Monday, July 4, 2022

വിവേകമംഗളം

ഹിമാലയം കണക്കിന്ത്യൻ
മണ്ണിൽ തലയുയർത്തിയാ 
വേദാന്തമേഘനിർഘോഷം
കേൾപ്പിച്ചവനു മംഗളം 

രാമകൃഷ്ണന്റെ കാൽതൊട്ട 
പുണ്യഗംഗക്കു തുല്യനായ് 
പാപാശങ്കകൾ പോക്കുന്ന  
യോഗാരൂഢന് മംഗളം 

താഴ്ന്ന ഭാരതശീർഷം തൻ 
വാഗ്വിഭൂതികളാൽ സദാ 
വീണ്ടും വീണ്ടുമുയർത്തുന്ന 
തേജോരൂപന് മംഗളം 

ജ്ഞാനമാം പൊന്നിലായ്  ഭക്ത-
ഹൃദയത്തിന്റെ വാസന 
ചേർത്തിണക്കിയ കൈവല്യ
നിത്യവാസന്‌ മംഗളം 

സുഖാനന്ദസ്മിതജ്യോതി-
യുദിക്കും ആത്മമണ്ഡലേ
വിരിഞ്ഞിടുന്ന സൗവർണ്ണ 
പങ്കജത്തിനു മംഗളം 

ആത്മതന്ത്രിയിൽ മീട്ടുന്ന 
ഹിന്ദോളത്തിൽ അലിഞ്ഞിടും 
നിരുപാധിക സ്നേഹത്തിൻ 
സ്വരൂപത്തിനു മംഗളം 

ഭാരതത്തിന്റെയാത്മീയ 
പൗരുഷത്തിനു മംഗളം 
രാമകൃഷ്ണന്റെ പൊന്നോമൽ 
കുഞ്ഞിനേകുന്നു മംഗളം 

ആത്മാവിന്നരുണാഭ ചേർന്നു വിലസും ജ്ഞാനാർക്കനോ, ശാന്തി തൻ 
ധാവള്യം ഭുവനത്തിലാകെ വിതറും പ്രേമപ്രഭാചന്ദ്രനോ 
കൈവല്യപ്പൊരുളായതാം പരമഹംസൻ തന്ന സമ്മാനമോ 
ജീവൻ പൂർണ്ണത തേടിടുന്നൊരു വിവേകത്തിന്റെ ആനന്ദമോ

No comments:

Post a Comment