രാമകൃഷ്ണനെന്ന വൻമരത്തിൽ, വിവേകാനന്ദ ദാർശനിക സമാജം എന്ന ചില്ലയിൽ കൂടു കൂട്ടിയ എട്ട് പക്ഷികൾ ഇന്നാദ്യമായി ഒന്നിച്ച് സഞ്ചരിക്കുകയാണ് - തങ്ങളെ കാക്കുന്ന മരത്തിന്റെ വേര് പടർന്ന വഴികളിലൂടെ - തങ്ങൾക്ക് ആലംബമായ അഭയഹസ്തം കാണിച്ച പാതയിലൂടെ - പറക്കാൻ ചിറകിന് ശക്തി തന്ന - മഴയിൽ കുടയായി നിന്ന - പറക്കമറ്റ കുഞ്ഞുങ്ങൾക്ക് ആശ്രയമായി നിന്ന - ഭക്ഷണം തന്ന - ആ ശക്തിയുടെ മുന്നിൽ നതമസ്‌തകരായി ഒരല്പനേരമിരിക്കാൻ... കൂട്ട് വന്ന പക്ഷികളെ ഞാൻ പിന്നീട് വിശദമായി പരിചയപ്പെടുത്താം.
യന്ത്രപ്പക്ഷി കൊൽക്കത്ത വിമാനത്താവളത്തിൽ ചെന്നിറങ്ങി. ആ ഭൂമി തൊട്ട് നിറുകയിൽ വെച്ച് ഞങ്ങൾ പുറത്തേക്കും. സത്യാനന്ദ് നേരത്തെ റൂമിലെത്തിയിരിക്കുന്നു. ഡോക്ടറും മുരളി ഏട്ടനും അങ്ങോട്ട് പുറപ്പെട്ടിരിക്കുന്നു. ലോക്കൽ ടാക്സിയേക്കാൾ ഇരട്ടി ലാഭം ഊബർ ആണെന്ന് കണ്ട് ഞങ്ങൾ രണ്ട് വണ്ടിയിലായി ബേലൂർ മഠത്തിലേക്ക് പുറപ്പെട്ടു.
പക്ഷെ കണ്ടത് - സ്വപ്നത്തിൽ കണ്ട കൽക്കത്തയല്ല - വിവേകാനന്ദന്റെ, അരവിന്ദ ഘോഷിന്റെ, നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ, നിവേദിതയുടെ, ജഗദീഷ് ചന്ദ്ര ബോസിന്റെ, ടാഗോറിന്റെ, ആശാപൂർണ്ണാദേവിയുടെ, സത്യജിത് റായുടെ കൽക്കത്തയല്ല. കമ്മ്യൂണിസം ചവച്ചു തുപ്പിയ കൽക്കത്ത - പട്ടിണിയാൽ കേരളത്തിലേക്കും അന്യനാടുകളിലേക്കും കുടിയേറിയ ബംഗാളികളുടെ കൽക്കത്ത - നിറം മങ്ങിയ ജീവിതങ്ങൾ ഓടവക്കിലിരുന്നു ബീഡിയും ബീഡയും കൊണ്ട് വയറു നിറയ്ക്കുന്ന കൽക്കത്ത. കമ്മ്യൂണിസക്കറുപ്പിൽ മാണിക്യങ്ങളെ മഞ്ചാടിക്കുരുവെന്ന് തള്ളിക്കളഞ്ഞ കൽക്കത്ത. സാമ്രാജ്യത്ത്വത്തിൻ്റെ വിഴുപ്പുകൾ ഇന്നും അഭിമാനത്തോടെ ചുമക്കുന്ന - വിക്ടോറിയാ മെമ്മോറിയൽ ഇന്നും അതേ പേരിൽ സ്ഥിതിചെയ്യുന്ന - കൽക്കത്ത.
വണ്ടിയിൽ എല്ലാവർക്കും ഇതു തന്നെ അഭിപ്രായം. ഇതൊക്കെ കാണുമ്പോഴും മനസ്സ് പറഞ്ഞു - അല്ല - എന്റെ രാമകൃഷ്ണന്റെ കാൽപ്പൊടി പുരണ്ട കൽക്കത്ത. ഇവിടുത്തെ ഓടവെള്ളം ആ പുണ്യചരിതന്റെ നാടിലൂടെ ഒഴുകുന്നതിനാൽ ഗംഗ. മുറുക്കാൻ തുപ്പി വൃത്തികേടായ വഴികൾ ഭഗവാനെ കണ്ടതിനാൽ സ്വർഗ്ഗപാതകൾ. അർദ്ധനഗ്നരായ പട്ടിണിക്കോലങ്ങൾ ഭഗവൽ സന്നിധിയിൽ ജനിച്ചതിനാൽ പൂജ്യരായ മുക്തപുരുഷർ.
ഇടക്കിടക്ക് സത്യന്റെ കാൾ വരുന്നു. ഉച്ചഭക്ഷണത്തിൻ്റെ നേരം കഴിഞ്ഞ് ഏറെ നേരമായിരിക്കുന്നു. ഗസ്റ്റ് ഹൗസിന്റെ പാലകർക്ക് ഞങ്ങളെ വിശപ്പോടെ ഇരുത്താനും മടി. പക്ഷെ അവർക്ക് വേറെയും കാര്യങ്ങൾ ചെയ്യേണ്ടതുമുണ്ട്. ഒടുവിൽ ഞങ്ങൾക്ക് വിളമ്പിക്കൊടുത്തോളാം എന്ന സത്യന്റെ ഉറപ്പിൽ ആ സ്നേഹസ്വരൂപർ പിൻവാങ്ങി.
ബേലൂർ - ഗംഗയുടെ തീരത്ത് സമസ്തജീവരാശികൾക്കും അഭയസ്ഥാനമായി വിളങ്ങുന്ന ബേലൂർ - ഭഗവാൻ ശ്രീരാമകൃഷ്ണൻ്റെ ജീവൽസ്വരൂപം വിളങ്ങുന്ന ബേലൂർ. ശാരദാമണി ഇന്നും ഭക്തരിൽ അനുഗ്രഹവർഷം ചൊരിയാൻ കുടികൊള്ളുന്ന ബേലൂർ - വിവേകാനന്ദൻ എന്ന ഭാരതനരസിംഹം പുറപ്പെടുവിച്ച സിംഹഗർജ്ജനത്തിൽ ഇന്നും പ്രകമ്പനം കൊള്ളുന്ന ബേലൂർ...
കാർ ഇറങ്ങിയത് അവിടേക്കുള്ള കവാടത്തിനു മുന്നിൽ. നിവേദിതാ ഗസ്റ്റ് ഹൌസ് - നാം ഭാരതീയർ ആതിഥ്യമര്യാദ കാണിക്കാതിരുന്ന ആ മഹതി ഇന്നിതാ ഞങ്ങൾക്ക് ആതിഥ്യം അരുളുന്നു.
സത്യൻ വിളമ്പിത്തന്നു - ചൂട് ആറാത്ത ചോറും കറികളും. മലയാളിക്ക് അധികം പരിചയമില്ലാത്ത രുചി. പക്ഷെ വിശക്കുന്ന ഞങ്ങൾക്ക് അത് അമൃതായി തോന്നി - ഭഗവൽപ്രസാദം. മുരളി ഏട്ടനെ ആദ്യമായി കാണുകയാണ് - പരിചയപ്പെട്ടു, ഭക്ഷണം കഴിഞ്ഞ് വിസ്തരിച്ച് കുളിച്ച് എല്ലാവരും ഒരുങ്ങി.
വൈകുന്നേരം ഞങ്ങൾക്ക് പോകേണ്ടുന്ന ഒരു സ്ഥലമുണ്ട്. ഒരിക്കലെങ്കിലും വരാൻ അനുവദിക്കണമേ എന്ന് പ്രാർത്ഥനകളിൽ നിറഞ്ഞു നിന്ന സ്ഥലം. എന്റെ ഭഗവാൻ തന്റെ ഹൃദയരക്തം കൊണ്ട് നിറം പിടിപ്പിച്ച ചുവരുകൾ ഉള്ള ഒരു സ്ഥലം. റാണി രാസമണി എന്ന ധനിക, മറ്റേതൊരു ധനികനേയും പോലെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എടുത്തറിയപ്പെടാതിരിക്കാൻ കാരണമായ ഒരു സ്ഥലം. രാമന്റെ അയോദ്ധ്യ പോലെ, കൃഷ്ണന്റെ മഥുര പോലെ, യേശുദേവന്റെ നസ്രേത്ത് പോലെ, പ്രവാചകന്റെ മക്ക പോലെ, അവതാരവരിഷ്ഠൻ ശ്രീ രാമകൃഷ്ണന്റെ രംഗഭൂമി. മാസ്റ്റർ മഹാശയൻ (എം) എഴുതിയ ശ്രീരാമകൃഷ്ണവചനാമൃതത്തിലെ ഏടുകൾക്കെല്ലാം പിന്നണിയൊരുക്കിയ പുണ്യക്ഷേത്രം. ബംഗാളിനെ - അല്ല - ഭാരതത്തിനെ - പോരാ - സമസ്തലോകത്തിനെയും - പാവനമാക്കിത്തീർത്ത അവതാരനാടകം അരങ്ങേറിയ രംഗമഞ്ചം. പേരിനാൽ പോലും ഒരുവന്റെ പാപത്തെ തൂത്തെറിയുന്ന ഭവതാരിണിയായി കാളി വിരാജിക്കുന്ന അമ്പലമുറ്റം.
ദക്ഷിണേശ്വരം.
No comments:
Post a Comment