Tuesday, December 26, 2023

കനിവുറവ് തേടി...... - ഭാഗം ഒന്ന് - ഒരു സ്വപ്നം പൂവണിയുന്നു.

കയ്പ്പ് - ജനിച്ച ദിവസം തൊട്ട് ഇന്നോളം നാമെല്ലാവരും കുടിച്ച കയ്പ്പ്. ഇടയ്ക്ക് വേറെ രസങ്ങൾ ഒന്നുമില്ലെന്നല്ല. പക്ഷെ അവയൊക്കെ കൂട്ടി നോക്കുമ്പോൾ മുന്തി നിൽക്കുന്നത് അത് തന്നെ - കയ്പ്പ് നിറഞ്ഞ ജീവിതം. നിരർത്ഥകമായ ഈ കയ്പ്പ് കുടിച്ച്, ഇത് തന്നെ ആണ് ഗതി എന്ന് കരുതി, അത് തുപ്പിക്കളഞ്ഞവരും ഏറെ. എന്നാൽ അധികം പേർക്കും ഇത് തുപ്പാനാകാത്ത വണ്ണം എന്തുകൊണ്ടോ ഹൃദയത്തിൽ പതിഞ്ഞു പോയതാണ്. അതിനു കാരണമാണ് സ്വപ്നം - പ്രതീക്ഷ - ശുഭാപ്തിവിശ്വാസം. അതിനാലാണ് ഇനിയും ഒരു പുലരി ഉദിക്കും എന്നാശിച്ച് - പ്രാർത്ഥിച്ച് ഈ ലോകമിങ്ങിനെ ഉരുളുന്നത്.

മധുരം - ഈ പ്രാർത്ഥനയുടെ മധുരം. ആ മധുര സ്വപ്നം - ഉടയാതെ നാം ആജീവനാന്തം പാലിച്ചു പോരുന്ന മധുര ഉന്മാദം. അതും സ്വപ്നമല്ലാതെ യാഥാർഥ്യമായിത്തീരുമ്പോൾ നമുക്ക് തരുന്നതെന്താണ്? മധുര സ്മൃതികളോ അതോ വീണ്ടും കയ്പ്പ് തന്നെയോ?

ആപാദചൂഡം മധുരിക്കുന്ന ഒരു സ്വപ്നം എനിക്കും ഉണ്ടായിരുന്നു. ഓരോ തവണ അത് കാണുമ്പോഴും, കണ്ണുകൾ നിറയാതിരുന്നിട്ടില്ല. ഓരോ തവണ ആ സ്വപ്നം സാക്ഷാത്കരിച്ചവരെ കാണുമ്പോഴും മനസ്സു കൊണ്ട് നമസ്കരിക്കാതിരിക്കാൻ സാധിച്ചിട്ടില്ല. ഇന്നത് സാക്ഷാത്കരിച്ച് ഇതെഴുതുമ്പോളും ആ മധുരം ഇരട്ടിക്കുകയല്ലാതെ കുറയുന്നതേയില്ല... വളരെ ആകസ്മികമെന്ന് തോന്നുന്ന ഓരോന്നിനും പിറകിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന ഉറപ്പ് അധികരിക്കുകയല്ലാതെ ഒട്ടുമേ കുറയുന്നില്ല.


ജീവിതവഴിയിൽ എവിടെയോ വെച്ച് കേട്ട ഒരു പേരിൽ മനസ്സ് കൃത്യമായി കൊളുത്തിയത്, എപ്പോഴുമെന്ന പോലെ പ്രസംഗത്തിൽ സമ്മാനം കിട്ടിയ ഒരു പുസ്തകം അതിലേക്ക് എന്നെ വലിച്ചു കൊണ്ടുപോയത്, ആത്മാഭിമാനത്തിന്റെ (അതോ അഹങ്കാരത്തിന്റെയോ) കൊടുമുടിയിൽ നിന്നെന്നെ വിനീതനാക്കിയത്, മുൻപരിചയമില്ലാത്ത അനവധി പേരുടെ സ്നേഹം അനുഭവിക്കാൻ സാധിച്ചത്, ഒടുവിലിപ്പോൾ ആത്മാവിന്റെ ആഴങ്ങളിൽ സഹോദരസ്നേഹം കാത്തുസൂക്ഷിക്കുന്ന ഒരു സംഘത്തോടൊപ്പം ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഇട വന്നത്.... ഇതെല്ലാം ആകസ്മികമാണെങ്കിൽ ആ ആകസ്മികതയുടെ പേരാണ് ഈശ്വരൻ.

പതുക്കെ - പതുക്കെ - അതാണ് പ്രകൃതി നിയമം... ക്ഷമിച്ച് കാത്തിരുന്നാൽ താമര വിരിയുന്നു, മാവ് പൂത്തു കായ്ക്കുന്നു, തുലാവർഷം പെയ്തൊഴിയുന്നു, സ്വപ്നങ്ങൾ പൂവണിയുന്നു. കാലവും, പ്രകൃതിയും, ആത്മചോദനയും ഒന്നായിത്തീരുന്ന ഒരു ബിന്ദുവിൽ വെച്ച്, പത്ത് കൊല്ലങ്ങൾക്ക് മുൻപ് ഒരു വെളിപാടിന്റെ രാത്രിയിൽ കുത്തിക്കുറിച്ചതാണ് ഈ വരികൾ:

"ജീവന്‍ കൂട് വിടുന്ന മുന്‍പു തനുവേ പോ ദക്ഷിണേശത്തു നീ,
ആ തൃച്ചേവടി താണ്ടിയുള്ള വഴിയില്‍ നീ സഞ്ചരിച്ചീടുക.
ആകാമെങ്കില്‍ ഉരുണ്ടു കൊള്‍ക, ചെറുതാം ധൂളീകണം പോരുമേ
ജീവന്‍ നിത്യത പുല്‍കുവാന്‍, അതിനു ഭാഗ്യത്തിന്നു പ്രാര്‍ത്ഥിക്ക നീ!!!"(https://nayathil.blogspot.com/2013/01/blog-post_8.html)

ഒരിക്കൽ കൈ പിടിച്ചാൽ വിടാത്ത, വിടുവിക്കാൻ അനുവദിക്കാത്ത ജഗന്നിയന്താവ് പത്ത് കൊല്ലം ഈ സ്വപ്നം കാണിച്ച് നടത്തി. പൈസക്കോ, സമയത്തിനോ ഒന്നും കുറവില്ലാഞ്ഞിട്ടും എന്തേ ഇത്ര വൈകി? ആ ഉത്തരം ആണ് നേരത്തെ പറഞ്ഞത് - സമയം വരണം - കായ മൂക്കണം - അവിടുത്തെ അനുജ്ഞ കൂടാതെ ഇവിടെ എന്ത് നടക്കാൻ? ഒടുവിൽ കാണാം എന്ന് അവിടുത്തേക്ക്‌ തോന്നിയപ്പോൾ എല്ലാം അവിടുന്ന് തന്നെ ചെയ്തു തന്നു. ഞങ്ങളെ സവിധത്തിലേക്ക് എത്തിക്കുവാൻ.

കൊൽക്കത്തയിൽ ബേലൂർ മഠത്തിൽ വെച്ച് രാമകൃഷ്ണ-വിവേകാനന്ദ ഭാവപ്രചാർ പരിഷത്തിന്റെ ഒരു യോഗം ഡിസംബറിൽ നടക്കുന്നു. പോകാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ പറയൂ എന്ന് പാലക്കാട് വിവേകാനന്ദ ദാർശനിക സമാജം പ്രസിഡണ്ട് അഭിവന്ദ്യനായ ശ്രീ നന്ദകുമാറിന്റെ സന്ദേശമാണ് ആദ്യത്തെ അധ്യായത്തിൽ കാണുന്നത്. എന്റേതുൾപ്പെടെ നാലഞ്ച് കൈകൾ പൊങ്ങി. അത്രയേറെ ശരീരങ്ങളെ ആ സമയത്ത് അവിടെ ഉൾക്കൊള്ളിക്കുക പ്രയാസമാണെന്ന് മറുപടി വന്നു. സ്വാഭാവികം. ലോകത്തെമ്പാടുമുള്ള ഉശിരൻ യുവാക്കളുടെ - സ്വാമിജിയുടെ ചുണക്കുട്ടികളുടെ - യോഗമാണ്. പക്ഷെ പൊങ്ങിയ കൈകളെല്ലാം ഉയർന്നു തന്നെ നിന്നു. ഇനി വഴിയെന്ത്?

അതിനു മുൻപേ വരാമല്ലോ? അനേക കോടി ബ്രഹ്‌മാണ്ഡങ്ങളെ നിന്ന നിൽപ്പിൽ ഉദിപ്പിച്ച് അസ്തമിപ്പിക്കുന്ന ആ പൊരുൾ മൊഴിഞ്ഞു. എന്നാൽ അങ്ങിനെ തന്നെ. ദിവസം തീരുമാനിച്ചു - ഡിസംബർ 16 മുതൽ 21 വരെ. ടിക്കറ്റുകൾ ബുക്ക് ചെയ്തു. മൊത്തം എട്ടെണ്ണം. ഏറ്റവും കുറഞ്ഞ ചിലവിൽ പോകാൻ മദ്രാസിൽ നിന്ന് കൽക്കത്തയിലേക്കും - ആ പുണ്യഭൂമിയിൽ - ഭഗവാന്റെ മടിത്തട്ടിൽ കിടന്നുറങ്ങി - പുരി ജഗന്നാഥനെയും, കൊണാർക്ക് സൂര്യക്ഷേത്രവും കണ്ട് ഭുവനേശ്വറിൽ നിന്ന് തിരിച്ചും..

പക്ഷെ ബേലൂർ മഠത്തിലെ താമസം? അതില്ലാതെ ഏതെങ്കിലും ഹോട്ടലിൽ താമസിക്കാൻ എല്ലാവർക്കും ഒരു മടി. ആ പുണ്യഭൂമിയിൽ, സ്വാമിജിയുടെ വിയർപ്പിന്റെ ചൂട് ഇപ്പോഴും ആറാതെ നിൽക്കുന്ന, ആ രാമകൃഷ്ണപ്രസ്ഥാനത്തിന്റെ ഗംഗോത്രിയിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോക്ക് തന്നെ വ്യർത്ഥം. തിരുവനന്തപുരം ആശ്രമ അദ്ധ്യക്ഷൻ പൂജ്യ സ്വാമി മോക്ഷവ്രതാനന്ദജി മഹാരാജ് കത്തയക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകി. അവിടെ ഒഴിവുണ്ടാകുമോ എന്ന കാര്യത്തിൽ സ്വാമിജിക്കും ഉറപ്പില്ലായിരുന്നു. കത്തയച്ച് പ്രതികരണം ലഭിക്കാതെ വന്നപ്പോൾ ഭഗവാന്റെ ഇച്ഛ, മോക്ഷവ്രതാനന്ദജിയുടെ കാരുണ്യരൂപത്തിൽ വീണ്ടും നിറവേറി. ബേലൂർ മഠത്തിൽ സ്വാമിജി നേരിട്ട് ചെന്നു സംസാരിച്ച് മുറികൾ തരപ്പെടുത്തി.

ദിവസവും ചർച്ചകൾ, പോകേണ്ട സ്ഥലങ്ങളുടെ നിർദ്ദേശങ്ങൾ, യാത്രയുടെ റൂട്ട് മാപ്, സ്വപ്നം യാഥാർഥ്യത്തോട് അടുക്കുമ്പോൾ തോന്നുന്ന നെഞ്ചിടിപ്പ് .... അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു പോയി. ഒടുവിൽ പോകേണ്ട ദിവസത്തിനോട് അടുക്കും തോറും, യാത്ര മാറ്റിവെക്കേണ്ടി വരുമോ എന്ന് തോന്നുമാറ് തിരക്കുകൾ.....

ഒടുവിൽ ഡിസംബർ 15 ന് രാത്രി ഞാൻ ബെംഗളൂരുവിൽ നിന്നും, തദ്വനം ആശ്രമ ആചാര്യൻ ശ്രീ ജയകുമാർ രാമകൃഷ്ണൻ (ജയേട്ടൻ), വിവേകാനന്ദ ദാർശനിക സമാജം വൈസ് പ്രസിഡന്റ് ശ്രീ സതീഷ്, ട്രഷറർ ശ്രീ പ്രഭു എന്നിവർ പാലക്കാട് നിന്നും തീവണ്ടി കയറി.മാധവൻ ചെന്നൈയിൽ നിന്നും ഞങ്ങളോടൊപ്പം ചേരും, സമാജം സെക്രട്ടറി ശ്രീ സത്യാനന്ദ് കൊച്ചിയിൽ നിന്നും വിമാനം കയറി. ഡോക്ടർ സുനിതയും, അവരുടെ ഭർത്താവ് ശ്രീ മുരളീധരൻ അവർകളും അന്ന് കൽക്കത്തയിലെ ബന്ധുഗൃഹത്തിൽ എത്തിച്ചേർന്നിരുന്നു. കഠിനമായ ജ്വരം മൂലം ശ്രീമതി റസിയ ഭാനുവിന് വരാൻ സാധിക്കാതെ വന്നു. ഇനിയുള്ള ഒരാഴ്ച ഈ സംഘമാണ് ഭഗവാൻ ശ്രീരാമകൃഷ്ണന്റെ പാദധൂളികളാൽ പവിത്രമായ വംഗദേശത്തിലൂടെ പരിവ്രജനം ചെയ്യുന്നത്.

വർഷങ്ങളുടെ സ്വപ്നം സഫലമാകാൻ പോകുന്നു. ആ ദിവസം വരുന്നു. ഭഗവാൻ വിളിച്ചിരിക്കുന്നു.... കണ്ണുനീർ തുളുമ്പി നിൽക്കുന്ന കണ്ണുകൾ എപ്പോഴോ ഒരല്പം അടഞ്ഞു. തുറന്നത് പെരമ്പൂർ ജംഗ്ഷനിൽ വെച്ച്. പ്ലാൻ അനുസരിച്ച്, മാധവൻ പാലക്കാട് യാത്രികരോടൊപ്പം ടാക്സി വിളിച്ച് എയർപോർട്ടിൽ എത്തും, ഞാൻ മെട്രോയിലും. എല്ലാം വിചാരിച്ചത് പോലെ...
എയർപോർട്ടിൽ കണ്ടുമുട്ടി, കുശലം പറഞ്ഞു, പല്ലു തേച്ചു, മാധവൻ കൊണ്ടുവന്ന ഇഡ്ഡലി ധാരാളം കഴിച്ചു..... ഇനി കാത്തിരിപ്പ്.

നിമിഷങ്ങളെണ്ണി.. ഓപ്പറേഷൻ തിയേറ്ററിനു പുറത്തുള്ളത്ര വെമ്പലോടെ, പ്രിയപ്പെട്ടവനെ കാണാൻ ഉള്ള ഉത്സാഹത്തോടെ, ജീവിത സാഫല്യത്തിനായുള്ള പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരുന്നു.....

No comments:

Post a Comment