----------------------------------------------------
നിലാക്കടൽ കടഞ്ഞുള്ളൊ-
രഴകിൻ സാന്ദ്രവിഗ്രഹം
നീലക്കടമ്പിനൊത്തുള്ള
വടിവിൽ പൂത്ത സൗഭഗം
സൗരമണ്ഡലതീരങ്ങൾ
തൊടും സൗവർണ്ണ രശ്മികൾ
ഉദിച്ചു നിൽക്കും കണ്ണിന്റെ
കോണിലെ കുസൃതിച്ചിരി
പാഴ്മുളംതണ്ടിൽ പാട്ടിൻ്റെ
പാൽക്കടൽത്തിര തീർക്കവേ
പിടയും ജീവലക്ഷങ്ങൾ-
ക്കേകും സാഫല്യചന്ദനം
ഹൃദയത്തിന്റെ കൂനെല്ലാം
നീർത്തുന്ന കരപങ്കജം
ചമ്മട്ടിയേന്തി പ്രാണന്റെ
ഗതിയേറ്റുന്ന വൈഭവം
നിരാശന്ന് വിളക്കായി
വഴികാട്ടുന്ന ഗീതകം
നിരാശ്രയനു താങ്ങായി
പൊഴിയും മുരളീരവം
അബലയ്ക്കാത്മധൈര്യത്തിൻ
ബലം ചേർക്കുന്ന താരകം
വിഷം വമിയ്ക്കും വായെല്ലാം
മൂടിക്കെട്ടുന്ന നർത്തനം
ഹൃദയഗ്രന്ഥി പൊട്ടിച്ചു
ലാവുന്ന കരുണാമൃതം
കുടിലർക്കുൾഭയം ചേർക്കും
ശൗര്യം ചേർന്ന പരാക്രമം
വിരലീമ്പിക്കുടിക്കുന്ന
വിശ്വത്തിൻറെ വിധായകൻ
വിസ്മയത്തോടെ കാണുന്നേൻ
വാസുദേവൻ്റെ ലീലകൾ
No comments:
Post a Comment