Monday, June 14, 2021

ജീവശലഭം...

 ദിനവും ദിവാകരൻ കുളിച്ചു ഭസ്മം തൊട്ടു 

ജപിക്കാനിരിക്കുന്ന പൂർവശൈലത്തെ നോക്കി 

പാറുന്നു ലക്ഷ്യം തെറ്റാതിന്നോളം അഭംഗുരം 

നൂറായിരം ചിത്രശലഭക്കുരുന്നുകൾ 


 പുഴുവായ്, വസിച്ചീടും ഇലയെമ്പാടും തിന്നു

കൊഴുത്തു മദിക്കുന്നോരയുതങ്ങളിൽ നിന്നും 

സ്വർണബന്ധത്തെ പൊട്ടിച്ചെറിഞ്ഞു നേടും ചിറ-

കുയരെ വീശിപ്പാറി നീങ്ങുന്നു മന്ദം മന്ദം 


മഴയിൽ, കാറ്റിൽ, കൊടുംവെയിലിൽ അവയ്‌ക്കെല്ലാം 

തുണയായ് നിൽക്കും വിശ്വപ്രേമത്തിൻ കൃപാപൂരം

ചൊരിയും പൊന്നമ്പലം ദക്ഷിണേശ്വരത്തിൽ ചെ-

ന്നടിയും, അവിടേ നിന്നുയരും മുപ്പാരാകെ


അകമേക്കാണാം ദീപമാലകൾക്കുള്ളിൽ യോഗ-

പരമാരൂഢന്മാരും വീണുകുമ്പിടും സച്ചിത്-

ഘനമായ് മിന്നീ  ലോകഭയഹാരിയാം ദേവൻ 

ഭഗവാൻ ശ്രീരാമകൃഷ്ണൻ തൻ്റെ പൊൻ വിഗ്രഹം 


യുഗമേതിലും വീണ്ടും വീണ്ടുമാവർത്തിക്കുന്ന 

കരുണാമൃതത്തിന്റെ പുണ്യഗോമുഖം തന്നിൽ 

സ്വയമർപ്പിച്ചു കൃതകൃത്യത നേടും ഭക്ത 

ശലഭങ്ങളാൽ മൂടപ്പെട്ടിതാ ഗംഗാതടം


തിരുവായ് മൊഴിഞ്ഞൊരാ വാണിയിൽ ആദ്യം കുളി 

കഴിഞ്ഞു, കാളീപാദനിർമ്മാല്യം ചൂടിക്കൊണ്ടു

ലോകപാലനപടുവാം നിൻറെ ചരണത്തിൻ

ധൂളി ചൂടുവാൻ കാത്തു നിൽക്കുന്നു മഹാജനം 


ദക്ഷിണേശ്വരക്ഷേത്രവാടിയിൽ പ്രതിഷ്ഠിച്ച

നിന്നുടെ വിശുദ്ധമാം വിഗ്രഹം കണ്ടീടുവാൻ,

നിൻ വാണി കേൾക്കാൻ, ഭാഗ്യം ചെയ്യാത്ത മനുഷ്യർക്കായ് 

നീ തന്നെയുയിർപ്പിച്ചൂ നിന്റെ പാർഷദന്മാരെ 


അകത്തെപ്പൂജക്കായിയെത്തുവാൻ  കഴിയാത്ത

മർത്യരിൽ പ്രേമോത്കർഷം വിതറുന്നതിനായി 

വിശ്വത്തെയാകെ വലംവെച്ചു നിൻ ശീവേലിക്കായ്‌

കൊത്തിയ ബിംബം നരവീരനിലൂടെപ്പണ്ടേ


മൂലബിംബത്തെക്കണ്ടു തൊഴുവാൻ സാധിക്കാത്ത

ദീനരിൽ കൃപാവർഷം ചൊരിയാൻ നിയുക്തനായ്‌

ദിഗ്‍ജയം ചെയ്യാൻ രഥമേറി വിവേകാനന്ദ

മൂർത്തിയിൽ കുടികൊണ്ടു നീ തന്നെ മഹാപ്രഭോ 


ലോലമാം ശരീരമോ ദൃഢമാക്കി നീ, വിക്കു-

മാ സ്വരം പുരുഷത്വസിംഹഗർജ്ജനമാക്കി 

ഭക്തിയെ തപിപ്പിച്ചു ജ്ഞാനത്തിൻ വിളക്കാക്കി 

ശുദ്ധസത്വത്തെ ക്ഷാത്രതേജോരൂപകമാക്കി 

ആത്മബോധത്തെ ലോകചേതനയാക്കി, പ്രേമ-

സാരത്തെ തിളപ്പിച്ചു ദൃഢചിത്തതയാക്കി 

ആയിരം നൂറ്റാണ്ടിന്റെ ആത്മീയ തപസ്സിനെ 

ലോകമദ്ധ്യത്തിൽ പൊട്ടിച്ചിതറും തേജസ്സാക്കി


ജീവനെ ശിവനാക്കി, സ്വരഭേദങ്ങൾ മാറ്റി  

പാപിയെ അമൃതാനന്ദത്തിന്റെ കിടാവാക്കി

പൊരുതാൻ മുതിരാതെയിരുന്നീ ലോകത്തിനെ

കീഴ്മേൽ മറിക്കും ശക്തി തന്റെ കടിഞ്ഞാണേന്തി 


വിശ്വമാ യുവാവിന്റെ തലയിൽ ചൂടിച്ച പൂ

തവ പാദത്തിൻ മേലെയല്ലയോ പതിക്കുന്നു 

അവനായ് ഒരുക്കിയ സിംഹാസനത്തിൽ ഭവാൻ!!

അവനോ, കാണ്മൂ നിന്റെ മടിയിൽ ഇരിക്കുന്നൂ!!


നഗരപ്രദക്ഷിണം കഴിഞ്ഞു, വിശ്രാന്തനായ്

അരികത്തണയുന്ന തൻ കിടാവിനെ വീണ്ടും 

തഴുകി മാറോടണച്ചൊന്നായി മാറും നേരം 

പ്രണമിപ്പിതാ ലോകം നിങ്ങളെയഹർന്നിശം  


പരിപാവനമാകും നിന്റെ ശ്രീലകത്തു നി-

ന്നുയരും മധുവിന്റെ ഗന്ധത്തിലാകൃഷ്ടനായ്

പറക്കും ചിറകറ്റു വീഴുവോളവും ഞാനും...

പതിക്കിൽ, അതും നിന്റെ കൈകളിൽത്തന്നെ തീർച്ച!!

1 comment: