ആയിരം കാതമകലെ പിറന്നൊരു
ആയർക്കിടാവിനിന്നു പിറന്നാൾ
കാൽവിരലീമ്പിക്കുടിച്ചു കിടക്കുന്ന
കാലിച്ചെറുക്കനിന്നു പിറന്നാൾ
ക്രൂരക്കെടുതി തൻ വേനൽ വറുതിയിൽ
പാരിൽ പിറന്ന മഴമേഘമേ
നേർവഴി കാണാതുഴറും മനസ്സിനു
സാരഥിയായ കൃപാപൂരമേ
കാളിയൻ പാമ്പിൻ വിഷത്താലുണങ്ങിയ
നീലക്കടമ്പിന്റെ വാസന്തമേ
കോലക്കുഴലിൻ മധുരസ്വരത്തിനാൽ
പാലാഴി തീർത്ത ശ്രുതിസാരമേ
രാധയ്ക്കു പ്രേമസുധാരസമേകിയ
ശ്രീധര, ദേവകി നന്ദനനേ
കൽത്തുറുങ്കിൻ ഭിത്തി ഭേദിച്ചു മാനവ
കൽമഷം തീർത്തൊരെൻ കണ്മണിയേ
കണ്ണു കഴച്ചൊരെൻ മുന്നിലഴകിന്റെ
പൊൻപ്രഭ തൂകിയ സുപ്രഭാതം
പാടാൻ മറന്നോരെൻ ചുണ്ടിൽ നിലാവിന്റെ
പാൽമധുരം തന്ന സാന്ദ്രഗാനം
കൂനിക്കുനിഞ്ഞൊരെൻ അന്തരാത്മാവിനെ
താണെണീപ്പിക്കുന്ന സൗകുമാര്യം
പാഞ്ഞു കയറുന്ന ചിന്താഗജങ്ങളെ
പാടെ തകർക്കുന്ന ധ്യേയമന്ത്രം
ഉള്ളിൽ അലിവായിയിറ്റിറ്റു വീണൊരാ
തുള്ളിത്തുളുമ്പുന്ന മന്ദഹാസം
ആകെത്തളർന്നൊരെൻ തോളിൽ തലോടുന്ന
ആശാഭരിതസ്വാതന്ത്ര്യഗീതം
എത്രമേൽ പാടിലും ആയവയൊക്കവേ
ക്ഷുദ്രമായ് തോന്നും ഗഭീരഭാവം
എത്ര ഞാൻ തോറ്റുതുലയിലും കൈവിടാ-
തത്രമേൽ ചേർക്കുന്ന പാദയുഗ്മം
ഇന്ദീവരങ്ങളെ തോൽക്കുന്ന ഭംഗിയിൽ
സുന്ദരക്കുട്ടനിന്നു പിറന്നാൾ
മണ്ണിൽ വിടർന്ന പരിപൂർണ്ണതക്കിതെൻ
കണ്ണനു സന്തോഷമാം പിറന്നാൾ
��⚘��
ReplyDelete