Monday, November 27, 2023

അരുണാചലം ചെന്നു കാണൂ

 അരുണാചലം ചെന്നു കാണൂ
അവിടെ കുടികൊള്ളുമാത്മസ്വരൂപത്തിൽ വാണ
രമണൻ്റെ പാദത്തിൽ വീണു
സ്വയമറിയുവാൻ ഗുരുനാഥ ചരണത്തിൽ വാണു
അരുണാചലം ചെന്നു കാണൂ

അഹമെന്നതിൻ വേരു തേടൂ
ചിന്ത വളരുമ്പൊഴും നിത്യ മൗനം ഭജിക്കൂ
വെളിയിൽ കൊടുങ്കാറ്റടിക്കേ നിൻ്റെ
ഉയിരിൻ്റെയറയിൽ ചിദാനന്ദത്തിലാണു
അരുണാചലം ചെന്നു കാണൂ

നിത്യമേകം ആത്മവസ്തു
മറ്റു ചുറ്റിലുമുള്ളവയെന്നു നിനക്കിൽ
തെറ്റെന്നുറപ്പിച്ചു നിത്യം സത്യ
സാക്ഷാത്കൃതൻ ഗുരുനാഥനെക്കാണാൻ
അരുണാചലം ചെന്നു കാണൂ

കണ്ടതിന്നപ്പുറം പോകാൻ
കണ്ടതാരെന്ന ചോദ്യത്തിനുത്തരം തേടാൻ
കണ്ണിൻ്റെ കണ്ണിൻ്റെ കണ്ണാം
തൻ്റെയുണ്മയെക്കണ്ടിങ്ങറിവതിനായി
അരുണാചലം ചെന്നു കാണൂ

പുലരിയാം പിച്ചകമാല
മാറിലണിയുന്നൊരഗ്നിസ്വരൂപനെക്കാണാൻ
സ്മരണയാൽ കൈവല്യമേകും തിരു
പ്പുകഴേന്തും അരുണാചലേശനെക്കാണാൻ
അരുണാചലം ചെന്നു കാണൂ

സന്ധ്യകൾ നിറമാല ചാർത്തും
തൃക്കാർത്തികാപൗർണ്ണമിപ്പാൽ ധാരയേകും
ജീവൻ്റെ മൺചിരാതിന്മേൽ ആത്മ
ജ്ഞാനമാം തദ്വന ജ്യോതിസ്സിനായി
അരുണാചലം ചെന്നു കാണൂ

ആകാശവീഥിയിൽ പൂക്കൾ
പോലെ താരകങ്ങൾ പൂത്തുനിൽക്കുന്ന രാവിൽ
ആത്മശൃംഗത്തിനു ചുറ്റും
വലംവെച്ചമൃതത്തിൻ്റെ പൂന്തേൻ കുടിക്കാൻ
അരുണാചലം ചെന്നു കാണൂ

ധനമദമാനത്തിൽ മുങ്ങി
ജീവനവിരാമമാം ജന്മപാശത്തിൽ തങ്ങി
സ്വയമറിയാതെപ്പരുങ്ങി -
യെങ്ങുമഭയമില്ലാതുള്ളു വിങ്ങിക്കുഴങ്ങേ
അരുണാചലം ചെന്നു കാണൂ

പിഴകൾ പൊറുത്തെൻ്റെ പ്രാണൻ
തൻ്റെ ചരണാന്തികത്തിൽ അനാകുലം ചേർത്തു
വഴി കാട്ടിടും ഗുരുനാഥൻ
രാമകൃഷ്ണനോ രമണനോ ശിവനോ നീ താനോ
അരുണാചലം ചെന്നു കാണൂ

No comments:

Post a Comment