ദയക്ക് രൂപമായ്ത്തീർന്ന
പരമാനന്ദദായകാ
സത്യത്തിന്റെ വെളിച്ചത്തിൽ
ശോഭിക്കും അജപാലകാ
പരമാനന്ദദായകാ
സത്യത്തിന്റെ വെളിച്ചത്തിൽ
ശോഭിക്കും അജപാലകാ
ദിവ്യതാരം വിളിച്ചോതും
ലോകത്തിൻ പാപമോചകാ
ഭയാശങ്കകൾ പോക്കുന്ന
വിവേകപഥദർശകാ
മറിയത്തിൻ മടിത്തട്ടിൽ
കളിക്കും ദേവവന്ദിതാ
നനുത്ത കുളിരിൽ പൂത്ത
നിത്യകൈവല്യദായകാ
പാപത്തിൻ ചുമടും താങ്ങി
ലോകരക്ഷക്കു വന്നു നീ
ആശ്രയിക്കുന്നവന്നായി
സ്വന്തം രക്തം കൊടുത്തു നീ
ഗതിയറ്റ ജനങ്ങൾക്കു
അഭയത്തിൻ കനിവേകി നീ
ആശയറ്റ ജഗത്തിന്നു
പുതുവേദം പകർന്നു നീ
അഭയത്തിൻ കനിവേകി നീ
ആശയറ്റ ജഗത്തിന്നു
പുതുവേദം പകർന്നു നീ
പതിതർക്കായി കണ്ണീരിൻ
കടലുപ്പു കുടിച്ചു നീ
സമസ്തലോകത്തിന്നായി
കുരിശ്ശേന്തി നടന്നു നീ
നീ നടന്ന വഴിക്കെല്ലാം
പൊഴിഞ്ഞ രക്തബിന്ദുവിൽ
നിന്നുയിർക്കുന്നു ജീവന്റെ
നിത്യമോചനതാരകം
അവിടുന്നു മൊഴിഞ്ഞുള്ള
വാക്കിനോരോന്നിനുളളിലും
വിടരുന്നു സമാശ്വാസം
വിതറും പൂക്കളിപ്പോഴും
നിന്റെ സങ്കീർത്തനത്തിൻ്റെ
മുഗ്ദ്ധ സ്വരവിപഞ്ചിയിൽ
മുഴുകിപ്പുഞ്ചിരിക്കുന്നു
പാടെ ആലംബമറ്റവർ
തിരുപ്പിറവി തൻ നാളിൽ
ഹൃദയത്തിന്റെ തൊട്ടിലിൽ
ഒരിക്കൽക്കൂടി കാണാവൂ
ബെത്ലഹേമിന്റെ ഓമനേ!!
No comments:
Post a Comment