഴിഞ്ഞു. ഗൗരവമായ തത്വചിന്തയും, രാഷ്ട്രവും, രാഷ്ട്രീയവും, തമാശകളും, വെടിവട്ടങ്ങളും ഒക്കെ ഒത്തുചേർന്ന ഈ യാത്രയിൽ പക്ഷെ അതിൻ്റെ കേന്ദ്രബിന്ദുവായി നിലനിന്നത് ഭഗവാനോട് ഉള്ള അദമ്യമായ പ്രേമം തന്നെയായിരുന്നു.
.jpeg)



.jpeg)
.jpeg)
.jpeg)
No comments:
Post a Comment